Wednesday, August 09, 2017

നാനാർത്ഥങ്ങൾ - സുനിൽ പി ഇളയിടം

ചങ്ങമ്പുഴയെ ഞെക്കിക്കൊല്ലുമ്പോൾ
---------------------------------
ഒരു പതിവ് സന്ദർശനത്തിനായി സുഹൃത്തിന്റെ വീട്ടിൽ പോയപ്പോളാണ് "നാനാർത്ഥങ്ങൾ- സമൂഹം, ചരിത്രം, സംസ്കാരം” എന്ന പുസ്തകം കൂടെയിറങ്ങിവന്നത്. സാംസ്കാരിക വിമർശകൻ, വാഗ്മി, ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ സുനിൽ പി ഇളയിടത്തിന്റെതാണ് കൃതി. പലകാലത്തായി ആനുകാലികങ്ങളിലും മറ്റും എഴുതിയ ലേഖനങ്ങളും, നടത്തിയ പ്രസംഗങ്ങളും ക്രോഡീകരിച്ചതാണ് ഈ ഗ്രന്ഥം. നാലു ഭാഗങ്ങളിലായി (കേരളം: സമൂഹവും സംസ്കാരവും, സാഹിത്യപഠങ്ങൾ, കലാവിചാരങ്ങൾ, വിചിന്തനങ്ങൾ) നാല്പതോളം ലേഖനങ്ങൾ ഉണ്ട് ഇതിൽ. ഈയടുത്ത കാലത്തായി അദ്ദേഹത്തിന്റെ ഒരുപാട് പ്രസംഗങ്ങൾ കേട്ടതിന്റെ ഹാംഗോവറിൽ, ഇപ്പൊ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തെ മാറ്റിവെച്ച് ഇതിൽ കയറിപ്പിടിച്ചു.
വായിക്കാൻ തുടങ്ങിട്ട് കുടുങ്ങീന്ന് പറഞ്ഞാൽ മതീല്ലോ. ഓരോ വാചകവും നാലും അഞ്ചും തവണ വായിച്ചാൽ തന്നെ മനസ്സിലാക്കാൻ പാടാണ്. ഇതിലും എളുപ്പത്തിൽ വല്ല ഗ്രീക്കോ, ജാപ്പനീസ് പുസ്തകങ്ങളോ എനിക്ക് വായിച്ച് മനസ്സിലാക്കാൻ പറ്റിയേനെ. ആരെങ്കിലും വായിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, എനിക്ക് ആകെ ഒരു ഉപദേശം തരാനുള്ളത് നിങ്ങൾക്ക് മലയാളം/സംസ്കൃതം എന്നിവയിൽ എം എ ഉണ്ടെങ്കിൽ മാത്രം ഇത് വായിക്കാൻ ഇറങ്ങുക എന്നാണ്. 
ഉദാഹരണമായി പറഞ്ഞാൽ, ലാളിത്യമാണ് ചങ്ങമ്പുഴക്കവിതകളുടെ മുഖമുദ്ര എന്നാണല്ലോ. എന്നാൽ "ചങ്ങമ്പുഴക്കവിതകളുടെ വിപ്ലവമൂല്യം” എന്ന വിഷയത്തിൽ സുനിൽ പി ഇളയിടം എഴുതുമ്പോൾ അതിങ്ങനെയാവുന്നു.
“അടിത്തറയും മേല്പുരയും എന്ന പരികല്പനയുടെ ആധാരമായി പരിഗണിക്കപ്പെട്ടു വരുന്നത് ഈ പ്രസ്താവനയാണ്. ഈ പ്രസ്താവന യാന്ത്രികമായി മനസ്സിലാക്കപ്പെടാനുള്ള സാധ്യത മാർക്സ് മുൻകൂട്ടി കണ്ടിരുന്നു എന്നു വേണം കരുതാൻ. അടിത്തറ/മേല്പുര ബന്ധം ചരിത്രപരവും അസമവും മേല്പുരയുടെ പ്രഭാവത്തിനു അനുരൂപവുമായിരിക്കുമെന്ന് അദ്ദേഹം വിശദീകരണം നൽകിയത് അതുകൊണ്ടുകൂടിയാണ്. ഭൗതിക ഉത്പാദനവും ആത്മീയ ഉത്പാദനവും തമ്മിലുള്ള ബന്ധം ശരിയായി മനസ്സിലാക്കണമെങ്കിൽ, ഭൗതിക ഉത്പാദനത്തെ പൊതുവായ ഒന്നായിട്ടല്ലാതെ സവിശേഷ ചരിത്ര യാഥാർഥ്യം എന്ന നിലയിൽ നോക്കിക്കാണണം. സാമ്പത്തിക അടിത്തറയെ സുനിശ്ചിത യാതാർഥ്യമല്ലാതെ ചരിത്രബന്ധമായി കാണണമെന്നും ഒരു സാമ്പത്തിക വ്യവസ്ഥയോട് ബന്ധപ്പെട്ട് വ്യത്യസ്ത ആശയ വ്യവസ്ഥകൾ നിലനിൽക്കാമെന്നും ഭൗതിക ഉത്പാദനവും ആത്മീയ ഉത്പാദനവും നിരന്തരമായ പരസ്പര സ്വാധീനം പുലർത്തുമെന്നും വിശദമാക്കിക്കൊണ്ട് ആശയവ്യവസ്ഥകളേയും അനുഭൂതി ലോകങ്ങളെയും ഉത്പാദനപ്രക്രിയയുടെ യാന്ത്രിക പ്രതിഫലനങ്ങളായി പരിഗണിക്കുന്നതിനെ മാർക്സ് തന്നെ തള്ളിക്കളഞ്ഞിരുന്നു..”
ഇത്രേം വായിച്ചപ്പൊ തന്നെ എന്റെ കിളി പോയി..
മിക്ക ലേഖനങ്ങളും ആനുകാലികങ്ങൾക്ക് വേണ്ടി എഴുതിയവയാണെന്ന് പറഞ്ഞല്ലോ, അതുകൊണ്ട് തന്നെയാവണം പലതും ഇപ്പോൾ പ്രസക്തി നഷ്ടപ്പെട്ടവയാണെന്നാണ് എനിക്ക് തോനിയത്. അതേ സമയം കാലാതിവർത്തിയായ ചില നല്ല ലേഖനങ്ങളും ഉണ്ട് ഇക്കൂട്ടത്തിൽ.
അവസാനവാക്ക്: ഗ്രന്ഥകാരനെ ഇകഴ്‌ത്തുക എന്നതല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം, പകരം അദ്ദേഹത്തിന്റെ പാണ്ഡിത്യവും ഭാഷാ നൈപുണ്യവും എന്നെ പോലുള്ള പാമരൻമാരെ ഈ ഗ്രന്ഥത്തിൽ നിന്ന് മാറ്റി നിർത്തുന്നു എന്ന് പറയാനേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ..

Tuesday, July 11, 2017

When Breath Becomes Air - Paul Kalanithi

മഹാഭാരതത്തിലെ വനപർവത്തിൽ ഒരു കഥയുണ്ട്. വനവാസക്കാലത്ത് ക്ഷീണിച്ച് വലഞ്ഞ് പാണ്ഡവർ ഒരിടത്തെത്തുന്നു. ദാഹജലം തേടി നകുലൻ തൊട്ടടുത്ത തടാകക്കരയിലേക്ക് പോകുമ്പോൾ ഒരു കൊക്ക് നകുലനെ തടയുന്നു. തന്റെ ചോദ്യത്തിനുത്തരം തരാതെ വെള്ളമെടുക്കരുത് എന്നാവശ്യപ്പെട്ട കൊക്കിനെ അവഗണിച്ച് വെള്ളമെടുക്കുന്ന നകുലൻ അവിടെ മരിച്ചു വീഴുന്നു. നകുലനെ അന്വേഷിച്ചു വന്ന സഹദേവനും പിന്നെ വന്ന അർജുനനും ഭീമനും ഇത് തന്നെ സംഭവിച്ചു. അവസാനം യുധിഷ്ഠിരൻ എത്തുന്നു. അനുജന്മാർ മരിച്ചുകിടക്കുന്നതുകണ്ടപ്പോൾ യുധിഷ്ടിരനു പന്തികേട് മണത്തു. തന്റെ അനുജന്മാരെ കൊല്ലാൻ മാത്രം ശക്തിയുള്ള ഈ കൊക്ക് ചില്ലറക്കാരനല്ല എന്ന് മനസ്സിലായ യുധിഷ്ഠിരനോട്, താനൊരു യക്ഷനാണെന്നും തന്റെ ചോദ്യത്തിനുത്തരം പറഞ്ഞാൽ സഹോദരരിൽ ഒരാളെ ജീവിപ്പിക്കാം എന്നും യക്ഷൻ പറയുന്നു. ചോദ്യം ഇതായിരുന്നു-

"കിം ആശ്ചര്യം?” (എന്താണ് ഏറ്റവും ആശ്ചര്യകരമായത്?)
യുധിഷ്ഠിരന്റെ ഉത്തരം ഇതായിരുന്നു:
"അഹന്യഹനി ഭൂതാനി ഗച്ഛന്തീഹ യമാലയ
ശേഷാഃ സ്ഥാവരമിച്ഛന്തി കിമാശ്ചര്യമതഃ പരം” (ദിവസേനയെന്നോണം ചുറ്റുപാടും ജീവജാലങ്ങൾ മരിച്ചുവീഴുമ്പോളും താൻ മാത്രം ബാക്കിയാവും എന്ന മട്ടിൽ ജനങ്ങൾ പെരുമാറുന്നു.  ഇതിൽപരം ആശ്ചര്യം എന്താണ്?)

ഡോ പോൾ കലാനിധി എന്ന 35 വയസ്സുകാരന്റെ “When Breath Becomes Air” എന്ന ആത്മകഥ വായിക്കുമ്പോൾ എന്റെ മനസ്സിൽ      ഓടിവന്നത് യുധിഷ്ഠിരന്റെ ഈ ഉത്തരമായിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് ഈ പുസ്തകം വാങ്ങിയത്. കവറിൽ തന്നെ “Rattling, heartbreaking, Beautiful” എന്ന് Atul Gawande യുടേതായിട്ട് എഴുതിവെച്ചിട്ടുണ്ട്. അതുകൊണ്ട് വായിച്ച് മനസ്സ് വിഷമിപ്പിക്കാൻ തൽക്കാലം കഴിയില്ലാ എന്ന് കരുതി മാറ്റിവെച്ചതായിരുന്നു ഈ പുസ്തകത്തെ. 

ഇന്ത്യൻ വംശജനായ പോൾ കലാനിധി അമേരിക്കയിൽ തന്നെ ജനിച്ചു വളർന്ന ഒരു ചെറുപ്പക്കാരനാണ്. പഠനകാര്യത്തിൽ മുൻപന്തിയിൽ ആയിരുന്ന പോളിനു പക്ഷേ ഒരു സാഹിത്യകാരനാവണമെന്നായിരുന്നു ആഗ്രഹം. പ്രശസ്തമായ Stanford University യിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദവും ഹ്യൂമൻ ബയോളജിയിൽ ബിരുദവും നേടിയ പോൾ പിന്നെ Yale University യിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടുന്നു. നല്ല ഒരു ന്യൂറോ സർജനാവുക എന്നതായിരുന്നു പോളിന്റെ പിന്നീടങ്ങോട്ടുള്ള ലക്ഷ്യം. അതിനുള്ള കഠിനപരിശീലനത്തിനിടയിലാണ്, ഞെട്ടിപ്പിക്കുന്ന ആ സത്യം അദ്ദേഹം അറിയുന്നത് - താൻ ശ്വാസകോശാർബുദത്തിനു അടിമയാണ്. ഒരുപാട് രോഗികളെ ശുശ്രൂഷിച്ച ആ മനുഷ്യൻ ഇതറിയുന്നതോടെ ആകെ തളർന്നുപോയി.  ആ ഒരു നിമിഷം തൊട്ട് അദ്ദേഹത്തിന്റെ ജീവിതം- Ambitious & brilliant ആയ ഒരു യുവഡോക്ടറിൽ നിന്ന് മരണം മുന്നിൽ കാണുന്ന ഒരു രോഗിയിലേക്ക്- മാറി മറിയുന്ന കാഴ്ച, അതീവ ഹൃദ്യമായ ഭാഷയിൽ വരച്ചിടുകയാണ് ഈ പുസ്തകത്തിലൂടെ. കണ്ണുനനയാതെ ഇത് വായിച്ചു തീർക്കുക എന്നത് അസംഭാവ്യം. 
“ഇന്ന് നിങ്ങളുടെ ജീവിതത്തിലെ അവസാനത്തെ ദിവസമാണെങ്കിൽ നിങ്ങൾ ഇന്ന് എന്ത് ചെയ്യും? എല്ലാ ദിവസവും അങ്ങനെയെന്ന് കരുതി ജീവിക്കുക” എന്ന സ്റ്റീവ് ജോബ്സ് പറഞ്ഞിട്ടുണ്ട്. അങ്ങനെയൊന്ന് ചിന്തിക്കുമ്പോൾ തന്നെ നട്ടെല്ലിലൂടെ ഒരു തണുപ്പ് അരിച്ചുകയറുന്നില്ലേ. എന്നാൽ അതുപോലൊരു ജീവിതം അനുഭവിക്കേണ്ടി വന്നവരെ ഒന്ന് ആലോചിച്ചുനോക്കൂ. ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്തു നിന്ന് പോളിന് അറിയേണ്ടുന്നത് ‘ഇനി തനിക്ക് എത്ര നാൾ കൂടി ബാക്കിയുണ്ട്?’ എന്നതായിരുന്നു. ആ ചോദ്യം പലതവണ ഡോക്ടറോട് ചോദിക്കുന്നുണ്ടെങ്കിലും ഒരുത്തരം കൊടുക്കാതെ ഡോക്ടർ ഒഴിഞ്ഞുമാറുന്നു. പിന്നീട്, മരുന്നിലൂടെ രോഗത്തെ കീഴ്പെടുത്തി, തിരിച്ച് വൈദ്യവൃത്തിയിലേക്ക് പോൾ തിരിച്ചുവരുന്നു. പക്ഷെ Stanford University ലെ തന്റെ റെസിഡൻസിയുടെ അവസാനദിവസം അദ്ദേഹം അറിയുന്നു- വിട്ടുപോയി എന്ന് കരുതിയ ക്യാൻസർ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുകയാണെന്ന്. ഇനിയൊരു തിരിച്ചുവരവില്ല എന്നറിയുന്ന പോൾ തന്റെ ചിന്തകളെയും പാതിവഴിയിൽ കരിഞ്ഞുപോയ സ്വപ്നങ്ങളെയും നമ്മുടെ മുന്നിൽ വരച്ചിടുകയാണ്- “When Breath Becomes Air”  എന്ന ഈ മനോഹരപുസ്തകത്തിലൂടെ.

ഏകദേശം 2 കൊല്ലത്തോളം രോഗവുമായി മല്ലിട്ട്, 2015 മാർച്ച് 9 നു പോൾ കലാനിധി ഈ ലോകത്തോട് വിടപറഞ്ഞു.
പുസ്തകത്തിന്റെ അവസാനഭാഗം പോളിന്റെ ഭാര്യ ലൂസികലാനിധി എഴുതുന്ന ഒരു അദ്ധ്യായം ഉണ്ട്. പോളിന്റെ അവസാന നിമിഷങ്ങൾ വർണ്ണിക്കുന്ന ആ ഭാഗം, മൂന്നു നാലു ദിവസത്തേക്ക് അത് നമ്മളെ പിടിച്ചുലയ്ക്കും. തീർച്ച!

Sunday, June 04, 2017

Down Under- Bill Bryson

യാത്രാവിവരണം എഴുതാൻ വളരെ എളുപ്പമാണ് എന്നായിരുന്നു എന്റെ ധാരണ. യാത്ര പോയ സംഭവങ്ങൾ അതേപോലെ വള്ളിപുള്ളി തെറ്റാതെ എഴുതിയാപോരേ, കഥയോ നോവലോ എഴുതുന്നതുപോലെ പുതിയതായി ഒന്നും ചിന്തിച്ച് ഉണ്ടാക്കിയെടുക്കേണ്ട പണിയില്ലല്ലോ. ആ ധാരണ മൊത്തം തെറ്റിച്ച ഒരു പുസ്തകം ഈയടുത്ത് വായിച്ചു!
പ്രശസ്ത എഴുത്തുകാരനായ ബിൽ ബ്രൈസൺ എഴുതിയ Down Under. ആസ്ത്രേലിയയിൽ അങ്ങോളമിങ്ങോളം, കാറിലും ട്രെയിനിലുമായി സഞ്ചരിച്ച് എഴുതിയതാണ് പുസ്തകം. (അമേരിക്കയിൽ ഇതേ പുസ്തകം “In a sunburned country” എന്ന പേരിലാണ് പുറത്തിറക്കിയത്).
കണ്ടത് അതേപോലെ എഴുതാതെ, ഓരോ നാട്ടിലും കണ്ടുമുട്ടുന്ന ജനങ്ങളോട് സംസാരിച്ച് അതിലൂടെ നാടിനെ പരിചയപ്പെടുത്തുന്ന രീതിയാണ് ഇതിൽ. കൂട്ടത്തിൽ ബ്രൈസന്റെ സ്വതസിദ്ധമായ തമാശകളും ഇഷ്ടം പോലെ ചേർത്തിട്ടുണ്ട്. വായനക്കിടയിൽ എത്ര തവണ ഞാൻ പൊട്ടിച്ചിരിച്ചു എന്നതിന് കണക്കില്ല!!
ഈ പുസ്തകത്തിനു മൂന്ന് ഭാഗങ്ങളാണുള്ളത്. സിഡ്നിയിൽ നിന്ന് പെർത്തിലേക്കുള്ള യാത്രയിലെ വിശേഷങ്ങളാണ് "Into the Outback” എന്ന ഒന്നാം ഭാഗത്തിൽ. സിഡ്നി, മെൽബൺ, ക്യാൻബെറ, അഡെലെയ്ഡ്, എന്നീ പട്ടണങ്ങളും അവക്കിടയിലൂടെയുള്ള യാത്രയുമാണ് “Civilized Australia” എന്ന രണ്ടാം ഭാഗം. ആൾപാർപ്പ് കുറഞ്ഞതും മരുഭൂമിയുമായ പ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മൂന്നാം ഭാഗമായ "Around the Edges” ൽ വായിക്കാം.
സഞ്ചാരസാഹിത്യം ഇഷ്ടപ്പെടുന്നവർ മറക്കാതെ വായിക്കേണ്ടുന്ന പുസ്തകം


Sunday, May 07, 2017

നിരീശ്വരൻ - വി ജെ ജയിംസ്

വായനക്ക് വിരുന്നാവുന്ന ചില പുസ്തകങ്ങളുണ്ട്. അവ കൈയിലെത്തുന്നത് തികച്ചും അപ്രതീക്ഷിതമായിരിക്കും. ബാക്കിയെല്ലാം മാറ്റിവെച്ച് അവ നമ്മെ അതിലേക്ക് പിടിച്ചിരുത്തും.
നോവൽ വായന മനപൂർവം വളരെ കുറച്ചിരിക്കുന്ന നേരത്താണ് വി ജെ ജയിംസിന്റെ നിരീശ്വരൻ കൈയിൽ തടയുന്നത്. വാങ്ങണോ വേണ്ടയോ എന്ന് കുറച്ച് നേരം സംശയിച്ചു. പുറപ്പാടിന്റെ പുസ്തകം മുതൽ വിജെ ജയിംസ് എഴുതിയ ഒട്ടുമിക്ക എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട് എന്നതുകൊണ്ട് തന്നെ വായനക്ക് ഒരു മിനിമം ഗാരണ്ടിയുണ്ടാവും എന്നറിയാം. കൂടുതൽ ആലോചിക്കാൻ നിൽക്കാതെ നിരീശ്വരനെ കൂടെ കൂട്ടി.

ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങൾ പാടാം
എങ്ങും നിറഞ്ഞ് എങ്ങും വിളങ്ങുന്ന നിരീശ്വരൻ
മണ്ണിൽ ഉല്പത്തിയായ കഥകൾ പറയാം..
ഓം നിരീശ്വരായ നമഃ

ദൈവങ്ങളും മിത്തുകളും എങ്ങനെ ഉണ്ടായിത്തീരുന്നു എന്നതാണ് ചുരുക്കത്തിൽ ഈ നോവലിന്റെ പ്രതിപാദ്യം. ഈ ലോകത്തിന്റെ ഉത്പത്തിക്ക് തന്നെ കാരണവും, തന്നെ എപ്പോഴും നേർവഴി നടത്തുന്നവനും എന്ന് മനുഷ്യൻ കരുതിപ്പോരുന്ന ദൈവമെന്ന സങ്കല്പത്തിനു ചുറ്റും ഇന്ന് നിറഞ്ഞാടുന്ന പൊള്ളത്തരങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ് ഈ കൃതി.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പെട്ട് ഒരു നാട് വഴിതെറ്റുന്നതിൽ മനം മടുത്ത് മൂന്ന് ചെറുപ്പക്കാർ- ആന്റണി, ഭാസ്കരൻ, സഹീർ - ഈശ്വരനിഷേധത്തിന്റെ വഴി തേടുകയാണ്. നാടിലെ പ്രധാന തെരുവായ ദേവത്തെരുവിനെ ആഭാസത്തെരു എന്ന് പുനർനാമകരണം ചെയ്തായിരുന്നു തുടക്കം. ചില്ലറ അദ്ധ്വാനിക്കേണ്ടി വന്നെങ്കിലും നാട്ടിലങ്ങോളമിങ്ങോളം പുതിയ പേര് പ്രചാരത്തിലാക്കാൻ അവർക്ക് പറ്റി. നാളുകൾ കഴിയെ തങ്ങളുടെ പ്രവൃത്തി, നാട്ടിൽ മറ്റൊരു വ്യത്യാസവും വരുത്തിയില്ല എന്ന തിരിച്ചറിവിൽ കുറച്ച് കൂടി കടുത്ത ഒരു നടപടിയിലേക്ക് അവർ നീങ്ങുകയാണ്. സ്വന്തമായി കൊത്തിയുണ്ടാക്കിയ ഒരു പ്രതിമയെ ദൈവത്തിനു ബദലായി സൃഷ്ടിച്ച് “നിരീശ്വരൻ” എന്ന പേരിൽ തെരുവിന്റെ മൂലയിൽ പ്രതിഷ്ഠിക്കുന്നു. അതും ഏറ്റവും അശുഭമായ മുഹൂർത്തത്തിൽ. ഇവിടെ പ്രാർഥിക്കുന്നവർക്ക് ഫലം സുനിശ്ചിതം എന്ന് ഈ മൂവർസംഘം തന്നെ എല്ലാരെയും അറിയിക്കുന്നു. ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, പ്രാർത്ഥിച്ചവർക്കൊക്കെ ഫലം കിട്ടുന്നു. വഴിപാടുകളും ചടങ്ങുകളും വരുന്നു.. നിരീശ്വരൻ, ഈശ്വരനേക്കാൾ വളരുന്നു. ദൈവത്തിനും ദൈവത്തിന്റെ പേരിൽ നടക്കുന്ന കെട്ടു കാഴ്ചക്കും എതിരായി മൂവർസംഘം സൃഷ്ടിച്ച നിരീശ്വരൻ നാളുകൾ കഴിയെ നാട്ടിലെ പ്രധാന ദൈവമാകുന്ന കാഴ്ച നോക്കിയിരിക്കാനെ അവർക്ക് പറ്റുന്നുള്ളു. (കഥകൾ ഒരുപാടുണ്ട്.. സ്പോയിലർ ആവുന്നതുകൊണ്ട് ഒന്നും പറയാതെ വിടുന്നു).
വായിക്കുക..
വളരെയേറെ പുതുമകൾ ഉള്ള, കാലിക പ്രാധാന്യമുള്ള ഒരു വിഷയം ആയതിനാൽ വായന ഒരു നഷ്ടമാവില്ല. ശക്തമായ കഥാ, അതിഗംഭീരമായ ഭാഷാപ്രയോഗങ്ങൾ എന്നിവകൂടി എടുത്ത് പറയേണ്ട പ്രത്യേകതകളാണ്. അതേസമയം ഈ കൃതി ഈശ്വരവിശ്വാസത്തെയോ നാസ്തികചിന്തയെയോ താരതമ്യം ചെയ്യാൻ ശ്രമിക്കുന്ന ഒന്നല്ല.
ശക്തമായ കഥാതന്തു ഉണ്ടെങ്കിലും എനിക്ക് തോന്നിയ ചില പോരായ്മകൾ പറയാതിരിക്കാൻ തോന്നുന്നില്ല
(1) കഥാപാത്രങ്ങൾക്ക് പേരിടുന്നതിൽ നോവലിസ്റ്റ് ഒരു മതേതരനാടകം നടത്തുന്നുണ്ടോ എന്ന് സംശയം.ഒരാൾ ഹിന്ദുവാണെങ്കിൽ മറ്റൊരാൾ കൃസ്ത്യാനിയും അടുത്തയാൾ മുസ്ലീമും ആവണം എന്ന് എന്തിനാണാവോ നിർബന്ധം?
(2) കപടശാസ്ത്രത്തിന്റെ മേമ്പൊടികൾ കഥാപാത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നുണ്ട് നോവലിസ്റ്റ്. ഒഴിവാക്കാമായിരുന്നു!
(3) അവസാനഭാഗം വളരെ ധൃതിയിൽ എഴുതിത്തീർത്തപോലെ തോന്നി.


നിരീശ്വരൻ (നോവൽ)
എഴുതിയത്: വി ജെ ജയിംസ്
വിതരണം: ഡി സി ബുക്സ്
വില: 250 രൂപ

Saturday, April 22, 2017

കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ - എം ജി എസ് നാരായണൻ



“History is so subjective, The teller of it determines it” Lin Manuel Miranda 
“I study history in order to give an interpretation” Oliver Stone.
വ്യാഖ്യാതാക്കളുടെ പിടിയിൽ നിന്ന് മാറി ഒരു ശാസ്ത്രശാഖയാവാനുള്ള ഓട്ടത്തിലായിരുന്നു “ചരിത്രം” എന്നും. വ്യാഖ്യാനങ്ങളിൽ നിന്ന് മാറിചിന്തിക്കാൻ വേണ്ടത്ര ശാസ്ത്രീയ തെളിവുകളുണ്ടായിട്ടും പണ്ട് കേട്ടതിൽ നിന്ന് ഒട്ടും മാറാതെ, കേട്ടത് തന്നെ പാടിക്കൊണ്ടിരിക്കാനാണ് ജനത്തിനു എന്നും താത്പര്യം. പ്രത്യേകിച്ച് നമ്മുടെ നാട്ടുകാർ. എല്ലാം, നമ്മടെ പുസ്തകത്തിലുണ്ട് എന്നതാണല്ലോ നമ്മുടെ ആപ്ത വാക്യം തന്നെ!
1498 മെയ് 19 രാത്രി. വാസ്കോ ഡ ഗാമയുടെ നേതൃത്വത്തിൽ1497 ജൂലൈ എട്ടിന് പോർച്ചുഗലിലെ ലിസ്ബൺ തുറമുഖത്ത് നിന്ന് തിരിച്ച മൂന്ന് കപ്പലുകൾ ആഫ്രിക്കൻ തീരങ്ങൾ താണ്ടി കേരള തീരത്തേക്കെത്തിക്കൊണ്ടിരിക്കുന്നു. മാർച്ച് മുതൽ ഏപ്രിൽ അവസാനം വരെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് വീശിക്കൊണ്ടിരിക്കുന്ന കാറ്റിൽ പ്രതീക്ഷയർപ്പിച്ചാണ്, കേരളത്തിലോട്ട് സഞ്ചാരികൾ കാലങ്ങളായി വന്നു കൊണ്ടിരുന്നത്. പക്ഷെ ഗാമ അറബിക്കടൽ മുറിച്ച് കടക്കുമ്പഴേക്ക് കാറ്റിന്റെ ആനുകൂല്യം ഏതാണ്ട് കഴിഞ്ഞിരുന്നു. ആ രാത്രിയിൽ കപ്പൽ വഴി മാറി കോഴിക്കോടും കടന്ന് പോയി. കരയിൽ വെളിച്ചം കണ്ടപ്പോൾ അത് ‘കാലിക്കൂത്ത്” ആണെന്ന് തെറ്റിദ്ധരിച്ച ഗാമയും കൂട്ടരും അവിടെ നങ്കൂരമിട്ടു. പകൽ ചെന്ന് അന്വേഷിക്കാം എന്ന് കരുതി. പുലർച്ചെ കപ്പലിലെ വെളിച്ചം കണ്ട് മത്സ്യത്തൊഴിലാളികൾ അങ്ങോട്ട് ചെന്ന് കാര്യം തിരക്കി. ആംഗ്യ ഭാഷയിലൂടെ അല്പസ്വല്പം കാര്യങ്ങൾ ഗ്രഹിച്ച അവരുടെ കൂടെ, നാട്ടിലിറങ്ങി കാര്യം ഗ്രഹിച്ചു വരാൻ ഗാമ തന്റെ കപ്പൽ ജോലിക്കാരിൽ രണ്ടുപേരെ തോണിക്കാരുടെ കൂടെ വിട്ടു. പോയവർ ചില മൊറൊക്കൻ വ്യാപാരികളെ കാണുകയും അവരിലൂടെ- സാമൂതിരി രാജാവ് ഇപ്പൊൾ പൊന്നാനിയിലാണ് ഉള്ളതെന്നും മൂന്ന് ദിവസം കഴിഞ്ഞേ വരികയുള്ളൂ എന്നറിയുകയും ചെയ്തു. ആ വിവരവും കൊണ്ട് അവർ കപ്പലിലേക്ക് മടങ്ങി. കാത്ത് നിൽക്കുകയല്ലാതെ ഗാമക്ക് മറ്റു മാർഗങ്ങളൊന്നും ഇല്ലായിരുന്നു. മൂന്നാം ദിവസം സാമൂതിരി തിരിച്ചെത്തുകയും, കപ്പൽ കൊയിലാണ്ടിക്കടുത്തുള്ള പന്തലായിനി കൊല്ലത്തേക്ക് തിരിച്ചുവിടാൻ ആജ്ഞാപിക്കുകയും ചെയ്തു. അങ്ങനെ മൂന്നാം ദിവസം ഗാമ പന്തലായിനി കൊല്ലത്ത് കാലു കുത്തി!
പക്ഷെ നമ്മൾക്ക് ഇപ്പൊഴും ഗാമ കാപ്പാട് തന്നെയാണ് കപ്പലിറങ്ങിയത്. അവിടെ ഗാമയുടെ വരവിന്റെ സ്തൂപങ്ങളുയർത്തി ടൂറിസ്റ്റുകളുടെ മുന്നിൽ നമ്മൾ ഇപ്പൊഴും അപഹാസ്യരായിക്കൊണ്ടിരിക്കുന്നു. സ്കൂൾ പാഠപുസ്തകങ്ങളിൽ കാപ്പാടിന്റെ ചരിത്രപെരുമ പറഞ്ഞ് തലമുറകളായി കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നു.
ഇതുപോലെ, നമ്മൾ കാലാകാലങ്ങളായി സത്യമാണെന്ന് ഉറച്ച് വിശ്വസിച്ച് പോരുന്ന പത്ത് കഥകളെ ചരിത്രഗവേഷണത്തിലെ പുതിയ സാധ്യതകളിലൂടെ തെറ്റാണെന്ന് തെളിയിക്കുകയാണ് പ്രശസ്ത ചരിത്ര ഗവേഷകനായ ശ്രീ എം ജി എസ് നാരായണൻ തന്റെ “കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ” എന്ന പുസ്തകത്തിലൂടെ.
(1) പരശുരാമൻ കേരളം സൃഷ്ടിച്ച കഥ
(2) സെന്റ് തോമസ് കേരളത്തിൽ വന്ന കഥ
(3) മഹാബലി കേരളം ഭരിച്ച കഥ
(4) ചേരമാൻ പെരുമാൾ നബിയെ കണ്ട കഥ
(5) ഗാമ കാപ്പാട് കപ്പലിറങ്ങിയ കഥ
(6) ടിപ്പുസുൽത്താന്റെത് സ്വാതന്ത്ര്യ പോരാട്ടമോ
(7) പഴശ്ശി തമ്പുരാൻ വൈരം വിഴുങ്ങിയ കഥ
(8) വികസനത്തിലെ കേരള മാതൃകയുടെ കഥ
(9) മലബാർ ലഹളയുടെ ഉള്ളുകള്ളികൾ
(10) പട്ടണം മുസിരിസ്സായ കഥ.
ഇങ്ങനെ പത്തെണ്ണമാണ് കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ എന്നപേരിൽ എം ജി എസ് ഒരു തുടർ പരിശോധന നടത്തുന്നത്. അദ്ദേഹം പറയുന്നത് മൊത്തം സത്യമാണോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ടെങ്കിലും, അത് തെളിയിക്കാൻ മാത്രമുള്ള ചരിത്ര പാണ്ഡിത്യം ഇല്ലാത്തത് കാരണം, തൽക്കാലം ഗ്രന്ഥകാരന്റെകൂടെ നിൽക്കുകയാണ്, വെറും വായനക്കാരനായ ഞാൻ!
ഈ കഥകളുടെ പൊളിച്ചെഴുത്ത് കൂടാതെ എം ജി എസിന്റെ മനോഹരമായ നാലു ലേഖനങ്ങളും ഇതിലുണ്ട്. ചരിത്രാന്വേഷികളും ഗവേഷകരും മുതൽ സാധാരണക്കാർ വരെ വായിച്ചിരിക്കേണ്ട നാലു ലേഖനങ്ങൾ.
കാര്യമാത്ര പ്രസക്തമായ പുസ്തകം. അതുകൊണ്ടു തന്നെയാവണം സാഹിത്യഭംഗി അല്പം കുറവാണ്. ചരിത്രത്തിൽ താത്പര്യമില്ലാ എങ്കിൽ പെട്ടെന്ന് മടുപ്പിക്കും. പക്ഷെ നമ്മൾ കേട്ട് നടന്ന കഥകളുടെ ഉള്ളുകള്ളികൾ അറിയുന്നത് എപ്പോഴും നല്ലതല്ലേ

വില : 130 രൂപ
ഡി സി ബുക്സ്
പേജ് : 140
ചരിത്ര ലേഖനങ്ങൾ.

Thursday, April 20, 2017

ഒരാൾ ജീവിതത്തിലേക്ക് തിരിച്ചുനടന്ന വിധം- ഡോ. എം ബി സുനിൽകുമാർ

ഒരാൾ ജീവിതത്തിലേക്ക് തിരിച്ചുനടന്ന വിധം- ഡോ. എം ബി സുനിൽകുമാർ
-----------------------------------------------------
പുസ്തക ഷോപ്പിൽ കയറിയാൽ ആദ്യം, വാങ്ങാൻ ഉദ്ദേശിച്ച പുസ്തകങ്ങൾ വാങ്ങി കൈയിൽ വെക്കും. പിന്നെ കൈയിൽ കിട്ടുന്ന ഒരു 10 എണ്ണം ഇങ്ങ് വാരും. അതാണ് സ്വതേള്ള ചടങ്ങ്. നാട്ടിലാണെങ്കിൽ ഈ വാരുന്ന 10ൽ മിക്കവാറും 9 ഉം പതിരാവും എന്ന് ഉറപ്പാണ്, എന്നാലും സ്വഭാവം മാറ്റാൻ പറ്റിയിട്ടില്ല. ഇത്തവണ ഡി സി ബുക്സിൽ പോയപ്പോൾ പതിവ് തെറ്റി- പുതുതായി വന്ന ഒരു കെട്ട് പുസ്തകങ്ങൾ കെട്ടഴിച്ച് ഷെൽഫിൽ വെക്കാൻ തുടങ്ങുകയാണ് കടക്കാരൻ. ഒന്നും നോക്കാതെ അതിൽ നിന്ന് ഒന്നെടുത്തു. പേരും പുറംചട്ടയും മനോഹരം.
Dr. Siddhartha Mukherjee യുടെ “Cancer - The Emperor of All Maladies” വായിച്ചതിനു ശേഷം കാൻസറിനെ പറ്റി എന്ത് പുസ്തകം കണ്ടാലും വാങ്ങും എന്ന സ്ഥിതിയായിരുന്നു. ഈ കാൻസർ എന്ന ചങ്ങാതി എനിക്ക് വേണ്ടി എവിടെയോ കാത്തിരിക്കുന്നുണ്ട് എന്ന് ഇടക്കിടക്ക് എനിക്ക് തോന്നാറുണ്ട്. അതുകൊണ്ട് കൈയിൽ കിട്ടിയ പുസ്തകത്തിനെ പെട്ടെന്ന് തന്നെ ഇഷ്ടപ്പെട്ടു! "ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം- കാൻസറിനെ അതിജീവിച്ച ഒരു ഡോക്ടറുടെ കഥ" ഇതാണ് ടൈറ്റിൽ.
കാൻസറിന്റെ കരാളഹസ്തത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു വെറ്ററിനറി സർജന്റെ ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകം. സ്വസ്ഥമായ ജീവിതത്തിനിടക്ക് ആകസ്മികമായി കാൻസർ ബാധിതനാണെന്ന് സ്ഥിരീകരിക്കപ്പെടുകയും, പിന്നീടങ്ങോട്ട് മാസങ്ങളോളം നീളുന്ന വേദനയുടെയും ദുരിതങ്ങളുടെ യും അവസാനം നല്ല ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ വരുന്ന ഒരാളുടെ ഓർമ്മക്കുറിപ്പുകൾ. ഒരു സാധാരണക്കാരന്റെ വേദനകളും വേവലാതികളും വിഷമങ്ങളും വളരെ ലളിതമായ ഭാഷയിൽ, വായനക്കാരോട് പറയുമ്പോൾ നമ്മളും ലേഖകന്റെ കൂടെ ആശുപത്രികളും ലാബുകളും കയറിയിറങ്ങുന്ന ഫീൽ ഉണ്ടാക്കുന്നുണ്ട്.
വളരെ മനോഹരമായ ഒരു പുസ്തകം.. വായിച്ചില്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് മാത്രം!
ഞാൻ ഈ പുസ്തകം വാങ്ങിയത് ഏപ്രിൽ ഒമ്പതിനാണ്. പുസ്തകം വാങ്ങി വീട്ടിലെത്തിയിട്ട് ഫേസ് ബുക്ക് നോക്കിയപ്പോൾ ആദ്യം കണ്ടത് ഡോ എം ബി സുനിൽ കുമാർ അന്തരിച്ചു എന്ന വാർത്തയായിരുന്നു. കാൻസറിനെ തോൽപ്പിച്ച ഈ മനുഷ്യൻ ഒരു ഹൃദയാഘാതത്തിലായിരുന്നുവത്രേ ഇഹലോകവാസം വെടിഞ്ഞത്. ഈ വാർത്തയറിഞ്ഞതിനുശേഷം പുസ്തകം വായിച്ചതുകൊണ്ടാവാം, വായനക്കിടയിൽ പലയിടത്തും കണ്ണു നിറഞ്ഞുപോയി.

Wednesday, March 22, 2017

Physics of the Future by Michio Kaku

ഞാൻ ജനിക്കുമ്പളേക്ക് തന്നെ ന്യൂട്ടൺ, എഡിസൺ, ടെസ്‌ല, ഗ്രഹാം ബെൽ തുടങ്ങിയവർ ഓടിനടന്ന് ഒട്ടുമിക്ക സാധനങ്ങളും കണ്ടുപിടിച്ച് കഴിഞ്ഞിരുന്നു. പുതുതായി ഒന്നും കണ്ടുപിടിക്കാൻ ഇല്ലാത്തതുകൊണ്ട് എന്റെ ജീവിതം ഭയങ്കര ബോറടിയായിരുന്നു എന്ന് പറയേണ്ടല്ലോ.
അങ്ങനെ ബോറടിച്ച് കാലം കുറെ മുന്നോട്ട് പോയി. പിന്നോട്ട് പോവാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഈ മുൻപേ പറഞ്ഞ മഹാന്മാർ ഓരോ തിയറികൾ ഉണ്ടാക്കിയതുകൊണ്ട്, കാലത്തിനു പിറകോട്ട് പോവാൻ പോലും പറ്റാണ്ടായീന്ന് പറഞ്ഞാ മതിയല്ലോ! എന്തായാലും “തീക്കും തന്നുള്ളിലേ തോന്നിത്തുടങ്ങീതേ, തീക്കായ വേണമെനിക്കുമെന്ന്” എന്ന് കവി പറഞ്ഞതുപോലെ, ബോറടിക്കും തോന്നിത്തുടങ്ങി- സംഗതി മൊത്തം ബോറാണെന്ന്!
അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ മിച്ചിയോ കാക്കുവിനെ ഒരു ബുക്സ്റ്റാളിൽ കാണുന്നത്. “പുര നിറഞ്ഞു നിൽക്കുന്ന സഹോദരി” ന്നൊക്കെ പറയുന്നതുപോലെ ഒരു ഷെൽഫ് നിറഞ്ഞു നിൽക്കുന്ന മിച്ചിയോ കാക്കു. ഇന്ന് ടച്ചിംഗ്സിനു ഇങ്ങേരായിക്കോട്ടേന്ന് കരുതി കൂട്ടത്തിൽ കൈയിൽ കിട്ടിയ ഒരു പുസ്തകം ഇങ്ങോട്ട് മാന്തിയെടുത്തു. അതാണ് ഇനി പറയാൻ പോകുന്ന “Physics of the Future” എന്ന ഗ്രന്ഥം!
ഈ ലോകം ഉണ്ടായതിനുശേഷം ഇന്നേവെരെയുള്ളതിൽ, ഏറ്റവും കൂടുതൽ പുരോഗതി ഉണ്ടായത് ഈ കഴിഞ്ഞ 70 വർഷക്കാലമാണെന്ന് പറയപ്പെടുന്നു. ഈ മാറ്റത്തിന്റെ സ്പീഡ് കൂടിവരുന്നതല്ലാതെ കുറയുന്നില്ല. അഞ്ച് വർഷം മുന്നെ “ഡ്രൈവർ വേണ്ടാത്ത കാർ” എന്ന് കേട്ടാൽ ജനം ചിരിക്കുമായിരുന്നു. ഇന്ന് ഒരു പാട് രാജ്യങ്ങളിൽ അതൊരു യാഥാർത്ഥ്യമാണ്. 1960 കളിൽ സ്പേസ് ഷട്ടിലുകളിൽ ഉപയോഗിച്ചതിന്റെ എത്രയോ മടങ്ങ് ശക്തിയുള്ള കമ്പ്യൂട്ടറുകളാണ് ഇന്ന് നാം ഓരോരുത്തരും മൊബൈൽ ഫോൺ എന്ന് പറഞ്ഞ് പോക്കറ്റിൽ കൊണ്ടു നടക്കുന്നത് (നമ്മളത് കാൻഡി ക്രഷ് കളിക്കാൻ മാത്രം ഉപയോഗിക്കുന്നു എന്നത് വേറെ തമാശ). ഇനി വരാൻ പോകുന്ന കാലത്ത് നാം കാണാൻ പോകുന്ന സാങ്കേതിക വിപ്ലവം, അതെങ്ങനെ നമ്മുടെ ഓരോരുത്തരെയും ബാധിക്കാൻ പോകുന്നു എന്ന് പറഞ്ഞു തരികയാണ് "Physics of the Future” എന്ന ഈ പുസ്തകത്തിലൂടെ.
ലോകത്തെ പ്രശസ്തമായ പല ലാബറട്ടറികളിലും ഉരുത്തിരിഞ്ഞു വരുന്ന പുതിയ സാങ്കേതിക വിദ്യകൾ, അവയുടെ ഉപജ്ഞാതാക്കളെ അങ്ങോട്ട് ചെന്ന് കണ്ട് അവരോട് സംസാരിച്ച് എഴുതിയതാണ് ഈ പുസ്തകം. ഏകദേശം മുന്നൂറോളം ശാസ്ത്രജ്ഞന്മാരെയാണ് ഈ പുസ്തകത്തിനുവേണ്ടി കാക്കു ഇന്റെർവ്യൂ ചെയ്തത്. അതിൽ നിന്ന് കാക്കു ഭാവിയെക്കുറിച്ചുള്ള ഒരു അതി മനോഹരമായ ചിത്രം വരച്ചുകാട്ടുന്നു വായനക്കാർക്ക് വേണ്ടി.
ഭാവിയെ മൂന്ന് ഭാഗങ്ങളാക്കി തിരിച്ച് അതിൽ ഓരോന്നിലും വരാൻ പോകുന്ന മാറ്റങ്ങളെ പറ്റി പറയുന്നു. Immediate Future (present to Year 2030), Mid future (Year 2030 to Year 2070) & Far Future (beyond 2070). മൊത്തം എട്ട് അദ്ധ്യായങ്ങളാണുള്ളത്.
കമ്പ്യൂട്ടറിന്റെ ഭാവി:
Future of Artificial Intelligence (കൃത്രിമ ബുദ്ധി ന്ന് പറയാമോ ആവോ?)
ഭാവിയിലെ വൈദ്യശാസ്ത്രം
NanoTechnology
ഭാവിയിലെ വൈദ്യുതി/ഊർജ്ജം.
ബഹിരാകാശ യാത്രകളുടെ ഭാവി
സംബത്തിന്റെ ഭാവി
മനുഷ്യത്ത്വത്തിന്റെ ഭാവി
ഇവയിലെ ഓരോ ഐറ്റം ഐറ്റമായി പറഞ്ഞാൽ കാക്കു എനിക്കെതിരെ കേസ് കൊടുക്കും. അതുകൊണ്ട് കുറച്ച് കാര്യങ്ങൾ മാത്രം പറയാം!
ഡ്രൈവർ ഇല്ലാത്ത കാറുകൾ: ഇപ്പൊ തന്നെ വന്നു കഴിഞ്ഞ ഒരു പുരോഗതിയാണിത്. Tesla തുടങ്ങിയ കാറുകൾക്ക് ഡ്രൈവർ ഇല്ലാതെ ഓടാൻ പറ്റും. മറ്റ് മിക്ക കാറുകളിലും ഈ ടെക്നോളജി വന്നുകൊണ്ടിരിക്കുന്നു. പഠിച്ച് വലുതായിട്ട് ആരാവണം എന്ന് ചന്ദ്രമതി ടീച്ചർ ചോദിക്കുമ്പോൾ “ദേവീദാസ്” ബസ്സിന്റെ ഡ്രൈവർ ആവണം എന്ന് ഇനിയങ്ങോട്ട് കുട്ടികൾ പറയില്ല!
പേപ്പറിനു പകരം മടക്കിവെക്കാൻ കഴിയുന്ന ഇലക്ട്രോണിക് സ്ക്രീൻ: വീട്ടിൽ വരുത്തുന് ന്യൂസ് പേപ്പർ അന്നത്തെ ദിവസം കഴിഞ്ഞാൽ മഹാശല്യമാണ് എല്ലായിടത്തും. അതിനു പകരം, അതേ വലുപ്പത്തിലുള്ള, കനം കുറഞ്ഞ, മടക്കിവെക്കാൻ പറ്റുന്ന ഒരു ഇലക്ട്രോണിക് സ്ക്രീൻ ഉണ്ടെന്ന് കരുതൂ. പത്രം അടിക്കുന്ന പരിപാടിയുണ്ടാവില്ല. എല്ലാരും രാവിലെ എണീറ്റ് ഈ പേപ്പർ നിവർത്തുമ്പഴേക്ക് അത് ഇന്റെർനെറ്റ് വഴി കണക്റ്റ് ചെയ്ത് അന്നത്തെ വാർത്തകൾ ഈ പേപ്പറിൽ എത്തിക്കുന്നു. മരങ്ങൾ വെട്ടി പേപ്പർ ഉണ്ടാക്കേണ്ട, ഇത്രേം വലിയ പ്രസ്സുകൾ വേണ്ട, മനുഷ്യാദ്ധ്വാനം വേണ്ട. ഓരോ വീട്ടിലും ഒരു പേപ്പർ മതി.
വർത്തമാനം പറയേണ്ടാത്ത കാലം: മനുഷ്യന്റെ തലയിൽ പിടിപ്പിക്കാൻ പറ്റുന്ന ഒരു ചെറിയ ട്രാൻസ്മിറ്ററും റിസീവറും ഉണ്ടാവും. ഇത് പിടിപ്പിച്ച രണ്ട് പേർ തമ്മിൽ ആശയവിനിമയം നടത്താൻ സംസാരിക്കണമെന്നില്ല. വല്ലതും പറയണം എന്ന് ചിന്തിക്കുമ്പഴേക്ക് ആ ചിന്ത തന്റെ തലച്ചോറിൽ നിന്ന് സിഗ്നലുകളായി ട്രാൻസ്മിറ്ററിലൂടെ കേൾക്കേണ്ടയാളുടെ റിസീവറിലേക്കെത്തുന്നു. ഇതിന്റെ ഇടയിൽ ട്രാൻസ്ലേഷൻ നടത്താനും പറ്റും. ചുരുക്കത്തിൽ ലോകത്തിലെ ഏത് നാട്ടുകാരോടും നമുക്ക് സംസാരിക്കാം. ഭാഷ ഒരു പ്രശ്നമാവുന്നില്ല.
ഇതുപോലെ സംഭ്രമജനകമായ ഒരുപാട് കണ്ടു പിടുത്തങ്ങളെ പറ്റി പറയുന്ന ഈ പുസ്തകം നിങ്ങൾക്ക് എന്തായാലും ഇഷ്ടപ്പെടും. സ്കൂൾ, കോളേജ് തലങ്ങളിൽ പഠിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവർക്കും വാങ്ങിച്ചുകൊടുക്കുക! ശാസ്ത്രത്തിൽ അവർക്കും കയറും കമ്പം!

Tuesday, February 07, 2017

Outliers- The Story of Success by Malcolm Gladwell

ഹിന്ദു പുരാണത്തിൽ വിജയത്തിന്റെയും ഭാഗ്യത്തിന്റെയും മൂർത്തിയാണ് മഹാലക്ഷ്മി . മുപ്പത്തിമുക്കോടി ദേവന്മാർ ഉണ്ടായിട്ടുകൂടി ഇത്രേം പ്രധാനപ്പെട്ട രണ്ട് വകുപ്പുകളും കൂടി ഒരൊറ്റ ആളുടെ കീഴിൽ തന്നെ ആയതെങ്ങനെ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഗ്രീക്ക് പുരാണത്തിലെ സ്ഥിതിയും വ്യത്യസ്ഥമല്ല.  ടൈക്കി എന്ന ദേവതക്കാണ് ഭാഗ്യത്തിന്റെയും വിജയത്തിന്റെയും കുത്തക. ചുരുക്കത്തിൽ ഭാഗ്യമുള്ളവന് എപ്പോഴും വിജയവും കൂടെയുണ്ട് എന്നതാണ് സമസ്ത പുരാണങ്ങളും നമ്മെ പഠിപ്പിച്ചത്. എന്നാൽ Malcom Gladwell എഴുതിയ Outliers എന്ന പുസ്തകം ഇതിൽ നിന്ന് മാറിചിന്തിക്കാൻ ഒട്ടൊന്നുമല്ല നമ്മെ പ്രേരിപ്പിക്കുന്നത്,.
Outliers എന്ന വാക്കിന് കൂട്ടത്തിൽ നിന്ന് മാറി നിൽക്കുന്നത് എന്ന അർത്ഥം കൊടുക്കാമെന്ന് തോന്നുന്നു. രണ്ട്  ഭാഗങ്ങളിലായി 9 അദ്ധ്യായങ്ങളിലൂടെ ജീവിതവിജയം എന്നത് പ്രവചിക്കാൻ പറ്റുന്ന അല്ലെങ്കിൽ മുൻകൂട്ടി  കണക്കുകൂട്ടി പറയാൻ പറ്റുന്ന ഒന്നാണെന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. 
ഒന്നാമത്തെ ഭാഗം ജീവിതവിജയത്തിൽ അവസരങ്ങളുടെ ( Opportunity ) പങ്കിനെക്കുറിച്ചാണ്. ചില ഉദാഹരണങ്ങൾ മുന്നോട്ട് വെച്ചാണ് ഗ്രന്ഥകാരൻ ഇത് വിവരിക്കുന്നത്. ഇന്ത്യയിൽ ദേശീയ ക്രിക്കറ്റ് ടീമിൽ അംഗമാവുന്നത്രയോ അതിൽ കൂടുതലോ ബുദ്ധിമുട്ടാണ് കാനഡയിൽ ഐസ് ഹോക്കി ടീമിൽ അംഗമാവുക എന്നത്.   സ്കൂൾ തലം മുതൽ  നന്നായി കളിക്കുന്നവർ കൂടുതൽ കൂടുതൽ നന്നായി പെർഫോം ചെയ്തിട്ടുവേണം ദേശീയതലത്തിൽ എത്താൻ. പക്ഷെ സ്കൂൾ തലത്തിൽ  ഐസ് ഹോക്കി ടീം സെലക്ഷൻ നടക്കുന്നത് മറ്റേതിനെയും പോലെ വയസ്സ് നോക്കിയാണ്. അതായത് ഓരോ കൊല്ലവും നിശ്ചിത വയസ്സുള്ളവരിൽ നന്നായി കളിക്കുന്നവർക്ക് സ്കൂൾ ടീമിലേക്ക് സെലക്ഷൻ കിട്ടും. പിന്നെ അവിടുന്ന് അടുത്ത തലം..അങ്ങനെ പോയി പോയി ദേശീയതലത്തിൽ എത്താം.  ദേശീയടീമിനെ എടുത്ത് നോക്കിയപ്പോൾ ഒരു കാര്യം വ്യക്തം. മിക്കവാറും എല്ലാവരുടെയും ജനനത്തീയതി ജനുവരിയിലാണ്, കാരണമെന്താ- ഓരോ കൊല്ലവും സ്കൂളിൽ സെലെക്ഷൻ നടക്കുമ്പോൾ ആ ഏജ് ഗ്രൂപ്പിൽ തിരഞ്ഞെടുക്കപ്പെടാൻ ഏറ്റവും സാധ്യത കൊല്ലമാദ്യം ജനിച്ചവർക്ക് തന്നെ. അവർക്ക് പിന്നീട് നല്ല കോച്ചിനെ കിട്ടുന്നു, കൂടുതൽ പ്രാക്റ്റീസ് ചെയ്യാൻ പറ്റുന്നു, അങ്ങനെയങ്ങനെ നാഷണൽ ടീമിൽ വരെ എത്തുന്നു. അതേസമയം ഡിസംബറിൽ ജനിക്കുന്ന പയ്യന് സെലക്ഷൻ കിട്ടണമെങ്കിൽ അവൻ തന്നെക്കാളും 11 മാസം പ്രായക്കൂടുതലുള്ള കുട്ടികളെ തോൽപ്പിക്കാൻ മാത്രമുള്ള കഴിവുണ്ടായിരിക്കണം. "കാശുകാരൻ കൂടുതൽ കാശുകാരനായും പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനായും മാറിക്കൊണ്ടേയിരിക്കും” എന്ന പ്രശസ്തമായ മാത്യു പ്രതിഭാസത്തിന്റെ (Mathew Effect) പേരിലാണ്  ആദ്യത്തെ ഈ അദ്ധ്യായം.
ബിൽ ഗേറ്റ്സിനെ നാമറിയുന്നത് ‘വിൻഡോസ്’ എന്ന സോഫ്റ്റ്‌വെയർ ഉണ്ടാക്കിയതിലൂടെ ശതകോടീശ്വരനായ ആൾ എന്ന നിലക്കാണ്. മലയാള മാധ്യമങ്ങളിൽ വന്ന പല ലേഖനങ്ങളിലൂടെയും നമുക്ക് പരിചയമുള്ള ഗേറ്റ്സ്, കോളെജിൽ നിന്ന് ഡ്രോപ്പൗട്ട് ആയി,  സൂത്രത്തിൽ എങ്ങിനെയോ വിൻഡോസ് കണ്ടുപിടിച്ച്, തന്റെ കച്ചവടബുദ്ധികൊണ്ട് കാശുകാരനായ ഒരാളാണ്. എന്നാൽ  യാഥാർത്ഥ്യം ഇതിൽ നിന്ന് വളരെയകലെയാണ്. സ്കൂൾ തലം മുതൽ കമ്പ്യൂട്ടറിനു മുന്നിൽ അത്യദ്ധ്വാനം ചെയ്തിരുന്ന ഒരാളായിരുന്നു ബിൽ ഗേറ്റ്സ്. കോളേജിൽ പഠിക്കുന്ന പ്രായമാവുമ്പോളേക്ക് അദ്ദേഹം ഒരു എക്സ്പേർട്ട് പ്രൊഗ്രാമ്മർ ആയിക്കഴിഞിരുന്നു. ഇവിടെയാണ് Malcom Gladwell തന്റെ പ്രശസ്തമായ 10000- hour principle അവതരിപ്പിക്കുന്നത്. ഇത് പ്രകാരം പത്തായിരം മണിക്കൂർ ഒരു കാര്യം പ്രാക്റ്റീസ് ചെയ്യുന്ന ആൾ, ആ വിഷയത്തിൽ ഏറ്റവും expert ആയി മാറിക്കഴിഞ്ഞിരിക്കും. ലോകപ്രശസ്ത പോപ്പ് ഗായക സംഘമായിരുന്ന ബീറ്റിൽസ്, ആപ്പിൾ കമ്പനിയുടെ മുൻ സി ഇ ഓ സ്റ്റീവ് ജോബ്സ് അങ്ങനെ ഒരുപാട് ഉദാഹരണങ്ങൾ  Gladwell നിരത്തുന്നുണ്ട്.
ജീവിതവിജയത്തിനു ബുദ്ധി എത്രമാത്രം ആവശ്യമാണ്? കൂടിയ ബുദ്ധി വിജയത്തിന്റെ ലക്ഷണമാണോ? അല്ലാ എന്നാണ് Outliers പഠിപ്പിക്കുന്നത്. ശരാശരിക്ക് മേലെ ബുദ്ധിയുള്ള ആൾക്കാരുടെ ഇടയിൽ, വിജയം എന്നത് അവരുടെ കഠിനാദ്ധ്വാനത്തിനു നേരനുപാതത്തിലായിരിക്കും,. കൂടുതൽ അദ്ധ്വാനിക്കുന്നവന്റെ കൂടെ വിജയം വരും എന്നാണ് ഗ്രന്ഥകാരൻ പല ഉദാഹരണങ്ങളിലൂടെ സ്ഥാപിക്കുന്നത്.
രണ്ടാമത്തെ ഭാഗം ഒരാളുടെ പൈതൃകം (Legacy) അയാളുടെ ജീവിതവിജയത്തിനെ എങ്ങനെ സ്വാധിനിക്കുന്നു എന്നതാണ്. ചൈന എന്തുകൊണ്ട് ഇത്ര പുരോഗതി നേടുന്നു എന്നതിനു കാരണമായി Malcolm പറയുന്നത്, അവർ പാരമ്പര്യമായി നെൽകൃഷിക്കാർ ആണെന്നതാണ്. ഒറ്റനോട്ടത്തിൽ തമാശയായി തോന്നാമെങ്കിലും വായിച്ചുകഴിയുമ്പോൾ എനിക്ക് ഉത്തരം കിട്ടിയിരുന്നു- ചൈനയിലെയും ജപ്പാനിലെയും തെക്കൻ കൊറിയയിലെയും മറ്റും കുട്ടികൾ എന്തുകൊണ്ട് ഇത്ര കഠിനാദ്ധ്വാനികളാവുന്നു എന്നതിന്.
കൂടുതൽ എഴുതി സ്പോയിലർ ആവുന്നില്ല. 300 രൂപക്ക് ആമസോണിൽ ലഭ്യമാണ് പുസ്തകം.

ഞാൻ വായിച്ചതിൽ ഏറ്റവും നല്ല 10 പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ അതിലൊന്ന് ഇതായിരിക്കും എന്നതിൽ സംശയമില്ല!

Monday, January 30, 2017

"What If?" by Randall Munroe

പ്രീഡിഗ്രിക്കാലത്തെ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നു എൻട്രൻസ് പരീക്ഷ. നമ്മൾക്ക് അത് കിട്ടണം ന്ന് ആഗ്രഹമുണ്ടായിട്ടൊന്നുമല്ല, പക്ഷെ നമ്മൾക്ക് കിട്ടാതിരിക്കുകയും, കൂട്ടുകാർക്ക് കിട്ടുകയും ചെയ്താൽ പിന്നെ-തീർന്നൂന്ന് പറഞ്ഞാ മതിയല്ലോ! അങ്ങനെ ഇരിക്കുമ്പോഴാണ് രണ്ടാം വർഷ പ്രിഡിഗ്രിക്കാലത്ത് ആ രഹസ്യം മനസ്സിലായത് - എന്റ്രൻസ് പരീക്ഷക്ക് എല്ലാ ചോദ്യങ്ങളും ‘മൾട്ടിപ്പിൾ ചോയ്സ്’ ആണ്. തന്നിരിക്കുന്ന നാലോ അഞ്ചോ ഉത്തരങ്ങളിൽ നിന്ന് കറക്റ്റായത് എഴുതിയാ മതി.  “എല്ലാം കറക്കിക്കുത്തിയാൽ കടന്നുകൂടാനുള്ള സാധ്യത എന്ത്” എന്ന് ഞാനും കൂടെ ക്ലോസ് ഗഡീസായ ചന്ദ്രനും, സുരയും കൂടിയിരുന്ന് ആലോചിച്ചു. എല്ലാം കറക്കിക്കുത്തിയാൽ എവിടെയും എത്താൻ പോകുന്നില്ല എന്ന് അവസാനം തീരുമാനമായി. പരീക്ഷ കഴിഞ്ഞപ്പോൾ ഞാൻ കടന്നു കൂടിയിരുന്നു. അവർക്ക് കിട്ടാത്തതിന്റെ വിഷമം സുരയും ചന്ദ്രനും എന്റെ കൂമ്പിനിടിച്ച് തീർത്തു!
പക്ഷെ പ്രഹേളികയായി നിന്നത് ആ ഒരു പ്രശ്നമായിരുന്നു- എല്ലാ ചോദ്യത്തിനും കറക്കിക്കുത്തിയാൽ കടന്ന് കൂടില്ലെ? (ഇന്നത്തെ കാലത്ത് ഉറപ്പായും കടന്നു കൂടും. പരീക്ഷയെഴുതുന്ന കുട്ടികളെക്കാളും സീറ്റുള്ള ഇന്നത്തെപ്പോലെയല്ലല്ലോ ആകെ നാലും മൂന്നും ഏഴ് പ്രൊഫഷണൽ കോളേജുകൾ മാത്രമുണ്ടായിരുന്ന പ്രി-ആന്റണി യുഗം ). 
എന്തായാലും വർഷങ്ങൾക്കു ശേഷം, സമാനമായ ഒരു ചോദ്യം ഒരു പുസ്തകത്തിൽ കണ്ടപ്പോൾ ആകെ ഒരു സന്തോഷം! ചോദ്യം ഇതാണ് - ഒരു പരീക്ഷയെഴുതാൻ 40ലക്ഷം കുട്ടികൾ, മൊത്തം മൂന്നു പേപ്പറുകൾ ആണ് പരീക്ഷക്ക്, ഓരോന്നിനും 50 ചോദ്യങ്ങൾ, ഓരോ ചോദ്യത്തിനും അഞ്ച് ഉത്തരങ്ങൾ. ഇതിൽ എല്ലാവരും എല്ലാ ചോദ്യത്തിനും കറക്കിക്കുത്തിയാൽ പെർഫെക്റ്റ് സ്കോർ (എല്ലാം ശരിയാവുക എന്നത്) എത്ര പേർക്ക് കിട്ടും, അല്ലെങ്കിൽ പെർഫെക്റ്റ് സ്കോർ കിട്ടാനുള്ള സാധ്യത എന്ത് എന്നതായിരുന്നു പുസ്തകത്തിലെ ചോദ്യം. അങ്ങനെ കിട്ടാനുള്ള സാധ്യത വളരെ വളരേ വിരളമാണ് എന്ന് പുസ്തകം വിശദീകരിക്കുന്നു,
ഇതു പോലെയുള്ള ഒരു പാട് രസകരമായ ചോദ്യങ്ങളും അതിനേക്കാളും രസകരമായ ഉത്തരങ്ങളുമാണ് “What If?” എന്ന പുസ്തകം. Radall Muroe ആണിത് എഴുതിയത്. നാസയിലെ തന്റെ ജോലി വിട്ടതിനു ശേഷം ഇപ്പോൾ ഫുൾ ടൈം ഇന്റെർനെറ്റ് കാർട്ടൂണിസ്റ്റ് ആയി ജോലി ചെയ്യുന്ന Radall Muroe വളരെ പോപ്പുലർ ആയ webcomic xkcd യുടെ സ്ഥാപകനും കൂടിയാണ്. Serious scientific answer to absurd hypothetical questions” എന്നാണ് പുസ്തകത്തിന്റെ strap line. ചില ചോദ്യങ്ങൾ വിഡ്ഢിത്തങ്ങളാണെന്ന് തോന്നുമെങ്കിലും അവയുടെ ഉത്തരങ്ങൾ നമ്മെ ഒരു പാട് ചിന്തിപ്പിക്കും. അതേ പോലെ തിരിച്ചും! ചില സാമ്പിളുകൾ ഇതാ:
- ഒരു മനുഷ്യൻ നേരെ മുകളിലോട്ട് പൊങ്ങി പോവുന്നു എന്ന് സങ്കൽപ്പിക്കുക. മണിക്കൂറിൽ ഒരു കിലോമീറ്റർ എന്ന സ്പീഡിലാണ് പൊങ്ങുന്നതെങ്കിൽ   അയാൾ എത്ര നേരം ജീവനോടെ ഇരിക്കും?  ശ്വാസം മുട്ടി ചാവുമോ അതോ തണുത്ത് വിറങ്ങലിച്ച് മരിക്കുമോ?
- നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഇപ്പോഴുള്ള പ്രിന്ററിൽ (A4 printer) കൂടി 100 Dollar നോട്ട് അടിക്കാൻ ഗവണ്മെന്റ് അനുമതി നൽകിയെന്ന് കരുതുക. നിങ്ങൾക്ക് വേണ്ടത്ര എണ്ണം അടിക്കാം. അങ്ങനെയെങ്കിൽ എത്ര നാളുകൾ കൊണ്ട് നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ പണക്കാരനാവാം? ( രണ്ടാഴ്ച ന്നൊക്കെ മതി എന്ന് കരുതുന്നുണ്ടോ എന്നാ കേട്ടോ, നിങ്ങടെ മക്കളുടെ മക്കളുടെ മക്കളുടെ മക്കൾക്ക് പോലും ആവില്ല ഇപ്പോളത്തെ പണക്കാരെ തോൽപ്പിക്കാൻ! 450 കൊല്ലം കഴിയണം. അതും അവരുടെ പണം ഇപ്പൊഴത്തെ സ്ഥിതിയിൽ നിന്ന് കൂടുതൽ വളരാതിരുന്നാൽ മാത്രം!)
സയൻസിലും സയൻസിന്റെ വഴികളിലും താത്പര്യമുള്ള ഹൈസ്കൂൾ മുതലങ്ങോട്ടുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും ഈ പുസ്തകം.
വില: 400 രൂപ.
പി എസ്: ഇംഗ്ലീഷ് പുസ്തകങ്ങളെപ്പറ്റി മലയാളത്തിൽ എഴുതുക എന്നത് പറ്റുന്ന പണിയല്ല എന്ന് ഇപ്പൊ മനസ്സിലായി!! ഒരു തവണയും കൂടി ശ്രമിച്ച് ഈ പരിപാടി അവസാനിപ്പിക്കാൻ സാധ്യത!

Wednesday, January 25, 2017

കഥയാക്കാനാവാതെ - സുഭാഷ് ചന്ദ്രൻ

പ്രൊഫ. എം കൃഷ്ണൻ നായർ എറണാകുളം മഹാരാജാസ് കോളേജിൽ പഠിപ്പിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ക്ലാസിൽഇരിക്കാൻ' കഴിയുക എന്നത് വലിയൊരു ഭാഗ്യമാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. മറ്റൊന്നും കൊണ്ടല്ല- ക്ലാസ്സിൽ ഇരിക്കാൻ പോയിട്ട് നിൽക്കാൻ പോലും സ്ഥലമുണ്ടാവില്ലായിരുന്നുവത്രേ. ഒരു പൊതു സമ്മേളാനം പോലെ ആൾക്കാർ വന്നു കൂടുമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ് കേൾക്കാൻ. അദ്ദേഹത്തിന്റെ വിവരണവും പ്രസംഗവും, പഠിപ്പിക്കുന്ന വിഷയത്തേക്കാൾ എത്രയോ മേലെ നിൽക്കും എന്നത് തന്നെ കാരണം. ഒരു സാധാരണ നാടകം പഠിപ്പിക്കാൻ സാക്ഷാൽ കാളിദാസൻ വന്നാലുള്ള സ്ഥിതി!.  
സുഭാഷ് ചന്ദ്രന്റെ എഴുത്തും ഏകദേശം സമാനമായ ഒരു അനുഭവമാണ് പകർന്നു തരുന്നത്. താൻ വരക്കുന്ന വാക്‌മയചിത്രത്തിനു മുന്നിൽ വായനക്കാരൻ എല്ലാം മറന്ന്  നിൽക്കുന്ന ഒരു അവസ്ഥയുണ്ടാക്കാൻ കഥാകൃത്തിനു പറ്റുന്നു. അതിനിടയിൽ യഥാർത്ഥ വിഷയ തത്കാലത്തേക്ക് വായനക്കാരനും മറക്കും!
കേന്ദ്ര, കേരള സാഹിത്യ അക്കാദമി, വയലാർ അവാർഡുകൾ നേടിയ പ്രാശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രന്റെ  2016 ൽ പ്രസിദ്ധീകരിച്ച ഒരു കൂട്ടം ഓർമ്മക്കുറിപ്പുകളാണ് “കഥയാക്കാനാവാതെ” എന്ന ഈ പുസ്തകം. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ  “ഇതാ കഥയാക്കാനാകാതെ പോയ, കഥയെക്കാൾ തീക്ഷ്ണമായ ചില ജീവിത സന്ദർഭങ്ങൾ. ഇത് വായിക്കുമ്പോൾ നിങ്ങൾ കൂടുതലായി നിങ്ങളെ കണ്ടെത്തും എന്നാണ് എന്റെ പ്രതീക്ഷ. കാരണം, വായനക്കാരനെ സ്വയം കണ്ടെത്താൻ സഹായിക്കുകയാണല്ലോ ഒരെഴുത്തുകാരൻ ചെയ്യുന്നത്”.
ചെറുപ്പത്തിൽ കുട്ടിയും കോലും കളിക്കുമ്പോൾകുട്ടികണ്ണിൽ കൊണ്ട് കാഴ്ച കെട്ടുപോയ ഒരു കണ്ണിനെ, ആരുമറിയാതെ നാല്പതുവര്‍ഷം തന്റെ തലയോടിനുള്ളില്‍ ഒളിപ്പിച്ച് അക്കാലമൊക്കെയും മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി മാത്രം മരിച്ച  കണ്ണിനുമേല്‍ മഷിയെഴുതി നടന്ന കൊച്ചേച്ചി...... ആ കൊച്ചേച്ചിയുടെ കഥ പറയുമ്പോൾ നമ്മളെ സങ്കടത്തിലാക്കുകയല്ല ലേഖകൻ ചെയ്യുന്നത്. പകരം വായനക്കാരൻ അന്തം വിട്ട് നിൽക്കുന്നത് “സുഭാഷ് ചന്ദ്രൻ ഇതെന്തുകൊണ്ട് ഒരു കഥയാക്കിയില്ല” എന്നോർത്താണ്.
എത്ര വിശേഷപ്പെട്ട കഥയേക്കാളും എത്രയോ മേലേയാണ് ജീവിതമെന്ന അനുഭവം എന്ന സന്ദേശമാണ് ലേഖകൻ തന്റെ ഓരോ അനുഭവത്തിലൂടെ പറഞ്ഞുതരുന്നത്.
15 ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. അതിൽ തന്നെ രണ്ടെണ്ണം ഓരോ അവാർഡ് സ്വീകരിച്ചതിനുശേഷമുള്ള മറുപടി പ്രസംഗങ്ങളാണ്. മറ്റൊന്ന് ഒരു അഭിമുഖവും. അവയെ മാറ്റി നിർത്തിയാൽ ഉള്ള 12 ലേഖനങ്ങളിൽ പത്തിലും പരാമർശിക്കപ്പെടുന്നത് “മനുഷ്യന് ഒരു ആമുഖം” എന്ന തന്റെ പ്രശസ്തമായ നോവൽ തന്നെ. അതു കൊണ്ട് ആ നോവൽ വായിച്ചതിനുശേഷം മാത്രം ഈ പുസ്തകം കൈയിലെടുക്കുക എന്ന് ഒരു ഉപദേശം നൽകാനുണ്ട് എനിക്ക്.
പ്രസാധകർ : മാതൃഭൂമി ബുക്സ്
പേജുകൾ : 143 
വില: 120 രൂപ 

നാട്ടുദൈവങ്ങൾ സംസാരിച്ചുതുടങ്ങുമ്പോൾ - രാജേഷ് കോമത്ത്

ജനിച്ചുവളർന്ന വീട്ടിന്റെ ഒരു പറമ്പ്  മാത്രം അപ്പുറത്തായിരുന്നു അമ്പു പണിക്കരുടെ വീട്. അക്കാലത്ത് നാട്ടിലെ ഒട്ടു മിക്ക തെയ്യങ്ങളുടെയും കോലാധാരി ആയിരുന്നു പണിക്കർ. വേടൻ, ഗുളികൻ, പൊട്ടൻ, ഒറ്റക്കോലം, പോതി അങ്ങനെ ഒരു പാട് തെയ്യങ്ങൾ കെട്ടിയിറങ്ങുന്നത് അടുത്ത് നിന്ന് കാണാൻ പറ്റിയിട്ടുണ്ട്. എല്ലാ ദിവസവും രാത്രിയാവുമ്പോൾ പണിക്കരുടെ വീട്ടിൽ നിന്ന് തോറ്റം പാട്ടിന്റെ ശബ്ദം ഉയരും. പണിക്കരുടെ മക്കൾ ഉച്ചത്തിൽ പാടിപ്പഠിക്കുകയാണ് തോറ്റങ്ങൾ. ഈ ശബ്ദത്തിനിടയിൽ, പൂമുഖത്തിരുന്ന് പുസ്തകം വായിക്കുന്ന ഞങ്ങളുടെ വായന, അമ്മ കേൾക്കുന്നുണ്ടാവില്ലേ എന്ന ആശങ്കയിൽ “ചൈത്രനും മൈത്രനും”, “കൃഷ്ണപുരം ബ്ലോക്കിൽ ഒന്നാം സമ്മാനം ഇത്തവണയും വേലപ്പനു തന്നെ” തുടങ്ങിയ നിലവിളികൾ  അനുനിമിഷം കൂടുന്ന ഒച്ചയോടെ നാടിനെ വിറപ്പിക്കും. ചെവിക്ക് സ്വൈരം കിട്ടാതാവുമ്പോൾ “വന്ന് ചോറുണ്ടിട്ട് പോയ്ക്കോ” ന്ന് അമ്മ പറയും. അതോടെ നാട് വീണ്ടും തോറ്റം പാട്ടിലേക്ക് മടങ്ങും.
കാലം ഒരുപാടൊരുപാട് മുന്നോട്ട് നീങ്ങിയപ്പോൾ അറിയുന്നു - ഓരോ തെയ്യത്തിന്റെയും പിന്നിലെ കഠിന പരിശ്രമങ്ങളും കഷ്ടപ്പാടുകളും എല്ലാറ്റിനുമുപരിയുള്ള കൂട്ടായ്മകളും.
ഉത്തരമലബാറിലെ ജനതക്ക് അവരുടേ സംസ്കൃതിയിൽ ലയിച്ചു ചേർന്ന ഒന്നാണ് തെയ്യം. പക്ഷെ അതിനെക്കുറിച്ച് കൂടുതൽ ആധികാരികമായി അറിയാൻ ശ്രമിച്ചാൽ മിക്കവാറും നിരാശയായിരിക്കും ഫലം. തെയ്യങ്ങളെ കുറിച്ച് പറയുന്ന അപൂർവം ചില പുസ്തകങ്ങളേ ഞാൻ ബുക്‌സ്റ്റാളുകളിൽ കണ്ടിട്ടുള്ളൂ (സിഎം എസ് ചന്തേര, കെ കെ എൻ കുറുപ്പ് തുടങ്ങിയവർ എഴുതിയത് മാത്രം).
  മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ അസിസ്റ്റന്റ് പ്രൊഫസറായ രാജേഷ് കോമത്ത് എഴുതിയ “നാട്ടുദൈവങ്ങൾ സംസാരിച്ചുതുടങ്ങുമ്പോൾ” എന്ന പുസ്തകം കണ്ണിൽ തടഞ്ഞത് അവിചാരിതമായിട്ടായിരുന്നു. തെയ്യത്തിനെകുറിച്ചുള്ള വായനയല്ല ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നത് . ഉത്തരകേരളത്തിലെ  മാറുന്ന രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതി, തെയ്യം കെട്ടുകാരുടെ ജീവിതത്തിനെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് വെളിവാക്കുന്ന ഒരു പഠനമാണ് ഈ കൃതി. ഒരു പ്രബന്ധം എന്ന നിലക്കാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. ഒരു തെയ്യംകെട്ട് കുടുമ്പത്തിൽ നിന്ന് വരുന്ന ലേഖകന്, സ്വന്തം അനുഭവങ്ങളും ഏറെ ഉണ്ട് വായനക്കാരുമായി പങ്കുവെക്കാൻ. 
പ്രധാനമായും ഈ പുസ്തകം മുന്നോട്ട് വെക്കുന്നത് ചില സാമൂഹിക പ്രശ്നങ്ങളാണ്.
കാവുകളിൽ നടന്നുപോന്നിരുന്ന ഒരു അനുഷ്ഠാന കല എന്നതിൽ നിന്ന് തെയ്യം ഒരുപാട് മാറിയിരിക്കുന്നു.  പണ്ടത്തെ കാവുകൾ മാറി കോൺക്രീറ്റ് അമ്പലങ്ങളായിരിക്കുന്നു. കാവുടമസ്ഥാവകാശം ചില കുടുംബക്കാരിൽ നിന്ന് മാറി നാട്ടു കൂട്ടായ്മകളിലും രാഷ്ട്രീയപാർട്ടികളിലും എത്തിയിരിക്കുന്നു. സിപിഎമ്മിന്റെ കാവുകളും, ബീജെപ്പിയുടെ കാവുകളും തലശ്ശേരി കൂത്തുപറമ്പ് ഭാഗങ്ങളിൽ ഉണ്ട് എന്നത് കൗതുകത്തോടെ വായിച്ചു! . അങ്ങനെ കാലം മാറുമ്പോൾ നാം കാണുന്നത് തെയ്യത്തിന്റെ സാംസ്കാരിക ഭൂമിക മൊത്തമായി മാറുന്നതാണ്. പക്ഷെ ഇതിൽ നിന്ന് ഗുണപരമായ ഒരു മാറ്റവും വരാതെ തെയ്യം കലാകാരന്മാരുടെ ജീവിതസ്ഥിതി നിൽക്കുന്നു.  ഈ ഒരു പ്രഹേളികയാണ് ലേഖകൻ  തന്റെ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നത്. ദാരിദ്ര്യം മാത്രം തിരിച്ചുതരുന്ന തെയ്യം എന്ന അനുഷ്ഠാനകലയെ തള്ളിപ്പറയാതെ എങ്ങിനെ തെയ്യത്തിന്റെ സാംസ്കാരിക സമ്പുഷ്ടത വിപണനം ചെയ്യാം എന്നറിയാതെ കുഴങ്ങുന്ന തെയ്യം കലാകാരന്മാർ.
തെയ്യം, അതിന്റെ ചരിത്രസാഹചര്യങ്ങൾ, സാമൂഹിക സാംസ്കാരിക പ്രാധാന്യം എന്നിവയിൽ താത്പര്യമുള്ള എല്ലാവരും തീർച്ചയായും വായിക്കേണ്ടുന്ന ഒരു പുസ്തകം. തെയ്യത്തെക്കുറിച്ച് അടിസ്ഥാനമായ വിവരം ഉണ്ടായില്ലെങ്കിൽ ഇത് ഒരു സുഖകരമായ വായനയാവില്ല എന്നതു കൂടി ഓർമ്മിപ്പിക്കുന്നു.
പ്രസാധകർ: മാതൃഭൂമി ബുക്സ്
വില: 160 രൂപ

പേജുകൾ : 198

പാലും പഴവും - ടി എൻ ഗോപകുമാർ

“നമസ്കാരം..എല്ലാ മാന്യ പ്രേക്ഷകർക്കും കണ്ണാടിയിലേക്ക് സ്വാഗതം” ഇത് കേൾക്കുന്ന മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു താടിക്കാരന്റെ മുഖമുണ്ട്.  ടി എൻ ഗോപകുമാർ എന്ന ടി എൻ ജി. പക്ഷെ വെറും ഒരു ടി വി അവതാരകനായിരുന്നില്ല ഇദ്ദേഹം. നോവൽ, കഥ, ഓർമ്മക്കുറിപ്പ് എന്നീ വിഭാഗങ്ങളിൽ ഇരുപതിലേറെ കൃതികൾ രചിച്ച ടി എൻ ഗോപകുമാർ സിനിമയും സീരിയലും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് രണ്ടു തവണ കരസ്ഥമാക്കി. 
2016 ജനുവരി 30 നു അന്തരിച്ച ഇദ്ദേഹത്തിന്റെ അവസാനത്തെ പുസ്തകമാണ് പാലും പഴവും. തമിഴ്നാട്ടിലെ നായ്‌വാഴാവൂർ എന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന സാമൂഹിക സംഘർഷങ്ങളിൽ അകപ്പെടുന്ന ഒരു തമിഴ് ബ്രാഹ്മണ ദമ്പതികളുടെ കഥയാണ് ഈ നോവൽ. ഈ നോവൽ മാധ്യമം വാരികയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും മുഴുവനാക്കിയിരുന്നില്ല.  
അതീവ ലളിതമായ ആഖ്യാനം, കാച്ചിക്കുറുക്കിയെടുത്ത വാക്കുകൾ എന്നിവ കൊണ്ട് മനോഹരമായ വായനാനുഭവം തരുന്ന ഒരു നോവലാണിത്. പക്ഷെ വായിച്ച് തീരുമ്പോൾ കഥയിൽ പ്രത്യേകത ഒന്നും തന്നെ ഉള്ളതായി തോന്നിയില്ല. വായനക്കാരൻ ആഗ്രഹിക്കുന്ന വഴിയേ പോകുന്ന ഒരു കഥാതന്തു. വേറെ കനപ്പെട്ടത് വല്ലതും വായിക്കുന്നതിനിടയിൽ ഒരു ഫില്ലർ പോലെ വായിക്കാൻ കൊള്ളാം എന്ന് മാത്രമേ എനിക്ക് തോന്നിയുള്ളൂ. 
പ്രസാധകർ: മാതൃഭൂമി ബുക്സ്
പേജുകൾ : 112
വില : 100 രൂപ


Sunday, January 22, 2017

പോക്കുവെയിൽ മണ്ണിലെഴുതിയത് - ഓ എൻ വി കുറുപ്പ്

മലയാളത്തിന്റെ പ്രിയ കവി എൻ വി കുറുപ്പിന്റെ അനുഭവക്കുറിപ്പുകളാണ് ‘പോക്കുവെയിൽ മണ്ണിലെഴുതിയത്” എന്ന ഗ്രന്ഥം. 27 ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി.  ഓരോ മലയാളിയുടെയും അഭിമാനമായ ഓ എൻ വി തന്റെ ബാല്യം മുതൽ 2015 വരെയുള്ള അനുഭവങ്ങളെ ക്രോഡീകരിച്ച് വായനക്കാരുടെ മുന്നിൽ വെക്കുന്നു ഈ പുസ്തകത്തിലൂടെ.
ബാല്യകാല ത്തെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ എങ്ങനെ ഓ എൻ വിയെ മലയാളകവിതയുടെ ഉന്നതിയിലേക്കെത്തിച്ചു എന്ന് ഈ ഗ്രന്ഥത്തിൽ നിന്ന് അറിയാം. “പുന്നെല്ല് മണക്കുന്ന ഗ്രാമം” എന്ന അദ്ധ്യായത്തിൽ ബാല്യത്തിലെ കഷ്ടപ്പാടുകളെയും അനിശ്ചിതത്വത്തെയും വിശദമായി വിവരിക്കുന്നുണ്ട്. ഒരു പക്ഷേ ഈ ഗ്രന്ഥത്തിലെ ഏറ്റവും നല്ല വായനാനുഭവം നൽകുന്ന അദ്ധ്യായം ഇതു തന്നെയാവണം. പിന്നീടങ്ങോട്ടുള്ള അദ്ധ്യായങ്ങളിൽ,  എട്ടാമത്തെ വയസ്സിൽ സ്വന്തം പിതാവിന്റെ ആകസ്മിക മരണം താങ്ങേണ്ടിവരുന്ന കുഞ്ഞു ഓ എൻ വി പിന്നീട് വളർന്ന്  പല വിദേശ രാജ്യങ്ങളിലും ഇന്ത്യൻ സാഹിത്യത്തെ പ്രതിനിധീകരിക്കുന്ന നിലയിലേക്ക് വളരുന്ന കഥ വായിക്കാനാവും. പുസ്തകത്തിന്റെ ഒടുക്കത്തിൽ കവി പറയുന്നുണ്ട് : “ ഇതൊരാത്മകഥയല്ല. അങ്ങനെയൊന്നെഴുതാന്‍ വേണ്ടവലിപ്പവുമെനിക്കില്ല. കാലത്തേവന്ന്, ഇരുണ്ട കരിയിലകളടിച്ചുവാരി, കുഞ്ഞുപൂക്കളെ വിളിച്ചുണര്‍ത്തി, ഇലകള്‍ക്ക്ഇങ്കുകുറുക്കികൊടുത്ത് ഈറന്‍ വിരികളെല്ലാമുണക്കി, ക്ഷീണിച്ചുപോടിയിറങ്ങുന്ന പോക്കുവെയില്‍ മണ്ണിലെഴുതിപ്പോകുന്ന സ്നേഹക്കുറിപ്പുകള്‍ മാത്രം”.
ഒരു നല്ല പുസ്തകത്തിനു വേണ്ട എല്ലാ ചേരുവകളും ഉണ്ടെങ്കിൽ കൂടി,  ഈ പുസ്തകം എന്നെ മൊത്തത്തിൽ നിരാശപ്പെടുത്തി. പതിനഞ്ചാം വയസ്സിൽ എഴുതിത്തുടങ്ങി പതിറ്റാണ്ടുകളോളം നീണ്ട കാവ്യ സപര്യ ചെയ്ത, ഒട്ടുമിക്ക എല്ലാ പുരസ്കാരങ്ങളും കൈപിടിയിലൊതുക്കിയ,  ജ്ഞാനപീഠം കയറിയ ഓ എൻ വിയുടെ ആത്മകഥ എന്ന് കണ്ടപ്പോൾ ഞാൻ ഏറെ പ്രതീക്ഷിച്ചു എന്നതാവാം ഒരു കാര്യം.  പ്രധാനമായും മൂന്ന് കാര്യങ്ങൾ കൊണ്ടാണ് എനിക്ക് ഈ ഗ്രന്ഥം ഇഷ്ടപ്പെടാതിരുന്നത്
1) പ്രധാന സംഭവങ്ങൾ പലതും ഒന്നോ രണ്ടോ വാചകങ്ങളിലൊതുക്കി. 
2) ഒരുപാട് പ്രശസ്തരുമായി അടുത്ത ബന്ധമുണ്ടായിരുന്ന കവി, അതിനെപറ്റി വലുതായൊന്നും പറയുന്നില്ല.
3) തികച്ചും ഇടതുപക്ഷ സഹയാത്രികനായിരുന്ന ഓ എൻ വി, ഇടക്കിടെ ആ ബന്ധം എടുത്ത് കാണിക്കുന്നത്  ഒരു കല്ലുകടിയായി തോന്നി.
മൊത്തത്തിൽ ഒരുപാട് നന്നാക്കാൻ പറ്റുമായിരുന്ന ഗ്രന്ഥം !
 പ്രസാധനം : ചിന്താ പബ്ലിഷേർസ്
പേജുകൾ: 216

വില : 280 രൂപ.

Friday, January 20, 2017

ഓർക്കാനുണ്ട് കുറെ ഓർമ്മകൾ - ഡോ കെ രാജശേഖരൻ നായർ

 ക്ലൈവ് വിയറിംഗ് (Clive Wearing) പ്രശസ്തനായ ഒരു ബ്രിട്ടീഷ് സംഗീതജ്ഞനാണ്. 1938 ജനിച്ച ഇദ്ദേഹം ബിബിസി റേഡിയോക്ക് വേണ്ടി കുറേകാലം ജോലി ചെയ്തു.  ഡയാന രാജകുമാരിയുടെ വിവാഹച്ചടങ്ങിന്റെ മ്യൂസികൽ പ്രോഗ്രാം ചെയ്തത് ഇദ്ദേഹമായിരുന്നു. പക്ഷെ ഇന്ന് ഇദ്ദേഹം ഓർമ്മിക്കപ്പെടുന്നത് ഈ കാരണങ്ങൾ കൊണ്ടൊന്നുമല്ല. 1985 ഇദ്ദേഹത്തിനു ഒരു പനി വന്നു, സാധാരണ പനി അല്ലായിരുന്നു അത്. ഹെർപിസ് സിംപ്ലെക്സ് വൈറസ് ഉണ്ടാക്കുന്ന എൻസെഫലൈറ്റിസ് ആയിരുന്നു പനിക്ക് കാരണം. അത് തലച്ചോറിനെ ബാധിക്കുകയും, തലച്ചോറിലെ ഹിപ്പോകാംപസ് എന്ന ഭാഗത്തിന് കാര്യമായ തകരാറ് സംഭവിക്കുകയും ചെയ്തു. പനി മാറിയപ്പോൾ ആരോഗ്യം നന്നായെങ്കിലും ക്ലൈവിന്റെ സ്വഭാവം മൊത്തമായി മാറിയിരുന്നു.  പുതുതായി ഓർമ്മ ഉണ്ടാക്കാനുള്ള കഴിവ് അദ്ദേഹത്തിനു തീരെ ഇല്ലാതായി. ഒരു മിനിട്ട് മുൻപ് എന്താ സംഭവിച്ചത് എന്ന് അദ്ദേഹത്തിനു ഓർമ്മയുണ്ടാവില്ല . പുസ്തകം വായിക്കാനോ, സിനിമ കാണാനോ പറ്റില്ല- കാരണം കുറച്ച് മുൻപ് വായിച്ചതും കണ്ടതും ഒന്നും തന്നെ ഓർമ്മയിലില്ല. അതേ സമയം പഴയ ഓർമ്മകൾ അതേ പോലെയുണ്ട്. സംഗീതത്തിലുള്ള കഴിവുകളൊന്നും നശിച്ചിട്ടില്ല.  ഭാര്യയെയും ബന്ധുക്കളെയും ഒക്കെ അറിയാം. പക്ഷെ ഭാര്യ 2 മിനിട്ടു നേരത്തെക്ക് മാറിയിരുന്ന് വീണ്ടും മുറിയിലേക്ക് വന്നാൽ, എത്രയോ കാലങ്ങളായി കാണുന്നവരെപോലെയുള്ള സ്നേഹപ്രകടനങ്ങൾഏതു നിമിഷവും വർത്തമാനകാലത്തിൽ മാത്രം ജീവിക്കുന്ന, ഓരോ 10 സെക്കന്റിലും റീസെറ്റ് ചെയ്യപ്പെടുന്ന ഓർമ്മയുടെ ഉടമയായി മാറി ക്ലൈവ്. 
ക്ലൈവ് വിയറിംഗിന്റെ കഥ ഞാൻ വായിക്കുന്നത്  കുറേ വർഷങ്ങൾക്കു മുൻപ് ഒരു used book sale നു കിട്ടിയ “Your Memory- A users guide ( by Alan Baddeley)” എന്ന പുസ്തകത്തിലാണ്. ഓർമ്മ എന്ത്, എങ്ങനെ, എന്തുകൊണ്ട് എന്ന വിശദമായ ഒരു ഗ്രന്ഥം. ഓർമ്മയെപറ്റി ഒരുപാടൊരുപാട്  സിനിമാപ്പാട്ടുകൾ നാം പാടി നടന്നിട്ടുണ്ട് എന്നല്ലാതെ ഇതു പോലെ ഒരു പുസ്തകം മലയാളത്തിൽ ഇല്ലല്ലോ എന്ന് ഞാൻ അന്ന് ആലോചിച്ചതാണ്.
ഇത്തവണ മാതൃഭൂമി ബുക്സിൽ തപ്പിയപ്പോഴാണ് “ഓർക്കാനുണ്ട് കുറേ ഓർമ്മകൾ” എന്ന പുസ്തകം കൈയിൽ തടയുന്നത്. (ഡോ കെ രാജശേഖരൻ നായരുടെ മലയാളത്തിൽ എഴുതിയ എല്ലാ പുസ്തകങ്ങളും എന്റെ കൈയിൽ ഉണ്ട് എന്നായിരുന്നു എന്റെ ധാരണ. അത് തെറ്റാണെന്ന് മനസ്സിലായി!). ക്ലൈവ് വിയറിംഗിന്റെ കഥ പോലെ നൂറുകണക്കിനു കഥകളിലൂടെ ഡോക്ടർ രാജശേഖരൻ നായർ നമുക്ക് ഓർമ്മയെപറ്റിയും തലച്ചോറിന്റെ പല ഭാഗങ്ങളുടെ പ്രവർത്തനങ്ങളെയും പറ്റി പറഞ്ഞ് തരുന്നു.
മുൻപ് സമകാലിക മലയാളം വാരികയിൽ പലപ്പോഴായി അച്ചടിച്ച് വന്ന 13 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഡോക്ടർ രാജശേഖരൻ നായരുടെ എഴുത്തിന്റെ പ്രത്യേകതയെ പറ്റി മുൻപൊരു പുസ്തക റിവ്യൂവിൽ ഞാൻ എഴുതിയിരുന്നു. നല്ല നാടൻ ബേക്കറിയിലെ, എരുവും ഉപ്പും പൊട്ടുകടലയും, ഒക്കെയുള്ള മിക്സ്ചർ ആണ് ഇദ്ദേഹത്തിന്റെ എഴുത്ത്. ഒരു കഥയിൽ തുടങ്ങും ഓരോ ലേഖനവും.. അത് പിന്നീട് ഉപകഥകളായി, കവിതയായി- കാൾ സാൻഡ്ബർഗും, ഉള്ളൂരും, വള്ളത്തോളും ഒക്കെയായി അങ്ങനെ നീളും. ഇതിന്റെ ഇടയിൽ ന്യൂറോളജിയിലെ കുറെ ശാസ്ത്ര സത്യങ്ങളും വായനക്കാരൻ പഠിക്കും! വളരെ ലളിതമായ വിവരണമായതുകൊണ്ട് വിഷയത്തിൽ വല്യ ധാരണയില്ലാത്തവർക്കുപോലും മനസ്സിലാക്കാൻ എളുപ്പം. ഒട്ടുമിക്ക കഥകളും നമ്മുടെ ജിജ്ഞാസയെ അതിന്റെ അങ്ങേയറ്റത്തെത്തിക്കുന്ന തരം സംഗതികളാണുതാനും. ആൽബർട്ട് ഐൻസ്റ്റീന്റെ തലച്ചോറ് 'മോഷ്ടിച്ചു' കൊണ്ടു പോയ ഡോക്ടർ, നാലാം വയസ്സുമുതൽ നടന്ന എല്ലാ സംഭവങ്ങളും കൃത്യമായി ഓർമ്മിക്കുന്ന ജിൽ പ്രൈസ്, മറവിരോഗങ്ങളുടെ പല വകഭേദങ്ങൾ ബാധിച്ചവരുടെ കഥകൾ, പലപല ഭാഷകളിൽ ആയിരക്കണക്കിനു പാട്ടുകൾ ഭംഗിയായി പാടാൻ കഴിവുള്ളവരുടെ കഥകൾ - അങ്ങനെയങ്ങനെ ഒരു പാട് കഥകളും അതിനു പിന്നിലെ കാര്യങ്ങളും. (പക്ഷെ എന്നെ ചുറ്റിക്കുന്ന ഒരു പരിപാടിയുണ്ട് ഡോക്ടറുടെ എഴുത്തിൽ- ഒരു പാട് റെഫറൻസുകളും പുറമെ വായിക്കേണ്ട പുസ്തകങ്ങളുടെ പേരും നൽകും. പിന്നെ അതിന്റെ പുറകെ പോകുക എന്നത് എന്റെ ഒരു ശീലമായതുകൊണ്ട്, ന്യൂറോളജിയിൽ നിന്ന് വായനയെ പുറത്ത് കടത്താൻ കുറെ നാളുകളെടുക്കും).
എന്തായാലും ഗ്രന്ഥകർത്താവിന്റെ എന്നത്തെയും പോലെ മനോഹരമായ പുസ്തകം. ചില ലേഖനങ്ങൾ നിർത്തിയത്, "കൂടുതൽ പിന്നീട് എഴുതാം” എന്ന വാചകത്തോടെയാണ്. അതും പ്രതീക്ഷിച്ച് ഒരുപാട് വായനക്കാർ കാത്തിരിക്കുന്നുണ്ട് എന്ന് ഡോക്ടറെ ഒന്നോർമ്മപ്പെടുത്തുന്നു :)
പി എസ്: ഒരു ലേഖനത്തിൽ ‘പ്രൈം സംഖ്യകൾ കൊണ്ട് കളിക്കുന്നവർ’ എന്ന ഒരു ഭാഗമുണ്ട്. കൈനിറയെ മഞ്ചാടിക്കുരു വാരി മുകളിലേക്കെറിഞ്ഞ്, അത് താഴെ വീഴുന്നതിനു മുൻപ് കൃത്യമായി എണ്ണാൻ കഴിവുള്ള കേരളത്തിലെ ഒരു വാര്യരെ പറ്റി പറയുന്നിടത്ത്, ആളുടെ കൃത്യമായ പേര് അറിയില്ല എന്ന് ലേഖകൻ പറയുന്നു. കൈക്കുളങ്ങര രാമവാര്യർ ആണ് ആ പറഞ്ഞ ആൾ എന്ന് തോന്നുന്നു (രത്നശിഖയുടെ കർത്താവ്).

Tuesday, January 17, 2017

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ - ദീപാ നിശാന്ത്

2015 നവമ്പറിൽ ആദ്യ പതിപ്പ്. 2016 ആഗസ്റ്റ് ആവുമ്പോഴേക്ക് പതിനൊന്നാം പതിപ്പ് എന്നത് അപൂർവമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് മലയാളത്തിൽ. അതിനു കാരണമായ പുസ്തകമാണ് ദീപ നിശാന്ത് എഴുതിയ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ! കൃത്യമായ ഒരു കാലഘടനയില്ലാതെയുള്ള ഒരു കൂട്ടം  അനുഭവക്കുറിപ്പുകളാണ് ഈ കൃതി.
ഗൃഹാതുരത്വത്തിന്റെ ഒരു തകരാറ് എന്താന്ന് വെച്ചാൽ അത് മോശം ഓർമ്മകളെ മറന്നുകളയുകയും നല്ലതിനെ ഒരു ഭൂതക്കണ്ണാടിയിലേതെന്ന പോലെ വലുതാക്കി കാണിക്കുകയും ചെയ്യും എന്ന് മാർക്കേസ് പറഞ്ഞിട്ടുണ്ട്. പക്ഷെ ദീപടീച്ചറെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല എന്നാണ് ഈ പുസ്തകം കാണിക്കുന്നത്- നല്ലതും മോശപ്പെട്ടതും ഒരു പോലെ, ഒരേ തെളിമയോടെ, കൈവഴക്കത്തോടെ നമ്മുടെ മുന്നിലേക്ക് ടീച്ചർ കൊണ്ടുവരുമ്പോൾ, പേജുകൾ മറിയുന്നതിന്റെ കൂടെ വായനക്കാരന്റെ ഭാവവും മാറിമാറി വരും- ചിരിയിൽ നിന്ന് കണ്ണീരിലേക്കും, തിരിച്ചും. ജീവിതത്തിലെ കുഞ്ഞുകുഞ്ഞ് സംഭവങ്ങൾ പോലും വളരെ മിഴിവോടെ എഴുതി ഫലിപ്പിക്കാൻ പറ്റി എന്നത് തന്നെയാവണം പുസ്തകത്തിന്റെ വിജയത്തിനു കാരണം.
25 ലേഖനങ്ങളാണ് ഈ കൃതിയിൽ സമാഹരിച്ചിട്ടുള്ളത്. പലതും ഫേസ്‌ബുക്കിലും മറ്റുമായി പ്രസിദ്ധീകരിച്ചവയാണെന്ന് തോന്നുന്നു. എന്തായാലും നല്ലൊരു വായനാനുഭവം തരുന്ന ഒരു പുസ്തകം. 
മലയാള പുസ്തകപ്രസാധന ചരിത്രത്തിൽ ഓൺലൈൻ വഴി ഏറ്റവും കൂടുതൽ വില്പന നടത്തപ്പെട്ട പുസ്തകം എന്ന് പ്രസാധകർ അവകാശപ്പെടുന്ന ഈ പുസ്തകം, 99% പുസ്തകങ്ങളും ഓൺലൈനിൽ മാത്രം വാങ്ങുന്ന, എനിക്ക് കിട്ടിയത് പയ്യന്നുരിലെ ആരും കയറാത്ത ഒരു ചെറിയ ബുക്സ്റ്റാളിലെ തട്ടിൻപുറത്ത് നിന്നായിരുന്നു  എന്നത് തമാശയായി തോന്നി :)
കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ - ദീപാ നിശാന്ത്
പ്രസാധകർ : കൈരളി ബുക്ക്‌സ്
പേജ് - 168
വില - 170 രൂപ


Sunday, January 15, 2017

ബുക്‌സ്റ്റാൾജിയ - പി കെ രാജശേഖരൻ

കൈയിൽ കിട്ടുന്നതെന്തും വായിക്കുക എന്നതാണ് പണ്ടേ ഉള്ള ശീലം. ഒട്ടുമിക്ക വായനയെയും പറ്റി അഭിപ്രായം പറയാനും ശീലിച്ചിട്ടുണ്ട്. പക്ഷെ അഭിപ്രായങ്ങളിൽ ഒതുക്കാൻ പറ്റാത്ത ചില വായനകളുണ്ട്. പികെ രാജശേഖരന്റെ ബുക്‌സ്റ്റാൾജിയ എന്ന പുസ്തകം അങ്ങനെയൊന്നാണ്! പുസ്തകങ്ങളേക്കുറിച്ചുള്ള പുസ്തകമായ ഈ പുസ്തകത്തിന്റെ strapline തന്നെ “ഒരു പുസ്തക വായനക്കാരന്റെ ഗൃഹാതുരത്വങ്ങള്‍” എന്നാകുന്നു!
മലയാളപുസ്തകം തന്റെ ആത്മകഥ എഴുതിയാൽ എങ്ങനെയുണ്ടാവുമോ അതാണ് ഈ പുസ്തകം. മലയാളത്തിൽ പുസ്തകം പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മഹദ്‌വ്യക്തികളെ നാമെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചും. മലയാളവാക്കുകളുടെ അർത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാനവാക്കായി കരുതപ്പെടുന്ന ശബ്ദതാരാവലി മാത്രം എടുക്കാം. അത് രചിച്ചത് ശ്രീകണ്ഠേശ്വരം ജി പത്മനാഭപിള്ള യാണെന്ന് മലയാളി വല്ല പി എസ് സി പരീക്ഷക്കും വേണ്ടി പഠിച്ചാൽ ആയി. അതിനപ്പുറത്തേക്ക് ആരും ശ്രീകണ്ഠേശ്വരത്തിനെപറ്റി കേട്ടിട്ടുകൂടി ഉണ്ടാവില്ല. നല്ല ഒരു ജോലി കളഞ്ഞ് 20 വർഷക്കാലം ഇത്രേം ബൃഹത്തായ ഒരു മലയാള നിഘണ്ടു എന്ന ഐഡിയയുടെ പുറകെ ജീവിതം തുലക്കുക എന്നത് ചില്ലറക്കാര്യമല്ല. അതും അച്ചടി പോലും പ്രാരംഭദശയിലുള്ള ഒരു നാട്ടിൽ. ഒറ്റപ്രതിയായി അടിക്കാൻ നിവൃത്തിയില്ലാതെ അവസാനം 22 ലക്കമായിട്ടാണ് ശബ്ദതാരാവലി പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത്. 2200 ഓളം പേജുകളിൽ നിറയെ ആയിരക്കണക്കിനു വാക്കുകൾ നമ്മൾക്ക് നൽകിയ അദ്ദേഹത്തിന് പകരമായി നമ്മൾ ഒറ്റവാക്ക് മാത്രം നൽകി- നന്ദികേട്! ഈ ഗൂഗിൾ യുഗത്തിൽ ഓർമ്മ വെക്കാൻ ശീലിക്കുന്നത് അശാസ്ത്രീയമാണെന്ന് എല്ലാരും പറയുന്നു. മറന്നുകളയുന്നതും അതിന്റെ ഭാഗമായിത്തന്നെയായിരിക്കും!
അങ്ങനെയുള്ള ഒരു പറ്റം ആൾക്കാർ അവരെ പരിചയപ്പെടുത്തുന്നു ഈ പുസ്തകം. കാളഹസ്തി മുതലിയാർ, എസ് ടി റെഡ്ഡ്യാർ, ഈശ്വരപ്പിള്ള വിചാരിപ്പുകാർ,വിദ്വാൻ കെ പ്രകാശം അങ്ങനെ പലനിലക്ക് മലയാളപുസ്തക പ്രസാധനമേഘലക്ക് ചോരയും നീരും കൊടുത്ത ഒരു പാടുപേർ.
മഹദ്‌കാര്യങ്ങൾ മാത്രമല്ല. മലയാളഭാഷയിൽ വായനയെ ജനകീയമാക്കിയ ഒരുപാട് പുസ്തകങ്ങളെ ബുക്‌സ്റ്റാൾജിയ നമ്മൾക്ക് പരിചയപ്പെടുത്തുന്നു (ഓർമ്മപ്പെടുത്തുന്നു എന്നു പറയുന്നതാണ് ശരി). സിനിമാപ്പാട്ടു പുസ്തകം, തീപ്പെട്ടിപുസ്തകം മുതൽ ഡിറ്റക്ടീവ് നോവലുകൾ വരെ, ഒന്നും വിട്ടുപോകുന്നില്ല.
ഇതിൽ വായിച്ച ഒരു രസകരമായ കഥ നിങ്ങൾക്കായി ഷെയർ ചെയ്യുന്നു.
ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള തന്റെ ഒരു പാട് കാലത്തെ പ്രയത്നത്തിനു ശേഷം ശബ്ദതാരാവലിയുടെ ആദ്യലക്കം പ്രസിദ്ധീകരിക്കുന്നു. അ മുതൽ ഉ വരെയുള്ള വാക്കുകളാണ് ഇതിൽ ഉൾക്കൊള്ളിച്ചത്. ഇതിന്റെ ഒരു കോപ്പി ശ്രീകണ്ഠേശ്വരം ശ്രീ ചട്ടമ്പി സ്വാമികൾക്ക് സമർപ്പിക്കുന്നു. പുസ്തകം ഒന്ന് ഓടിച്ച് , തിരിച്ചും മറിച്ച് നോക്കിയശേഷം അത് തിരിച്ചുകൊടുത്തിട്ട് ചട്ടമ്പിസ്വാമികൾ പറഞ്ഞു - ‘ആർഭാടമില്ലാ കേട്ടോ പിള്ളേ”. തിരിച്ചു വരുന്ന വഴിമുഴുവൻ ശ്രീകണ്ഠേശ്വരം ആലോചിക്കുകയായിരുന്നു- കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല കെട്ടിലും മട്ടിലും പുറത്തിറക്കിയ താരാവലിക്ക് ആർഭാടമില്ല്ലാ എന്ന് പറയാൻ എന്താവും കാരണം. വീട്ടിലെത്തിൽ ഗ്രന്ഥം ഒന്നുകൂടി നോക്കിയ ശ്രീകണ്ഠേശ്വരം അത്ഭുതപ്പെട്ടു- അ മുതൽ ഉ വരെയുള്ള എല്ലാ വാക്കുകളും ചേർത്തു എന്ന് കരുതിയ നിഘണ്ടുവിൽ ആർഭാടം എന്ന വാക്ക് വിട്ടുപോയിരിക്കുന്നു!
ബുക്‌സ്റ്റാൾജിയ
പ്രസാധകർ: മാതൃഭൂമി ബുക്സ്
214 പേജ്
വില: 170 രൂപ

കാഴ്ചപ്പാടുകൾ - മുരളി തുമ്മാരുകുടി

സോഷ്യൽ മീഡിയകളിലും നവമാധ്യമരംഗത്തും നിറഞ്ഞ് നിൽക്കുന്ന മുരളി തുമ്മാരുകുടിക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല! മലയാളസാഹിത്യരംഗത്ത് എം ടിയെപ്പോലെ നവമാധ്യമരംഗത്തെ എംടി (രണ്ടാമൻ ) യാണ് ശ്രീ മുരളി. കൂടുതൽ അറിയേണ്ടവർക്ക് വിക്കിപ്പീഡിയ തുമ്മാരുകുടി.
2014 ജനുവരിയിൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച “കാഴ്ചപ്പാടുകൾ” എന്ന ഈ പുസ്തകം അതിനുമുൻപുള്ള മൂന്നു വർഷങ്ങളിലായി സോഷ്യൽ മീഡിയകളിലും ഇന്റർനെറ്റ് ഫോറങ്ങളിലും മുരളി തുമ്മാരുകുടി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്. 158 പേജുള്ള ഈ പുസ്തകം മാതൃഭൂമി ബുക്സിന്റെ ഓൺലൈൻ സൈറ്റിൽ ലഭ്യമാണ്. അവധിക്കാല വായനക്കായി പുസ്തകങ്ങൾ തിരഞ്ഞുകൊണ്ടിരിക്കെ മുന്നിൽ വന്ന് പെട്ടപ്പോൾ ഈ പുസ്തകം വാങ്ങണോ വേണ്ടയോ എന്ന് അല്പം സംശയിച്ചു. രണ്ട് കാര്യങ്ങൾ കൊണ്ടായിരുന്നു ഈ സംശയങ്ങൾ:
1) കാലങ്ങളായി ഈ ലേഖകനെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക ലേഖനങ്ങളും വായിച്ചു കാണണം.
2) 2010 മുതൽ മൂന്നുകൊല്ലത്തേക്കുള്ള ലേഖനങ്ങളാണ്. പലതും കാലഹരണപ്പെട്ടവയാകാം.
എന്തായാലും വാങ്ങി നോക്കി- നഷ്ടമായില്ല!
മുരളിയുടെ എഴുത്തിനു വഴങ്ങാത്ത വിഷയങ്ങൾ വളരെ കുറവാണ്. ഇഷ്ടവിഷയമായ ദുരന്തനിവാരണം കൂടാതെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, ജനപ്പെരുപ്പം, മദ്യപാനം, ഭൂമാഫിയ തുടങ്ങി മുപ്പതോളം വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്നു പറയുകയാണ് ഈ പുസ്തകത്തിലൂടെ. മറ്റുള്ള സമാന ലേഖനങ്ങളിൽ നിന്ന് മുരളിയുടെ എഴുത്തിന് പ്രധാനമായും മൂന്ന് വ്യത്യാസങ്ങളാണ് ഞാൻ കാണുന്നത്.
1) വ്വിഷയം അവതരിപ്പിക്കുന്ന രീതി: എളുപ്പം മനസ്സിലാക്കാവുന്ന രീതിയിൽ, കേൾക്കുംബോൾ കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടാക്കുന്ന തരത്തിൽ ഒരു വിഷയം അവതരിപ്പിക്കുക എന്നത് എളുപ്പമല്ല- മുരളിക്ക് അതിനു പറ്റുന്നു.
2) ഉദാഹരണങ്ങളിലെ ആത്മകഥാംശം- സ്വയം അനുഭവിച്ചറിഞ്ഞ സംഭവങ്ങളാണ് എല്ലായിടത്തും ഉദാഹരണമായി കാണിച്ചിരിക്കുന്നത്.
3) പരിഹാര നിർദ്ദേശങ്ങൾ - വിഷയത്തിലെ എല്ലാ പ്രശ്നങ്ങൾക്കും മുരളിക്ക് മുന്നോട്ട് വെക്കാൻ തികച്ചും പ്രായോഗികമായ കുറെ നിർദ്ദേശങ്ങളുണ്ട്. എന്തുകൊണ്ട് ബന്ധപ്പെട്ടവർ ഇങ്ങനെ ചിന്തിക്കുന്നില്ല എന്ന് നമ്മളെ അത്ഭുതപ്പെടുത്തുന്ന തരം നിർദ്ദേശങ്ങൾ.
കേരളത്തിലെ എല്ലാ മേഘലകളിലും ഉള്ള എല്ലത്തരം ആൾക്കാർക്കും (അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ മുതൽ, ആനയിറങ്ങീന്ന് കേൾക്കുംബോൾ ഒരു മൊബൈൽ ക്യാമറയുമായി അങ്ങോട്ടേക്ക് കുതിക്കുന്ന കലുങ്ക് ജീവികൾക്ക് വരെ) ഈ പുസ്തകത്തിൽ നിന്ന് കുറെ പഠിക്കാനുണ്ട്.
കൊച്ചി എയർപോർട്ടിലെ ക്യൂവിനെ പറ്റി ഒരു ലേഖനം ഉണ്ട് ഈ കൃതിയിൽ -“അഞ്ചാമത്തെ ക്യൂവിന്റെ ഒടുവിൽ” എന്ന പേരിൽ. ഒരു പഠനവും ചിന്തയും ഇല്ലാതെ കുറെ ക്യൂ ഉണ്ടാക്കി വെച്ച് യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും സമയവും അദ്ധ്വാനവും കളയുന്ന ഒരു സ്ഥിതിയാണ് കൊച്ചിയിൽ വന്നെത്തുന്ന ഒരു യാത്രക്കാരനു കാണാൻ കഴിയുക എന്ന് ലേഖകൻ പറയുന്നു. അദ്ദേഹം എണ്ണിനോക്കിയത് പ്രകാരം കൊച്ചിയിൽ വന്ന് വിമാനമിറങ്ങുന്ന ഒരാൾക്ക് അഞ്ച് ക്യൂ കടന്നാലേ പുറത്തെത്താൻ പറ്റൂ. ഈ ലേഖനം വായിച്ചതിന്റെ അടുത്ത ദിവസം കൊച്ചി എയർപോർട്ട് വഴി വരേണ്ടി വന്നു. വായിച്ചത് മനസ്സിൽ ഫ്രഷ് ആയി കിടപ്പുണ്ടായിരുന്നതുകൊണ്ട് ഞാനും ഒന്ന് എണ്ണി നോക്കി. വിമാനമിറങ്ങി പുറത്തോട്ട് വരാൻ അഞ്ച് ക്യൂ ആണെങ്കിൽ വിമാനം കയറി പോകാൻ 9 ക്യൂ കടക്കണം!! സീൽ അടിക്കാൻ ഒരു ക്യൂ, പിന്നെ സീൽ പതിഞ്ഞുവോന്ന് നോക്കാൻ വേറൊരു ക്യൂ, അങ്ങനെ ക്യൂകളുടെ അയ്യരുകളി. വെറും മൂന്ന് ക്യൂ മാത്രമേ അവിടെ മൊത്തം ആവശ്യമുള്ളൂ എന്നിടത്താണ് അതിന്റെ തമാശ!
എന്തായാലും, അതീവലളിതമായ ആഖ്യാനശൈലി, വിഷയത്തെ അതിന്റെ മെറിറ്റിൽ നിന്ന് നോക്കിക്കാണാനുള്ള കഴിവ്, മുഖം നോക്കാതെയുള്ള വിമർശനവും നിർദ്ദേശങ്ങളും- എല്ലാം കൊണ്ട് വളരെ നല്ല വായനാനുഭവം തരുന്ന പുസ്തകം.
പ്രസാധകർ : മാതൃഭൂമി ബുക്സ്
ഒന്നാം പതിപ്പ് (2014), 158 പേജ്
125 രൂപ.