അമേരിക്ക ആസ്ഥാനമായ , 1200 കോടി ഡോളർ പ്രതിവർഷ വരുമാനമുള്ള ഒരു ബഹുരാഷ്ട്രകമ്പനിയാണ് ALCOA corporation. 1888 ൽ സ്ഥാപിച്ച ഈ കമ്പനിക്ക് ആറോളം രാജ്യങ്ങളിൽ അലൂമിനിയം ഫാക്ടറികൾ ഉണ്ട്. ചോക്കലേറ്റ് റാപ്പർ മുതൽ സാറ്റലൈറ്റ് പാർറ്റ്സ് വരെ ഉണ്ടാക്കിയിരുന്ന കമ്പനി!
വളരെ നല്ല നിലയിൽ ലാഭമുണ്ടാക്കിക്കൊണ്ടിരുന്ന ALCOA ക്ക് 1980 കളിൽ അടിതെറ്റാൻ തുടങ്ങി. അടിക്കടി ലാഭത്തിൽ കുറവ്, പ്ലാന്റുകളിലെ ഉയർന്ന മെയിന്റനൻസ് ചിലവുകൾ, പ്രഗത്ഭരായ ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക്, അങ്ങനെ പ്രശ്നങ്ങൾ പലത് പൊങ്ങി വന്നു! കൂടുതൽ നല്ല തൊഴിൽസാഹചര്യങ്ങൾക്ക് വേണ്ടി പലയിടത്തും തൊഴിൽസമരങ്ങൾ തലപൊക്കി.
അതേസമയം ലാഭം കൂട്ടുന്നതിനുവേണ്ടി നിക്ഷേപകർ മറുവശത്തും ഒച്ചപ്പാടുണ്ടാക്കുന്നുണ്ടായിരുന്നു. അങ്ങനെ 1987 ഒക്ടോബറിൽ കമ്പനി പുതിയ സി ഇ ഓ യെ നിയമിക്കാൻ തീരുമാനിച്ചു. 1976 വരെ യു എസ് ഗവണ്മെന്റ് ഓഫീസറായിരുന്ന്, പിന്നീട് അതിൽ നിന്ന് രാജിവെച്ച് ഇന്റർനാഷണൽ പേപ്പർ എന്ന കമ്പനിയുടെ സി ഇ ഓ ആയി പ്രവർത്തിച്ചു വരികയായിരുന്ന പോൾ ഒനീൽ ആയിരുന്നു ALCOA യുടെ ഡയറക്ടർ ബോർഡ് കണ്ടെത്തിയ പുതിയ സി ഇ ഓ!
ഒരു മുൻ ഗവണ്മെന്റ് എംപ്ലൊയി ആണ് സി ഇ ഓ ആയി വരുന്നത് എന്നറിഞ്ഞ നിക്ഷേപകർ ആദ്യം തന്നെ നിരാശയിലായി!
അങ്ങനെ പുതിയ സി ഇ ഓ, ആദ്യമായി നിക്ഷേപകരെയും മാർക്കറ്റ് അനലിസ്റ്റുകളെയും കാണുന്ന ആ ദിവസം വന്നെത്തി. ന്യൂയോർക്ക് മാൻഹാട്ടണിലെ ഒരു ലക്ഷ്വറി ഹോട്ടലിൽ ആയിരുന്നു ചടങ്ങ്. സാധാരണയായി ആദ്യമായി ഒരു പുതിയ സി ഇ ഓ നിക്ഷേപകരെ കാണുമ്പോൾ അവരെ പരമാവധി സുഖിപ്പിക്കുക എന്നതായിരിക്കും പ്രധാനലക്ഷ്യം. അതിനുവേണ്ടി വരാൻ പോകുന്ന വൻ ലാഭത്തിന്റെ പൊള്ളക്കണക്കുകൾ സി ഇ ഓ കാണിക്കും! അങ്ങനെ സുഖിക്കാൻ കാത്തിരുന്ന നിക്ഷേപകരെ ഞെട്ടിച്ചുകൊണ്ട്, പുതിയ സി ഇ ഓ തന്റെ പ്രസംഗം തുടങ്ങി.
“I want to talk to you about worker safety,“Every year, numerous Alcoa workers are injured so badly that they miss a day of work. I intend to make Alcoa the safest company in America. I intend to go for zero injuries.” സി ഇ ഒ പറഞ്ഞു നിർത്തി.
കേൾവിക്കാർ ആകെ ചിന്താക്കുഴപ്പത്തിലായി. കമ്പനിയുടെ expansion plan ഇല്ല, ലാഭസാധ്യതയുടെ കണക്കില്ല, ബിസിനസ് buzzwords ഒന്നുപോലുമില്ല.. പകരം വർക്കർ സേഫ്റ്റിയെപറ്റിയാണ് ഇയാൾ പ്രസംഗിക്കുന്നത്.. ഇയാൾ ഏതോ സേഫ്റ്റി ഓഫീസർ ആണെന്ന് തോന്നുന്നു! ഇയാൾ തന്നെയാണോ ശരിക്കും സി ഇ ഓ?
അവസാനം, നിക്ഷേപകരിൽ ഒരാൾ ഒരു ചോദ്യം ചോദിച്ചു
“എയ്റോസ്പേസ് ഡിവിഷനിലെ inventory status എന്താണ് ഇപ്പോൾ?”
ശാന്തനായി പോൾ മറുപടി പറഞ്ഞു - “ഞാൻ ആദ്യം പറഞ്ഞത് നിങ്ങൾ ശ്രദ്ധിച്ചുവോ എന്നെനിക്കറിയില്ല. കമ്പനി എങ്ങനെ പോകുന്നു എന്നറിയണമെങ്കിൽ കമ്പനിയുടെ തൊഴിൽ സുരക്ഷാ പ്രശ്നങ്ങളും അവസംബന്ധിച്ച കണക്കുകളുമാണ് ആദ്യം അറിയേണ്ടത്. ഇൻവെന്റോറിയും ലാഭവും ഒക്കെ പിന്നെയേ വരുന്നുള്ളൂ”
ഹാളിൽ ശ്മശാന മൂകത പരന്നു.
ആദ്യമായി ഹാളിൽ നിന്ന് പുറത്തിറങ്ങിയ സ്റ്റോക്ക് അനലിസ്റ്റുകളും നിക്ഷേപകരും തങ്ങളുടെ ക്ലയന്റിനെയും വേണ്ടപ്പെട്ടവരെയും വിളിച്ച് പറഞ്ഞു - “ALCOA ഏതോ ഒരു ഹിപ്പിയെയാണ് സി ഇ ഓ ആയി വെച്ചിരിക്കുന്നത്. അയാൾ ഈ കമ്പനിയെ കുളം തോണ്ടും. കിട്ടുന്ന പൈസക്ക് നിങ്ങളുടെ കൈയിലുള്ള സ്റ്റോക്ക് അങ്ങ് വിറ്റുകള!”
വർഷങ്ങൾക്ക് ശേഷം, അതിൽ ഒരു ഇൻവെസ്റ്റർ പറഞ്ഞത്, ആ ഒരു advice ആണ് ഞാൻ എന്റെ ജീവിതത്തിൽ നടത്തിയ ഏറ്റവും മോശം advice എന്നായിരുന്നു. പോൾ ഒനീൽ ചാർജ്ജെടുത്ത് മാസങ്ങൾക്കുള്ളിൽ തന്നെ ALCOA യിൽ മാറ്റം പ്രകടമായി. തൊഴിൽ സുരക്ഷാ പ്രശ്നങ്ങൾ ഗണ്യമായി കുറഞ്ഞു. ഒനീൽ ചാർജ്ജെടുക്കുമ്പോൾ സുരക്ഷാ പ്രശ്നങ്ങൾ കൊണ്ട് മാത്രം 100 ജോലിക്കാർക്ക് 1.86 ദിവസത്തെ തൊഴിൽ നഷ്ടം ഉണ്ടാവുമായിരുന്നു. ഒനീലിന്റെ കാലഘട്ടത്തിൽ അത് 0.2 ആയി കുറഞ്ഞു! തൊഴിൽ സമരങ്ങൾ തീർന്നു. കമ്പനി ലാഭത്തിലേക്ക് കുതിക്കാൻ തുടങ്ങി.
എന്തായിരുന്നു പോൾ ഒനീൽ കൊണ്ടുവന്ന മാറ്റം.. പ്രത്യക്ഷത്തിൽ ഒന്നും തന്നെ മാറ്റാൻ അദ്ദേഹം തൊഴിലാളികളോട് ആവശ്യപ്പെട്ടില്ല. അദ്ദേഹം ചെയ്തത് ഇത്രമാത്രം
ഫാക്ടറിയിൽ എന്തെങ്കിലും അപകടമോ, സേഫ്റ്റി പ്രശ്നങ്ങളോ ഉണ്ടായാൽ അരമണിക്കൂറിനുള്ളിൽ അത് സി ഇ ഓയെ വിളിച്ചറിയിക്കണം. അത് അറിയിക്കേണ്ടത് അതാത് ഡിപ്പാർട്ട്മെന്റ് ജനറൽ മാനേജർ ആണ്. വിളിക്കുമ്പോൾ സി ഇ ഓ അപകടത്തിന്റെ ഡിറ്റൈൽസും കാര്യകാരണങ്ങളും ചോദിക്കും,
എല്ലാ ആഴ്ചയിലും ഹെഡ് ഓഫീസിലേക്കയക്കുന്ന റിപ്പോർട്ടിൽ ആ ആഴ്ച നടന്ന സേഫ്റ്റി പ്രശങ്ങളിൽ എന്ത് നടപടിയെടുത്തു എന്ന് ഉണ്ടായിരിക്കണം.
ഇതു രണ്ടും ചെയ്യാത്ത മാനേജർമാർക്ക് പ്രമോഷൻ ഇല്ല എന്നത് മാത്രമാണ് ആകെ ഒരു പുതിയ നിയമം എച്ച് ആർ ഡിപാർട്ട്മെന്റിന് ഇറക്കേണ്ടിവന്നത്!
ഇത്രചെറിയ ഒരു മാറ്റത്തിലൂടെ ഇത്രയും വലിയ ഒരു കമ്പനിയെ എങ്ങനെ ഇതുപോലെ മാറ്റാൻ കഴിയുന്നു എന്നന്വേഷിക്കുമ്പോൾ, ആ അന്വേഷണം ചെന്നെത്തുന്നത് മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ ഹാബിറ്റ് (habit) അഥവാ ചിട്ടകൾക്കുള്ള സ്വാധീനമാണ്. ഫാക്ടറിയിൽ മെഷീൻ കേട് വരുമ്പോൾ ഏറ്റവും ജൂനിയറായ ഒരുത്തനെ ഇറക്കി അത് റിപ്പയർ ചെയ്യിക്കൽ മുതൽ, വളരെ സങ്കീർണമായ ഒരു ഓപറേറ്റിംഗ് ഹൈറാർക്കി കൊണ്ടുവരുന്നത് വരെ ഈ ഹാബിറ്റിന്റെ ഭാഗമായിരുന്നു. ഇത് മാറ്റുക എന്നതായിരുന്നു പോൾ ഒനീൽ ചെയ്തത്. ഒരു അപകടം നടന്നാൽ, ജി എം ഉടനെ സി ഇ ഓയെ വിളിച്ച് പറയണം എന്ന് വ്യവസ്ഥ വന്നതോട് കൂടി ജി എമ്മും താഴേത്തട്ടിലുള്ളവരും തമ്മിൽ കൂടുതൽ ആശയവിനിമയം നടക്കാൻ തുടങ്ങി. അപകടം റിപ്പോർട്ട് ചെയ്യുമ്പോൾ സ്വാഭാവികമായും സി ഇ ഓ ഒരു 10-15 ചോദ്യങ്ങൾ തിരിച്ചു ചോദിക്കും. അതിനൊക്കെ ഉത്തരം ആദ്യം തന്നെ ജി എം കണ്ടുപിടിച്ച് വെച്ചിരിക്കണം. അതു ചെയ്യണമെങ്കിൽ ജി എം, തന്റെ താഴെയുള്ള ആളിൽ നിന്ന് ആ വിവരങ്ങൾ അറിഞ്ഞിരിക്കണം. അങ്ങനെ ഓരോ ലെവലിലും ഈ ചർച്ച നടന്നിരിക്കും. അതായത് കമ്പനിയിൽ വളരെ സ്മൂത്തായ ആശയവിനിമയം നടക്കുന്നു എന്ന് സി ഇ ഓക്ക് ഈ ഒറ്റകാര്യം കൊണ്ട് ഉറപ്പ് വരുത്താനായി.
നമ്മൾ ദിവസവും എടുക്കുന്ന തീരുമാനങ്ങളിൽ 40% വും ചിന്തിച്ച് തീരുമാനിക്കുന്നതല്ല, പകരം സ്വന്തം ഹാബിറ്റ് കാരണം നാം അറിയാതെ തന്നെ എടുക്കുന്നവയാണ് (എരിവുള്ള മിക്സ്ചർ മുന്നിൽ കൊണ്ടുവെച്ചാൽ അതിൽ നിന്ന് കടല പെറുക്കി തിന്നുക എന്നത് എന്റെ ഒരു ഹാബിറ്റ് ആണ്. എത്ര കണ്ട്രോൾ ചെയ്യാൻ വിചാരിച്ചാലും അറിയാതെ ചെയ്തുപോകുന്ന ഒന്ന്! :)). എത്ര ശ്രമിച്ചാലും സിഗരറ്റ് വലി നിർത്താൻ പറ്റാത്തതൊക്കെ ഇതിൽ പെടും! 🙂
ഈ ഹാബിറ്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങ്നളും അവയെ എങ്ങനെ മാറ്റി എടുക്കാം എന്നതിനെയും പറ്റി ആണ് The Power of Habit: Why we do what we do എന്ന ഈ പുസ്തകം ചർച്ച ചെയ്യുന്നത്. Charles Duhigg ആണ് ഇത് എഴുതിയിരിക്കുന്നത്. മനോഹരമായ പുസ്തകം. വായിക്കുന്നത് ഗുണമേ ചെയ്യൂ!
ഓരോ ഹാബിറ്റിനും മൂന്ന് ഭാഗങ്ങൾ ആണുള്ളത് എന്ന് ഈ പുസ്തകം പറയുന്നു. പ്രചോദനം (cue), ചര്യ(routine) , പ്രതിഫലം (result). ഇതിൽ ആദ്യത്തെതും അവസാനത്തേതും മാറ്റുക എന്നത് പഴക്കമേറും തോറും ബുദ്ധിമുട്ടാണ്. പക്ഷെ ചര്യ മാറ്റാൻ എളുപ്പമാണ്. നഖം കടിക്കുന്നവരെ ഒരു ഉദാഹരണമായി ഇതിൽ പറയുന്നുണ്ട്. ആദ്യം കൈവിരലിൽ ഒരു ചെറിയ കിരുകിരുപ്പാണ് നഖം കടിക്കാനുള്ള സൂചന അല്ലെങ്കിൽ പ്രചോദനം. പിന്നെ വിരൽ തുമ്പ് നേരെ വായിലോട്ട് പോകുന്നു.നഖം കടിക്കാൻ തുടങ്ങുന്നു (ചര്യ), കടിച്ച് കഴിഞ്ഞാൽ കിട്ടുന്ന ഒരു ആത്മസംതൃപ്തിയാണ് ഇവിടെ പ്രതിഫലം. ഇതിൽ കൈവിരലിൽ ഒരു ചെറിയ കിരുകിരുപ്പ് തുടങ്ങുന്ന ഉടനെ, കടിക്കുന്നതിനു പകരം നഖം കൊണ്ട് മേശയിൽ കുറച്ച് നേരം താളം പിടിച്ചു നോക്കിയാൽ മെല്ലെ നഖം കടിയിൽ നിന്ന് മോചിതനാകാം!
തടികുറക്കാൻ വ്യായാമം ചെയ്യാൻ തുനിഞ്ഞിറങ്ങുന്നവരിൽ മുക്കാലേ മുണ്ടാണിയും ഒരാഴ്ചക്കുള്ളിൽ തന്നെ അത് നിർത്തുന്നതിന്റെ കാര്യകാരണം, കുട്ടികളെ വയലിൻ ക്ലാസുമുതൽ കരാട്ടേ ക്ലാസ് വരെ ചേർക്കുന്നത് കൊണ്ടുള്ള ഗുണം തുടങ്ങി പല പല വിഷയങ്ങൾ പുസ്തകം ചർച്ച ചെയ്യുന്നുണ്ട്.