Wednesday, August 09, 2017

നാനാർത്ഥങ്ങൾ - സുനിൽ പി ഇളയിടം

ചങ്ങമ്പുഴയെ ഞെക്കിക്കൊല്ലുമ്പോൾ
---------------------------------
ഒരു പതിവ് സന്ദർശനത്തിനായി സുഹൃത്തിന്റെ വീട്ടിൽ പോയപ്പോളാണ് "നാനാർത്ഥങ്ങൾ- സമൂഹം, ചരിത്രം, സംസ്കാരം” എന്ന പുസ്തകം കൂടെയിറങ്ങിവന്നത്. സാംസ്കാരിക വിമർശകൻ, വാഗ്മി, ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ സുനിൽ പി ഇളയിടത്തിന്റെതാണ് കൃതി. പലകാലത്തായി ആനുകാലികങ്ങളിലും മറ്റും എഴുതിയ ലേഖനങ്ങളും, നടത്തിയ പ്രസംഗങ്ങളും ക്രോഡീകരിച്ചതാണ് ഈ ഗ്രന്ഥം. നാലു ഭാഗങ്ങളിലായി (കേരളം: സമൂഹവും സംസ്കാരവും, സാഹിത്യപഠങ്ങൾ, കലാവിചാരങ്ങൾ, വിചിന്തനങ്ങൾ) നാല്പതോളം ലേഖനങ്ങൾ ഉണ്ട് ഇതിൽ. ഈയടുത്ത കാലത്തായി അദ്ദേഹത്തിന്റെ ഒരുപാട് പ്രസംഗങ്ങൾ കേട്ടതിന്റെ ഹാംഗോവറിൽ, ഇപ്പൊ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തെ മാറ്റിവെച്ച് ഇതിൽ കയറിപ്പിടിച്ചു.
വായിക്കാൻ തുടങ്ങിട്ട് കുടുങ്ങീന്ന് പറഞ്ഞാൽ മതീല്ലോ. ഓരോ വാചകവും നാലും അഞ്ചും തവണ വായിച്ചാൽ തന്നെ മനസ്സിലാക്കാൻ പാടാണ്. ഇതിലും എളുപ്പത്തിൽ വല്ല ഗ്രീക്കോ, ജാപ്പനീസ് പുസ്തകങ്ങളോ എനിക്ക് വായിച്ച് മനസ്സിലാക്കാൻ പറ്റിയേനെ. ആരെങ്കിലും വായിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, എനിക്ക് ആകെ ഒരു ഉപദേശം തരാനുള്ളത് നിങ്ങൾക്ക് മലയാളം/സംസ്കൃതം എന്നിവയിൽ എം എ ഉണ്ടെങ്കിൽ മാത്രം ഇത് വായിക്കാൻ ഇറങ്ങുക എന്നാണ്. 
ഉദാഹരണമായി പറഞ്ഞാൽ, ലാളിത്യമാണ് ചങ്ങമ്പുഴക്കവിതകളുടെ മുഖമുദ്ര എന്നാണല്ലോ. എന്നാൽ "ചങ്ങമ്പുഴക്കവിതകളുടെ വിപ്ലവമൂല്യം” എന്ന വിഷയത്തിൽ സുനിൽ പി ഇളയിടം എഴുതുമ്പോൾ അതിങ്ങനെയാവുന്നു.
“അടിത്തറയും മേല്പുരയും എന്ന പരികല്പനയുടെ ആധാരമായി പരിഗണിക്കപ്പെട്ടു വരുന്നത് ഈ പ്രസ്താവനയാണ്. ഈ പ്രസ്താവന യാന്ത്രികമായി മനസ്സിലാക്കപ്പെടാനുള്ള സാധ്യത മാർക്സ് മുൻകൂട്ടി കണ്ടിരുന്നു എന്നു വേണം കരുതാൻ. അടിത്തറ/മേല്പുര ബന്ധം ചരിത്രപരവും അസമവും മേല്പുരയുടെ പ്രഭാവത്തിനു അനുരൂപവുമായിരിക്കുമെന്ന് അദ്ദേഹം വിശദീകരണം നൽകിയത് അതുകൊണ്ടുകൂടിയാണ്. ഭൗതിക ഉത്പാദനവും ആത്മീയ ഉത്പാദനവും തമ്മിലുള്ള ബന്ധം ശരിയായി മനസ്സിലാക്കണമെങ്കിൽ, ഭൗതിക ഉത്പാദനത്തെ പൊതുവായ ഒന്നായിട്ടല്ലാതെ സവിശേഷ ചരിത്ര യാഥാർഥ്യം എന്ന നിലയിൽ നോക്കിക്കാണണം. സാമ്പത്തിക അടിത്തറയെ സുനിശ്ചിത യാതാർഥ്യമല്ലാതെ ചരിത്രബന്ധമായി കാണണമെന്നും ഒരു സാമ്പത്തിക വ്യവസ്ഥയോട് ബന്ധപ്പെട്ട് വ്യത്യസ്ത ആശയ വ്യവസ്ഥകൾ നിലനിൽക്കാമെന്നും ഭൗതിക ഉത്പാദനവും ആത്മീയ ഉത്പാദനവും നിരന്തരമായ പരസ്പര സ്വാധീനം പുലർത്തുമെന്നും വിശദമാക്കിക്കൊണ്ട് ആശയവ്യവസ്ഥകളേയും അനുഭൂതി ലോകങ്ങളെയും ഉത്പാദനപ്രക്രിയയുടെ യാന്ത്രിക പ്രതിഫലനങ്ങളായി പരിഗണിക്കുന്നതിനെ മാർക്സ് തന്നെ തള്ളിക്കളഞ്ഞിരുന്നു..”
ഇത്രേം വായിച്ചപ്പൊ തന്നെ എന്റെ കിളി പോയി..
മിക്ക ലേഖനങ്ങളും ആനുകാലികങ്ങൾക്ക് വേണ്ടി എഴുതിയവയാണെന്ന് പറഞ്ഞല്ലോ, അതുകൊണ്ട് തന്നെയാവണം പലതും ഇപ്പോൾ പ്രസക്തി നഷ്ടപ്പെട്ടവയാണെന്നാണ് എനിക്ക് തോനിയത്. അതേ സമയം കാലാതിവർത്തിയായ ചില നല്ല ലേഖനങ്ങളും ഉണ്ട് ഇക്കൂട്ടത്തിൽ.
അവസാനവാക്ക്: ഗ്രന്ഥകാരനെ ഇകഴ്‌ത്തുക എന്നതല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം, പകരം അദ്ദേഹത്തിന്റെ പാണ്ഡിത്യവും ഭാഷാ നൈപുണ്യവും എന്നെ പോലുള്ള പാമരൻമാരെ ഈ ഗ്രന്ഥത്തിൽ നിന്ന് മാറ്റി നിർത്തുന്നു എന്ന് പറയാനേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ..