Thursday, August 30, 2018

Hidden Figures - Margot Lee Shetterly


ബഹിരാകാശഗവേഷണത്തിലെ അഗ്രഗണ്യന്മാരാണ് അമേരിക്ക! ചന്ദ്രനിലേക്ക് ആദ്യമായി ആൾക്കാരെ എത്തിച്ചതടക്കമുള്ള അമേരിക്കയുടെ സ്പേസ് പ്രോഗ്രാമുകളെപറ്റി കേൾക്കാത്തവർ ചുരുങ്ങും. അമേരിക്കയും സോവിയറ്റ് യൂനിയനുമായുള്ള ശീതയുദ്ധത്തിനിടയിലാണ് ലോകത്ത് ബഹിരാകാശഗവേഷണങ്ങൾ ശക്തിയാർജ്ജിക്കുന്നത്. പക്ഷെ സ്പുട്നിക്കും ലൂനയും യൂറി ഗഗാറിനുമൊക്കെ കൂടി അമേരിക്കയെ ഈ മേഖലയിൽ തോൽപ്പിച്ചുകൊണ്ടേ ഇരുന്നു. ആദ്യം കുറെ തിരിച്ചടികളൊക്കെ നേരിട്ടുവെങ്കിലും അമേരിക്കക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
1950 മുതൽ 1970 വരെയുള്ള 20 വർഷങ്ങളിലാണ് ബഹിരാകാശ ഗവേഷണത്തിൽ വൻകുതിപ്പ് ഉണ്ടായത്.
പക്ഷെ ആ കാലഘട്ടത്തിലെ അമേരിക്ക വർണ്ണവിവേചനത്തിന്റെ പിടിയിലായിരുന്നു. മിക്ക ഹോട്ടലുകളിലും കറുത്തവർക്ക് പ്രവേശനമില്ല, കറുത്തവരും വെളുത്തവരും വെവ്വേറെ സ്ഥലങ്ങളിൽ മാത്രം താമസിക്കുന്നു, ബീച്ചുകളും പള്ളികളും വേറെ വേറെ. ഒട്ടുമിക്ക കമ്പനികളിലും കറുത്തവരെ ജോലിക്കെടുക്കില്ല. കോളേജുകളിലും അവർക്ക് പ്രവേശനമില്ല!

ഈ ഒരു കാലഘട്ടത്തിൽ കറുത്തവർഗക്കാരനായി ജീവിക്കേണ്ടിവരുക എന്നത് കഷ്ടപ്പാട് നിറഞ്ഞതാണ്. സ്ത്രീയാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. എന്നാൽ ആ പ്രതികൂല കാലഘട്ടത്തിലും സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടിയ കുറച്ച് വനിതകളുടെ കഥ പറയുകയാണ് ഹിഡൻ ഫിഗേഴ്സ് എന്ന ഈ പുസ്തകം.

ഇന്നത്തെ നാസ, 1958 നു മുമ്പ് നാക (NACA) ആയിരുന്നു. വെർജീനിയയിലെ ലാംഗ്ലി റിസർച്ച് സെന്റർ ആയിരുന്നു നാകയുടെ ഗവേഷണ കേന്ദ്രം. അവിടത്തെ കമ്പ്യൂട്ടിംഗ് സെക്ഷനിൽ കമ്പ്യൂട്ടർ ആയി (അതെ കമ്പ്യൂട്ടർ എന്നത് ഒരു ജോലിയായിരുന്നു! ) ജോലിചെയ്ത ഡൊറോത്തി വോൺ, മേരി ജാക്സൺ, കാതറീൻ ജോൺസൺ, ക്രിസ്റ്റീൻ ഡാർഡൻ എന്നിവരുടെ അദ്ധ്വാനത്തിന്റെയും ജീവിത വിജയത്തിന്റെയും കഥയാണിത്. കമ്പ്യൂട്ടർ എന്ന നിലയിൽ ജോലിയിൽ തുടങ്ങി പടിപടിയായി ഉയർന്ന്, മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച അപ്പോളോ 11 ന്റെ ട്രജക്ടറി ഗണിച്ചെടുക്കുന്ന ജോലി വരെ യെത്തി നിൽക്കുന്നു കാതറീൻ ജോൺസണിന്റെ കരിയർ! തന്റെ ഫ്ലൈറ്റ് പാത്ത് കാതറീൻ പരിശോധിച്ച് ഉറപ്പ് വരുത്താതെ ബഹിരാകാശത്തേക്ക് പോകാൻ ഞാൻ തയ്യാറല്ല എന്ന് അമേരിക്കയുടെ രണ്ടാമത്തെ ബഹിരാകാശയാത്രികൻ ജോൺ ഗ്ലെൻ പറയുന്നിടം വരെ എത്തുന്നു കാതറീന്റെ പെരുമ! 
ബഹിരാകാശ റോക്കറ്റുകളുടെ ലോഞ്ച് വിൻഡോ , ലക്ഷ്യസ്ഥാനത്തു നിന്നും പുറകോട്ട് കണക്കുകൂട്ടി കണ്ടുപിടിക്കുന്നതിൽ കാതറീന്റെ കഴിവ അപാരമായിരുന്നു. 
നാകയിലും നാസയിലുമായി കുറെയധികം കറുത്ത സ്ത്രീകൾ ജോലി ചെയ്തിട്ടുണ്ട്. പക്ഷെ അതിലെ നാലുപേരുടെ കഥമാത്രമേ മാര്‍ഗറ്റ് ലീ ഷെറ്റേളി തന്റെ ഹിഡൻ ഫിഗേഴ്സിൽ പറയുന്നുള്ളൂ. സ്വന്തം കഴിവും ആത്മാർഥതയും കഠിനാദ്ധ്വാനവും കൊണ്ട് നാടിനും ലോകത്തിനും തന്നെ അഭിമാനമായി വളർന്ന നാലു പേർ!