Monday, January 30, 2017

"What If?" by Randall Munroe

പ്രീഡിഗ്രിക്കാലത്തെ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നു എൻട്രൻസ് പരീക്ഷ. നമ്മൾക്ക് അത് കിട്ടണം ന്ന് ആഗ്രഹമുണ്ടായിട്ടൊന്നുമല്ല, പക്ഷെ നമ്മൾക്ക് കിട്ടാതിരിക്കുകയും, കൂട്ടുകാർക്ക് കിട്ടുകയും ചെയ്താൽ പിന്നെ-തീർന്നൂന്ന് പറഞ്ഞാ മതിയല്ലോ! അങ്ങനെ ഇരിക്കുമ്പോഴാണ് രണ്ടാം വർഷ പ്രിഡിഗ്രിക്കാലത്ത് ആ രഹസ്യം മനസ്സിലായത് - എന്റ്രൻസ് പരീക്ഷക്ക് എല്ലാ ചോദ്യങ്ങളും ‘മൾട്ടിപ്പിൾ ചോയ്സ്’ ആണ്. തന്നിരിക്കുന്ന നാലോ അഞ്ചോ ഉത്തരങ്ങളിൽ നിന്ന് കറക്റ്റായത് എഴുതിയാ മതി.  “എല്ലാം കറക്കിക്കുത്തിയാൽ കടന്നുകൂടാനുള്ള സാധ്യത എന്ത്” എന്ന് ഞാനും കൂടെ ക്ലോസ് ഗഡീസായ ചന്ദ്രനും, സുരയും കൂടിയിരുന്ന് ആലോചിച്ചു. എല്ലാം കറക്കിക്കുത്തിയാൽ എവിടെയും എത്താൻ പോകുന്നില്ല എന്ന് അവസാനം തീരുമാനമായി. പരീക്ഷ കഴിഞ്ഞപ്പോൾ ഞാൻ കടന്നു കൂടിയിരുന്നു. അവർക്ക് കിട്ടാത്തതിന്റെ വിഷമം സുരയും ചന്ദ്രനും എന്റെ കൂമ്പിനിടിച്ച് തീർത്തു!
പക്ഷെ പ്രഹേളികയായി നിന്നത് ആ ഒരു പ്രശ്നമായിരുന്നു- എല്ലാ ചോദ്യത്തിനും കറക്കിക്കുത്തിയാൽ കടന്ന് കൂടില്ലെ? (ഇന്നത്തെ കാലത്ത് ഉറപ്പായും കടന്നു കൂടും. പരീക്ഷയെഴുതുന്ന കുട്ടികളെക്കാളും സീറ്റുള്ള ഇന്നത്തെപ്പോലെയല്ലല്ലോ ആകെ നാലും മൂന്നും ഏഴ് പ്രൊഫഷണൽ കോളേജുകൾ മാത്രമുണ്ടായിരുന്ന പ്രി-ആന്റണി യുഗം ). 
എന്തായാലും വർഷങ്ങൾക്കു ശേഷം, സമാനമായ ഒരു ചോദ്യം ഒരു പുസ്തകത്തിൽ കണ്ടപ്പോൾ ആകെ ഒരു സന്തോഷം! ചോദ്യം ഇതാണ് - ഒരു പരീക്ഷയെഴുതാൻ 40ലക്ഷം കുട്ടികൾ, മൊത്തം മൂന്നു പേപ്പറുകൾ ആണ് പരീക്ഷക്ക്, ഓരോന്നിനും 50 ചോദ്യങ്ങൾ, ഓരോ ചോദ്യത്തിനും അഞ്ച് ഉത്തരങ്ങൾ. ഇതിൽ എല്ലാവരും എല്ലാ ചോദ്യത്തിനും കറക്കിക്കുത്തിയാൽ പെർഫെക്റ്റ് സ്കോർ (എല്ലാം ശരിയാവുക എന്നത്) എത്ര പേർക്ക് കിട്ടും, അല്ലെങ്കിൽ പെർഫെക്റ്റ് സ്കോർ കിട്ടാനുള്ള സാധ്യത എന്ത് എന്നതായിരുന്നു പുസ്തകത്തിലെ ചോദ്യം. അങ്ങനെ കിട്ടാനുള്ള സാധ്യത വളരെ വളരേ വിരളമാണ് എന്ന് പുസ്തകം വിശദീകരിക്കുന്നു,
ഇതു പോലെയുള്ള ഒരു പാട് രസകരമായ ചോദ്യങ്ങളും അതിനേക്കാളും രസകരമായ ഉത്തരങ്ങളുമാണ് “What If?” എന്ന പുസ്തകം. Radall Muroe ആണിത് എഴുതിയത്. നാസയിലെ തന്റെ ജോലി വിട്ടതിനു ശേഷം ഇപ്പോൾ ഫുൾ ടൈം ഇന്റെർനെറ്റ് കാർട്ടൂണിസ്റ്റ് ആയി ജോലി ചെയ്യുന്ന Radall Muroe വളരെ പോപ്പുലർ ആയ webcomic xkcd യുടെ സ്ഥാപകനും കൂടിയാണ്. Serious scientific answer to absurd hypothetical questions” എന്നാണ് പുസ്തകത്തിന്റെ strap line. ചില ചോദ്യങ്ങൾ വിഡ്ഢിത്തങ്ങളാണെന്ന് തോന്നുമെങ്കിലും അവയുടെ ഉത്തരങ്ങൾ നമ്മെ ഒരു പാട് ചിന്തിപ്പിക്കും. അതേ പോലെ തിരിച്ചും! ചില സാമ്പിളുകൾ ഇതാ:
- ഒരു മനുഷ്യൻ നേരെ മുകളിലോട്ട് പൊങ്ങി പോവുന്നു എന്ന് സങ്കൽപ്പിക്കുക. മണിക്കൂറിൽ ഒരു കിലോമീറ്റർ എന്ന സ്പീഡിലാണ് പൊങ്ങുന്നതെങ്കിൽ   അയാൾ എത്ര നേരം ജീവനോടെ ഇരിക്കും?  ശ്വാസം മുട്ടി ചാവുമോ അതോ തണുത്ത് വിറങ്ങലിച്ച് മരിക്കുമോ?
- നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഇപ്പോഴുള്ള പ്രിന്ററിൽ (A4 printer) കൂടി 100 Dollar നോട്ട് അടിക്കാൻ ഗവണ്മെന്റ് അനുമതി നൽകിയെന്ന് കരുതുക. നിങ്ങൾക്ക് വേണ്ടത്ര എണ്ണം അടിക്കാം. അങ്ങനെയെങ്കിൽ എത്ര നാളുകൾ കൊണ്ട് നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ പണക്കാരനാവാം? ( രണ്ടാഴ്ച ന്നൊക്കെ മതി എന്ന് കരുതുന്നുണ്ടോ എന്നാ കേട്ടോ, നിങ്ങടെ മക്കളുടെ മക്കളുടെ മക്കളുടെ മക്കൾക്ക് പോലും ആവില്ല ഇപ്പോളത്തെ പണക്കാരെ തോൽപ്പിക്കാൻ! 450 കൊല്ലം കഴിയണം. അതും അവരുടെ പണം ഇപ്പൊഴത്തെ സ്ഥിതിയിൽ നിന്ന് കൂടുതൽ വളരാതിരുന്നാൽ മാത്രം!)
സയൻസിലും സയൻസിന്റെ വഴികളിലും താത്പര്യമുള്ള ഹൈസ്കൂൾ മുതലങ്ങോട്ടുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും ഈ പുസ്തകം.
വില: 400 രൂപ.
പി എസ്: ഇംഗ്ലീഷ് പുസ്തകങ്ങളെപ്പറ്റി മലയാളത്തിൽ എഴുതുക എന്നത് പറ്റുന്ന പണിയല്ല എന്ന് ഇപ്പൊ മനസ്സിലായി!! ഒരു തവണയും കൂടി ശ്രമിച്ച് ഈ പരിപാടി അവസാനിപ്പിക്കാൻ സാധ്യത!

Wednesday, January 25, 2017

കഥയാക്കാനാവാതെ - സുഭാഷ് ചന്ദ്രൻ

പ്രൊഫ. എം കൃഷ്ണൻ നായർ എറണാകുളം മഹാരാജാസ് കോളേജിൽ പഠിപ്പിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ക്ലാസിൽഇരിക്കാൻ' കഴിയുക എന്നത് വലിയൊരു ഭാഗ്യമാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. മറ്റൊന്നും കൊണ്ടല്ല- ക്ലാസ്സിൽ ഇരിക്കാൻ പോയിട്ട് നിൽക്കാൻ പോലും സ്ഥലമുണ്ടാവില്ലായിരുന്നുവത്രേ. ഒരു പൊതു സമ്മേളാനം പോലെ ആൾക്കാർ വന്നു കൂടുമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ് കേൾക്കാൻ. അദ്ദേഹത്തിന്റെ വിവരണവും പ്രസംഗവും, പഠിപ്പിക്കുന്ന വിഷയത്തേക്കാൾ എത്രയോ മേലെ നിൽക്കും എന്നത് തന്നെ കാരണം. ഒരു സാധാരണ നാടകം പഠിപ്പിക്കാൻ സാക്ഷാൽ കാളിദാസൻ വന്നാലുള്ള സ്ഥിതി!.  
സുഭാഷ് ചന്ദ്രന്റെ എഴുത്തും ഏകദേശം സമാനമായ ഒരു അനുഭവമാണ് പകർന്നു തരുന്നത്. താൻ വരക്കുന്ന വാക്‌മയചിത്രത്തിനു മുന്നിൽ വായനക്കാരൻ എല്ലാം മറന്ന്  നിൽക്കുന്ന ഒരു അവസ്ഥയുണ്ടാക്കാൻ കഥാകൃത്തിനു പറ്റുന്നു. അതിനിടയിൽ യഥാർത്ഥ വിഷയ തത്കാലത്തേക്ക് വായനക്കാരനും മറക്കും!
കേന്ദ്ര, കേരള സാഹിത്യ അക്കാദമി, വയലാർ അവാർഡുകൾ നേടിയ പ്രാശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രന്റെ  2016 ൽ പ്രസിദ്ധീകരിച്ച ഒരു കൂട്ടം ഓർമ്മക്കുറിപ്പുകളാണ് “കഥയാക്കാനാവാതെ” എന്ന ഈ പുസ്തകം. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ  “ഇതാ കഥയാക്കാനാകാതെ പോയ, കഥയെക്കാൾ തീക്ഷ്ണമായ ചില ജീവിത സന്ദർഭങ്ങൾ. ഇത് വായിക്കുമ്പോൾ നിങ്ങൾ കൂടുതലായി നിങ്ങളെ കണ്ടെത്തും എന്നാണ് എന്റെ പ്രതീക്ഷ. കാരണം, വായനക്കാരനെ സ്വയം കണ്ടെത്താൻ സഹായിക്കുകയാണല്ലോ ഒരെഴുത്തുകാരൻ ചെയ്യുന്നത്”.
ചെറുപ്പത്തിൽ കുട്ടിയും കോലും കളിക്കുമ്പോൾകുട്ടികണ്ണിൽ കൊണ്ട് കാഴ്ച കെട്ടുപോയ ഒരു കണ്ണിനെ, ആരുമറിയാതെ നാല്പതുവര്‍ഷം തന്റെ തലയോടിനുള്ളില്‍ ഒളിപ്പിച്ച് അക്കാലമൊക്കെയും മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി മാത്രം മരിച്ച  കണ്ണിനുമേല്‍ മഷിയെഴുതി നടന്ന കൊച്ചേച്ചി...... ആ കൊച്ചേച്ചിയുടെ കഥ പറയുമ്പോൾ നമ്മളെ സങ്കടത്തിലാക്കുകയല്ല ലേഖകൻ ചെയ്യുന്നത്. പകരം വായനക്കാരൻ അന്തം വിട്ട് നിൽക്കുന്നത് “സുഭാഷ് ചന്ദ്രൻ ഇതെന്തുകൊണ്ട് ഒരു കഥയാക്കിയില്ല” എന്നോർത്താണ്.
എത്ര വിശേഷപ്പെട്ട കഥയേക്കാളും എത്രയോ മേലേയാണ് ജീവിതമെന്ന അനുഭവം എന്ന സന്ദേശമാണ് ലേഖകൻ തന്റെ ഓരോ അനുഭവത്തിലൂടെ പറഞ്ഞുതരുന്നത്.
15 ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. അതിൽ തന്നെ രണ്ടെണ്ണം ഓരോ അവാർഡ് സ്വീകരിച്ചതിനുശേഷമുള്ള മറുപടി പ്രസംഗങ്ങളാണ്. മറ്റൊന്ന് ഒരു അഭിമുഖവും. അവയെ മാറ്റി നിർത്തിയാൽ ഉള്ള 12 ലേഖനങ്ങളിൽ പത്തിലും പരാമർശിക്കപ്പെടുന്നത് “മനുഷ്യന് ഒരു ആമുഖം” എന്ന തന്റെ പ്രശസ്തമായ നോവൽ തന്നെ. അതു കൊണ്ട് ആ നോവൽ വായിച്ചതിനുശേഷം മാത്രം ഈ പുസ്തകം കൈയിലെടുക്കുക എന്ന് ഒരു ഉപദേശം നൽകാനുണ്ട് എനിക്ക്.
പ്രസാധകർ : മാതൃഭൂമി ബുക്സ്
പേജുകൾ : 143 
വില: 120 രൂപ 

നാട്ടുദൈവങ്ങൾ സംസാരിച്ചുതുടങ്ങുമ്പോൾ - രാജേഷ് കോമത്ത്

ജനിച്ചുവളർന്ന വീട്ടിന്റെ ഒരു പറമ്പ്  മാത്രം അപ്പുറത്തായിരുന്നു അമ്പു പണിക്കരുടെ വീട്. അക്കാലത്ത് നാട്ടിലെ ഒട്ടു മിക്ക തെയ്യങ്ങളുടെയും കോലാധാരി ആയിരുന്നു പണിക്കർ. വേടൻ, ഗുളികൻ, പൊട്ടൻ, ഒറ്റക്കോലം, പോതി അങ്ങനെ ഒരു പാട് തെയ്യങ്ങൾ കെട്ടിയിറങ്ങുന്നത് അടുത്ത് നിന്ന് കാണാൻ പറ്റിയിട്ടുണ്ട്. എല്ലാ ദിവസവും രാത്രിയാവുമ്പോൾ പണിക്കരുടെ വീട്ടിൽ നിന്ന് തോറ്റം പാട്ടിന്റെ ശബ്ദം ഉയരും. പണിക്കരുടെ മക്കൾ ഉച്ചത്തിൽ പാടിപ്പഠിക്കുകയാണ് തോറ്റങ്ങൾ. ഈ ശബ്ദത്തിനിടയിൽ, പൂമുഖത്തിരുന്ന് പുസ്തകം വായിക്കുന്ന ഞങ്ങളുടെ വായന, അമ്മ കേൾക്കുന്നുണ്ടാവില്ലേ എന്ന ആശങ്കയിൽ “ചൈത്രനും മൈത്രനും”, “കൃഷ്ണപുരം ബ്ലോക്കിൽ ഒന്നാം സമ്മാനം ഇത്തവണയും വേലപ്പനു തന്നെ” തുടങ്ങിയ നിലവിളികൾ  അനുനിമിഷം കൂടുന്ന ഒച്ചയോടെ നാടിനെ വിറപ്പിക്കും. ചെവിക്ക് സ്വൈരം കിട്ടാതാവുമ്പോൾ “വന്ന് ചോറുണ്ടിട്ട് പോയ്ക്കോ” ന്ന് അമ്മ പറയും. അതോടെ നാട് വീണ്ടും തോറ്റം പാട്ടിലേക്ക് മടങ്ങും.
കാലം ഒരുപാടൊരുപാട് മുന്നോട്ട് നീങ്ങിയപ്പോൾ അറിയുന്നു - ഓരോ തെയ്യത്തിന്റെയും പിന്നിലെ കഠിന പരിശ്രമങ്ങളും കഷ്ടപ്പാടുകളും എല്ലാറ്റിനുമുപരിയുള്ള കൂട്ടായ്മകളും.
ഉത്തരമലബാറിലെ ജനതക്ക് അവരുടേ സംസ്കൃതിയിൽ ലയിച്ചു ചേർന്ന ഒന്നാണ് തെയ്യം. പക്ഷെ അതിനെക്കുറിച്ച് കൂടുതൽ ആധികാരികമായി അറിയാൻ ശ്രമിച്ചാൽ മിക്കവാറും നിരാശയായിരിക്കും ഫലം. തെയ്യങ്ങളെ കുറിച്ച് പറയുന്ന അപൂർവം ചില പുസ്തകങ്ങളേ ഞാൻ ബുക്‌സ്റ്റാളുകളിൽ കണ്ടിട്ടുള്ളൂ (സിഎം എസ് ചന്തേര, കെ കെ എൻ കുറുപ്പ് തുടങ്ങിയവർ എഴുതിയത് മാത്രം).
  മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ അസിസ്റ്റന്റ് പ്രൊഫസറായ രാജേഷ് കോമത്ത് എഴുതിയ “നാട്ടുദൈവങ്ങൾ സംസാരിച്ചുതുടങ്ങുമ്പോൾ” എന്ന പുസ്തകം കണ്ണിൽ തടഞ്ഞത് അവിചാരിതമായിട്ടായിരുന്നു. തെയ്യത്തിനെകുറിച്ചുള്ള വായനയല്ല ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നത് . ഉത്തരകേരളത്തിലെ  മാറുന്ന രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതി, തെയ്യം കെട്ടുകാരുടെ ജീവിതത്തിനെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് വെളിവാക്കുന്ന ഒരു പഠനമാണ് ഈ കൃതി. ഒരു പ്രബന്ധം എന്ന നിലക്കാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. ഒരു തെയ്യംകെട്ട് കുടുമ്പത്തിൽ നിന്ന് വരുന്ന ലേഖകന്, സ്വന്തം അനുഭവങ്ങളും ഏറെ ഉണ്ട് വായനക്കാരുമായി പങ്കുവെക്കാൻ. 
പ്രധാനമായും ഈ പുസ്തകം മുന്നോട്ട് വെക്കുന്നത് ചില സാമൂഹിക പ്രശ്നങ്ങളാണ്.
കാവുകളിൽ നടന്നുപോന്നിരുന്ന ഒരു അനുഷ്ഠാന കല എന്നതിൽ നിന്ന് തെയ്യം ഒരുപാട് മാറിയിരിക്കുന്നു.  പണ്ടത്തെ കാവുകൾ മാറി കോൺക്രീറ്റ് അമ്പലങ്ങളായിരിക്കുന്നു. കാവുടമസ്ഥാവകാശം ചില കുടുംബക്കാരിൽ നിന്ന് മാറി നാട്ടു കൂട്ടായ്മകളിലും രാഷ്ട്രീയപാർട്ടികളിലും എത്തിയിരിക്കുന്നു. സിപിഎമ്മിന്റെ കാവുകളും, ബീജെപ്പിയുടെ കാവുകളും തലശ്ശേരി കൂത്തുപറമ്പ് ഭാഗങ്ങളിൽ ഉണ്ട് എന്നത് കൗതുകത്തോടെ വായിച്ചു! . അങ്ങനെ കാലം മാറുമ്പോൾ നാം കാണുന്നത് തെയ്യത്തിന്റെ സാംസ്കാരിക ഭൂമിക മൊത്തമായി മാറുന്നതാണ്. പക്ഷെ ഇതിൽ നിന്ന് ഗുണപരമായ ഒരു മാറ്റവും വരാതെ തെയ്യം കലാകാരന്മാരുടെ ജീവിതസ്ഥിതി നിൽക്കുന്നു.  ഈ ഒരു പ്രഹേളികയാണ് ലേഖകൻ  തന്റെ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നത്. ദാരിദ്ര്യം മാത്രം തിരിച്ചുതരുന്ന തെയ്യം എന്ന അനുഷ്ഠാനകലയെ തള്ളിപ്പറയാതെ എങ്ങിനെ തെയ്യത്തിന്റെ സാംസ്കാരിക സമ്പുഷ്ടത വിപണനം ചെയ്യാം എന്നറിയാതെ കുഴങ്ങുന്ന തെയ്യം കലാകാരന്മാർ.
തെയ്യം, അതിന്റെ ചരിത്രസാഹചര്യങ്ങൾ, സാമൂഹിക സാംസ്കാരിക പ്രാധാന്യം എന്നിവയിൽ താത്പര്യമുള്ള എല്ലാവരും തീർച്ചയായും വായിക്കേണ്ടുന്ന ഒരു പുസ്തകം. തെയ്യത്തെക്കുറിച്ച് അടിസ്ഥാനമായ വിവരം ഉണ്ടായില്ലെങ്കിൽ ഇത് ഒരു സുഖകരമായ വായനയാവില്ല എന്നതു കൂടി ഓർമ്മിപ്പിക്കുന്നു.
പ്രസാധകർ: മാതൃഭൂമി ബുക്സ്
വില: 160 രൂപ

പേജുകൾ : 198

പാലും പഴവും - ടി എൻ ഗോപകുമാർ

“നമസ്കാരം..എല്ലാ മാന്യ പ്രേക്ഷകർക്കും കണ്ണാടിയിലേക്ക് സ്വാഗതം” ഇത് കേൾക്കുന്ന മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു താടിക്കാരന്റെ മുഖമുണ്ട്.  ടി എൻ ഗോപകുമാർ എന്ന ടി എൻ ജി. പക്ഷെ വെറും ഒരു ടി വി അവതാരകനായിരുന്നില്ല ഇദ്ദേഹം. നോവൽ, കഥ, ഓർമ്മക്കുറിപ്പ് എന്നീ വിഭാഗങ്ങളിൽ ഇരുപതിലേറെ കൃതികൾ രചിച്ച ടി എൻ ഗോപകുമാർ സിനിമയും സീരിയലും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് രണ്ടു തവണ കരസ്ഥമാക്കി. 
2016 ജനുവരി 30 നു അന്തരിച്ച ഇദ്ദേഹത്തിന്റെ അവസാനത്തെ പുസ്തകമാണ് പാലും പഴവും. തമിഴ്നാട്ടിലെ നായ്‌വാഴാവൂർ എന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന സാമൂഹിക സംഘർഷങ്ങളിൽ അകപ്പെടുന്ന ഒരു തമിഴ് ബ്രാഹ്മണ ദമ്പതികളുടെ കഥയാണ് ഈ നോവൽ. ഈ നോവൽ മാധ്യമം വാരികയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും മുഴുവനാക്കിയിരുന്നില്ല.  
അതീവ ലളിതമായ ആഖ്യാനം, കാച്ചിക്കുറുക്കിയെടുത്ത വാക്കുകൾ എന്നിവ കൊണ്ട് മനോഹരമായ വായനാനുഭവം തരുന്ന ഒരു നോവലാണിത്. പക്ഷെ വായിച്ച് തീരുമ്പോൾ കഥയിൽ പ്രത്യേകത ഒന്നും തന്നെ ഉള്ളതായി തോന്നിയില്ല. വായനക്കാരൻ ആഗ്രഹിക്കുന്ന വഴിയേ പോകുന്ന ഒരു കഥാതന്തു. വേറെ കനപ്പെട്ടത് വല്ലതും വായിക്കുന്നതിനിടയിൽ ഒരു ഫില്ലർ പോലെ വായിക്കാൻ കൊള്ളാം എന്ന് മാത്രമേ എനിക്ക് തോന്നിയുള്ളൂ. 
പ്രസാധകർ: മാതൃഭൂമി ബുക്സ്
പേജുകൾ : 112
വില : 100 രൂപ


Sunday, January 22, 2017

പോക്കുവെയിൽ മണ്ണിലെഴുതിയത് - ഓ എൻ വി കുറുപ്പ്

മലയാളത്തിന്റെ പ്രിയ കവി എൻ വി കുറുപ്പിന്റെ അനുഭവക്കുറിപ്പുകളാണ് ‘പോക്കുവെയിൽ മണ്ണിലെഴുതിയത്” എന്ന ഗ്രന്ഥം. 27 ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി.  ഓരോ മലയാളിയുടെയും അഭിമാനമായ ഓ എൻ വി തന്റെ ബാല്യം മുതൽ 2015 വരെയുള്ള അനുഭവങ്ങളെ ക്രോഡീകരിച്ച് വായനക്കാരുടെ മുന്നിൽ വെക്കുന്നു ഈ പുസ്തകത്തിലൂടെ.
ബാല്യകാല ത്തെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ എങ്ങനെ ഓ എൻ വിയെ മലയാളകവിതയുടെ ഉന്നതിയിലേക്കെത്തിച്ചു എന്ന് ഈ ഗ്രന്ഥത്തിൽ നിന്ന് അറിയാം. “പുന്നെല്ല് മണക്കുന്ന ഗ്രാമം” എന്ന അദ്ധ്യായത്തിൽ ബാല്യത്തിലെ കഷ്ടപ്പാടുകളെയും അനിശ്ചിതത്വത്തെയും വിശദമായി വിവരിക്കുന്നുണ്ട്. ഒരു പക്ഷേ ഈ ഗ്രന്ഥത്തിലെ ഏറ്റവും നല്ല വായനാനുഭവം നൽകുന്ന അദ്ധ്യായം ഇതു തന്നെയാവണം. പിന്നീടങ്ങോട്ടുള്ള അദ്ധ്യായങ്ങളിൽ,  എട്ടാമത്തെ വയസ്സിൽ സ്വന്തം പിതാവിന്റെ ആകസ്മിക മരണം താങ്ങേണ്ടിവരുന്ന കുഞ്ഞു ഓ എൻ വി പിന്നീട് വളർന്ന്  പല വിദേശ രാജ്യങ്ങളിലും ഇന്ത്യൻ സാഹിത്യത്തെ പ്രതിനിധീകരിക്കുന്ന നിലയിലേക്ക് വളരുന്ന കഥ വായിക്കാനാവും. പുസ്തകത്തിന്റെ ഒടുക്കത്തിൽ കവി പറയുന്നുണ്ട് : “ ഇതൊരാത്മകഥയല്ല. അങ്ങനെയൊന്നെഴുതാന്‍ വേണ്ടവലിപ്പവുമെനിക്കില്ല. കാലത്തേവന്ന്, ഇരുണ്ട കരിയിലകളടിച്ചുവാരി, കുഞ്ഞുപൂക്കളെ വിളിച്ചുണര്‍ത്തി, ഇലകള്‍ക്ക്ഇങ്കുകുറുക്കികൊടുത്ത് ഈറന്‍ വിരികളെല്ലാമുണക്കി, ക്ഷീണിച്ചുപോടിയിറങ്ങുന്ന പോക്കുവെയില്‍ മണ്ണിലെഴുതിപ്പോകുന്ന സ്നേഹക്കുറിപ്പുകള്‍ മാത്രം”.
ഒരു നല്ല പുസ്തകത്തിനു വേണ്ട എല്ലാ ചേരുവകളും ഉണ്ടെങ്കിൽ കൂടി,  ഈ പുസ്തകം എന്നെ മൊത്തത്തിൽ നിരാശപ്പെടുത്തി. പതിനഞ്ചാം വയസ്സിൽ എഴുതിത്തുടങ്ങി പതിറ്റാണ്ടുകളോളം നീണ്ട കാവ്യ സപര്യ ചെയ്ത, ഒട്ടുമിക്ക എല്ലാ പുരസ്കാരങ്ങളും കൈപിടിയിലൊതുക്കിയ,  ജ്ഞാനപീഠം കയറിയ ഓ എൻ വിയുടെ ആത്മകഥ എന്ന് കണ്ടപ്പോൾ ഞാൻ ഏറെ പ്രതീക്ഷിച്ചു എന്നതാവാം ഒരു കാര്യം.  പ്രധാനമായും മൂന്ന് കാര്യങ്ങൾ കൊണ്ടാണ് എനിക്ക് ഈ ഗ്രന്ഥം ഇഷ്ടപ്പെടാതിരുന്നത്
1) പ്രധാന സംഭവങ്ങൾ പലതും ഒന്നോ രണ്ടോ വാചകങ്ങളിലൊതുക്കി. 
2) ഒരുപാട് പ്രശസ്തരുമായി അടുത്ത ബന്ധമുണ്ടായിരുന്ന കവി, അതിനെപറ്റി വലുതായൊന്നും പറയുന്നില്ല.
3) തികച്ചും ഇടതുപക്ഷ സഹയാത്രികനായിരുന്ന ഓ എൻ വി, ഇടക്കിടെ ആ ബന്ധം എടുത്ത് കാണിക്കുന്നത്  ഒരു കല്ലുകടിയായി തോന്നി.
മൊത്തത്തിൽ ഒരുപാട് നന്നാക്കാൻ പറ്റുമായിരുന്ന ഗ്രന്ഥം !
 പ്രസാധനം : ചിന്താ പബ്ലിഷേർസ്
പേജുകൾ: 216

വില : 280 രൂപ.

Friday, January 20, 2017

ഓർക്കാനുണ്ട് കുറെ ഓർമ്മകൾ - ഡോ കെ രാജശേഖരൻ നായർ

 ക്ലൈവ് വിയറിംഗ് (Clive Wearing) പ്രശസ്തനായ ഒരു ബ്രിട്ടീഷ് സംഗീതജ്ഞനാണ്. 1938 ജനിച്ച ഇദ്ദേഹം ബിബിസി റേഡിയോക്ക് വേണ്ടി കുറേകാലം ജോലി ചെയ്തു.  ഡയാന രാജകുമാരിയുടെ വിവാഹച്ചടങ്ങിന്റെ മ്യൂസികൽ പ്രോഗ്രാം ചെയ്തത് ഇദ്ദേഹമായിരുന്നു. പക്ഷെ ഇന്ന് ഇദ്ദേഹം ഓർമ്മിക്കപ്പെടുന്നത് ഈ കാരണങ്ങൾ കൊണ്ടൊന്നുമല്ല. 1985 ഇദ്ദേഹത്തിനു ഒരു പനി വന്നു, സാധാരണ പനി അല്ലായിരുന്നു അത്. ഹെർപിസ് സിംപ്ലെക്സ് വൈറസ് ഉണ്ടാക്കുന്ന എൻസെഫലൈറ്റിസ് ആയിരുന്നു പനിക്ക് കാരണം. അത് തലച്ചോറിനെ ബാധിക്കുകയും, തലച്ചോറിലെ ഹിപ്പോകാംപസ് എന്ന ഭാഗത്തിന് കാര്യമായ തകരാറ് സംഭവിക്കുകയും ചെയ്തു. പനി മാറിയപ്പോൾ ആരോഗ്യം നന്നായെങ്കിലും ക്ലൈവിന്റെ സ്വഭാവം മൊത്തമായി മാറിയിരുന്നു.  പുതുതായി ഓർമ്മ ഉണ്ടാക്കാനുള്ള കഴിവ് അദ്ദേഹത്തിനു തീരെ ഇല്ലാതായി. ഒരു മിനിട്ട് മുൻപ് എന്താ സംഭവിച്ചത് എന്ന് അദ്ദേഹത്തിനു ഓർമ്മയുണ്ടാവില്ല . പുസ്തകം വായിക്കാനോ, സിനിമ കാണാനോ പറ്റില്ല- കാരണം കുറച്ച് മുൻപ് വായിച്ചതും കണ്ടതും ഒന്നും തന്നെ ഓർമ്മയിലില്ല. അതേ സമയം പഴയ ഓർമ്മകൾ അതേ പോലെയുണ്ട്. സംഗീതത്തിലുള്ള കഴിവുകളൊന്നും നശിച്ചിട്ടില്ല.  ഭാര്യയെയും ബന്ധുക്കളെയും ഒക്കെ അറിയാം. പക്ഷെ ഭാര്യ 2 മിനിട്ടു നേരത്തെക്ക് മാറിയിരുന്ന് വീണ്ടും മുറിയിലേക്ക് വന്നാൽ, എത്രയോ കാലങ്ങളായി കാണുന്നവരെപോലെയുള്ള സ്നേഹപ്രകടനങ്ങൾഏതു നിമിഷവും വർത്തമാനകാലത്തിൽ മാത്രം ജീവിക്കുന്ന, ഓരോ 10 സെക്കന്റിലും റീസെറ്റ് ചെയ്യപ്പെടുന്ന ഓർമ്മയുടെ ഉടമയായി മാറി ക്ലൈവ്. 
ക്ലൈവ് വിയറിംഗിന്റെ കഥ ഞാൻ വായിക്കുന്നത്  കുറേ വർഷങ്ങൾക്കു മുൻപ് ഒരു used book sale നു കിട്ടിയ “Your Memory- A users guide ( by Alan Baddeley)” എന്ന പുസ്തകത്തിലാണ്. ഓർമ്മ എന്ത്, എങ്ങനെ, എന്തുകൊണ്ട് എന്ന വിശദമായ ഒരു ഗ്രന്ഥം. ഓർമ്മയെപറ്റി ഒരുപാടൊരുപാട്  സിനിമാപ്പാട്ടുകൾ നാം പാടി നടന്നിട്ടുണ്ട് എന്നല്ലാതെ ഇതു പോലെ ഒരു പുസ്തകം മലയാളത്തിൽ ഇല്ലല്ലോ എന്ന് ഞാൻ അന്ന് ആലോചിച്ചതാണ്.
ഇത്തവണ മാതൃഭൂമി ബുക്സിൽ തപ്പിയപ്പോഴാണ് “ഓർക്കാനുണ്ട് കുറേ ഓർമ്മകൾ” എന്ന പുസ്തകം കൈയിൽ തടയുന്നത്. (ഡോ കെ രാജശേഖരൻ നായരുടെ മലയാളത്തിൽ എഴുതിയ എല്ലാ പുസ്തകങ്ങളും എന്റെ കൈയിൽ ഉണ്ട് എന്നായിരുന്നു എന്റെ ധാരണ. അത് തെറ്റാണെന്ന് മനസ്സിലായി!). ക്ലൈവ് വിയറിംഗിന്റെ കഥ പോലെ നൂറുകണക്കിനു കഥകളിലൂടെ ഡോക്ടർ രാജശേഖരൻ നായർ നമുക്ക് ഓർമ്മയെപറ്റിയും തലച്ചോറിന്റെ പല ഭാഗങ്ങളുടെ പ്രവർത്തനങ്ങളെയും പറ്റി പറഞ്ഞ് തരുന്നു.
മുൻപ് സമകാലിക മലയാളം വാരികയിൽ പലപ്പോഴായി അച്ചടിച്ച് വന്ന 13 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഡോക്ടർ രാജശേഖരൻ നായരുടെ എഴുത്തിന്റെ പ്രത്യേകതയെ പറ്റി മുൻപൊരു പുസ്തക റിവ്യൂവിൽ ഞാൻ എഴുതിയിരുന്നു. നല്ല നാടൻ ബേക്കറിയിലെ, എരുവും ഉപ്പും പൊട്ടുകടലയും, ഒക്കെയുള്ള മിക്സ്ചർ ആണ് ഇദ്ദേഹത്തിന്റെ എഴുത്ത്. ഒരു കഥയിൽ തുടങ്ങും ഓരോ ലേഖനവും.. അത് പിന്നീട് ഉപകഥകളായി, കവിതയായി- കാൾ സാൻഡ്ബർഗും, ഉള്ളൂരും, വള്ളത്തോളും ഒക്കെയായി അങ്ങനെ നീളും. ഇതിന്റെ ഇടയിൽ ന്യൂറോളജിയിലെ കുറെ ശാസ്ത്ര സത്യങ്ങളും വായനക്കാരൻ പഠിക്കും! വളരെ ലളിതമായ വിവരണമായതുകൊണ്ട് വിഷയത്തിൽ വല്യ ധാരണയില്ലാത്തവർക്കുപോലും മനസ്സിലാക്കാൻ എളുപ്പം. ഒട്ടുമിക്ക കഥകളും നമ്മുടെ ജിജ്ഞാസയെ അതിന്റെ അങ്ങേയറ്റത്തെത്തിക്കുന്ന തരം സംഗതികളാണുതാനും. ആൽബർട്ട് ഐൻസ്റ്റീന്റെ തലച്ചോറ് 'മോഷ്ടിച്ചു' കൊണ്ടു പോയ ഡോക്ടർ, നാലാം വയസ്സുമുതൽ നടന്ന എല്ലാ സംഭവങ്ങളും കൃത്യമായി ഓർമ്മിക്കുന്ന ജിൽ പ്രൈസ്, മറവിരോഗങ്ങളുടെ പല വകഭേദങ്ങൾ ബാധിച്ചവരുടെ കഥകൾ, പലപല ഭാഷകളിൽ ആയിരക്കണക്കിനു പാട്ടുകൾ ഭംഗിയായി പാടാൻ കഴിവുള്ളവരുടെ കഥകൾ - അങ്ങനെയങ്ങനെ ഒരു പാട് കഥകളും അതിനു പിന്നിലെ കാര്യങ്ങളും. (പക്ഷെ എന്നെ ചുറ്റിക്കുന്ന ഒരു പരിപാടിയുണ്ട് ഡോക്ടറുടെ എഴുത്തിൽ- ഒരു പാട് റെഫറൻസുകളും പുറമെ വായിക്കേണ്ട പുസ്തകങ്ങളുടെ പേരും നൽകും. പിന്നെ അതിന്റെ പുറകെ പോകുക എന്നത് എന്റെ ഒരു ശീലമായതുകൊണ്ട്, ന്യൂറോളജിയിൽ നിന്ന് വായനയെ പുറത്ത് കടത്താൻ കുറെ നാളുകളെടുക്കും).
എന്തായാലും ഗ്രന്ഥകർത്താവിന്റെ എന്നത്തെയും പോലെ മനോഹരമായ പുസ്തകം. ചില ലേഖനങ്ങൾ നിർത്തിയത്, "കൂടുതൽ പിന്നീട് എഴുതാം” എന്ന വാചകത്തോടെയാണ്. അതും പ്രതീക്ഷിച്ച് ഒരുപാട് വായനക്കാർ കാത്തിരിക്കുന്നുണ്ട് എന്ന് ഡോക്ടറെ ഒന്നോർമ്മപ്പെടുത്തുന്നു :)
പി എസ്: ഒരു ലേഖനത്തിൽ ‘പ്രൈം സംഖ്യകൾ കൊണ്ട് കളിക്കുന്നവർ’ എന്ന ഒരു ഭാഗമുണ്ട്. കൈനിറയെ മഞ്ചാടിക്കുരു വാരി മുകളിലേക്കെറിഞ്ഞ്, അത് താഴെ വീഴുന്നതിനു മുൻപ് കൃത്യമായി എണ്ണാൻ കഴിവുള്ള കേരളത്തിലെ ഒരു വാര്യരെ പറ്റി പറയുന്നിടത്ത്, ആളുടെ കൃത്യമായ പേര് അറിയില്ല എന്ന് ലേഖകൻ പറയുന്നു. കൈക്കുളങ്ങര രാമവാര്യർ ആണ് ആ പറഞ്ഞ ആൾ എന്ന് തോന്നുന്നു (രത്നശിഖയുടെ കർത്താവ്).

Tuesday, January 17, 2017

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ - ദീപാ നിശാന്ത്

2015 നവമ്പറിൽ ആദ്യ പതിപ്പ്. 2016 ആഗസ്റ്റ് ആവുമ്പോഴേക്ക് പതിനൊന്നാം പതിപ്പ് എന്നത് അപൂർവമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് മലയാളത്തിൽ. അതിനു കാരണമായ പുസ്തകമാണ് ദീപ നിശാന്ത് എഴുതിയ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ! കൃത്യമായ ഒരു കാലഘടനയില്ലാതെയുള്ള ഒരു കൂട്ടം  അനുഭവക്കുറിപ്പുകളാണ് ഈ കൃതി.
ഗൃഹാതുരത്വത്തിന്റെ ഒരു തകരാറ് എന്താന്ന് വെച്ചാൽ അത് മോശം ഓർമ്മകളെ മറന്നുകളയുകയും നല്ലതിനെ ഒരു ഭൂതക്കണ്ണാടിയിലേതെന്ന പോലെ വലുതാക്കി കാണിക്കുകയും ചെയ്യും എന്ന് മാർക്കേസ് പറഞ്ഞിട്ടുണ്ട്. പക്ഷെ ദീപടീച്ചറെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല എന്നാണ് ഈ പുസ്തകം കാണിക്കുന്നത്- നല്ലതും മോശപ്പെട്ടതും ഒരു പോലെ, ഒരേ തെളിമയോടെ, കൈവഴക്കത്തോടെ നമ്മുടെ മുന്നിലേക്ക് ടീച്ചർ കൊണ്ടുവരുമ്പോൾ, പേജുകൾ മറിയുന്നതിന്റെ കൂടെ വായനക്കാരന്റെ ഭാവവും മാറിമാറി വരും- ചിരിയിൽ നിന്ന് കണ്ണീരിലേക്കും, തിരിച്ചും. ജീവിതത്തിലെ കുഞ്ഞുകുഞ്ഞ് സംഭവങ്ങൾ പോലും വളരെ മിഴിവോടെ എഴുതി ഫലിപ്പിക്കാൻ പറ്റി എന്നത് തന്നെയാവണം പുസ്തകത്തിന്റെ വിജയത്തിനു കാരണം.
25 ലേഖനങ്ങളാണ് ഈ കൃതിയിൽ സമാഹരിച്ചിട്ടുള്ളത്. പലതും ഫേസ്‌ബുക്കിലും മറ്റുമായി പ്രസിദ്ധീകരിച്ചവയാണെന്ന് തോന്നുന്നു. എന്തായാലും നല്ലൊരു വായനാനുഭവം തരുന്ന ഒരു പുസ്തകം. 
മലയാള പുസ്തകപ്രസാധന ചരിത്രത്തിൽ ഓൺലൈൻ വഴി ഏറ്റവും കൂടുതൽ വില്പന നടത്തപ്പെട്ട പുസ്തകം എന്ന് പ്രസാധകർ അവകാശപ്പെടുന്ന ഈ പുസ്തകം, 99% പുസ്തകങ്ങളും ഓൺലൈനിൽ മാത്രം വാങ്ങുന്ന, എനിക്ക് കിട്ടിയത് പയ്യന്നുരിലെ ആരും കയറാത്ത ഒരു ചെറിയ ബുക്സ്റ്റാളിലെ തട്ടിൻപുറത്ത് നിന്നായിരുന്നു  എന്നത് തമാശയായി തോന്നി :)
കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ - ദീപാ നിശാന്ത്
പ്രസാധകർ : കൈരളി ബുക്ക്‌സ്
പേജ് - 168
വില - 170 രൂപ


Sunday, January 15, 2017

ബുക്‌സ്റ്റാൾജിയ - പി കെ രാജശേഖരൻ

കൈയിൽ കിട്ടുന്നതെന്തും വായിക്കുക എന്നതാണ് പണ്ടേ ഉള്ള ശീലം. ഒട്ടുമിക്ക വായനയെയും പറ്റി അഭിപ്രായം പറയാനും ശീലിച്ചിട്ടുണ്ട്. പക്ഷെ അഭിപ്രായങ്ങളിൽ ഒതുക്കാൻ പറ്റാത്ത ചില വായനകളുണ്ട്. പികെ രാജശേഖരന്റെ ബുക്‌സ്റ്റാൾജിയ എന്ന പുസ്തകം അങ്ങനെയൊന്നാണ്! പുസ്തകങ്ങളേക്കുറിച്ചുള്ള പുസ്തകമായ ഈ പുസ്തകത്തിന്റെ strapline തന്നെ “ഒരു പുസ്തക വായനക്കാരന്റെ ഗൃഹാതുരത്വങ്ങള്‍” എന്നാകുന്നു!
മലയാളപുസ്തകം തന്റെ ആത്മകഥ എഴുതിയാൽ എങ്ങനെയുണ്ടാവുമോ അതാണ് ഈ പുസ്തകം. മലയാളത്തിൽ പുസ്തകം പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മഹദ്‌വ്യക്തികളെ നാമെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചും. മലയാളവാക്കുകളുടെ അർത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാനവാക്കായി കരുതപ്പെടുന്ന ശബ്ദതാരാവലി മാത്രം എടുക്കാം. അത് രചിച്ചത് ശ്രീകണ്ഠേശ്വരം ജി പത്മനാഭപിള്ള യാണെന്ന് മലയാളി വല്ല പി എസ് സി പരീക്ഷക്കും വേണ്ടി പഠിച്ചാൽ ആയി. അതിനപ്പുറത്തേക്ക് ആരും ശ്രീകണ്ഠേശ്വരത്തിനെപറ്റി കേട്ടിട്ടുകൂടി ഉണ്ടാവില്ല. നല്ല ഒരു ജോലി കളഞ്ഞ് 20 വർഷക്കാലം ഇത്രേം ബൃഹത്തായ ഒരു മലയാള നിഘണ്ടു എന്ന ഐഡിയയുടെ പുറകെ ജീവിതം തുലക്കുക എന്നത് ചില്ലറക്കാര്യമല്ല. അതും അച്ചടി പോലും പ്രാരംഭദശയിലുള്ള ഒരു നാട്ടിൽ. ഒറ്റപ്രതിയായി അടിക്കാൻ നിവൃത്തിയില്ലാതെ അവസാനം 22 ലക്കമായിട്ടാണ് ശബ്ദതാരാവലി പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത്. 2200 ഓളം പേജുകളിൽ നിറയെ ആയിരക്കണക്കിനു വാക്കുകൾ നമ്മൾക്ക് നൽകിയ അദ്ദേഹത്തിന് പകരമായി നമ്മൾ ഒറ്റവാക്ക് മാത്രം നൽകി- നന്ദികേട്! ഈ ഗൂഗിൾ യുഗത്തിൽ ഓർമ്മ വെക്കാൻ ശീലിക്കുന്നത് അശാസ്ത്രീയമാണെന്ന് എല്ലാരും പറയുന്നു. മറന്നുകളയുന്നതും അതിന്റെ ഭാഗമായിത്തന്നെയായിരിക്കും!
അങ്ങനെയുള്ള ഒരു പറ്റം ആൾക്കാർ അവരെ പരിചയപ്പെടുത്തുന്നു ഈ പുസ്തകം. കാളഹസ്തി മുതലിയാർ, എസ് ടി റെഡ്ഡ്യാർ, ഈശ്വരപ്പിള്ള വിചാരിപ്പുകാർ,വിദ്വാൻ കെ പ്രകാശം അങ്ങനെ പലനിലക്ക് മലയാളപുസ്തക പ്രസാധനമേഘലക്ക് ചോരയും നീരും കൊടുത്ത ഒരു പാടുപേർ.
മഹദ്‌കാര്യങ്ങൾ മാത്രമല്ല. മലയാളഭാഷയിൽ വായനയെ ജനകീയമാക്കിയ ഒരുപാട് പുസ്തകങ്ങളെ ബുക്‌സ്റ്റാൾജിയ നമ്മൾക്ക് പരിചയപ്പെടുത്തുന്നു (ഓർമ്മപ്പെടുത്തുന്നു എന്നു പറയുന്നതാണ് ശരി). സിനിമാപ്പാട്ടു പുസ്തകം, തീപ്പെട്ടിപുസ്തകം മുതൽ ഡിറ്റക്ടീവ് നോവലുകൾ വരെ, ഒന്നും വിട്ടുപോകുന്നില്ല.
ഇതിൽ വായിച്ച ഒരു രസകരമായ കഥ നിങ്ങൾക്കായി ഷെയർ ചെയ്യുന്നു.
ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള തന്റെ ഒരു പാട് കാലത്തെ പ്രയത്നത്തിനു ശേഷം ശബ്ദതാരാവലിയുടെ ആദ്യലക്കം പ്രസിദ്ധീകരിക്കുന്നു. അ മുതൽ ഉ വരെയുള്ള വാക്കുകളാണ് ഇതിൽ ഉൾക്കൊള്ളിച്ചത്. ഇതിന്റെ ഒരു കോപ്പി ശ്രീകണ്ഠേശ്വരം ശ്രീ ചട്ടമ്പി സ്വാമികൾക്ക് സമർപ്പിക്കുന്നു. പുസ്തകം ഒന്ന് ഓടിച്ച് , തിരിച്ചും മറിച്ച് നോക്കിയശേഷം അത് തിരിച്ചുകൊടുത്തിട്ട് ചട്ടമ്പിസ്വാമികൾ പറഞ്ഞു - ‘ആർഭാടമില്ലാ കേട്ടോ പിള്ളേ”. തിരിച്ചു വരുന്ന വഴിമുഴുവൻ ശ്രീകണ്ഠേശ്വരം ആലോചിക്കുകയായിരുന്നു- കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല കെട്ടിലും മട്ടിലും പുറത്തിറക്കിയ താരാവലിക്ക് ആർഭാടമില്ല്ലാ എന്ന് പറയാൻ എന്താവും കാരണം. വീട്ടിലെത്തിൽ ഗ്രന്ഥം ഒന്നുകൂടി നോക്കിയ ശ്രീകണ്ഠേശ്വരം അത്ഭുതപ്പെട്ടു- അ മുതൽ ഉ വരെയുള്ള എല്ലാ വാക്കുകളും ചേർത്തു എന്ന് കരുതിയ നിഘണ്ടുവിൽ ആർഭാടം എന്ന വാക്ക് വിട്ടുപോയിരിക്കുന്നു!
ബുക്‌സ്റ്റാൾജിയ
പ്രസാധകർ: മാതൃഭൂമി ബുക്സ്
214 പേജ്
വില: 170 രൂപ

കാഴ്ചപ്പാടുകൾ - മുരളി തുമ്മാരുകുടി

സോഷ്യൽ മീഡിയകളിലും നവമാധ്യമരംഗത്തും നിറഞ്ഞ് നിൽക്കുന്ന മുരളി തുമ്മാരുകുടിക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല! മലയാളസാഹിത്യരംഗത്ത് എം ടിയെപ്പോലെ നവമാധ്യമരംഗത്തെ എംടി (രണ്ടാമൻ ) യാണ് ശ്രീ മുരളി. കൂടുതൽ അറിയേണ്ടവർക്ക് വിക്കിപ്പീഡിയ തുമ്മാരുകുടി.
2014 ജനുവരിയിൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച “കാഴ്ചപ്പാടുകൾ” എന്ന ഈ പുസ്തകം അതിനുമുൻപുള്ള മൂന്നു വർഷങ്ങളിലായി സോഷ്യൽ മീഡിയകളിലും ഇന്റർനെറ്റ് ഫോറങ്ങളിലും മുരളി തുമ്മാരുകുടി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്. 158 പേജുള്ള ഈ പുസ്തകം മാതൃഭൂമി ബുക്സിന്റെ ഓൺലൈൻ സൈറ്റിൽ ലഭ്യമാണ്. അവധിക്കാല വായനക്കായി പുസ്തകങ്ങൾ തിരഞ്ഞുകൊണ്ടിരിക്കെ മുന്നിൽ വന്ന് പെട്ടപ്പോൾ ഈ പുസ്തകം വാങ്ങണോ വേണ്ടയോ എന്ന് അല്പം സംശയിച്ചു. രണ്ട് കാര്യങ്ങൾ കൊണ്ടായിരുന്നു ഈ സംശയങ്ങൾ:
1) കാലങ്ങളായി ഈ ലേഖകനെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക ലേഖനങ്ങളും വായിച്ചു കാണണം.
2) 2010 മുതൽ മൂന്നുകൊല്ലത്തേക്കുള്ള ലേഖനങ്ങളാണ്. പലതും കാലഹരണപ്പെട്ടവയാകാം.
എന്തായാലും വാങ്ങി നോക്കി- നഷ്ടമായില്ല!
മുരളിയുടെ എഴുത്തിനു വഴങ്ങാത്ത വിഷയങ്ങൾ വളരെ കുറവാണ്. ഇഷ്ടവിഷയമായ ദുരന്തനിവാരണം കൂടാതെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, ജനപ്പെരുപ്പം, മദ്യപാനം, ഭൂമാഫിയ തുടങ്ങി മുപ്പതോളം വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്നു പറയുകയാണ് ഈ പുസ്തകത്തിലൂടെ. മറ്റുള്ള സമാന ലേഖനങ്ങളിൽ നിന്ന് മുരളിയുടെ എഴുത്തിന് പ്രധാനമായും മൂന്ന് വ്യത്യാസങ്ങളാണ് ഞാൻ കാണുന്നത്.
1) വ്വിഷയം അവതരിപ്പിക്കുന്ന രീതി: എളുപ്പം മനസ്സിലാക്കാവുന്ന രീതിയിൽ, കേൾക്കുംബോൾ കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടാക്കുന്ന തരത്തിൽ ഒരു വിഷയം അവതരിപ്പിക്കുക എന്നത് എളുപ്പമല്ല- മുരളിക്ക് അതിനു പറ്റുന്നു.
2) ഉദാഹരണങ്ങളിലെ ആത്മകഥാംശം- സ്വയം അനുഭവിച്ചറിഞ്ഞ സംഭവങ്ങളാണ് എല്ലായിടത്തും ഉദാഹരണമായി കാണിച്ചിരിക്കുന്നത്.
3) പരിഹാര നിർദ്ദേശങ്ങൾ - വിഷയത്തിലെ എല്ലാ പ്രശ്നങ്ങൾക്കും മുരളിക്ക് മുന്നോട്ട് വെക്കാൻ തികച്ചും പ്രായോഗികമായ കുറെ നിർദ്ദേശങ്ങളുണ്ട്. എന്തുകൊണ്ട് ബന്ധപ്പെട്ടവർ ഇങ്ങനെ ചിന്തിക്കുന്നില്ല എന്ന് നമ്മളെ അത്ഭുതപ്പെടുത്തുന്ന തരം നിർദ്ദേശങ്ങൾ.
കേരളത്തിലെ എല്ലാ മേഘലകളിലും ഉള്ള എല്ലത്തരം ആൾക്കാർക്കും (അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ മുതൽ, ആനയിറങ്ങീന്ന് കേൾക്കുംബോൾ ഒരു മൊബൈൽ ക്യാമറയുമായി അങ്ങോട്ടേക്ക് കുതിക്കുന്ന കലുങ്ക് ജീവികൾക്ക് വരെ) ഈ പുസ്തകത്തിൽ നിന്ന് കുറെ പഠിക്കാനുണ്ട്.
കൊച്ചി എയർപോർട്ടിലെ ക്യൂവിനെ പറ്റി ഒരു ലേഖനം ഉണ്ട് ഈ കൃതിയിൽ -“അഞ്ചാമത്തെ ക്യൂവിന്റെ ഒടുവിൽ” എന്ന പേരിൽ. ഒരു പഠനവും ചിന്തയും ഇല്ലാതെ കുറെ ക്യൂ ഉണ്ടാക്കി വെച്ച് യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും സമയവും അദ്ധ്വാനവും കളയുന്ന ഒരു സ്ഥിതിയാണ് കൊച്ചിയിൽ വന്നെത്തുന്ന ഒരു യാത്രക്കാരനു കാണാൻ കഴിയുക എന്ന് ലേഖകൻ പറയുന്നു. അദ്ദേഹം എണ്ണിനോക്കിയത് പ്രകാരം കൊച്ചിയിൽ വന്ന് വിമാനമിറങ്ങുന്ന ഒരാൾക്ക് അഞ്ച് ക്യൂ കടന്നാലേ പുറത്തെത്താൻ പറ്റൂ. ഈ ലേഖനം വായിച്ചതിന്റെ അടുത്ത ദിവസം കൊച്ചി എയർപോർട്ട് വഴി വരേണ്ടി വന്നു. വായിച്ചത് മനസ്സിൽ ഫ്രഷ് ആയി കിടപ്പുണ്ടായിരുന്നതുകൊണ്ട് ഞാനും ഒന്ന് എണ്ണി നോക്കി. വിമാനമിറങ്ങി പുറത്തോട്ട് വരാൻ അഞ്ച് ക്യൂ ആണെങ്കിൽ വിമാനം കയറി പോകാൻ 9 ക്യൂ കടക്കണം!! സീൽ അടിക്കാൻ ഒരു ക്യൂ, പിന്നെ സീൽ പതിഞ്ഞുവോന്ന് നോക്കാൻ വേറൊരു ക്യൂ, അങ്ങനെ ക്യൂകളുടെ അയ്യരുകളി. വെറും മൂന്ന് ക്യൂ മാത്രമേ അവിടെ മൊത്തം ആവശ്യമുള്ളൂ എന്നിടത്താണ് അതിന്റെ തമാശ!
എന്തായാലും, അതീവലളിതമായ ആഖ്യാനശൈലി, വിഷയത്തെ അതിന്റെ മെറിറ്റിൽ നിന്ന് നോക്കിക്കാണാനുള്ള കഴിവ്, മുഖം നോക്കാതെയുള്ള വിമർശനവും നിർദ്ദേശങ്ങളും- എല്ലാം കൊണ്ട് വളരെ നല്ല വായനാനുഭവം തരുന്ന പുസ്തകം.
പ്രസാധകർ : മാതൃഭൂമി ബുക്സ്
ഒന്നാം പതിപ്പ് (2014), 158 പേജ്
125 രൂപ.

കാടിനെചെന്നു തൊടുമ്പോൾ - എൻ എ നസീർ


പ്രശസ്ത നേച്ചർ ആക്റ്റിവിസ്റ്റും വന്യജീവി ഫോട്ടോഗ്രാഫറുമായ എൻ എ നസീറിന്റെ ആത്മകഥാപരമായ ലേഖനങ്ങളുടെ സംഗ്രഹമാണ് "കാടിനെ ചെന്ന് തൊടുമ്പോൾ" എന്ന പുസ്തകം. മലമുഴക്കി എന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കുറിപ്പുകളുടെ വിപുലീകരിച്ച രൂപമാണ് കൃതി.
22 ലേഖനങ്ങളിലായി കാടുമായിട്ടുള്ള തന്റെ ജീവിതാനുഭവങ്ങൾ വായനക്കാരുമായി പങ്കു വെക്കുകയാണ് നസീർ. ഓരോ ലേഖനവും, എഴുത്തിനപ്പുറത്ത്, കഥാകൃത്ത് നടത്തുന്ന സാമൂഹിക ഇടപെടലുകളുടെ ഒരു നേർക്കാഴ്ചയായിത്തീരുന്നു.
“ഇത് മൊത്തം കാടുകണക്കെയാക്കീട്ടുണ്ടല്ലോ”, “എല്ലാം കാടുകയറി നാശമായി” എന്നിങ്ങനെ മോശം കാര്യം പറയാനാണ് നാം കൂടുതലും കാടിനെ കൂട്ടുപിടിക്കാറ്. എന്നാൽ യഥാർത്ഥത്തിൽ കാട് എന്നത് ഇതിനൊക്കെ വിപരീതമായ അനുഭവമാണ് തരുന്നത് എന്നാണ് നസീർ പറഞ്ഞുതരുന്നത്. കുഞ്ഞ് അട്ടമുതൽ ഭൂമി കുലുക്കുന്ന കൊമ്പനാന വരെ കാടിനോട് അതിന്റെ ധർമ്മം ചെയ്യുന്നുണ്ട്. ഒന്നും വെറുതെയാവുന്നില്ല.
വളരെ ലളിതമായ ആഖ്യാനം കൊണ്ട് എഴുത്തിനെ നേരിട്ട് അനുഭവവേദ്യമാക്കാൻ നസീറിനു പറ്റുന്നുണ്ട്. കാട്ടിൽ ഒറ്റക്ക് നടന്ന് ക്ഷീണിച്ച്, അവസാനം ഒരു പാറപ്പുറത്ത് മലന്നു കിടക്കുന്ന നസീറിന്റെ അനുഭവം വായിക്കുമ്പോൾ പാറയുടെ ചൂടും മീനമാസത്തിലെ ഇളംകാറ്റും എനിക്ക് അനുഭവിക്കാൻ പറ്റുന്നു എന്നത് ചില്ലറക്കാര്യമല്ലല്ലോ.
മലമുഴക്കി വേഴാംബൽ, അപൂർവജീവിയായ നീലഗിരി മാർട്ടെൻ, കാട്ടുനായ, വെള്ള കാട്ടുപോത്ത് എന്നിങ്ങനെ അപൂർവജീവികളെ തേടി കാടുകളിൽ ഒറ്റക്ക് അലഞ്ഞത് നസീർ വിവരിക്കുന്നുണ്ട്. ഓരോന്നും വായിക്കുമ്പോൾ നമ്മളും കൂടെയുണ്ടായത് പോലുള്ള ഒരു അനുഭവം.
എന്തായാലും, കാട് അതിന്റേതായ അവസ്ഥയിൽ അനുഭവിച്ചറിയേണ്ട ഒന്നാണെന്നും, അതിനെ ഒരു ടൂറിസ്റ്റ് സ്പോട്ടാക്കി മാറ്റുന്ന ഇന്നത്തെ പ്രവണത ശരിയല്ല എന്നും നസീർ പറഞ്ഞുവെക്കുന്നു. ഇതേ കാര്യം പലതവണ ആവർത്തിച്ചത് കണ്ടപ്പോൾ ലേഖകന് “ഒരു പെരുന്തച്ചൻ സിൻഡ്രോം” ഉണ്ടാവുന്നുണ്ടോ എന്ന് ഇടക്ക് തോന്നുകയും ചെയ്തു.
എന്തായാലും അതിമനോഹരമായ ഒരു വായനാനുഭവം തരുന്ന പുസ്തകം.
പബ്ലിഷർ: മാതൃഭൂമി ബുക്സ്
216 പേജ്, അഞ്ചാം പതിപ്പ്
വില: 200ക.