Tuesday, October 30, 2018

How Smart Machines Think - Sean Gerrish

ഒരുപാട് ആൾക്കാർ വാങ്ങുകയും വായിക്കുകയും ചെയ്യുമ്പോഴാണ് ഒരു പുസ്തകം ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ വരുന്നതും ആ പുസ്തകം മാർക്കറ്റിൽ വിജയിച്ചതായി കണക്കാക്കുന്നതും.  പക്ഷെ ഈ ലോകം തന്നെ ടെക്നോളജി നിയന്ത്രിക്കുന്ന ഈ കാലത്തും എന്തുകൊണ്ടാണ്  ടെക്നോളജി/സയൻസ് സംബന്ധിയായ പുസ്ത്കങ്ങൾ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ എത്താത്തത് (അപൂർവമായി ഇല്ലെന്നല്ല!) ?
 
 ഒരു കഥയോ നോവലോ എഴുതുന്നതിനേക്കാൾ ബുദ്ധിമുട്ട് നിറഞ്ഞതാണ്  ടെക്നോളജി  സംബന്ധിയായ പുസ്തകങ്ങൾ എഴുതുക എന്നത്. കാരണം, അതിൽ എഴുതുന്ന കാര്യങ്ങൾക്ക് ഒരുപാട് സൂക്ഷ്മതയും കൃത്യതയും വേണം. അങ്ങനെ കഷ്ടപ്പെട്ട് എഴുതിയാൽ തന്നെ ഒരു ടെക്നോളജി പുസ്തകം മാർക്കറ്റിൽ വിജയിക്കണമെങ്കിൽ  കൂടുതൽ ആളുകൾ വാങ്ങുകയും വായിക്കുകയും ചെയ്യണം. അതിന് സാധാരണ ജനങ്ങൾക്ക് മനസ്സിലാവുന്ന ഭാഷയിലും രീതിയിലും വേണം പുസ്തകം എഴുതാൻ. പക്ഷെ ടെക്നോളജിയെ എല്ലാർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ആക്കുമ്പോൾ കൈകാര്യം ചെയ്യുന്ന വിഷയം വളരെ നേർത്തുപോകും.
ചുരുക്കത്തിൽ, വിഷയത്തെ എത്ര ലളിതമാക്കണം എന്ന കൃത്യമായ ബോധമില്ലെങ്കിൽ പുസ്തകം ഗുദാ ഗവാ ആവും!

ആ ഒരു തകരാറ് പറ്റിയ ഒരു പുസ്തകമാണ് ഈ ആഴ്ച വായിച്ചു തീർത്തത്.


ഷോൺ ജെറിഷ് (Sean Gerrish) എഴുതിയ How Smart Machines Think എന്ന പുസ്തകം. Artificial Intelligence, Machine Learning  എന്നീ വിഷയങ്ങളിൽ താല്പര്യം ഉള്ളവർക്ക് വേണ്ടിയാണ് എഴുതിയിട്ടുള്ളത്. Self-driving cars, Netflix’s watch next, IBM Watson എന്നിവയുടെ ആദ്യകാല കഥകൾ, ഇവയ്ക്കുപയോഗിച്ച അൽഗൊരിതങ്ങളുടെ ചില അടിസ്ഥാനവിവരങ്ങൾ എന്നിവയൊക്കെ വളരെ രസകരമായി വായിച്ചു പോവാം.  ഈ ഫീൽഡുകളിലെ അതികായന്മാരെ പരിചയപ്പെടുത്തുന്ന ഈ പുസ്തകം വായിക്കാൻ എളുപ്പമാണ്. പക്ഷെ ഈ വിഷയങ്ങളിൽ അടിസ്ഥാന വിവരമുള്ളവർക്ക് കൂടുതലായൊന്നും പുസ്തകം ഓഫർ ചെയ്യുന്നില്ല.

Saturday, October 20, 2018

Russian Roulette - The inside story of Putin’s war on America and the Election of Donald Trump

അമേരിക്ക കണ്ടതിൽ ഏറ്റവും ഡിവിസീവ് ആയ തിരഞ്ഞെടുപ്പായിരുന്നു 2016 ലേത്. യാതൊരു വിജയസാധ്യതയും ഇല്ലാതെ, വെറും ഷോമാൻ ആണെന്ന് സ്വന്തം പാർട്ടിക്കാർ പോലും വിശ്വസിച്ചിരുന്ന  ഡൊണാൾഡ് ട്രമ്പ്, എല്ലാരെയും അമ്പരപ്പിച്ചുകൊണ്ട്  തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ചു.  ഇലക്ഷന്റെ ഒരു ഘട്ടത്തിലും മുന്നിട്ടു നിൽക്കാതിരുന്ന ട്രമ്പ് എങ്ങിനെ പ്രസിഡണ്ടായി? അതിൽ എന്തെങ്കിലും അട്ടിമറി നടന്നിരുന്നോ? ചില മാധ്യമങ്ങൾ ആഘോഷിച്ചിരുന്ന റഷ്യൻ ഇടപെടൽ എന്തിനായിരുന്നു? ഹിലാരിയുടെ ഇമെയിൽ മൊത്തം വിക്കിലീക്സ് പ്രസിദ്ധീകരിച്ചതിനു പിന്നിൽ ആരാണ്…
ഇങ്ങനെ ഒരു കൂട്ടം രസകരമായ കാര്യങ്ങൾ  അറിയാൻ ആഗ്രഹമുള്ളവർക്കു വേണ്ടിയുള്ളതാണ്  മൈക്കേൽ ഇസിക്കോവും ഡേവിഡ് കോണും എഴുതിയ “Russian Roulette- The inside story of Putin’s war on America and the Election of Donald Trump” എന്ന പുസ്തകം ! അൻവേഷണാത്മക പത്രപ്രവർത്തകരാണ് രണ്ടുപേരും!

തന്റെ ബിസിനസ്സ് സാമ്രാജ്യം റഷ്യയിലേക്ക് വ്യാപിപ്പിക്കണം എന്ന ട്രമ്പിന്റെ ആഗ്രഹങ്ങൾക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. 
പക്ഷെ പലതവണയായുള്ള ഓരോ ശ്രമങ്ങളും എവിടെയൊക്കെയോ തട്ടി നിന്നു. ക്രെംലിനുമായി അടുത്ത ബന്ധമുണ്ടായെങ്കിൽ മാത്രമേ ഈ സ്ഥിതിക്ക് ഒരു മാറ്റം വരൂ എന്ന് തിരിച്ചറിഞ്ഞ ട്രമ്പ് പലരീതിയിലും പുടിനുമായും മറ്റും അടുക്കാൻ ശ്രമിക്കുകയും വലിയൊരളവുവരെ അതിന് സാധിക്കുകയും ചെയ്യുന്നുണ്ട്.
ഈ ബന്ധങ്ങളെ പക്ഷെ ട്രമ്പിനെ ഒറ്റക്കടിക്ക് വിഴുങ്ങാൻ മാത്രം കപ്പാസിറ്റിയുള്ള പുടിൻ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതാണ് പുസ്തകത്തിന്റെ ഹൈലൈറ്റ്!
ഹാക്കർമാരെയും മറ്റ് ചാരന്മാരെയും ഉപയോഗിച്ച് കോമ്പ്രൊമാറ്റ് (compromising Materials) സംഘടിപ്പിക്കുക എന്നതായിരുന്നു റഷ്യയുടെ തന്ത്രം. ഹിലാരിയുടെയും ട്രമ്പിന്റെയും ഒരുപാട് ഡിറ്റെയിൽസ് ഇങ്ങനെ ഇവർ ചികഞ്ഞെടുത്തു. ഹിലാരിയുടെയും കൂട്ടാളികളുടെയും ഇമെയിൽ ഹാക്ക് ചെയ്തെടുത്തത് മാത്രം വരും പതിനായിരക്കണക്കിന്. എന്നിട്ട് ഇതൊക്കെ കൃത്യം കൃത്യം സമയങ്ങളിൽ വിക്കിലീക്സിനു കൊടുത്ത് അവർ വഴി പ്രസിദ്ധീകരിച്ച് ഹിലാരിയെ പ്രതിക്കൂട്ടിലാക്കി.
ഇതുകൂടാതെ  സോഷ്യൽ മീഡിയ വഴി 80000 ഫേക്ക് ന്യൂസുണ്ടാക്കി അത് 20 മില്ല്യൺ ആൾക്കാരുടെ വാളിൽ എത്തിച്ചു, അവർ പോലും അറിയാതെ! വോട്ടർമാരുടെ മനസ്സിൽ ഒരു ട്രമ്പനുകൂല മാറ്റം ഉണ്ടാക്കാൻ ഇത് സഹായിച്ചു! ( ഇന്ന് ബീജേപ്പിയുടെയും മറ്റ് രാഷ്ട്രീയപാർട്ടികളുടെയും സോഷ്യൽ മീഡിയ ഇടപെടലുകളും സമാനസ്വഭാവമുള്ളവയാണെന്ന് പറയാതെ വയ്യ!)

റഷ്യയുടെ ഇടപെടലിന്റെ വ്യാപ്തി അമേരിക്കൻ പ്രസിഡണ്ട് ഒബാമ അടക്കമുള്ള അധികാരികൾക്ക് പോലും മുഴുവനായി  മനസ്സിലായത് ഇലക്ഷൻ കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞ് മാത്രമാണ് എന്നതാണ് രസകരമായ വസ്തുത!


ഒരു ഡിറ്റക്ടീവ് നോവൽ വായിക്കുന്ന ത്രില്ലോട് കൂടി വായിക്കാൻ പറ്റിയ പുസ്തകം.


Sunday, September 23, 2018

The Power of Habit: Why we do what we do - Charles Duhigg


അമേരിക്ക ആസ്ഥാനമായ , 1200 കോടി ഡോളർ പ്രതിവർഷ വരുമാനമുള്ള ഒരു ബഹുരാഷ്ട്രകമ്പനിയാണ് ALCOA corporation. 1888 ൽ സ്ഥാപിച്ച ഈ കമ്പനിക്ക് ആറോളം രാജ്യങ്ങളിൽ അലൂമിനിയം ഫാക്ടറികൾ ഉണ്ട്. ചോക്കലേറ്റ് റാപ്പർ മുതൽ സാറ്റലൈറ്റ് പാർറ്റ്സ് വരെ ഉണ്ടാക്കിയിരുന്ന കമ്പനി!
വളരെ നല്ല നിലയിൽ ലാഭമുണ്ടാക്കിക്കൊണ്ടിരുന്ന ALCOA ക്ക് 1980 കളിൽ  അടിതെറ്റാൻ തുടങ്ങി. അടിക്കടി ലാഭത്തിൽ കുറവ്, പ്ലാന്റുകളിലെ ഉയർന്ന മെയിന്റനൻസ് ചിലവുകൾ, പ്രഗത്ഭരായ ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക്, അങ്ങനെ പ്രശ്നങ്ങൾ പലത് പൊങ്ങി വന്നു! കൂടുതൽ നല്ല തൊഴിൽസാഹചര്യങ്ങൾക്ക് വേണ്ടി പലയിടത്തും തൊഴിൽസമരങ്ങൾ തലപൊക്കി. 
അതേസമയം  ലാഭം കൂട്ടുന്നതിനുവേണ്ടി നിക്ഷേപകർ മറുവശത്തും ഒച്ചപ്പാടുണ്ടാക്കുന്നുണ്ടായിരുന്നു. അങ്ങനെ 1987 ഒക്ടോബറിൽ കമ്പനി പുതിയ സി ഇ ഓ യെ നിയമിക്കാൻ തീരുമാനിച്ചു.  1976 വരെ യു എസ് ഗവണ്മെന്റ് ഓഫീസറായിരുന്ന്, പിന്നീട് അതിൽ നിന്ന് രാജിവെച്ച് ഇന്റർനാഷണൽ പേപ്പർ എന്ന കമ്പനിയുടെ സി ഇ ഓ ആയി പ്രവർത്തിച്ചു വരികയായിരുന്ന പോൾ ഒനീൽ ആയിരുന്നു ALCOA യുടെ ഡയറക്ടർ ബോർഡ് കണ്ടെത്തിയ പുതിയ സി ഇ ഓ!
ഒരു മുൻ ഗവണ്മെന്റ് എംപ്ലൊയി ആണ് സി ഇ ഓ ആയി വരുന്നത് എന്നറിഞ്ഞ നിക്ഷേപകർ ആദ്യം തന്നെ നിരാശയിലായി!
അങ്ങനെ പുതിയ സി ഇ ഓ, ആദ്യമായി നിക്ഷേപകരെയും മാർക്കറ്റ് അനലിസ്റ്റുകളെയും കാണുന്ന ആ ദിവസം വന്നെത്തി. ന്യൂയോർക്ക് മാൻഹാട്ടണിലെ ഒരു ലക്ഷ്വറി ഹോട്ടലിൽ ആയിരുന്നു ചടങ്ങ്. സാധാരണയായി  ആദ്യമായി ഒരു പുതിയ സി ഇ ഓ നിക്ഷേപകരെ കാണുമ്പോൾ അവരെ പരമാവധി സുഖിപ്പിക്കുക എന്നതായിരിക്കും പ്രധാനലക്ഷ്യം. അതിനുവേണ്ടി വരാൻ പോകുന്ന വൻ ലാഭത്തിന്റെ പൊള്ളക്കണക്കുകൾ സി ഇ ഓ കാണിക്കും!  അങ്ങനെ സുഖിക്കാൻ കാത്തിരുന്ന നിക്ഷേപകരെ ഞെട്ടിച്ചുകൊണ്ട്, പുതിയ സി ഇ ഓ തന്റെ പ്രസംഗം തുടങ്ങി.
“I want to talk to you about worker safety,“Every year, numerous Alcoa workers are injured so badly that they miss a day of work. I intend to make Alcoa the safest company in America. I intend to go for zero injuries.” സി ഇ ഒ പറഞ്ഞു നിർത്തി. 
കേൾവിക്കാർ ആകെ ചിന്താക്കുഴപ്പത്തിലായി. കമ്പനിയുടെ expansion plan ഇല്ല, ലാഭസാധ്യതയുടെ കണക്കില്ല, ബിസിനസ് buzzwords ഒന്നുപോലുമില്ല.. പകരം വർക്കർ സേഫ്റ്റിയെപറ്റിയാണ് ഇയാൾ പ്രസംഗിക്കുന്നത്.. ഇയാൾ ഏതോ സേഫ്റ്റി ഓഫീസർ ആണെന്ന് തോന്നുന്നു!   ഇയാൾ തന്നെയാണോ ശരിക്കും സി ഇ ഓ?
അവസാനം, നിക്ഷേപകരിൽ  ഒരാൾ ഒരു ചോദ്യം ചോദിച്ചു
“എയ്റോസ്പേസ് ഡിവിഷനിലെ inventory status എന്താണ് ഇപ്പോൾ?” 
ശാന്തനായി പോൾ മറുപടി പറഞ്ഞു - “ഞാൻ ആദ്യം പറഞ്ഞത് നിങ്ങൾ ശ്രദ്ധിച്ചുവോ എന്നെനിക്കറിയില്ല. കമ്പനി എങ്ങനെ പോകുന്നു എന്നറിയണമെങ്കിൽ കമ്പനിയുടെ തൊഴിൽ സുരക്ഷാ പ്രശ്നങ്ങളും അവസംബന്ധിച്ച കണക്കുകളുമാണ് ആദ്യം അറിയേണ്ടത്. ഇൻവെന്റോറിയും ലാഭവും ഒക്കെ പിന്നെയേ വരുന്നുള്ളൂ
ഹാളിൽ ശ്മശാന മൂകത പരന്നു.
ആദ്യമായി ഹാളിൽ നിന്ന് പുറത്തിറങ്ങിയ സ്റ്റോക്ക് അനലിസ്റ്റുകളും നിക്ഷേപകരും തങ്ങളുടെ ക്ലയന്റിനെയും വേണ്ടപ്പെട്ടവരെയും  വിളിച്ച്   പറഞ്ഞു - “ALCOA ഏതോ ഒരു ഹിപ്പിയെയാണ് സി ഇ ഓ ആയി വെച്ചിരിക്കുന്നത്. അയാൾ ഈ കമ്പനിയെ കുളം തോണ്ടും. കിട്ടുന്ന പൈസക്ക് നിങ്ങളുടെ കൈയിലുള്ള സ്റ്റോക്ക് അങ്ങ് വിറ്റുകള!”
വർഷങ്ങൾക്ക് ശേഷം, അതിൽ ഒരു ഇൻവെസ്റ്റർ പറഞ്ഞത്, ആ ഒരു advice ആണ് ഞാൻ എന്റെ ജീവിതത്തിൽ നടത്തിയ ഏറ്റവും മോശം advice എന്നായിരുന്നു. പോൾ ഒനീൽ ചാർജ്ജെടുത്ത് മാസങ്ങൾക്കുള്ളിൽ തന്നെ  ALCOA യിൽ മാറ്റം പ്രകടമായി.  തൊഴിൽ സുരക്ഷാ പ്രശ്നങ്ങൾ ഗണ്യമായി കുറഞ്ഞു. ഒനീൽ ചാർജ്ജെടുക്കുമ്പോൾ സുരക്ഷാ പ്രശ്നങ്ങൾ കൊണ്ട് മാത്രം 100 ജോലിക്കാർക്ക് 1.86 ദിവസത്തെ തൊഴിൽ നഷ്ടം ഉണ്ടാവുമായിരുന്നു. ഒനീലിന്റെ കാലഘട്ടത്തിൽ അത് 0.2 ആയി കുറഞ്ഞു! തൊഴിൽ സമരങ്ങൾ തീർന്നു. കമ്പനി ലാഭത്തിലേക്ക് കുതിക്കാൻ തുടങ്ങി.
എന്തായിരുന്നു പോൾ ഒനീൽ കൊണ്ടുവന്ന മാറ്റം.. പ്രത്യക്ഷത്തിൽ ഒന്നും തന്നെ മാറ്റാൻ അദ്ദേഹം തൊഴിലാളികളോട് ആവശ്യപ്പെട്ടില്ല. അദ്ദേഹം ചെയ്തത് ഇത്രമാത്രം
  1. ഫാക്ടറിയിൽ എന്തെങ്കിലും അപകടമോ, സേഫ്റ്റി പ്രശ്നങ്ങളോ ഉണ്ടായാൽ അരമണിക്കൂറിനുള്ളിൽ അത് സി ഇ ഓയെ വിളിച്ചറിയിക്കണം. അത് അറിയിക്കേണ്ടത് അതാത് ഡിപ്പാർട്ട്മെന്റ് ജനറൽ മാനേജർ ആണ്. വിളിക്കുമ്പോൾ സി ഇ ഓ അപകടത്തിന്റെ ഡിറ്റൈൽസും  കാര്യകാരണങ്ങളും ചോദിക്കും, 
  2. എല്ലാ ആഴ്ചയിലും ഹെഡ് ഓഫീസിലേക്കയക്കുന്ന റിപ്പോർട്ടിൽ ആ ആഴ്ച നടന്ന സേഫ്റ്റി പ്രശങ്ങളിൽ എന്ത് നടപടിയെടുത്തു എന്ന് ഉണ്ടായിരിക്കണം. 
ഇതു രണ്ടും ചെയ്യാത്ത മാനേജർമാർക്ക് പ്രമോഷൻ ഇല്ല എന്നത് മാത്രമാണ് ആകെ ഒരു  പുതിയ നിയമം എച്ച് ആർ ഡിപാർട്ട്മെന്റിന് ഇറക്കേണ്ടിവന്നത്! 

 ഇത്രചെറിയ ഒരു മാറ്റത്തിലൂടെ ഇത്രയും വലിയ ഒരു കമ്പനിയെ എങ്ങനെ ഇതുപോലെ മാറ്റാൻ കഴിയുന്നു എന്നന്വേഷിക്കുമ്പോൾ, ആ അന്വേഷണം ചെന്നെത്തുന്നത് മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ ഹാബിറ്റ് (habit) അഥവാ ചിട്ടകൾക്കുള്ള സ്വാധീനമാണ്.  ഫാക്ടറിയിൽ മെഷീൻ കേട് വരുമ്പോൾ ഏറ്റവും ജൂനിയറായ ഒരുത്തനെ ഇറക്കി അത് റിപ്പയർ ചെയ്യിക്കൽ മുതൽ, വളരെ സങ്കീർണമായ ഒരു ഓപറേറ്റിംഗ് ഹൈറാർക്കി കൊണ്ടുവരുന്നത് വരെ ഈ ഹാബിറ്റിന്റെ ഭാഗമായിരുന്നു. ഇത് മാറ്റുക എന്നതായിരുന്നു പോൾ ഒനീൽ ചെയ്തത്. ഒരു അപകടം നടന്നാൽ, ജി എം ഉടനെ സി ഇ ഓയെ വിളിച്ച് പറയണം എന്ന് വ്യവസ്ഥ വന്നതോട് കൂടി ജി എമ്മും താഴേത്തട്ടിലുള്ളവരും തമ്മിൽ കൂടുതൽ ആശയവിനിമയം നടക്കാൻ തുടങ്ങി. അപകടം റിപ്പോർട്ട് ചെയ്യുമ്പോൾ  സ്വാഭാവികമായും സി ഇ ഓ ഒരു 10-15 ചോദ്യങ്ങൾ തിരിച്ചു ചോദിക്കും. അതിനൊക്കെ ഉത്തരം ആദ്യം തന്നെ ജി എം കണ്ടുപിടിച്ച് വെച്ചിരിക്കണം. അതു ചെയ്യണമെങ്കിൽ ജി എം, തന്റെ താഴെയുള്ള ആളിൽ നിന്ന് ആ വിവരങ്ങൾ അറിഞ്ഞിരിക്കണം.  അങ്ങനെ ഓരോ ലെവലിലും ഈ ചർച്ച നടന്നിരിക്കും. അതായത് കമ്പനിയിൽ വളരെ സ്മൂത്തായ ആശയവിനിമയം നടക്കുന്നു എന്ന് സി ഇ ഓക്ക് ഈ ഒറ്റകാര്യം കൊണ്ട് ഉറപ്പ് വരുത്താനായി.

 നമ്മൾ ദിവസവും എടുക്കുന്ന തീരുമാനങ്ങളിൽ 40% വും ചിന്തിച്ച് തീരുമാനിക്കുന്നതല്ല, പകരം സ്വന്തം ഹാബിറ്റ് കാരണം നാം അറിയാതെ തന്നെ എടുക്കുന്നവയാണ് (എരിവുള്ള മിക്സ്ചർ മുന്നിൽ കൊണ്ടുവെച്ചാൽ അതിൽ നിന്ന് കടല പെറുക്കി തിന്നുക എന്നത് എന്റെ ഒരു ഹാബിറ്റ് ആണ്. എത്ര കണ്ട്രോൾ ചെയ്യാൻ വിചാരിച്ചാലും അറിയാതെ ചെയ്തുപോകുന്ന ഒന്ന്! :)). എത്ര ശ്രമിച്ചാലും സിഗരറ്റ് വലി നിർത്താൻ പറ്റാത്തതൊക്കെ ഇതിൽ പെടും! 🙂 

ഈ ഹാബിറ്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങ്നളും അവയെ എങ്ങനെ മാറ്റി എടുക്കാം എന്നതിനെയും പറ്റി ആണ് The Power of Habit: Why we do what we do എന്ന ഈ പുസ്തകം ചർച്ച ചെയ്യുന്നത്. Charles Duhigg ആണ് ഇത് എഴുതിയിരിക്കുന്നത്.  മനോഹരമായ പുസ്തകം. വായിക്കുന്നത് ഗുണമേ ചെയ്യൂ!

ഓരോ ഹാബിറ്റിനും മൂന്ന് ഭാഗങ്ങൾ ആണുള്ളത് എന്ന് ഈ പുസ്തകം പറയുന്നു. പ്രചോദനം (cue), ചര്യ(routine) , പ്രതിഫലം (result). ഇതിൽ ആദ്യത്തെതും അവസാനത്തേതും മാറ്റുക എന്നത് പഴക്കമേറും തോറും ബുദ്ധിമുട്ടാണ്. പക്ഷെ ചര്യ മാറ്റാൻ എളുപ്പമാണ്. നഖം കടിക്കുന്നവരെ ഒരു ഉദാഹരണമായി ഇതിൽ പറയുന്നുണ്ട്. ആദ്യം കൈവിരലിൽ ഒരു ചെറിയ കിരുകിരുപ്പാണ് നഖം കടിക്കാനുള്ള സൂചന അല്ലെങ്കിൽ പ്രചോദനം. പിന്നെ വിരൽ തുമ്പ് നേരെ വായിലോട്ട് പോകുന്നു.നഖം കടിക്കാൻ തുടങ്ങുന്നു (ചര്യ), കടിച്ച് കഴിഞ്ഞാൽ കിട്ടുന്ന ഒരു ആത്മസംതൃപ്തിയാണ് ഇവിടെ പ്രതിഫലം. ഇതിൽ കൈവിരലിൽ ഒരു ചെറിയ കിരുകിരുപ്പ് തുടങ്ങുന്ന ഉടനെ, കടിക്കുന്നതിനു പകരം  നഖം കൊണ്ട് മേശയിൽ കുറച്ച് നേരം താളം പിടിച്ചു നോക്കിയാൽ മെല്ലെ നഖം കടിയിൽ നിന്ന് മോചിതനാകാം!

തടികുറക്കാൻ വ്യായാമം ചെയ്യാൻ തുനിഞ്ഞിറങ്ങുന്നവരിൽ മുക്കാലേ മുണ്ടാണിയും ഒരാഴ്ചക്കുള്ളിൽ തന്നെ അത് നിർത്തുന്നതിന്റെ കാര്യകാരണം, കുട്ടികളെ വയലിൻ ക്ലാസുമുതൽ കരാട്ടേ ക്ലാസ് വരെ ചേർക്കുന്നത് കൊണ്ടുള്ള ഗുണം തുടങ്ങി പല പല വിഷയങ്ങൾ പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. 



Wednesday, September 12, 2018

Hunger: A Memoir of my Body by Roxane Gay


തടികൂടിയ ആൾക്കാർ സാധാരണയായി അവരുടെ ശരീരപ്രകൃതിയെപറ്റി മറ്റുള്ളവരോട് കൂടുതൽ സംസാരിക്കാൻ വിമുഖത കാണിക്കുന്നവരായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. കഴിയുന്നതും പാർട്ടികളിൽ നിന്നും ആൾക്കൂട്ടത്തിൽ നിന്നും അകന്ന് നിൽക്കുന്നവർ. സ്ത്രീയാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. ആരുടെയും സ്ഥലം അപഹരിക്കാത്ത, അധികം ഒച്ചയുണ്ടാക്കാത്ത, മെലിഞ്ഞ സ്ത്രീയാണല്ലോ സുന്ദരനാരീ സങ്കല്പം തന്നെ! അതുകൊണ്ട് തന്നെ 200 കിലോയിലേറെ തൂക്കമുണ്ടായിരുന്ന ഒരാൾ തന്റെ തടിയെപറ്റി ഒരു പുസ്തകമെഴുതുമ്പോൾ വായിച്ചല്ലേ പറ്റൂ!!

അങ്ങനെയാണ് Roxane Gay എന്ന എഴുത്തുകാരിയുടെ Hunger: A Memoir of my body എന്ന പുസ്തകം വായിക്കാൻ തുടങ്ങുന്നത്.

Roxane Gay ഒരു ബഹുമുഖപ്രതിഭയാണ്. എഴുത്തുകാരി, കോളമിസ്റ്റ്, എഡിറ്റർ ഒക്കെയായ Roxane പർഡ്യൂ യൂനിവേർസ്റ്റിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറുമാണ്. അവർ 2017 ൽ എഴുതിയ ഒരു ബെസ്റ്റ് സെല്ലർ ആണ് Hunger: A Memoir of my body.

സാധാരണ എഴുത്തുകാർ ഭ്രഷ്ട് കൽപ്പിച്ച് മാറ്റിനിർത്തുന്ന ഒരു വിഷയം പ്രതിപാദിക്കുമ്പോഴും വളരെ രസകരമായി കൈയടക്കത്തോടെ അതവതരിപ്പിക്കാൻ എഴുത്തുകാരിക്ക് കഴിയുന്നു. സ്കൂൾ കാലത്ത് ലൈംഗികാതിക്രമത്തിന് വിധേയയാകേണ്ടിവന്നതിന്റെ അനുഭവകഥയോടെയാണ് പുസ്തകം തുടങ്ങുന്നത് തന്നെ. വായനക്കാരെ വല്ലാതെ അലോസരപ്പെടുത്തും ആ വിവരണങ്ങൾ.. തന്റെ തെറ്റുകൊണ്ടാണ് ഇത് സംഭവിച്ചത് എന്ന സ്വയം കുറ്റപ്പെടുത്തലിൽ നിന്ന് തുടങ്ങി, ഇനി ഇങ്ങനെ ഒന്ന് സംഭവിച്ചാൽ അതിൽ നിന്ന് തന്നെ രക്ഷിക്കാൻ താൻ കൂടുതൽ വലിപ്പവും ശക്തിയുമുള്ള ഒരാളാവണം എന്ന തോന്നലിലെത്തി, ഭക്ഷണത്തിൽ ശരണം തേടുന്ന ചെറുപ്പകാലം Roxane വിവരിക്കുന്നു. പിന്നീടങ്ങോട്ട് കിട്ടുന്ന സമയത്തൊക്കെ കഴിക്കാവുന്നതിൽ കൂടുതൽ ഭക്ഷണം കഴിക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്തു അവർ. ഇതുകൊണ്ട് സാമൂഹിക ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ പങ്കുവെക്കുകയാണ് പുസ്തകത്തിൽ
സാധാരണജീവിതത്തിൽ തടികൂടിയ സ്ത്രീകൾ നേരിടേണ്ടിവരുന്ന അവഹേളനങ്ങളും കുറ്റപ്പെടുത്തലുകളും ഒക്കെ വിവരിക്കുന്നുണ്ട് പുസ്തകത്തിൽ.

Thursday, August 30, 2018

Hidden Figures - Margot Lee Shetterly


ബഹിരാകാശഗവേഷണത്തിലെ അഗ്രഗണ്യന്മാരാണ് അമേരിക്ക! ചന്ദ്രനിലേക്ക് ആദ്യമായി ആൾക്കാരെ എത്തിച്ചതടക്കമുള്ള അമേരിക്കയുടെ സ്പേസ് പ്രോഗ്രാമുകളെപറ്റി കേൾക്കാത്തവർ ചുരുങ്ങും. അമേരിക്കയും സോവിയറ്റ് യൂനിയനുമായുള്ള ശീതയുദ്ധത്തിനിടയിലാണ് ലോകത്ത് ബഹിരാകാശഗവേഷണങ്ങൾ ശക്തിയാർജ്ജിക്കുന്നത്. പക്ഷെ സ്പുട്നിക്കും ലൂനയും യൂറി ഗഗാറിനുമൊക്കെ കൂടി അമേരിക്കയെ ഈ മേഖലയിൽ തോൽപ്പിച്ചുകൊണ്ടേ ഇരുന്നു. ആദ്യം കുറെ തിരിച്ചടികളൊക്കെ നേരിട്ടുവെങ്കിലും അമേരിക്കക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
1950 മുതൽ 1970 വരെയുള്ള 20 വർഷങ്ങളിലാണ് ബഹിരാകാശ ഗവേഷണത്തിൽ വൻകുതിപ്പ് ഉണ്ടായത്.
പക്ഷെ ആ കാലഘട്ടത്തിലെ അമേരിക്ക വർണ്ണവിവേചനത്തിന്റെ പിടിയിലായിരുന്നു. മിക്ക ഹോട്ടലുകളിലും കറുത്തവർക്ക് പ്രവേശനമില്ല, കറുത്തവരും വെളുത്തവരും വെവ്വേറെ സ്ഥലങ്ങളിൽ മാത്രം താമസിക്കുന്നു, ബീച്ചുകളും പള്ളികളും വേറെ വേറെ. ഒട്ടുമിക്ക കമ്പനികളിലും കറുത്തവരെ ജോലിക്കെടുക്കില്ല. കോളേജുകളിലും അവർക്ക് പ്രവേശനമില്ല!

ഈ ഒരു കാലഘട്ടത്തിൽ കറുത്തവർഗക്കാരനായി ജീവിക്കേണ്ടിവരുക എന്നത് കഷ്ടപ്പാട് നിറഞ്ഞതാണ്. സ്ത്രീയാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. എന്നാൽ ആ പ്രതികൂല കാലഘട്ടത്തിലും സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടിയ കുറച്ച് വനിതകളുടെ കഥ പറയുകയാണ് ഹിഡൻ ഫിഗേഴ്സ് എന്ന ഈ പുസ്തകം.

ഇന്നത്തെ നാസ, 1958 നു മുമ്പ് നാക (NACA) ആയിരുന്നു. വെർജീനിയയിലെ ലാംഗ്ലി റിസർച്ച് സെന്റർ ആയിരുന്നു നാകയുടെ ഗവേഷണ കേന്ദ്രം. അവിടത്തെ കമ്പ്യൂട്ടിംഗ് സെക്ഷനിൽ കമ്പ്യൂട്ടർ ആയി (അതെ കമ്പ്യൂട്ടർ എന്നത് ഒരു ജോലിയായിരുന്നു! ) ജോലിചെയ്ത ഡൊറോത്തി വോൺ, മേരി ജാക്സൺ, കാതറീൻ ജോൺസൺ, ക്രിസ്റ്റീൻ ഡാർഡൻ എന്നിവരുടെ അദ്ധ്വാനത്തിന്റെയും ജീവിത വിജയത്തിന്റെയും കഥയാണിത്. കമ്പ്യൂട്ടർ എന്ന നിലയിൽ ജോലിയിൽ തുടങ്ങി പടിപടിയായി ഉയർന്ന്, മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ 11 ന്റെ ട്രജക്ടറി ഗണിച്ചെടുക്കുന്ന ജോലി വരെ യെത്തി നിൽക്കുന്നു കാതറീൻ ജോൺസണിന്റെ കരിയർ! തന്റെ ഫ്ലൈറ്റ് പാത്ത് കാതറീൻ പരിശോധിച്ച് ഉറപ്പ് വരുത്താതെ ബഹിരാകാശത്തേക്ക് പോകാൻ ഞാൻ തയ്യാറല്ല എന്ന് അമേരിക്കയുടെ രണ്ടാമത്തെ ബഹിരാകാശയാത്രികൻ ജോൺ ഗ്ലെൻ പറയുന്നിടം വരെ എത്തുന്നു കാതറീന്റെ പെരുമ! 
ബഹിരാകാശ റോക്കറ്റുകളുടെ ലോഞ്ച് വിൻഡോ , ലക്ഷ്യസ്ഥാനത്തു നിന്നും പുറകോട്ട് കണക്കുകൂട്ടി കണ്ടുപിടിക്കുന്നതിൽ കാതറീന്റെ കഴിവ അപാരമായിരുന്നു. 
നാകയിലും നാസയിലുമായി കുറെയധികം കറുത്ത സ്ത്രീകൾ ജോലി ചെയ്തിട്ടുണ്ട്. പക്ഷെ അതിലെ നാലുപേരുടെ കഥമാത്രമേ മാര്‍ഗറ്റ് ലീ ഷെറ്റേളി തന്റെ ഹിഡൻ ഫിഗേഴ്സിൽ പറയുന്നുള്ളൂ. സ്വന്തം കഴിവും ആത്മാർഥതയും കഠിനാദ്ധ്വാനവും കൊണ്ട് നാടിനും ലോകത്തിനും തന്നെ അഭിമാനമായി വളർന്ന നാലു പേർ!


Tuesday, July 31, 2018

Option B - Facing adversity, Building resilience and Finding Joy - Sheryl Sandberg & Adam Grant

സോഷ്യൽ മീഡിയ ലോകത്ത് ഷെറിൽ സാൻഡ്ബർഗിനെ അറിയാത്തവർ  ചുരുങ്ങും. Google  ന്റെ വൈസ് പ്രസിഡണ്ട് സ്ഥാനം  രാജിവെച്ച്  ഫേസ്ബുക്കിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ  ഷെറിൽ Lean In എന്ന പ്രശസ്തമായ പുസ്തകം എഴുതിയിട്ടുണ്ട്. 2012 ൽ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള 100 പേരിൽ ഒരാളായി ടൈം മാഗസിൻ  ഷെറിൽ സാൻഡ്ബർഗിനെ  തിരഞ്ഞെടുത്തിരുന്നു. ഷെറിലും പ്രൊഫസ്സറും സൈക്കോളജിസ്റ്റുമായ ആഡം ഗ്രാന്റും കൂടി എഴുതിയ പുസ്തകമാണ് ഓപ്ഷൻ ബി. പ്രിയപ്പെട്ടവരുടെ വേർപാടിൽ നിന്ന് നിങ്ങൾക്കെങ്ങനെ കരകയറാം എന്ന് സ്വന്തം അനുഭവത്തിലൂടെ വിവരിക്കുന്ന ഒരു പുസ്തകമാണ് ഇത്.

2015 ലെ മെയ് മാസം ഒന്നാം തീയതി.  മെക്സിക്കോയിലെ ഒരു റിസോർട്ടിൽ  വെക്കേഷൻ ആഘോഷിച്ചുകൊണ്ടിരിക്കുകയായിരുന്നു ഷെറിലും, ഭർത്താവ് ഡേവ് ഗോൾഡൻബർഗും. അന്ന്  വൈകുന്നേരം  റിസോർട്ടിലെ ജിമ്മിലെക്ക് പോയ ഡേവിനെ, നേരം കുറേ കഴിഞ്ഞിട്ടും  തിരിച്ചെത്താത്തത് കണ്ട് ഷെറിൽ അന്വേഷിച്ച് പോയി.  ഷെറിൽ ജിമ്മിൽ എത്തിയപ്പോൾ കണ്ടത് നിലത്ത് മരിച്ച്  കിടക്കുന്ന ഭർത്താവിനെയായിരുന്നു. തന്റെ പ്രിയപ്പെട്ടവന്റെ മരണം  ഷെറിൽ സാന്‍ഡ്ബര്‍ഗിനെ അപ്പാടെ ഉലച്ചുകളഞ്ഞു. കൊടും ദുഃഖം, കടുത്ത നിരാശാബോധം ഇവയൊക്കെ, സമാനമായ അവസ്ഥയിലുള്ള മറ്റേതൊരു സ്ത്രീയെയും പോലെ ഷെറിലിനെയും ബാധിച്ചു. രണ്ട് കുഞ്ഞു കുട്ടികളെയും കൊണ്ട്,  ഇനി സാധാരണജീവിതത്തിലേക്ക് മടങ്ങിവരാൻ പറ്റില്ല എന്ന് അവർ ചിന്തിക്കാൻ തുടങ്ങി! ലോകത്തിലെ തന്നെ ഏറ്റവും പേരുകേട്ട കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആയ ഷെറിലിന്, തന്റെ സ്വന്തം ജീവിതത്തിൽ ഇങ്ങനെയൊരു അപകടം വന്നപ്പോൾ എന്ത് ചെയ്യണം എന്ന് ഒരു രൂപവുമുണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും ബന്ധുക്കളും സുഹൃത്തുകളും ഏറ്റെടുത്തു. എവിടെ ഇരിക്കണം, എപ്പോൾ ഭക്ഷണം കഴിക്കണം അങ്ങനെ എല്ലാം അവർ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. ഒന്നും സ്വന്തമായി ചെയ്യാൻ പറ്റാതെ കഴിവുകെട്ടവളെപ്പോലെ ഷെറിൽ ഇരുന്നു.
 സ്വപ്രയത്നം കൊണ്ട് മാത്രമേ ഈ ദുരിതത്തിൽ നിന്ന് കരകയറാൻ പറ്റൂ എന്ന് തിരിച്ചറിഞ്ഞ ഷെറിൽ അതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നു. അതിനുവേണ്ടി പ്രശസ്ത സൈക്കോളജിസ്റ്റും വാർട്ടൺ കോളെജ് പ്രൊഫസറുമായ ആഡം ഗ്രാന്റുമായി ചേർന്ന് നടത്തിയ പരിശ്രമങ്ങളുടെ ആകെത്തുകയാണ് ഈ പുസ്തകം. ജോലിയിൽ നിന്ന് പിരിച്ചുവിടൽ, മാറാരോഗം, ബലാൽസംഘം, യുദ്ധം അങ്ങനെ നമ്മളെ ഉലച്ചുകളയുന്ന പല വിപത്തുകളിലും പെട്ട കുറെയേറെ ആൾക്കാരുടെ ജീവിതാനുഭവങ്ങളും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. 
അതിൽ എനിക്ക് ഇഷ്ടപ്പെട്ട ഭാഗം "“Kicking the Elephant Out of the Room” എന്ന അദ്ധ്യായമാണ്. ഭർത്താവിന്റെ മരണശേഷം ഏത് സ്ഥലത്ത് പോയാലും കൂടെയുള്ളവർക്ക് ഷെറിലിനോടുള്ള വികാരം ഒരു തരം സഹതാപം ആയിരുന്നു. ഷെറിലിന്റെ മരിച്ചുപോയ ഭർത്താവിനെക്കുറിച്ച് മാത്രം എല്ലാവരും ചിന്തിക്കുകയും, അതേ സമയം ആരും തന്നെ അദ്ദേഹത്തെ പറ്റി ഒരക്ഷരം പോലും മിണ്ടാതിരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയായിരുനു എവിടെയും.  മുറിയിൽ നിറഞ്ഞ് നിൽക്കുന്ന ആ വലിയ ആനയെ അവഗണിക്കാൻ  എല്ലാവരും കഷ്ടപ്പെടുന്ന സ്ഥിതി.  ആ സ്ഥിതി ഒഴിവാക്കാൻ പറ്റുമെങ്കിൽ മരിച്ചുപോയ ആളിന്റെ കാര്യങ്ങളും തമാശകളും പറയുക എന്നത് മൊത്തം സാഹചര്യത്തിന്റെ കനം ലഘൂകരിക്കാൻ വളരെ ഉപകാരപ്പെടും എന്ന് ഷെറിൽ പറയുന്നു, 

പുസ്തകം എന്തോ എനിക്കത്ര ഇഷ്ടപ്പെട്ടില്ല. ആവർത്തനവിരസത ഒരു കാര്യമാവാം.  ഇതു കൂടാതെ ഞാൻ ചിന്തിച്ചത് വേറൊരു തലത്തിലായിരുന്നു-ഒരേ തരം വിപത്തുകൾ പല ആൾക്കാരിൽ ഉണ്ടാക്കുന്ന ആഘാതം പലതരത്തിൽ ആയിരിക്കും. അതിനെ ഒരു പറ്റം ജനറൽ തിയറികളിൽ കൂട്ടിക്കെട്ടാൻ പറ്റുമെന്ന് ഞാൻ കരുതുന്നില്ല. കോടികളുടെ സമ്പാദ്യവും ബന്ധുബലവുമുള്ള ഷെറിൽ സാൻഡ്ബർഗിന് ഇതൊക്കെ എളുപ്പത്തിൽ സാധ്യമാക്കാം. അതല്ലല്ലോ ബാക്കിയുള്ളവരുടെ സ്ഥിതി.

  

Tuesday, July 24, 2018

Thinking, Fast and Slow by Daniel Kahneman

“അമ്മേ എന്റെ പുസ്തകം കാണുന്നില്ലാ”…
അടുക്കളയിൽ നിന്ന് അമ്മ: “ആ അലമാരിയിൽ ഉണ്ട് പുസ്തകം. ശരിക്കും നോക്ക്”
“ശരിക്കും നോക്കി അമ്മേ.. ഇവിടെ എവിടെയും ഇല്ലാ..”

ദേഷ്യത്തോടെ അമ്മ മുറിയിലേക്ക് വരുന്നു. അലമാരിയിൽ നമ്മള് ശരിക്കും നോക്കിയ തട്ടിൽ നിന്ന് തന്നെ  പുസ്തകം എടുത്ത് കൈയിൽ തരുന്നു. “നീ എന്താ കണ്ണുപൊട്ടനാ” എന്ന് വഴക്കും പറഞ്ഞ് പോകുന്നു. ജീവിതത്തിൽ  ഒരിക്കലെങ്കിലും ഈ അനുഭവം ഇല്ലാത്തവർ ചുരുങ്ങും. എന്തായിരിക്കും ഞാൻ നോക്കുമ്പൊ അത് കാണാഞ്ഞത്?

ഈ ചോദ്യത്തിന് ഉത്തരം കിട്ടണം എന്നുണ്ടെങ്കിൽ മടിക്കാതെ വാങ്ങി വായിച്ചോളൂ - Thinking Fast and Slow എന്ന ഈ പുസ്തകം.

പ്രശസ്ത സൈക്കോളജിസ്റ്റും നോബൽ സമ്മാന ജേതാവുമായ Daniel Kahneman തന്റെ വളരെക്കാലത്തെ ഗവേഷണത്തിനു ശേഷം എഴുതിയതാണ് ഈ പുസ്തകം. മനുഷ്യനിൽ  ചിന്ത എന്ന പ്രക്രിയ നടക്കുന്നതിനു പിന്നിലെ ചില രസകരങ്ങളായ വിവരങ്ങൾ ഒരുപാട് ഉദാഹരണങ്ങളിലൂടെ വിവരിക്കുകയാണ് ഈ പുസ്തകത്തിൽ. അടിസ്ഥാനപരമായി ചിന്താപ്രക്രിയയെ രണ്ടു വിഭാഗമായി തിരിച്ചിരിക്കുന്നു ഇദ്ദേഹം. "സിസ്റ്റം1 “ എന്നത് പെട്ടെന്ന് ഉത്തരം തരുന്ന, വളരെ intuitive  ആയ ഒരു പ്രക്രിയ. എന്ത് ചോദ്യം കേട്ടാലും ആദ്യം പ്രവർത്തിച്ചു തുടങ്ങുന്നത് ഇതാണ്. ഈ സിസ്റ്റം 1 ചിന്തയെ ഏത് നിമിഷം വേണമെങ്കിലും സ്വിച്ച് ഓഫ് ചെയ്യാം. ഉത്തരം കണ്ടെത്താൻ കൂടുതൽ ഗഹനമായ ചിന്ത വേണ്ടിവരുന്നസമയത്ത്  സിസ്റ്റം 1 നെ നിർത്തി വെച്ച്,  ചിന്തിക്കാനുള്ള ചുമതല സിസ്റ്റം 2 ഏറ്റെടുക്കും. വിവേകവും ബുദ്ധിയും അറിവും ഉപയോഗിച്ച് സിസ്റ്റം 2 അതിന്റെ ഉത്തരം കണ്ടെത്തുന്നു. 
ഉദാഹരണത്തിന്, രണ്ടും രണ്ടും കൂട്ടിയാൽ എത്ര എന്ന് ചോദിച്ചാൽ ഉത്തരം വരുന്നത് സിസ്റ്റം 1 ചിന്താപ്രക്രിയയിൽ നിന്നുമാണ്. അതേസമയം 28 X 23എത്ര എന്നാണ് ചോദ്യമെങ്കിൽ സിസ്റ്റം 2 ആയിരിക്കും ഇടപെടുക!

ഏത് നിമിഷത്തിൽ നോക്കിയാലും നമ്മുടെ ചുറ്റും ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ടാവും. അതിന്റെ കാര്യകാരണങ്ങൾ അന്വേഷിച്ചുകൊണ്ടേയിരുന്നാൽ നമ്മുടെ തലച്ചോറ് ചൂടായി തീപിടിച്ചൂന്ന് വരും. അതൊഴിവാക്കാനാവണം, നമ്മുടെ മുന്നിൽ നടക്കുന്ന മിക്കവാറും സംഗതികളെ “ഇതൊക്കെ ഇവിടെ സ്ഥിരം ഒള്ളതാടേ, വിട്ടുകള” എന്ന സിഗ്നൽ വഴി നമ്മളെ ഒരുതരം അശ്രദ്ധകൊണ്ടുള്ള അന്ധതയിലേക്ക് നയിക്കുന്നത്. അതായത് ചുറ്റും നടക്കുന്നത് എപ്പോഴും പൂർണ്ണമായി കാണണമെങ്കിൽ അതിനായിട്ടുള്ള ശ്രമം നാം എപ്പൊഴും എടുത്തുകൊണ്ടേയിരിക്കണം എന്നർത്ഥം. ഡ്രൈവിംഗ് ചെയ്യുന്നതിനിടയിൽ ഫോണിൽസംസാരിച്ചുകൊണ്ട് നിന്നാൽ അപകടം ഉണ്ടാവാനുള്ള സാധ്യത കൂടുന്നത്, റോഡിലെ കാഴ്ചക്കുള്ള പ്രയത്നം നാം എടുക്കുന്നില്ല എന്നത്കൊണ്ടുതന്നെയാണ്. 
വളരെ എളുപ്പമുള്ള, അതേസമയം പെട്ടെന്ന് തെറ്റിക്കാൻ സാധ്യതയുള്ള,  കുറെ ചോദ്യങ്ങളുമായി നടത്തിയ ഒരു പരീക്ഷയുടെ അനുഭവം പറയുന്നുണ്ട് ഈ പുസ്തകത്തിൽ. ഏകദേശം ഒരേ ബുദ്ധിനിലവാരമുള്ള രണ്ട് കൂട്ടം വിദ്യാർത്ഥികൾക്കിടയിൽ ഒരു പരീക്ഷ നടത്തുന്നു. ആദ്യത്തെ കൂട്ടർക്ക് കൊടുത്തത് വെള്ളക്കടലാസിൽ നീലനിറത്തിൽ ഭംഗിയായി പ്രിന്റ് ചെയ്ത ചോദ്യപ്പേപ്പർ ആയിരുന്നു. രണ്ടാമത്തെ കൂട്ടർക്ക് വായിക്കാൻ ബുദ്ധിമുട്ടാവുന്ന തരത്തിൽ എഴുതിയുണ്ടാക്കിയ ചോദ്യപ്പേപ്പറും. രണ്ടിലും ഒരേ ചോദ്യങ്ങൾ. ന്യായമായും നല്ല ചോദ്യപ്പേപ്പർ കിട്ടിയവർ കൂടുതൽ മാർക്ക് വാങ്ങിക്കാണും എന്നാണ് ഞാൻ കരുതിയത്. പക്ഷെ സംഗതി നേരെ തിരിച്ചായിരുന്നു. മോശം ചോദ്യപ്പേപ്പർ കിട്ടിയവർക്ക് മറ്റേ ഗ്രൂപ്പിനേക്കാൾ 30% മാർക്ക് കൂടുതൽ. ഇതിന്റെ കാരണം പറയുന്നത്- വായിക്കാൻ ബുദ്ധിമുട്ടായ ചോദ്യപ്പേപ്പർ വായിക്കാൻ തുടങ്ങുമ്പോൾ തന്നെ നമ്മുടെ ചിന്താപ്രക്രിയ സിസ്റ്റം2 വിലേക്ക് മാറുന്നു. പിന്നെ വളരെ യുക്തിഭദ്രമായ ഉത്തരങ്ങൾ മാത്രമേ വരൂ!!

എന്തായാലും രസിച്ച് വായിക്കാൻ പറ്റിയ ഒരു പുസ്തകം.  


  

Thursday, April 12, 2018

How Democracies Die - Steven Levitsky and Daniel Ziblatt

മനുഷ്യ സമൂഹം ഇന്നേവരെ അനുവർത്തിച്ചതിൽ,  കൂട്ടത്തിൽ നല്ലത് എന്ന് പറയാവുന്ന ഭരണരീതി പാർലമെന്ററി ജനാധിപത്യം ആണെന്നാണ്  അഭിജ്ഞ മതം. എന്നാൽ ഈയടുത്ത കാലത്തായി  തീവ്ര വലതുപക്ഷചിന്തകളുടെയും സങ്കുചിതമായ ദേശീയവാദത്തിന്റെയും ചുവടുപിടിച്ച്, വാചകക്കസര്‍ത്തുകളിലൂടെ ജനവികാരം ഇളക്കി വിട്ട് അധികാരത്തിന്റെ തലപ്പത്ത് എത്തുന്നവരുടെ എണ്ണം കൂടുന്നതായി നമ്മൾ കാണുന്നു. റഷ്യ, വെനിസ്വേല, ടർക്കി, ഫിലിപ്പീൻസ്, ഇന്ത്യ, അമേരിക്ക… അങ്ങനെ എണ്ണിയാലോടുങ്ങാത്തത്രേം ഉദാഹരണങ്ങൾ. ജനാധിപത്യം മരിക്കുന്നതിന്റെ ആരംഭമാണോ ഈ സൂചനകൾ?
ഇതിന്റെ കാര്യകാരണങ്ങൾ വിശകലനം ചെയ്യുകയാണ് How Democracies Die എന്ന ഈ പുസ്തകം.

ഫാഷിസം, കമ്മ്യൂണിസം, പട്ടാള അട്ടിമറി ഇതൊക്കെയായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിൽ  ജനാധിപത്യത്തിന്റെ കൊലയാളികൾ.  ഒരു കൂട്ടം ആയുധധാരികൾ രാത്രി ഭരണാധിപന്റെ കൊട്ടാരം വളയുന്നു, കൊട്ടാരം കത്തിക്കുന്നു, പ്രസിഡണ്ടിനെ/പ്രധാനമന്ത്രിയെ കുടുംബത്തോടടക്കം കൊല്ലുന്നു, ഭരണഘടന സസ്പെന്റ് ചെയ്യുന്നു- അങ്ങനെ അവിടെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു. ചിലി, അർജന്റീന, ഇറ്റലി, ജർമ്മനി, സോവിയറ്റ് യൂണിയൻ, പോളണ്ട്, പാക്കിസ്ഥാൻ ഇവിടെയൊക്കെ സംഭവിച്ചത് ഉദാഹരണങ്ങളായി മുന്നിലുണ്ട്. എന്നാൽ ശീതയുദ്ധത്തിനുശേഷം തോക്കിൻകുഴലിലൂടെയുള്ള അട്ടിമറി അപൂർവമായി മാറി. പകരം, ജനാധിപത്യത്തിന്റെ കശാപ്പുകാർ ഇന്ന് ഉയർന്ന് വരുന്നത് ബാലറ്റ് പെട്ടിയിലൂടെ തന്നെയാണ്.  പോപ്പുലിസ്റ്റ്, ദേശീയവാദങ്ങളുയർത്തി  തിരഞ്ഞെടുപ്പിലൂടെ ജയിക്കുന്നവർ, ഭരണത്തിലിരുന്ന് ഇഞ്ചിഞ്ചായി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു. നിയമമോ ഭരണഘടനയോ പരസ്യമായി ലംഘിക്കാത, തനിക്ക് വേണ്ടപ്പെട്ടവരെ സുപ്രീം കോടതി ജഡ്ജിമാരായി  നിയമിക്കുന്നതിലൂടെയും, ന്യൂസ് മീഡിയകളെ വിലക്കെടുക്കുന്നതിലൂടെയും ഒക്കെയായി മെല്ലെമെല്ലെയാണ് ഈ അട്ടിമറി നടക്കുന്നത്. പട്ടാള അട്ടിമറിപോലെയോ, അടിയന്തിരാവസ്ഥപ്രഖ്യാപനം പോലെയോ ഒരു “Moment of happening” ഇല്ലാ എന്നതുകൊണ്ട് ആരും ശ്രദ്ധിക്കാതെ ഈ ദ്രവിക്കൽ നടക്കുന്നു. ഇതിനെ എതിർക്കുന്നവർ രാജ്യദ്രോഹികളായും, പെരുപ്പിച്ച് പറഞ്ഞ് പേടി പരത്തുന്നവരായും ചിത്രീകരിക്കപ്പെടുന്നു. ഭരണത്തിന്റെ ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും ഒരു കാരണം പറഞ്ഞ്, ഭരണം തീർത്തും ഒന്നോ രണ്ടോ ആളുടെ കൈപ്പിടിയിലാവുന്നു. 

ശകതമായ ഭരണഘടനയോ, സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു ജനതയോ അല്ല ഒരിടത്തെ ജനാധിപത്യത്തിന്റെ ശക്തി. പ്രതിപക്ഷ ബഹുമാനത്തോടെ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളും  അതിലെ നേതാക്കളും ആണ് ജനാധിപത്യത്തെ നിലനിർത്തുന്നത്. അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ അപചയമാണ്, ട്രമ്പ് എന്ന demagogue നെ പ്രസിഡണ്ടാക്കിയത് എന്ന് ഈ പുസ്തകം പറയുന്നു. ടർക്കിയിലെ ഉർദുഗാൻ, അർജന്റീനയിലെ പെറോൺ, ഫിലിപ്പീൻസിലെ മാർക്കോസ് തുടങ്ങി ഒരുപാട് ഏകാധിപതികളെക്കുറിച്ച് പരാമർശിക്കുന്നുണ്ട് പുസ്തകത്തിൽ. 


വളരെ ഭംഗിയായി, ചെറിയ ചെറിയ വാചകങ്ങളിലൂടെ ഒരു പാട് ചരിത്രം പറഞ്ഞ് തരുന്നു ഈ പുസ്തകം. 


Saturday, March 31, 2018

വിശുദ്ധപാപങ്ങളുടെ ഇന്ത്യ - അരുൺ എഴുത്തച്ഛൻ

'...റിക്ഷ ചവിട്ടിയ അയാൾ പെട്ടെന്ന് അടുത്ത ചോദ്യമെറിഞ്ഞു: “നിങ്ങൾക്ക് ഇത്തരം സ്ത്രീകളെ കിട്ടണമെന്ന് അത്ര നിർബന്ധമാണോ സാബ്?"
ഞാൻ ആവേശത്തോടെ പറഞ്ഞു:
"അതെ, കിട്ടിയാൽ നന്നായിരുന്നു."
"എങ്കിൽ നിങ്ങൾ എന്റെ വീട്ടിലേക്ക് വരൂ. എന്റെ ഭാര്യയെ നിങ്ങൾക്ക് ഉപയോഗിക്കാം. 200 രൂപ തന്നാൽ മതി."

-വിശുദ്ധ പാപങ്ങളുടെ ഇന്ത്യ (അരുൺ എഴുത്തച്ഛൻ)- ഡി സി ബുക്സ്.

മംഗലാപുരത്തെ ഡാൻസ് ബാറുകൾ നിരോധിച്ചു എന്ന വാർത്ത സ്വാഭാവികമായും ദിനപത്രത്തിന്റെ ഒറ്റക്കോളത്തിൽ മാത്രം വായിച്ചുപോകുന്ന ഒന്നാണ്. പക്ഷെ ന്യൂസ് ഡെസ്കിലിരിക്കുന്ന ഒരാൾക്ക് ആ വാർത്ത അങ്ങനെ നിസ്സാരമായി കണ്ട് വിട്ടുകളയാൻ തോന്നിയില്ല. ഇത്രയും ഡാൻസ് ക്ലബുകൾ ഒന്നിച്ച് നിരോധിക്കപ്പെടുമ്പോൾ അവിടെ ജോലി ചെയ്തിരുന്ന സ്ത്രീകളുടെ ജീവിതത്തിന്  എന്ത് സംഭവിക്കുന്നു എന്നറിയേണ്ടതാണെന്ന് അരുൺ എഴുത്തച്ഛൻ എന്ന പത്രപ്രവർത്തകനു തോന്നി. കൂടുതൽ അറിയുവാനായി മംഗലാപുരത്തേക്ക് വണ്ടികയറിയ അദ്ദേഹത്തിന്റെ യാത്ര  സംഭവബഹുലമായ ഒരു അൻവേഷണത്തിന്റെ തുടക്കം മാത്രമായിരുന്നു. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ, നിരന്തരമായി ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളുടെ ജീവിതകഥകൾ വരച്ചുകാട്ടുകയാണ് - വിശുദ്ധപാപങ്ങളുടെ ഇന്ത്യ - എന്ന  ഈ പുസ്തകത്തിൽ.
 
കർണ്ണാടകയിലെ ഉച്ചംഗിമലയിലെ ദേവീക്ഷേത്രത്തിൽ വെച്ച് ദേവദാസിയാക്കപ്പെടുന്ന ദരിദ്ര പെൺകുട്ടികളിലൂടെ കടന്ന്, മംഗലാപുരത്തെ ഡാൻസ്ബാറുകൾ, മുംബൈയിലെ ചുവന്ന തെരുവ്, കൽക്കത്തയിലെ സോനാഗച്ചി എന്നിവിടങ്ങളിൽ എത്തിപ്പെടുന്ന സ്ത്രീജന്മങ്ങളുടെ ഗതികേടുകളുടെ  ഒരു നേർക്കാഴ്ച വായനക്കാരന് നൽകുന്നുണ്ട്‌ ഈ പുസ്തകം. കൂടെ പുനരധിവാസമെന്ന പേരിൽ നടക്കുന്ന കാട്ടിക്കൂട്ടലുകളുടെ പിന്നാമ്പുറക്കഥകളും. 
ദേവദാസീ സമ്പ്രദായത്തിന്റെ പേരിൽ നടയിരുത്തപ്പെടുന്ന പെൺകുട്ടികൾ, അവരുടെ യുവത്വം നശിക്കുമ്പോൾ എത്തിപ്പെടുന്നത് മഹാനഗരങ്ങളിലെ പുറമ്പോക്കുകളിലാണ്. സമാനമായ സ്ഥിതിയാണ് വിധവകളായ സ്ത്രീകൾക്ക് ഉത്തർപ്രദേശിലെ വൃന്ദാവനിലും നേരിടേണ്ടിവരുന്നത്. മുഖങ്ങൾ മാത്രം മാറുന്നു, കഥകൾക്കെല്ലാം ഒരേ നിറങ്ങൾ! ഉജ്ജയിനിലെ ഒരു വേശ്യാത്തെരുവ് അടക്കി വാണിരുന്ന സുനിതയും, പുരി ജഗന്നാഥക്ഷേത്രത്തിലെ അവസാനത്തെ ദേവദാസി നർത്തകിയായ സിരിമണിയും, ആന്ധ്രയിലെ കലാവന്തലുകളും എല്ലാം ഒരേ അച്ചിൽ വാർത്ത കഥകൾ! 
ആറ് വർഷത്തോളം ഇന്ത്യയൊട്ടാകെ യാത്ര ചെയ്ത് എഴുതിയതാണെങ്കിലും, ഒരിടത്ത് പോലും ഇതൊരു യാത്രാവിവരണമാണെന്ന് തോന്നില്ല. നിറം പിടിപ്പിച്ച കഥകളോ വിവരണങ്ങളോ ഇല്ല. ഒരു ചരിത്രകാരന്റെ അവധാനതയോടെ വസ്തുതകളും  കണക്കുകളും വായനക്കാരന്റെ മുന്നിലേക്ക്‌ വെക്കുകയാണ്‌ ഗ്രന്ഥകാരൻ ചെയ്യുന്നത്‌. 

വിശപ്പ് - അതുമാത്രമാണ് പരമമായ സത്യം. സോനാഗച്ചിയിലെ തന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പോലും അനുമതി ഇല്ലാത്ത പൂർണ്ണിമ പറയുന്നുണ്ട് - “വിശപ്പറിഞ്ഞവൾക്ക് അത് മാറ്റാനുള്ള വഴികൾ തന്നെയാണ് മുഖ്യം. പുറംലോകം കാണാൻ പറ്റില്ല എന്നതൊക്കെ കൃത്യമായി ഭക്ഷണം കഴിച്ചു ജീവിക്കുന്നവരുടെ മാത്രം പ്രശ്നമാണ്.

സനാതനധർമ്മത്തിന്റെ പേരിൽ അഹങ്കരിക്കുന്ന ഇന്ത്യയിലെ ഓരോരുത്തനും വായിച്ചറിയേണ്ടുന്ന ഒരു പുസ്തകം!


പി എസ്: ഗ്രന്ഥകാരന്റെ ഫീച്ചറിനെ അടിസ്ഥാനമാക്കി കോടതി പിന്നീട് ദേവദാസി സമ്പ്രദായം നിരോധിച്ചു.  

Saturday, March 24, 2018

Chaos Monkeys - Antonio García Martinez

സിലിക്കൺ വാലിയിൽ നിന്ന്, ചെറിയ തോതിൽ തുടങ്ങി വളർന്ന് വന്ന്  ലോകം തന്നെ കീഴടക്കിയ പല കമ്പനികളുടെയും കഥകൾ പലപ്പോഴായി നമ്മൾ കേൾക്കാറുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ, AirBnB, WhatsApp, Instagram തുടങ്ങി എണ്ണിയാൽ തീരാത്തത്രേം വിജയഗാഥകൾ. വിജയിക്കുന്നവർ എഴുതുന്നതാണ് ചരിത്രം എന്നത് കൊണ്ട് തന്നെ, എവിടെയും എത്താതെ പോകുന്ന കമ്പനികളെ പറ്റിയോ അല്ലെങ്കിൽ ജയിച്ചവരുടെ  വിജയത്തിനു പിന്നിലെ കള്ളക്കളികളെക്കുറിച്ചോ ആരും  ഒന്നും പറയാറില്ല. അവിടെയാണ്  Antonio García Martinez എന്ന Startup Enterpreneur  വ്യത്യസ്തനാവുന്നത്. 
Past is what we owe to the Future എന്ന് വിശ്വസിക്കുന്ന Antonio എഴുതിയ Chaos Monkeys: Obscene Fortune and Random Failure in Silicon Valley
എന്ന പുസ്തകം വായിക്കേണ്ടതും ആ ഒറ്റകാരണം കൊണ്ടുതന്നെ.

ആദ്യം ഗ്രന്ഥകാരനെപറ്റി:  UC Berkeley യിൽ ഫിസിക്സിൽ പി എഛ് ഡി ചെയ്യുന്നതിനിടയിലാണ് Antonio ക്ക് ഗോൾഡ്മാൻ സാക്സിന്റെ ട്രേഡിംഗ് ഡെസ്കിൽ ജോലി കിട്ടുന്നത്. ഫിസിക്സൊക്കെ തട്ടിൻപുറത്ത് വെച്ച് നേരെ ന്യൂയോർക്കിലേക്ക്. കുറച്ച് വർഷങ്ങൾക്ക് ശേഷം അവിടെ നിന്ന് രാജിവെച്ച് ഒരു Online advertisement സ്റ്റാർട്ടപ്പിൽ ചേരുന്നു. അധികം താമസിയാതെ അതും വിട്ട് സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് തുടങ്ങുന്നു. പ്രശസ്തമായ Y Combinator വഴി ഫണ്ട് ശേഖരിച്ച് തുടങ്ങിയ ഈ കമ്പനി കുറച്ച് നാളുകൾക്ക് ശേഷം 10 മില്ല്യൺ ഡോളറിന് ട്വിറ്ററിന് വിറ്റു. അതിനുശേഷം ഫേസ്ബുക്കിലെ Ads division ൽ പ്രൊഡക്റ്റ് മാനേജറായി 2 വർഷം ജോലി ചെയ്ത്, അവിടെ നിന്നും രാജിവെച്ചു. ഇപ്പോൾ തന്റെ ചെറിയ കപ്പലിൽ ലോകം ചുറ്റുന്നു!
ഇനി പുസ്തകത്തിലേക്ക് -  
ഒരു പുസ്തകത്തിന്- അതും ആത്മകഥക്ക്-  Chaos Monkey എന്ന പേര് വളരെ രസകരമായി തോന്നി. നെറ്റ്ഫ്ലിക്സ് എന്ന വീഡിയോ ഷെയറിംഗ്/ Streaming കമ്പനി അവരുടെ സെർവറുകളും മറ്റും ടെസ്റ്റ് ചെയ്യാൻ ഉണ്ടാക്കിയ ഒരു സോഫ്റ്റ്വെയർ ആണ് Chaos Monkey. ഒരു സെർവർ റൂമിൽ കുറെ കുരങ്ങന്മാരെ കയറ്റി വിട്ടാൽ എന്ത് ചെയ്യും- കുറച്ചെണ്ണം വയറുകൾ പിടിച്ച് വലിക്കും, കയ്യിൽ കിട്ടിയ കമ്പ്യൂട്ടറൊക്കെ എറിഞ്ഞ് പൊട്ടിക്കും അങ്ങനെ ഒരു തീർത്തും random ആയ ഒരു കലാപം അവിടെ നടക്കും. അങ്ങനെയുള്ള ഒരു ചുറ്റുപാടിൽ, കമ്പനിയുടെ സിസ്റ്റം എങ്ങനെ വർക്ക് ചെയ്യും എന്ന് ടെസ്റ്റ് ചെയ്യുന്ന ഒരു സോഫ്റ്റ്വെയർ ആണ്  Chaos Monkey . നമ്മുടെ സമൂഹത്തിലെ ഒരു തരം Chaos Monkey ആണ് താനടക്കമുള്ള ടെക്നോളജി സ്റ്റാർട്ടപ്പുകൾ എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ പുസ്തകം തുടങ്ങുന്നത്. 
പ്രധാനമായും ഈ പുസ്തകത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്.  സ്റ്റാർട്ടപ്പ് കമ്പനികളുടെയും വെൻച്വർ കാപിറ്റലിസ്റ്റുകളുടെയും(വീ സി)  ഉള്ളുകള്ളികൾ തുറന്ന് കാണിക്കുന്ന  ആദ്യഭാഗം.  വീസിമാർ എന്നാൽ സാധാരണ ഗതിയിൽ കൈയിൽ ഇഷ്ടം പോലെ കാശുള്ള, പക്ഷെ സമയമോ, ടെക്നോളജിയെക്കുറിച്ചുള്ള വിവരമോ ഇല്ലാത്തവരാണ്.  ഒട്ടും കാശ് കൈയിലില്ലാത്ത , പക്ഷെ സമയവും ടെക്നോളജിയും ഇഷ്ടം പോലെ കൈമുതലായുള്ളവരാണ് സ്റ്റാർട്ടപ്പിൽ ജോലി ചെയ്യുന്ന എഞ്ചിനീയർമാർ. ഇവരുടെ രണ്ട് പേരുടെയും കാശ്, സമയം, ടെക്നോളജി എന്നിവ  അങ്ങോട്ടും ഇങ്ങോട്ടും വളരെ വിദഗ്ദമായി ട്രേഡ്  ചെയ്യുന്ന ഒരാൾക്കേ ഒരു സ്റ്റാർട്ടപ്പ് കമ്പനി ഉയർത്തിക്കൊണ്ട് വരാൻ പറ്റൂ എന്ന് അന്റോണിയോ പറയുന്നു. ഒരുപാട് നേരിട്ടുള്ള അനുഭവങ്ങൾ ഉദാഹരണങ്ങളായി നിരത്തി അദ്ദേഹം അത് സമർത്ഥിക്കുന്നു. തന്റെ കമ്പനിയുടെ ആദ്യകാലത്ത്, അത് തകർക്കാൻ വേണ്ടി, മുന്നേ ജോലി ചെയ്ത കമ്പനി കേസ് കൊടുക്കുന്നതും, അതിനെ പല കള്ളക്കളികളിലൂടെയും എതിർത്ത് തോൽപ്പിക്കുന്നതും ഇതിൽ വായിക്കാം. 

രണ്ടാം ഭാഗം ഫേസ്ബുക്കിലെ പ്രൊഡക്റ്റ് മാനേജർ ആയിട്ടുള്ള  കാലഘട്ടത്തിന്റെ വിവരണമാണ്. Facebook ഷെയർ മാർകറ്റിൽ ലിസ്റ്റ് ചെയ്യുന്നതിനു തൊട്ട് മുൻപും ശേഷവുമായ 2 വർഷങ്ങൾ. Corporate ജീവിതങ്ങളെ അടുത്തറിയുന്നത് കൊണ്ടും, ടെക്നോളജിയുമായി സ്നേഹത്തിലായതുകൊണ്ടുമായിരിക്കണം, ഈ രണ്ടാം ഭാഗമാണ് എന്നെ വല്ലാതെ ആകർഷിച്ചത്.  ഫേസ്ബുക്കിലെ Advertisement Target ടീമിന്റെ പ്രൊഡക്ട് മാനേജറായിട്ടാണ് അന്റോണിയോ ചേരുന്നത്. നമ്മൾ ഓരോരുത്തരും കൊടുക്കുന്ന ഡാറ്റ (ഫേസ് ബുക്ക് പ്രൊഫൈലിൽ ആയാലും, പുറത്ത് ഇന്റെർനെറ്റിൽ എവിടെയായാലും), എങ്ങനെയാണ് കമ്പനികൾ കാശായി മാറ്റുന്നത് എന്ന് ഈ പുസ്തകം വായിച്ചാൽ മനസ്സിലാവും.  The Narcissism of Privacy  എന്ന ഒരു അദ്ധ്യായം ഉണ്ട് ഇതിൽ ( ആ പേര് എനിക്ക് ക്ഷ പിടിച്ചൂ! ). ഡാറ്റാ പ്രൈവസി എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്, നമ്മടെ പേര്, ഫോൺ നമ്പർ, അഡ്രസ്, കുടുംബത്തിലുള്ളവരുടെ ഡിറ്റെയിൽസ് എന്നിവയൊക്കെയല്ലേ. താനറിയാതെ ആരും ഇതൊന്നും കാണരുത്, തന്റെ സമ്മതമില്ലാതെ ഇതൊന്നും ഉപയോഗിക്കരുത് എന്നൊക്കെയാണ് സോഷ്യൽ മീഡിയാ ഡാറ്റാ പ്രൈവസിയിൽ മിക്കവാറും എല്ലാരും ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതും. എന്നാൽ  നിങ്ങളുടെ ഈ ഡാറ്റയിൽ സോഷ്യൽ മീഡിയാ കമ്പനികൾക്കൊന്നും യാതൊരു താത്പര്യവുമില്ല എന്നതാണ് സത്യം. അവർക്ക് വേണ്ടത് വേറെ ചില കാര്യങ്ങളാണ്. നിങ്ങൾ ആഴ്ചയിൽ എത്രതവണ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുന്നു,  ഏത് ഹോട്ടലിലാണ് സാധാരണ പോകാറ് (Checked into Kuttappayi Restaurant type posts…), എത്രതവണ വിദേശയാത്ര ചെയ്യുന്നു, ഏത് കമ്പനിയുടെ  ഷൂവാണ് നിങ്ങൾ ഇഷ്ടപ്പെട്ടുന്ന് പറഞ്ഞ് പോസ്റ്റിയത്, നിങ്ങൾ ഏതൊക്കെ  ആമസോണിലോ ഫ്ലിപ്കാർട്ടിലോ പോയി ഏതൊക്കെ ഉത്പന്നങ്ങളാണ് ഷോപ്പിംഗ് കാർട്ടിലേക്ക് ഇട്ടത്   ഈ വിവരങ്ങളൊക്കെയാണ് കമ്പനികൾക്ക് വേണ്ടത്. അതിനെയാണ് അവർക്ക് വിറ്റ് കാശാക്കാൻ എളുപ്പം. അതെങ്ങിനെ ചെയ്യുന്നു എന്ന്  ഒരു  ഏകദേശ ധാരണയുണ്ടാക്കാൻ ഈ പുസ്തകത്തിലെ രണ്ടാം ഭാഗം വായിച്ചാൽ മതിയാവും ! ഇത് കൂടാതെ ഓൺലൈനിലും അല്ലാതെയും നടക്കുന്ന micro targetted advertisement നെക്കുറിച്ചുള്ള  ആകർഷകമായ ഒരുൾകാഴ്ച നൽകാനും ഈ പുസ്തകം നിങ്ങളെ സഹായിക്കും.


ടെക്നോളജിയെ ഇഷ്ടപ്പെടുന്ന, പക്ഷെ സാധാരണക്കാരായ വായനക്കാർക്ക് വേണ്ടി എഴുതിയ ഒരു പുസ്തകമാണിത്. പ്രത്യേകിച്ചും പ്രൈവസിയുടെ പേരിൽ ഫേസ്ബുക്കിനെ എല്ലാവരും പഴിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്,  പറ്റുമെങ്കിൽ വായിക്കൂ. 

അലർട്ട്- പുസ്തകത്തിലെ പല ഉദാഹരണങ്ങളും എ സർട്ടിഫികറ്റ് വാങ്ങിത്തരുന്ന ടൈപ്പ് ആയതുകൊണ്ട്, കുട്ടികൾക്ക് വായിക്കാൻ പറ്റുന്നതല്ല എന്നാണ് എന്റെ തോന്നൽ! 
 

Wednesday, February 07, 2018

Thank you for being late - Thomas L Friedman

"When I in dreams behold thy fairest shade

Whose shade in dreams doth wake the sleeping morn

The daytime shadow of my love betray’d

Lends hideous night to dreaming’s faded form.”

ഈ കവിതാശകലം വായിച്ചിട്ട് വല്ല പ്രത്യേകതയും  തോന്നിയോ?  ഈ കവിത എഴുതിയത് ഒരു മനുഷ്യനല്ല, മറിച്ച് ഒരു കമ്പ്യൂട്ടർ പ്രോഗ്രാമാണ്. 

കവികളെ മാത്രമല്ല നമ്മൾ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്ന പല പല ജോലികളും  ഇനിയങ്ങോട്ട് ചെയ്യാൻ പോവുന്നത് കമ്പ്യൂട്ടറുകളായിരിക്കും. ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ചെയ്യുന്ന ജോലി ഡ്രൈവർ ആണ്. പക്ഷെ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഡ്രൈവർ ജോലി അപ്രത്യക്ഷമാകും എന്ന് ഉറപ്പ്. സ്റ്റെനോഗ്രാഫറും, എസ് ടിഡി ബൂത്ത് ഓപ്പറേറ്ററും, തയ്യൽക്കാരനും അപ്രത്യക്ഷമായതു പോലെ, ഡ്രൈവർമാരും അപ്രത്യക്ഷമാകും!
  
എന്താണ് ഈ മാറ്റത്തിന്റെ പുറകിൽ എന്ന് വിവരിക്കുകയാണ് തോമസ് ഫ്രീഡ്മാൻ തന്റെ “Thank You For Being Late - An optimistic guide to thriving in the age of accelerations” പുസ്തകത്തിൽ! മനോഹരമായ പുസ്തകം.

മൂന്ന് വൻശക്തികളാണ് ഈ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് എന്നാണ് ഈ ഗ്രന്ഥം പറയുന്നത്. 

1) മൂർസ് നിയമം: വളരെ സിമ്പിളായി പറഞ്ഞാൽ “ഓരോ രണ്ട് വർഷത്തിലും കമ്പ്യൂട്ടറുകളുടെ മൊത്തത്തിലുള്ള Processing Power ഇരട്ടിയാവും” എന്ന നിരീക്ഷണമാണ് മൂർസ് നിയമം. ഇത്രയും കാലമായി ഈ നിയമം കൃത്യമായി പാലിക്കപ്പെടുന്ന വിധത്തിൽ ടെക്നോളാജി മുന്നേറിക്കൊണ്ടിരിക്കുന്നു. ആദ്യമായി ചന്ദ്രനിലിറങ്ങിയ ബഹിരാകാശ വാഹനമായ Apollo 11 ൽ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിനേക്കാൾ എത്രയോ ഇരട്ടി ശേഷിയുള്ള കമ്പ്യൂട്ടറാണ് നാമെല്ലാരും മൊബൈൽ ഫോൺ എന്നും പറഞ്ഞ് പോക്കറ്റിൽ ഇട്ട് നടക്കുന്നത്! 2007 ൽ ഈ മേഖലയിൽ ഒരു വൻ കുതിച്ച് ചാട്ടം തന്നെ ഉണ്ടായി. ആപ്പിളിന്റെ ഐഫോണിന്റെ വരവോടെ,  ഒരു മൊബൈൽ ഫോൺ മാത്രമല്ല ഉണ്ടായത്- ആപ്പ് ഡെവലപ്മെന്റ്, കൂടിയ നെറ്റ്വർക്ക് അങ്ങനെ വലിയ ഒരു ecosystem കൂടെ അതിന്റെ കൂടെ വികസിച്ചു വന്നു. ഇതൊന്നും കൂടാതെ, Facebook, Twitter, AirBNB, Hadoop അങ്ങനെ ഒരു പാട് പുതിയ ടെക്നോളജിയും പ്ലാറ്റ്ഫോമുകളും വികസിച്ചത് 2007 ലാണ്. ഈ വളർച്ച അതേ വേഗതയിൽ ഇന്നും തുടരുന്നു - മനുഷ്യന്റെ ജീവിതത്തെ ദിവസേനയെന്നോണം മാറ്റി മറിച്ചുകൊണ്ട്.

2) ആഗോളവത്കരണം : 20 വർഷങ്ങൾക്ക് മുൻപ് ഗ്രാമത്തിലുള്ള ഒരാൾക്ക് തന്റെ സാധനം വിറ്റഴിക്കാൻ ഏക ഉപാധി തന്റെ തൊട്ടടുത്തുള്ള ചന്ത മാത്രമായിരുന്നു. ഇന്ന് ലോകം എന്ന വിപണി  ആർക്കും എവിടെ നിന്നും എത്തിപ്പിടിക്കാം .  ഉദാഹരണത്തിന് 20 വർഷം മുൻപ് നാട്ടിൽ കുട്ടികൾക്ക് ട്യൂഷൻ  നടത്തിയിരുന്ന ഒരാൾക്ക് ഇന്ന് ഒരു ഓൺലൈൻ ട്യൂഷൻ വഴി അമേരിക്കയിലോ ഉഗാണ്ടയിലോ ഉള്ള കുട്ടികൾക്ക് ട്യൂഷൻ എടുക്കാം. എത്രയോ ഇരട്ടി കാശും ഉണ്ടാക്കാം! തനിക്കറിയാവുന്ന പാചകവൈദഗ്ധ്യം മാത്രം കൈമുതലാക്കി യുട്യൂബ് ചാനൽ വഴി  ദിവസേന 250-300ഡോളർ വരെ സമ്പാദിക്കുന്ന ഒരാളെപറ്റി ഞാൻ കേട്ടിട്ടുണ്ട്.

3) പ്രകൃതി മാറ്റങ്ങൾ: കാലാവസ്ഥാ വ്യതിയാനം വലിയൊരു പ്രശ്നമാ?ണ് ഇന്ന്. ഇത് കൃഷിയെയോ പ്രകൃതിവ്യവസ്ഥയെയോ മാത്രമല്ല- രാജ്യങ്ങൾ തമ്മിൽ തന്നെ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയിലെ മാറ്റങ്ങൾ മനുഷ്യനെന്ന ജീവിവർഗത്തിന്റെ മുന്നോട്ടുള്ള പാതയിൽ ഒരുപാട് വെല്ലുവിളികൾ ഉയർത്തും എന്ന്  ഫ്രീഡ്മാൻ പറയുന്നു.

ഇനിയങ്ങോട്ട് ജോലി ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അത്യാവശ്യമായി വേണ്ട മൂന്ന് കാര്യങ്ങൾ അദ്ദേഹം പറയുന്നു.
1) Life long learning : എപ്പോഴും പഠിച്ചുകൊണ്ടിരിക്കാൻ തയ്യാറാവുക
2) STEM: സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഉള്ള അറിവ് 
3) Coding :  കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് അറിഞ്ഞിരിക്കുക


കുറച്ചധികം ഗവേഷണം നടത്തി തയ്യാറാക്കിയതാണ് ഈ പുസ്തകം എന്നതുകൊണ്ടും  ലളിതവും  രസകരവുമായ ആഖ്യാനരീതി കൊണ്ടും കുട്ടികൾക്ക് പോലും ഇഷ്ടപ്പെടുന്ന ഒന്നായിട്ടാണ് എനിക്ക് തോന്നിയത്. പറ്റുമെങ്കിൽ വാങ്ങി വായിക്കുക!!




Sunday, January 07, 2018

ഓർമ്മച്ചെരാതുകൾ - ജി വേണുഗോപാൽ

ജി വേണുഗോപാലിന്റെ പാട്ടുകൾ എനിക്ക്  ഇഷ്ടമാണ്. ഇന്റർവ്യൂകളിലും മറ്റും വളരെ ഹൃദ്യമായി അദ്ദേഹം സംസാരിക്കുന്നതും കണ്ടിട്ടുണ്ട്. അങ്ങനെയുള്ള ഒരാളുടെ ആത്മകഥ കണ്ടപ്പോൾ വാങ്ങാതിരിക്കാൻ തോന്നിയില്ല.

ശ്രീജിത് കെ വാരിയറുമൊന്നിച്ച് ജി വേണുഗോപാൽ എഴുതിയ “ഓർമ്മച്ചെരാതുകൾ- സ്മരണകളുടെ സംഗീതയാത്ര” എന്ന പുസ്തകം അങ്ങനെയാണ് കൈയിലെത്തുന്നത്. പുസ്തകത്തിലെ കുറെയേറെ ഭാഗങ്ങൾ തന്റെ ബ്ലോഗിൽ മുന്നെ പ്രസിദ്ധീകരിച്ചവയാണെന്ന് പുസ്തകത്തിൽ പറയുന്നു.
തന്റെ കുടുംബ പശ്ചാത്തലം, സ്കൂൾ കാലം മുതലിങ്ങോട്ടുള്ള സംഗീതാനുഭവങ്ങൾ, എം ജി രാധാകൃഷ്ണനൊടുണ്ടായിരുന്ന ആത്മബന്ധം, സിനിമാ മേഖലയിലെ  പ്രമുഖരുമായുള്ള ബന്ധങ്ങളും അവരോടൊപ്പമുള്ള അനുഭവങ്ങളും ഇവയൊക്കെയാണ് പുസ്തകത്തിന്റെ കാതൽ.

കൃത്യമായ ഒരു തുടർച്ചയില്ല എന്നതും, എഡിറ്റിംഗിലെ ഒരുപാട് പോരായ്മകളും (പല സംഭവങ്ങളും റിപ്പീറ്റ് ചെയ്ത് വരുന്നുണ്ട്), സാഹിത്യഭംഗി തീരെ ഇല്ലാത്ത എഴുത്തും, അങ്ങനെ ആകെ കൂടി മടുപ്പിച്ച ഒരു വായനയായിരുന്നു ഇത്..

എന്റെ നൂറു രൂപ ഹുദാ ഗവ 😃
 

ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ - പി സുരേന്ദ്രൻ

രണ്ട് മൺകയ്യാലകൾക്കിടയിൽ കഷ്ടിച്ച് ഒരാൾക്ക് മാത്രം നടന്ന് പോകാൻ പറ്റുന്ന ഒരു വഴിയായിരുന്നു അത്.  വേനലവധിക്കാലത്ത്  അമ്മയുടെ വീട്ടിൽ വന്നാൽ, രാവിലെ ഓടിപ്പോയി നോക്കും ഈ വഴിയിൽ പുളിയൻമാങ്ങ വീണുകിടക്കുന്നുണ്ടോന്ന്. 
മാങ്ങക്ക് പകരം കുറെ ചെമ്പകപ്പൂക്കൾ വീണ് കിടക്കുന്നുണ്ടാവും. ആ വഴി നിറയെ നനുനനുത്ത ചെമ്പകപ്പൂവിന്റെ സുഗന്ധവും.
കയ്യാലയിൽ നിറയെ പൊത്തുകളാണ്. വല്ലപ്പോഴും ഓരോ പൊന്മാൻ എവിടെ നിന്നോ പറന്ന് വന്ന് ഈ എണ്ണമില്ലാത്ത പൊത്തുകളിലേതിലെക്കെങ്കിലും അങ്ങ് അപ്രത്യക്ഷമാകും.   ഓണക്കാലത്ത് പോയാൽ ഈ ഇടവഴിയുടെ രണ്ട് വശത്തും തുമ്പപ്പൂക്കൾ വിടർന്ന് നിൽക്കുന്നുണ്ടാവും.

ഓർമ്മയിൽ എവിടെയോ വിട്ട് പോയ ഈ കയ്യാലയും ഇടവഴിയും പുളിയന്മാങ്ങയും പൊന്മാൻ മുട്ടയുമൊക്കെ തിരികെ കൊണ്ടുത്തരാൻ ഒരു പുസ്തകത്തിനു പറ്റി. വളരെ ആകസ്മികമായി വാങ്ങിയ “ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ” എന്ന പി സുരേന്ദ്രന്റെ പുസ്തകത്തിന്. ഡി സി ബുക്സാണ് പ്രസാധകർ.
പ്രശസ്തനോവലിസ്റ്റും കഥാകൃത്തും ആയ പി സുരേന്ദ്രൻ, തന്റെ സ്വത സിദ്ധമായ ലളിതസുന്ദര വാക്കുകളിൽ നമ്മെ ആ ചെമ്പകപ്പൂ വീണുകിടക്കുന്ന ഇടവഴിയിലൂടെ കൈപിടിച്ച് നടത്തുന്നു…
പാപ്പിനിപ്പാറയിലെ രാധടീച്ചറുടെ ബാലവാടിയിൽ നിന്ന് തുടങ്ങി തീക്ഷ്ണയൗവനത്തിലെ പൊള്ളുന്ന നക്സൽ ഓർമ്മകൾ വരെ നീളുന്ന മനോഹരമായ ഒരു കൂട്ടം ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകം. 
സ്കൂളിൽ വർഷാവസാനപരീക്ഷക്കിടയിലാണ് അത് സംഭവിച്ചത്. ഓടിന്റെ ഇടയിൽ നിന്ന് ഒരു അണ്ണാൻകുഞ്ഞ് താഴേക്ക് വീഴുന്നു. ടീച്ചർ അതിനെ എടുത്ത് മേശപ്പുറത്ത് വെച്ചു. "ആദ്യം പരീക്ഷ എഴുതിതീരുന്ന ആൾക്ക് ആ അണ്ണാൻകുഞ്ഞിനെ കൊണ്ടുപോകാം” എന്ന് ടീച്ചർ പ്രഖ്യാപിച്ചു. കണക്ക് പരീക്ഷയാണോ, അണ്ണാൻകുഞ്ഞാണോ വലുത് എന്ന കാര്യത്തിൽ സുരേന്ദ്രന് സംശയമൊന്നും ഉണ്ടായിരുന്നില്ല. അപ്പോ തന്നെ പേപ്പർ കൊടുത്ത് അണ്ണാൻകുഞ്ഞിനെയും വാങ്ങി വീട്ടിലേക്ക് നടക്കുന്ന ലേഖകൻ വായനക്കാരന്റെ മനസ്സിൽ ഒരു കുടന്ന ഇലഞ്ഞിപ്പൂ കോരിയിടുന്നു! 

മൈസൂരിലെ മരപ്പാവകൾ എന്ന ഒരു അദ്ധ്യായത്തിൽ,   ഒരു ജോലിക്ക് വേണ്ടി വീട് വിട്ടുപോയി മൈസൂരിലെ ഒരു മൂന്നാം കിട ബാറിൽ ജോലിചെയ്യുന്ന  കൗമാരകാലത്തെ സുരേന്ദ്രനെ വരച്ച് കാണിക്കുന്നുണ്ട്. അവിടെ നിന്ന് സ്വന്തമായി പഠിച്ച് പ്രിഡിഗ്രീ പാസായി അദ്ധ്യാപകനാവുന്ന ലേഖകന്റെ ജീവിതവഴികളിലെ അനുഭവങ്ങളും കഷ്ടപ്പാടുകളും നമുക്ക് തൊട്ടറിയാം ഇതിലൂടെ.
പോലീസുമായുള്ള ഒരു ഏറ്റുമുട്ടലിൽ തലനാരിഴക്ക് രക്ഷപ്പെട്ട നക്സലൈറ്റ് ബാവ എന്ന കോഴിക്കോട്ടുകാരൻ അമീറലിയുടെ വിട്ടുവീഴ്ചയില്ലാത്ത സമരജീവിതകഥ പറയുന്നുണ്ട് ഇതിൽ. “എനിക്കെന്നെ വിൽക്കാൻ വയ്യ..കാലഘട്ടം എത്രയൊക്കെ മാറിയാലും അസത്യത്തിനും അവസരവാദത്തിനും എത്രയൊക്കെ പാഠഭേദം വന്നാലും, എന്റെ മൂല്യബോധം കൈവിടാൻ തയ്യാറല്ല” എന്ന് ഉറക്കെപ്പറയുന്ന അമീറലി! 
സിദ്ധണ്ണൻ, അലവ്യാക്കാ, വേലായുധൻ ഡോക്ടർ, മൗലാനാ എന്ന അബ്ദുൾ ഹമീദ്, രാധാ ടീച്ചർ, അനിയേട്ടൻ അങ്ങനെ ഒരു പാട് വേറിട്ട മനുഷ്യരെ പരിചയപ്പെടുത്തുന്നുണ്ട് അങ്ങോളമിങ്ങോളം!

അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്ത ഒരുകൂട്ടം കഥാപാത്രങ്ങളെ, അതിമനോഹരവും ലളിതവുമായ ഭാഷയിൽ നിങ്ങളുടെ കൈകളിലേക്ക് ഇട്ട്  തരുന്നു സുരേന്ദ്രൻ!