Wednesday, March 22, 2017

Physics of the Future by Michio Kaku

ഞാൻ ജനിക്കുമ്പളേക്ക് തന്നെ ന്യൂട്ടൺ, എഡിസൺ, ടെസ്‌ല, ഗ്രഹാം ബെൽ തുടങ്ങിയവർ ഓടിനടന്ന് ഒട്ടുമിക്ക സാധനങ്ങളും കണ്ടുപിടിച്ച് കഴിഞ്ഞിരുന്നു. പുതുതായി ഒന്നും കണ്ടുപിടിക്കാൻ ഇല്ലാത്തതുകൊണ്ട് എന്റെ ജീവിതം ഭയങ്കര ബോറടിയായിരുന്നു എന്ന് പറയേണ്ടല്ലോ.
അങ്ങനെ ബോറടിച്ച് കാലം കുറെ മുന്നോട്ട് പോയി. പിന്നോട്ട് പോവാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഈ മുൻപേ പറഞ്ഞ മഹാന്മാർ ഓരോ തിയറികൾ ഉണ്ടാക്കിയതുകൊണ്ട്, കാലത്തിനു പിറകോട്ട് പോവാൻ പോലും പറ്റാണ്ടായീന്ന് പറഞ്ഞാ മതിയല്ലോ! എന്തായാലും “തീക്കും തന്നുള്ളിലേ തോന്നിത്തുടങ്ങീതേ, തീക്കായ വേണമെനിക്കുമെന്ന്” എന്ന് കവി പറഞ്ഞതുപോലെ, ബോറടിക്കും തോന്നിത്തുടങ്ങി- സംഗതി മൊത്തം ബോറാണെന്ന്!
അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ മിച്ചിയോ കാക്കുവിനെ ഒരു ബുക്സ്റ്റാളിൽ കാണുന്നത്. “പുര നിറഞ്ഞു നിൽക്കുന്ന സഹോദരി” ന്നൊക്കെ പറയുന്നതുപോലെ ഒരു ഷെൽഫ് നിറഞ്ഞു നിൽക്കുന്ന മിച്ചിയോ കാക്കു. ഇന്ന് ടച്ചിംഗ്സിനു ഇങ്ങേരായിക്കോട്ടേന്ന് കരുതി കൂട്ടത്തിൽ കൈയിൽ കിട്ടിയ ഒരു പുസ്തകം ഇങ്ങോട്ട് മാന്തിയെടുത്തു. അതാണ് ഇനി പറയാൻ പോകുന്ന “Physics of the Future” എന്ന ഗ്രന്ഥം!
ഈ ലോകം ഉണ്ടായതിനുശേഷം ഇന്നേവെരെയുള്ളതിൽ, ഏറ്റവും കൂടുതൽ പുരോഗതി ഉണ്ടായത് ഈ കഴിഞ്ഞ 70 വർഷക്കാലമാണെന്ന് പറയപ്പെടുന്നു. ഈ മാറ്റത്തിന്റെ സ്പീഡ് കൂടിവരുന്നതല്ലാതെ കുറയുന്നില്ല. അഞ്ച് വർഷം മുന്നെ “ഡ്രൈവർ വേണ്ടാത്ത കാർ” എന്ന് കേട്ടാൽ ജനം ചിരിക്കുമായിരുന്നു. ഇന്ന് ഒരു പാട് രാജ്യങ്ങളിൽ അതൊരു യാഥാർത്ഥ്യമാണ്. 1960 കളിൽ സ്പേസ് ഷട്ടിലുകളിൽ ഉപയോഗിച്ചതിന്റെ എത്രയോ മടങ്ങ് ശക്തിയുള്ള കമ്പ്യൂട്ടറുകളാണ് ഇന്ന് നാം ഓരോരുത്തരും മൊബൈൽ ഫോൺ എന്ന് പറഞ്ഞ് പോക്കറ്റിൽ കൊണ്ടു നടക്കുന്നത് (നമ്മളത് കാൻഡി ക്രഷ് കളിക്കാൻ മാത്രം ഉപയോഗിക്കുന്നു എന്നത് വേറെ തമാശ). ഇനി വരാൻ പോകുന്ന കാലത്ത് നാം കാണാൻ പോകുന്ന സാങ്കേതിക വിപ്ലവം, അതെങ്ങനെ നമ്മുടെ ഓരോരുത്തരെയും ബാധിക്കാൻ പോകുന്നു എന്ന് പറഞ്ഞു തരികയാണ് "Physics of the Future” എന്ന ഈ പുസ്തകത്തിലൂടെ.
ലോകത്തെ പ്രശസ്തമായ പല ലാബറട്ടറികളിലും ഉരുത്തിരിഞ്ഞു വരുന്ന പുതിയ സാങ്കേതിക വിദ്യകൾ, അവയുടെ ഉപജ്ഞാതാക്കളെ അങ്ങോട്ട് ചെന്ന് കണ്ട് അവരോട് സംസാരിച്ച് എഴുതിയതാണ് ഈ പുസ്തകം. ഏകദേശം മുന്നൂറോളം ശാസ്ത്രജ്ഞന്മാരെയാണ് ഈ പുസ്തകത്തിനുവേണ്ടി കാക്കു ഇന്റെർവ്യൂ ചെയ്തത്. അതിൽ നിന്ന് കാക്കു ഭാവിയെക്കുറിച്ചുള്ള ഒരു അതി മനോഹരമായ ചിത്രം വരച്ചുകാട്ടുന്നു വായനക്കാർക്ക് വേണ്ടി.
ഭാവിയെ മൂന്ന് ഭാഗങ്ങളാക്കി തിരിച്ച് അതിൽ ഓരോന്നിലും വരാൻ പോകുന്ന മാറ്റങ്ങളെ പറ്റി പറയുന്നു. Immediate Future (present to Year 2030), Mid future (Year 2030 to Year 2070) & Far Future (beyond 2070). മൊത്തം എട്ട് അദ്ധ്യായങ്ങളാണുള്ളത്.
കമ്പ്യൂട്ടറിന്റെ ഭാവി:
Future of Artificial Intelligence (കൃത്രിമ ബുദ്ധി ന്ന് പറയാമോ ആവോ?)
ഭാവിയിലെ വൈദ്യശാസ്ത്രം
NanoTechnology
ഭാവിയിലെ വൈദ്യുതി/ഊർജ്ജം.
ബഹിരാകാശ യാത്രകളുടെ ഭാവി
സംബത്തിന്റെ ഭാവി
മനുഷ്യത്ത്വത്തിന്റെ ഭാവി
ഇവയിലെ ഓരോ ഐറ്റം ഐറ്റമായി പറഞ്ഞാൽ കാക്കു എനിക്കെതിരെ കേസ് കൊടുക്കും. അതുകൊണ്ട് കുറച്ച് കാര്യങ്ങൾ മാത്രം പറയാം!
ഡ്രൈവർ ഇല്ലാത്ത കാറുകൾ: ഇപ്പൊ തന്നെ വന്നു കഴിഞ്ഞ ഒരു പുരോഗതിയാണിത്. Tesla തുടങ്ങിയ കാറുകൾക്ക് ഡ്രൈവർ ഇല്ലാതെ ഓടാൻ പറ്റും. മറ്റ് മിക്ക കാറുകളിലും ഈ ടെക്നോളജി വന്നുകൊണ്ടിരിക്കുന്നു. പഠിച്ച് വലുതായിട്ട് ആരാവണം എന്ന് ചന്ദ്രമതി ടീച്ചർ ചോദിക്കുമ്പോൾ “ദേവീദാസ്” ബസ്സിന്റെ ഡ്രൈവർ ആവണം എന്ന് ഇനിയങ്ങോട്ട് കുട്ടികൾ പറയില്ല!
പേപ്പറിനു പകരം മടക്കിവെക്കാൻ കഴിയുന്ന ഇലക്ട്രോണിക് സ്ക്രീൻ: വീട്ടിൽ വരുത്തുന് ന്യൂസ് പേപ്പർ അന്നത്തെ ദിവസം കഴിഞ്ഞാൽ മഹാശല്യമാണ് എല്ലായിടത്തും. അതിനു പകരം, അതേ വലുപ്പത്തിലുള്ള, കനം കുറഞ്ഞ, മടക്കിവെക്കാൻ പറ്റുന്ന ഒരു ഇലക്ട്രോണിക് സ്ക്രീൻ ഉണ്ടെന്ന് കരുതൂ. പത്രം അടിക്കുന്ന പരിപാടിയുണ്ടാവില്ല. എല്ലാരും രാവിലെ എണീറ്റ് ഈ പേപ്പർ നിവർത്തുമ്പഴേക്ക് അത് ഇന്റെർനെറ്റ് വഴി കണക്റ്റ് ചെയ്ത് അന്നത്തെ വാർത്തകൾ ഈ പേപ്പറിൽ എത്തിക്കുന്നു. മരങ്ങൾ വെട്ടി പേപ്പർ ഉണ്ടാക്കേണ്ട, ഇത്രേം വലിയ പ്രസ്സുകൾ വേണ്ട, മനുഷ്യാദ്ധ്വാനം വേണ്ട. ഓരോ വീട്ടിലും ഒരു പേപ്പർ മതി.
വർത്തമാനം പറയേണ്ടാത്ത കാലം: മനുഷ്യന്റെ തലയിൽ പിടിപ്പിക്കാൻ പറ്റുന്ന ഒരു ചെറിയ ട്രാൻസ്മിറ്ററും റിസീവറും ഉണ്ടാവും. ഇത് പിടിപ്പിച്ച രണ്ട് പേർ തമ്മിൽ ആശയവിനിമയം നടത്താൻ സംസാരിക്കണമെന്നില്ല. വല്ലതും പറയണം എന്ന് ചിന്തിക്കുമ്പഴേക്ക് ആ ചിന്ത തന്റെ തലച്ചോറിൽ നിന്ന് സിഗ്നലുകളായി ട്രാൻസ്മിറ്ററിലൂടെ കേൾക്കേണ്ടയാളുടെ റിസീവറിലേക്കെത്തുന്നു. ഇതിന്റെ ഇടയിൽ ട്രാൻസ്ലേഷൻ നടത്താനും പറ്റും. ചുരുക്കത്തിൽ ലോകത്തിലെ ഏത് നാട്ടുകാരോടും നമുക്ക് സംസാരിക്കാം. ഭാഷ ഒരു പ്രശ്നമാവുന്നില്ല.
ഇതുപോലെ സംഭ്രമജനകമായ ഒരുപാട് കണ്ടു പിടുത്തങ്ങളെ പറ്റി പറയുന്ന ഈ പുസ്തകം നിങ്ങൾക്ക് എന്തായാലും ഇഷ്ടപ്പെടും. സ്കൂൾ, കോളേജ് തലങ്ങളിൽ പഠിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവർക്കും വാങ്ങിച്ചുകൊടുക്കുക! ശാസ്ത്രത്തിൽ അവർക്കും കയറും കമ്പം!

Tuesday, February 07, 2017

Outliers- The Story of Success by Malcolm Gladwell

ഹിന്ദു പുരാണത്തിൽ വിജയത്തിന്റെയും ഭാഗ്യത്തിന്റെയും മൂർത്തിയാണ് മഹാലക്ഷ്മി . മുപ്പത്തിമുക്കോടി ദേവന്മാർ ഉണ്ടായിട്ടുകൂടി ഇത്രേം പ്രധാനപ്പെട്ട രണ്ട് വകുപ്പുകളും കൂടി ഒരൊറ്റ ആളുടെ കീഴിൽ തന്നെ ആയതെങ്ങനെ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഗ്രീക്ക് പുരാണത്തിലെ സ്ഥിതിയും വ്യത്യസ്ഥമല്ല.  ടൈക്കി എന്ന ദേവതക്കാണ് ഭാഗ്യത്തിന്റെയും വിജയത്തിന്റെയും കുത്തക. ചുരുക്കത്തിൽ ഭാഗ്യമുള്ളവന് എപ്പോഴും വിജയവും കൂടെയുണ്ട് എന്നതാണ് സമസ്ത പുരാണങ്ങളും നമ്മെ പഠിപ്പിച്ചത്. എന്നാൽ Malcom Gladwell എഴുതിയ Outliers എന്ന പുസ്തകം ഇതിൽ നിന്ന് മാറിചിന്തിക്കാൻ ഒട്ടൊന്നുമല്ല നമ്മെ പ്രേരിപ്പിക്കുന്നത്,.
Outliers എന്ന വാക്കിന് കൂട്ടത്തിൽ നിന്ന് മാറി നിൽക്കുന്നത് എന്ന അർത്ഥം കൊടുക്കാമെന്ന് തോന്നുന്നു. രണ്ട്  ഭാഗങ്ങളിലായി 9 അദ്ധ്യായങ്ങളിലൂടെ ജീവിതവിജയം എന്നത് പ്രവചിക്കാൻ പറ്റുന്ന അല്ലെങ്കിൽ മുൻകൂട്ടി  കണക്കുകൂട്ടി പറയാൻ പറ്റുന്ന ഒന്നാണെന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. 
ഒന്നാമത്തെ ഭാഗം ജീവിതവിജയത്തിൽ അവസരങ്ങളുടെ ( Opportunity ) പങ്കിനെക്കുറിച്ചാണ്. ചില ഉദാഹരണങ്ങൾ മുന്നോട്ട് വെച്ചാണ് ഗ്രന്ഥകാരൻ ഇത് വിവരിക്കുന്നത്. ഇന്ത്യയിൽ ദേശീയ ക്രിക്കറ്റ് ടീമിൽ അംഗമാവുന്നത്രയോ അതിൽ കൂടുതലോ ബുദ്ധിമുട്ടാണ് കാനഡയിൽ ഐസ് ഹോക്കി ടീമിൽ അംഗമാവുക എന്നത്.   സ്കൂൾ തലം മുതൽ  നന്നായി കളിക്കുന്നവർ കൂടുതൽ കൂടുതൽ നന്നായി പെർഫോം ചെയ്തിട്ടുവേണം ദേശീയതലത്തിൽ എത്താൻ. പക്ഷെ സ്കൂൾ തലത്തിൽ  ഐസ് ഹോക്കി ടീം സെലക്ഷൻ നടക്കുന്നത് മറ്റേതിനെയും പോലെ വയസ്സ് നോക്കിയാണ്. അതായത് ഓരോ കൊല്ലവും നിശ്ചിത വയസ്സുള്ളവരിൽ നന്നായി കളിക്കുന്നവർക്ക് സ്കൂൾ ടീമിലേക്ക് സെലക്ഷൻ കിട്ടും. പിന്നെ അവിടുന്ന് അടുത്ത തലം..അങ്ങനെ പോയി പോയി ദേശീയതലത്തിൽ എത്താം.  ദേശീയടീമിനെ എടുത്ത് നോക്കിയപ്പോൾ ഒരു കാര്യം വ്യക്തം. മിക്കവാറും എല്ലാവരുടെയും ജനനത്തീയതി ജനുവരിയിലാണ്, കാരണമെന്താ- ഓരോ കൊല്ലവും സ്കൂളിൽ സെലെക്ഷൻ നടക്കുമ്പോൾ ആ ഏജ് ഗ്രൂപ്പിൽ തിരഞ്ഞെടുക്കപ്പെടാൻ ഏറ്റവും സാധ്യത കൊല്ലമാദ്യം ജനിച്ചവർക്ക് തന്നെ. അവർക്ക് പിന്നീട് നല്ല കോച്ചിനെ കിട്ടുന്നു, കൂടുതൽ പ്രാക്റ്റീസ് ചെയ്യാൻ പറ്റുന്നു, അങ്ങനെയങ്ങനെ നാഷണൽ ടീമിൽ വരെ എത്തുന്നു. അതേസമയം ഡിസംബറിൽ ജനിക്കുന്ന പയ്യന് സെലക്ഷൻ കിട്ടണമെങ്കിൽ അവൻ തന്നെക്കാളും 11 മാസം പ്രായക്കൂടുതലുള്ള കുട്ടികളെ തോൽപ്പിക്കാൻ മാത്രമുള്ള കഴിവുണ്ടായിരിക്കണം. "കാശുകാരൻ കൂടുതൽ കാശുകാരനായും പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനായും മാറിക്കൊണ്ടേയിരിക്കും” എന്ന പ്രശസ്തമായ മാത്യു പ്രതിഭാസത്തിന്റെ (Mathew Effect) പേരിലാണ്  ആദ്യത്തെ ഈ അദ്ധ്യായം.
ബിൽ ഗേറ്റ്സിനെ നാമറിയുന്നത് ‘വിൻഡോസ്’ എന്ന സോഫ്റ്റ്‌വെയർ ഉണ്ടാക്കിയതിലൂടെ ശതകോടീശ്വരനായ ആൾ എന്ന നിലക്കാണ്. മലയാള മാധ്യമങ്ങളിൽ വന്ന പല ലേഖനങ്ങളിലൂടെയും നമുക്ക് പരിചയമുള്ള ഗേറ്റ്സ്, കോളെജിൽ നിന്ന് ഡ്രോപ്പൗട്ട് ആയി,  സൂത്രത്തിൽ എങ്ങിനെയോ വിൻഡോസ് കണ്ടുപിടിച്ച്, തന്റെ കച്ചവടബുദ്ധികൊണ്ട് കാശുകാരനായ ഒരാളാണ്. എന്നാൽ  യാഥാർത്ഥ്യം ഇതിൽ നിന്ന് വളരെയകലെയാണ്. സ്കൂൾ തലം മുതൽ കമ്പ്യൂട്ടറിനു മുന്നിൽ അത്യദ്ധ്വാനം ചെയ്തിരുന്ന ഒരാളായിരുന്നു ബിൽ ഗേറ്റ്സ്. കോളേജിൽ പഠിക്കുന്ന പ്രായമാവുമ്പോളേക്ക് അദ്ദേഹം ഒരു എക്സ്പേർട്ട് പ്രൊഗ്രാമ്മർ ആയിക്കഴിഞിരുന്നു. ഇവിടെയാണ് Malcom Gladwell തന്റെ പ്രശസ്തമായ 10000- hour principle അവതരിപ്പിക്കുന്നത്. ഇത് പ്രകാരം പത്തായിരം മണിക്കൂർ ഒരു കാര്യം പ്രാക്റ്റീസ് ചെയ്യുന്ന ആൾ, ആ വിഷയത്തിൽ ഏറ്റവും expert ആയി മാറിക്കഴിഞ്ഞിരിക്കും. ലോകപ്രശസ്ത പോപ്പ് ഗായക സംഘമായിരുന്ന ബീറ്റിൽസ്, ആപ്പിൾ കമ്പനിയുടെ മുൻ സി ഇ ഓ സ്റ്റീവ് ജോബ്സ് അങ്ങനെ ഒരുപാട് ഉദാഹരണങ്ങൾ  Gladwell നിരത്തുന്നുണ്ട്.
ജീവിതവിജയത്തിനു ബുദ്ധി എത്രമാത്രം ആവശ്യമാണ്? കൂടിയ ബുദ്ധി വിജയത്തിന്റെ ലക്ഷണമാണോ? അല്ലാ എന്നാണ് Outliers പഠിപ്പിക്കുന്നത്. ശരാശരിക്ക് മേലെ ബുദ്ധിയുള്ള ആൾക്കാരുടെ ഇടയിൽ, വിജയം എന്നത് അവരുടെ കഠിനാദ്ധ്വാനത്തിനു നേരനുപാതത്തിലായിരിക്കും,. കൂടുതൽ അദ്ധ്വാനിക്കുന്നവന്റെ കൂടെ വിജയം വരും എന്നാണ് ഗ്രന്ഥകാരൻ പല ഉദാഹരണങ്ങളിലൂടെ സ്ഥാപിക്കുന്നത്.
രണ്ടാമത്തെ ഭാഗം ഒരാളുടെ പൈതൃകം (Legacy) അയാളുടെ ജീവിതവിജയത്തിനെ എങ്ങനെ സ്വാധിനിക്കുന്നു എന്നതാണ്. ചൈന എന്തുകൊണ്ട് ഇത്ര പുരോഗതി നേടുന്നു എന്നതിനു കാരണമായി Malcolm പറയുന്നത്, അവർ പാരമ്പര്യമായി നെൽകൃഷിക്കാർ ആണെന്നതാണ്. ഒറ്റനോട്ടത്തിൽ തമാശയായി തോന്നാമെങ്കിലും വായിച്ചുകഴിയുമ്പോൾ എനിക്ക് ഉത്തരം കിട്ടിയിരുന്നു- ചൈനയിലെയും ജപ്പാനിലെയും തെക്കൻ കൊറിയയിലെയും മറ്റും കുട്ടികൾ എന്തുകൊണ്ട് ഇത്ര കഠിനാദ്ധ്വാനികളാവുന്നു എന്നതിന്.
കൂടുതൽ എഴുതി സ്പോയിലർ ആവുന്നില്ല. 300 രൂപക്ക് ആമസോണിൽ ലഭ്യമാണ് പുസ്തകം.

ഞാൻ വായിച്ചതിൽ ഏറ്റവും നല്ല 10 പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ അതിലൊന്ന് ഇതായിരിക്കും എന്നതിൽ സംശയമില്ല!

Monday, January 30, 2017

"What If?" by Randall Munroe

പ്രീഡിഗ്രിക്കാലത്തെ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നു എൻട്രൻസ് പരീക്ഷ. നമ്മൾക്ക് അത് കിട്ടണം ന്ന് ആഗ്രഹമുണ്ടായിട്ടൊന്നുമല്ല, പക്ഷെ നമ്മൾക്ക് കിട്ടാതിരിക്കുകയും, കൂട്ടുകാർക്ക് കിട്ടുകയും ചെയ്താൽ പിന്നെ-തീർന്നൂന്ന് പറഞ്ഞാ മതിയല്ലോ! അങ്ങനെ ഇരിക്കുമ്പോഴാണ് രണ്ടാം വർഷ പ്രിഡിഗ്രിക്കാലത്ത് ആ രഹസ്യം മനസ്സിലായത് - എന്റ്രൻസ് പരീക്ഷക്ക് എല്ലാ ചോദ്യങ്ങളും ‘മൾട്ടിപ്പിൾ ചോയ്സ്’ ആണ്. തന്നിരിക്കുന്ന നാലോ അഞ്ചോ ഉത്തരങ്ങളിൽ നിന്ന് കറക്റ്റായത് എഴുതിയാ മതി.  “എല്ലാം കറക്കിക്കുത്തിയാൽ കടന്നുകൂടാനുള്ള സാധ്യത എന്ത്” എന്ന് ഞാനും കൂടെ ക്ലോസ് ഗഡീസായ ചന്ദ്രനും, സുരയും കൂടിയിരുന്ന് ആലോചിച്ചു. എല്ലാം കറക്കിക്കുത്തിയാൽ എവിടെയും എത്താൻ പോകുന്നില്ല എന്ന് അവസാനം തീരുമാനമായി. പരീക്ഷ കഴിഞ്ഞപ്പോൾ ഞാൻ കടന്നു കൂടിയിരുന്നു. അവർക്ക് കിട്ടാത്തതിന്റെ വിഷമം സുരയും ചന്ദ്രനും എന്റെ കൂമ്പിനിടിച്ച് തീർത്തു!
പക്ഷെ പ്രഹേളികയായി നിന്നത് ആ ഒരു പ്രശ്നമായിരുന്നു- എല്ലാ ചോദ്യത്തിനും കറക്കിക്കുത്തിയാൽ കടന്ന് കൂടില്ലെ? (ഇന്നത്തെ കാലത്ത് ഉറപ്പായും കടന്നു കൂടും. പരീക്ഷയെഴുതുന്ന കുട്ടികളെക്കാളും സീറ്റുള്ള ഇന്നത്തെപ്പോലെയല്ലല്ലോ ആകെ നാലും മൂന്നും ഏഴ് പ്രൊഫഷണൽ കോളേജുകൾ മാത്രമുണ്ടായിരുന്ന പ്രി-ആന്റണി യുഗം ). 
എന്തായാലും വർഷങ്ങൾക്കു ശേഷം, സമാനമായ ഒരു ചോദ്യം ഒരു പുസ്തകത്തിൽ കണ്ടപ്പോൾ ആകെ ഒരു സന്തോഷം! ചോദ്യം ഇതാണ് - ഒരു പരീക്ഷയെഴുതാൻ 40ലക്ഷം കുട്ടികൾ, മൊത്തം മൂന്നു പേപ്പറുകൾ ആണ് പരീക്ഷക്ക്, ഓരോന്നിനും 50 ചോദ്യങ്ങൾ, ഓരോ ചോദ്യത്തിനും അഞ്ച് ഉത്തരങ്ങൾ. ഇതിൽ എല്ലാവരും എല്ലാ ചോദ്യത്തിനും കറക്കിക്കുത്തിയാൽ പെർഫെക്റ്റ് സ്കോർ (എല്ലാം ശരിയാവുക എന്നത്) എത്ര പേർക്ക് കിട്ടും, അല്ലെങ്കിൽ പെർഫെക്റ്റ് സ്കോർ കിട്ടാനുള്ള സാധ്യത എന്ത് എന്നതായിരുന്നു പുസ്തകത്തിലെ ചോദ്യം. അങ്ങനെ കിട്ടാനുള്ള സാധ്യത വളരെ വളരേ വിരളമാണ് എന്ന് പുസ്തകം വിശദീകരിക്കുന്നു,
ഇതു പോലെയുള്ള ഒരു പാട് രസകരമായ ചോദ്യങ്ങളും അതിനേക്കാളും രസകരമായ ഉത്തരങ്ങളുമാണ് “What If?” എന്ന പുസ്തകം. Radall Muroe ആണിത് എഴുതിയത്. നാസയിലെ തന്റെ ജോലി വിട്ടതിനു ശേഷം ഇപ്പോൾ ഫുൾ ടൈം ഇന്റെർനെറ്റ് കാർട്ടൂണിസ്റ്റ് ആയി ജോലി ചെയ്യുന്ന Radall Muroe വളരെ പോപ്പുലർ ആയ webcomic xkcd യുടെ സ്ഥാപകനും കൂടിയാണ്. Serious scientific answer to absurd hypothetical questions” എന്നാണ് പുസ്തകത്തിന്റെ strap line. ചില ചോദ്യങ്ങൾ വിഡ്ഢിത്തങ്ങളാണെന്ന് തോന്നുമെങ്കിലും അവയുടെ ഉത്തരങ്ങൾ നമ്മെ ഒരു പാട് ചിന്തിപ്പിക്കും. അതേ പോലെ തിരിച്ചും! ചില സാമ്പിളുകൾ ഇതാ:
- ഒരു മനുഷ്യൻ നേരെ മുകളിലോട്ട് പൊങ്ങി പോവുന്നു എന്ന് സങ്കൽപ്പിക്കുക. മണിക്കൂറിൽ ഒരു കിലോമീറ്റർ എന്ന സ്പീഡിലാണ് പൊങ്ങുന്നതെങ്കിൽ   അയാൾ എത്ര നേരം ജീവനോടെ ഇരിക്കും?  ശ്വാസം മുട്ടി ചാവുമോ അതോ തണുത്ത് വിറങ്ങലിച്ച് മരിക്കുമോ?
- നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഇപ്പോഴുള്ള പ്രിന്ററിൽ (A4 printer) കൂടി 100 Dollar നോട്ട് അടിക്കാൻ ഗവണ്മെന്റ് അനുമതി നൽകിയെന്ന് കരുതുക. നിങ്ങൾക്ക് വേണ്ടത്ര എണ്ണം അടിക്കാം. അങ്ങനെയെങ്കിൽ എത്ര നാളുകൾ കൊണ്ട് നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ പണക്കാരനാവാം? ( രണ്ടാഴ്ച ന്നൊക്കെ മതി എന്ന് കരുതുന്നുണ്ടോ എന്നാ കേട്ടോ, നിങ്ങടെ മക്കളുടെ മക്കളുടെ മക്കളുടെ മക്കൾക്ക് പോലും ആവില്ല ഇപ്പോളത്തെ പണക്കാരെ തോൽപ്പിക്കാൻ! 450 കൊല്ലം കഴിയണം. അതും അവരുടെ പണം ഇപ്പൊഴത്തെ സ്ഥിതിയിൽ നിന്ന് കൂടുതൽ വളരാതിരുന്നാൽ മാത്രം!)
സയൻസിലും സയൻസിന്റെ വഴികളിലും താത്പര്യമുള്ള ഹൈസ്കൂൾ മുതലങ്ങോട്ടുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും ഈ പുസ്തകം.
വില: 400 രൂപ.
പി എസ്: ഇംഗ്ലീഷ് പുസ്തകങ്ങളെപ്പറ്റി മലയാളത്തിൽ എഴുതുക എന്നത് പറ്റുന്ന പണിയല്ല എന്ന് ഇപ്പൊ മനസ്സിലായി!! ഒരു തവണയും കൂടി ശ്രമിച്ച് ഈ പരിപാടി അവസാനിപ്പിക്കാൻ സാധ്യത!

Wednesday, January 25, 2017

കഥയാക്കാനാവാതെ - സുഭാഷ് ചന്ദ്രൻ

പ്രൊഫ. എം കൃഷ്ണൻ നായർ എറണാകുളം മഹാരാജാസ് കോളേജിൽ പഠിപ്പിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ക്ലാസിൽഇരിക്കാൻ' കഴിയുക എന്നത് വലിയൊരു ഭാഗ്യമാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. മറ്റൊന്നും കൊണ്ടല്ല- ക്ലാസ്സിൽ ഇരിക്കാൻ പോയിട്ട് നിൽക്കാൻ പോലും സ്ഥലമുണ്ടാവില്ലായിരുന്നുവത്രേ. ഒരു പൊതു സമ്മേളാനം പോലെ ആൾക്കാർ വന്നു കൂടുമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ് കേൾക്കാൻ. അദ്ദേഹത്തിന്റെ വിവരണവും പ്രസംഗവും, പഠിപ്പിക്കുന്ന വിഷയത്തേക്കാൾ എത്രയോ മേലെ നിൽക്കും എന്നത് തന്നെ കാരണം. ഒരു സാധാരണ നാടകം പഠിപ്പിക്കാൻ സാക്ഷാൽ കാളിദാസൻ വന്നാലുള്ള സ്ഥിതി!.  
സുഭാഷ് ചന്ദ്രന്റെ എഴുത്തും ഏകദേശം സമാനമായ ഒരു അനുഭവമാണ് പകർന്നു തരുന്നത്. താൻ വരക്കുന്ന വാക്‌മയചിത്രത്തിനു മുന്നിൽ വായനക്കാരൻ എല്ലാം മറന്ന്  നിൽക്കുന്ന ഒരു അവസ്ഥയുണ്ടാക്കാൻ കഥാകൃത്തിനു പറ്റുന്നു. അതിനിടയിൽ യഥാർത്ഥ വിഷയ തത്കാലത്തേക്ക് വായനക്കാരനും മറക്കും!
കേന്ദ്ര, കേരള സാഹിത്യ അക്കാദമി, വയലാർ അവാർഡുകൾ നേടിയ പ്രാശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രന്റെ  2016 ൽ പ്രസിദ്ധീകരിച്ച ഒരു കൂട്ടം ഓർമ്മക്കുറിപ്പുകളാണ് “കഥയാക്കാനാവാതെ” എന്ന ഈ പുസ്തകം. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ  “ഇതാ കഥയാക്കാനാകാതെ പോയ, കഥയെക്കാൾ തീക്ഷ്ണമായ ചില ജീവിത സന്ദർഭങ്ങൾ. ഇത് വായിക്കുമ്പോൾ നിങ്ങൾ കൂടുതലായി നിങ്ങളെ കണ്ടെത്തും എന്നാണ് എന്റെ പ്രതീക്ഷ. കാരണം, വായനക്കാരനെ സ്വയം കണ്ടെത്താൻ സഹായിക്കുകയാണല്ലോ ഒരെഴുത്തുകാരൻ ചെയ്യുന്നത്”.
ചെറുപ്പത്തിൽ കുട്ടിയും കോലും കളിക്കുമ്പോൾകുട്ടികണ്ണിൽ കൊണ്ട് കാഴ്ച കെട്ടുപോയ ഒരു കണ്ണിനെ, ആരുമറിയാതെ നാല്പതുവര്‍ഷം തന്റെ തലയോടിനുള്ളില്‍ ഒളിപ്പിച്ച് അക്കാലമൊക്കെയും മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി മാത്രം മരിച്ച  കണ്ണിനുമേല്‍ മഷിയെഴുതി നടന്ന കൊച്ചേച്ചി...... ആ കൊച്ചേച്ചിയുടെ കഥ പറയുമ്പോൾ നമ്മളെ സങ്കടത്തിലാക്കുകയല്ല ലേഖകൻ ചെയ്യുന്നത്. പകരം വായനക്കാരൻ അന്തം വിട്ട് നിൽക്കുന്നത് “സുഭാഷ് ചന്ദ്രൻ ഇതെന്തുകൊണ്ട് ഒരു കഥയാക്കിയില്ല” എന്നോർത്താണ്.
എത്ര വിശേഷപ്പെട്ട കഥയേക്കാളും എത്രയോ മേലേയാണ് ജീവിതമെന്ന അനുഭവം എന്ന സന്ദേശമാണ് ലേഖകൻ തന്റെ ഓരോ അനുഭവത്തിലൂടെ പറഞ്ഞുതരുന്നത്.
15 ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. അതിൽ തന്നെ രണ്ടെണ്ണം ഓരോ അവാർഡ് സ്വീകരിച്ചതിനുശേഷമുള്ള മറുപടി പ്രസംഗങ്ങളാണ്. മറ്റൊന്ന് ഒരു അഭിമുഖവും. അവയെ മാറ്റി നിർത്തിയാൽ ഉള്ള 12 ലേഖനങ്ങളിൽ പത്തിലും പരാമർശിക്കപ്പെടുന്നത് “മനുഷ്യന് ഒരു ആമുഖം” എന്ന തന്റെ പ്രശസ്തമായ നോവൽ തന്നെ. അതു കൊണ്ട് ആ നോവൽ വായിച്ചതിനുശേഷം മാത്രം ഈ പുസ്തകം കൈയിലെടുക്കുക എന്ന് ഒരു ഉപദേശം നൽകാനുണ്ട് എനിക്ക്.
പ്രസാധകർ : മാതൃഭൂമി ബുക്സ്
പേജുകൾ : 143 
വില: 120 രൂപ 

നാട്ടുദൈവങ്ങൾ സംസാരിച്ചുതുടങ്ങുമ്പോൾ - രാജേഷ് കോമത്ത്

ജനിച്ചുവളർന്ന വീട്ടിന്റെ ഒരു പറമ്പ്  മാത്രം അപ്പുറത്തായിരുന്നു അമ്പു പണിക്കരുടെ വീട്. അക്കാലത്ത് നാട്ടിലെ ഒട്ടു മിക്ക തെയ്യങ്ങളുടെയും കോലാധാരി ആയിരുന്നു പണിക്കർ. വേടൻ, ഗുളികൻ, പൊട്ടൻ, ഒറ്റക്കോലം, പോതി അങ്ങനെ ഒരു പാട് തെയ്യങ്ങൾ കെട്ടിയിറങ്ങുന്നത് അടുത്ത് നിന്ന് കാണാൻ പറ്റിയിട്ടുണ്ട്. എല്ലാ ദിവസവും രാത്രിയാവുമ്പോൾ പണിക്കരുടെ വീട്ടിൽ നിന്ന് തോറ്റം പാട്ടിന്റെ ശബ്ദം ഉയരും. പണിക്കരുടെ മക്കൾ ഉച്ചത്തിൽ പാടിപ്പഠിക്കുകയാണ് തോറ്റങ്ങൾ. ഈ ശബ്ദത്തിനിടയിൽ, പൂമുഖത്തിരുന്ന് പുസ്തകം വായിക്കുന്ന ഞങ്ങളുടെ വായന, അമ്മ കേൾക്കുന്നുണ്ടാവില്ലേ എന്ന ആശങ്കയിൽ “ചൈത്രനും മൈത്രനും”, “കൃഷ്ണപുരം ബ്ലോക്കിൽ ഒന്നാം സമ്മാനം ഇത്തവണയും വേലപ്പനു തന്നെ” തുടങ്ങിയ നിലവിളികൾ  അനുനിമിഷം കൂടുന്ന ഒച്ചയോടെ നാടിനെ വിറപ്പിക്കും. ചെവിക്ക് സ്വൈരം കിട്ടാതാവുമ്പോൾ “വന്ന് ചോറുണ്ടിട്ട് പോയ്ക്കോ” ന്ന് അമ്മ പറയും. അതോടെ നാട് വീണ്ടും തോറ്റം പാട്ടിലേക്ക് മടങ്ങും.
കാലം ഒരുപാടൊരുപാട് മുന്നോട്ട് നീങ്ങിയപ്പോൾ അറിയുന്നു - ഓരോ തെയ്യത്തിന്റെയും പിന്നിലെ കഠിന പരിശ്രമങ്ങളും കഷ്ടപ്പാടുകളും എല്ലാറ്റിനുമുപരിയുള്ള കൂട്ടായ്മകളും.
ഉത്തരമലബാറിലെ ജനതക്ക് അവരുടേ സംസ്കൃതിയിൽ ലയിച്ചു ചേർന്ന ഒന്നാണ് തെയ്യം. പക്ഷെ അതിനെക്കുറിച്ച് കൂടുതൽ ആധികാരികമായി അറിയാൻ ശ്രമിച്ചാൽ മിക്കവാറും നിരാശയായിരിക്കും ഫലം. തെയ്യങ്ങളെ കുറിച്ച് പറയുന്ന അപൂർവം ചില പുസ്തകങ്ങളേ ഞാൻ ബുക്‌സ്റ്റാളുകളിൽ കണ്ടിട്ടുള്ളൂ (സിഎം എസ് ചന്തേര, കെ കെ എൻ കുറുപ്പ് തുടങ്ങിയവർ എഴുതിയത് മാത്രം).
  മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ അസിസ്റ്റന്റ് പ്രൊഫസറായ രാജേഷ് കോമത്ത് എഴുതിയ “നാട്ടുദൈവങ്ങൾ സംസാരിച്ചുതുടങ്ങുമ്പോൾ” എന്ന പുസ്തകം കണ്ണിൽ തടഞ്ഞത് അവിചാരിതമായിട്ടായിരുന്നു. തെയ്യത്തിനെകുറിച്ചുള്ള വായനയല്ല ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നത് . ഉത്തരകേരളത്തിലെ  മാറുന്ന രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതി, തെയ്യം കെട്ടുകാരുടെ ജീവിതത്തിനെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് വെളിവാക്കുന്ന ഒരു പഠനമാണ് ഈ കൃതി. ഒരു പ്രബന്ധം എന്ന നിലക്കാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. ഒരു തെയ്യംകെട്ട് കുടുമ്പത്തിൽ നിന്ന് വരുന്ന ലേഖകന്, സ്വന്തം അനുഭവങ്ങളും ഏറെ ഉണ്ട് വായനക്കാരുമായി പങ്കുവെക്കാൻ. 
പ്രധാനമായും ഈ പുസ്തകം മുന്നോട്ട് വെക്കുന്നത് ചില സാമൂഹിക പ്രശ്നങ്ങളാണ്.
കാവുകളിൽ നടന്നുപോന്നിരുന്ന ഒരു അനുഷ്ഠാന കല എന്നതിൽ നിന്ന് തെയ്യം ഒരുപാട് മാറിയിരിക്കുന്നു.  പണ്ടത്തെ കാവുകൾ മാറി കോൺക്രീറ്റ് അമ്പലങ്ങളായിരിക്കുന്നു. കാവുടമസ്ഥാവകാശം ചില കുടുംബക്കാരിൽ നിന്ന് മാറി നാട്ടു കൂട്ടായ്മകളിലും രാഷ്ട്രീയപാർട്ടികളിലും എത്തിയിരിക്കുന്നു. സിപിഎമ്മിന്റെ കാവുകളും, ബീജെപ്പിയുടെ കാവുകളും തലശ്ശേരി കൂത്തുപറമ്പ് ഭാഗങ്ങളിൽ ഉണ്ട് എന്നത് കൗതുകത്തോടെ വായിച്ചു! . അങ്ങനെ കാലം മാറുമ്പോൾ നാം കാണുന്നത് തെയ്യത്തിന്റെ സാംസ്കാരിക ഭൂമിക മൊത്തമായി മാറുന്നതാണ്. പക്ഷെ ഇതിൽ നിന്ന് ഗുണപരമായ ഒരു മാറ്റവും വരാതെ തെയ്യം കലാകാരന്മാരുടെ ജീവിതസ്ഥിതി നിൽക്കുന്നു.  ഈ ഒരു പ്രഹേളികയാണ് ലേഖകൻ  തന്റെ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നത്. ദാരിദ്ര്യം മാത്രം തിരിച്ചുതരുന്ന തെയ്യം എന്ന അനുഷ്ഠാനകലയെ തള്ളിപ്പറയാതെ എങ്ങിനെ തെയ്യത്തിന്റെ സാംസ്കാരിക സമ്പുഷ്ടത വിപണനം ചെയ്യാം എന്നറിയാതെ കുഴങ്ങുന്ന തെയ്യം കലാകാരന്മാർ.
തെയ്യം, അതിന്റെ ചരിത്രസാഹചര്യങ്ങൾ, സാമൂഹിക സാംസ്കാരിക പ്രാധാന്യം എന്നിവയിൽ താത്പര്യമുള്ള എല്ലാവരും തീർച്ചയായും വായിക്കേണ്ടുന്ന ഒരു പുസ്തകം. തെയ്യത്തെക്കുറിച്ച് അടിസ്ഥാനമായ വിവരം ഉണ്ടായില്ലെങ്കിൽ ഇത് ഒരു സുഖകരമായ വായനയാവില്ല എന്നതു കൂടി ഓർമ്മിപ്പിക്കുന്നു.
പ്രസാധകർ: മാതൃഭൂമി ബുക്സ്
വില: 160 രൂപ

പേജുകൾ : 198

പാലും പഴവും - ടി എൻ ഗോപകുമാർ

“നമസ്കാരം..എല്ലാ മാന്യ പ്രേക്ഷകർക്കും കണ്ണാടിയിലേക്ക് സ്വാഗതം” ഇത് കേൾക്കുന്ന മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു താടിക്കാരന്റെ മുഖമുണ്ട്.  ടി എൻ ഗോപകുമാർ എന്ന ടി എൻ ജി. പക്ഷെ വെറും ഒരു ടി വി അവതാരകനായിരുന്നില്ല ഇദ്ദേഹം. നോവൽ, കഥ, ഓർമ്മക്കുറിപ്പ് എന്നീ വിഭാഗങ്ങളിൽ ഇരുപതിലേറെ കൃതികൾ രചിച്ച ടി എൻ ഗോപകുമാർ സിനിമയും സീരിയലും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് രണ്ടു തവണ കരസ്ഥമാക്കി. 
2016 ജനുവരി 30 നു അന്തരിച്ച ഇദ്ദേഹത്തിന്റെ അവസാനത്തെ പുസ്തകമാണ് പാലും പഴവും. തമിഴ്നാട്ടിലെ നായ്‌വാഴാവൂർ എന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന സാമൂഹിക സംഘർഷങ്ങളിൽ അകപ്പെടുന്ന ഒരു തമിഴ് ബ്രാഹ്മണ ദമ്പതികളുടെ കഥയാണ് ഈ നോവൽ. ഈ നോവൽ മാധ്യമം വാരികയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും മുഴുവനാക്കിയിരുന്നില്ല.  
അതീവ ലളിതമായ ആഖ്യാനം, കാച്ചിക്കുറുക്കിയെടുത്ത വാക്കുകൾ എന്നിവ കൊണ്ട് മനോഹരമായ വായനാനുഭവം തരുന്ന ഒരു നോവലാണിത്. പക്ഷെ വായിച്ച് തീരുമ്പോൾ കഥയിൽ പ്രത്യേകത ഒന്നും തന്നെ ഉള്ളതായി തോന്നിയില്ല. വായനക്കാരൻ ആഗ്രഹിക്കുന്ന വഴിയേ പോകുന്ന ഒരു കഥാതന്തു. വേറെ കനപ്പെട്ടത് വല്ലതും വായിക്കുന്നതിനിടയിൽ ഒരു ഫില്ലർ പോലെ വായിക്കാൻ കൊള്ളാം എന്ന് മാത്രമേ എനിക്ക് തോന്നിയുള്ളൂ. 
പ്രസാധകർ: മാതൃഭൂമി ബുക്സ്
പേജുകൾ : 112
വില : 100 രൂപ


Sunday, January 22, 2017

പോക്കുവെയിൽ മണ്ണിലെഴുതിയത് - ഓ എൻ വി കുറുപ്പ്

മലയാളത്തിന്റെ പ്രിയ കവി എൻ വി കുറുപ്പിന്റെ അനുഭവക്കുറിപ്പുകളാണ് ‘പോക്കുവെയിൽ മണ്ണിലെഴുതിയത്” എന്ന ഗ്രന്ഥം. 27 ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി.  ഓരോ മലയാളിയുടെയും അഭിമാനമായ ഓ എൻ വി തന്റെ ബാല്യം മുതൽ 2015 വരെയുള്ള അനുഭവങ്ങളെ ക്രോഡീകരിച്ച് വായനക്കാരുടെ മുന്നിൽ വെക്കുന്നു ഈ പുസ്തകത്തിലൂടെ.
ബാല്യകാല ത്തെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ എങ്ങനെ ഓ എൻ വിയെ മലയാളകവിതയുടെ ഉന്നതിയിലേക്കെത്തിച്ചു എന്ന് ഈ ഗ്രന്ഥത്തിൽ നിന്ന് അറിയാം. “പുന്നെല്ല് മണക്കുന്ന ഗ്രാമം” എന്ന അദ്ധ്യായത്തിൽ ബാല്യത്തിലെ കഷ്ടപ്പാടുകളെയും അനിശ്ചിതത്വത്തെയും വിശദമായി വിവരിക്കുന്നുണ്ട്. ഒരു പക്ഷേ ഈ ഗ്രന്ഥത്തിലെ ഏറ്റവും നല്ല വായനാനുഭവം നൽകുന്ന അദ്ധ്യായം ഇതു തന്നെയാവണം. പിന്നീടങ്ങോട്ടുള്ള അദ്ധ്യായങ്ങളിൽ,  എട്ടാമത്തെ വയസ്സിൽ സ്വന്തം പിതാവിന്റെ ആകസ്മിക മരണം താങ്ങേണ്ടിവരുന്ന കുഞ്ഞു ഓ എൻ വി പിന്നീട് വളർന്ന്  പല വിദേശ രാജ്യങ്ങളിലും ഇന്ത്യൻ സാഹിത്യത്തെ പ്രതിനിധീകരിക്കുന്ന നിലയിലേക്ക് വളരുന്ന കഥ വായിക്കാനാവും. പുസ്തകത്തിന്റെ ഒടുക്കത്തിൽ കവി പറയുന്നുണ്ട് : “ ഇതൊരാത്മകഥയല്ല. അങ്ങനെയൊന്നെഴുതാന്‍ വേണ്ടവലിപ്പവുമെനിക്കില്ല. കാലത്തേവന്ന്, ഇരുണ്ട കരിയിലകളടിച്ചുവാരി, കുഞ്ഞുപൂക്കളെ വിളിച്ചുണര്‍ത്തി, ഇലകള്‍ക്ക്ഇങ്കുകുറുക്കികൊടുത്ത് ഈറന്‍ വിരികളെല്ലാമുണക്കി, ക്ഷീണിച്ചുപോടിയിറങ്ങുന്ന പോക്കുവെയില്‍ മണ്ണിലെഴുതിപ്പോകുന്ന സ്നേഹക്കുറിപ്പുകള്‍ മാത്രം”.
ഒരു നല്ല പുസ്തകത്തിനു വേണ്ട എല്ലാ ചേരുവകളും ഉണ്ടെങ്കിൽ കൂടി,  ഈ പുസ്തകം എന്നെ മൊത്തത്തിൽ നിരാശപ്പെടുത്തി. പതിനഞ്ചാം വയസ്സിൽ എഴുതിത്തുടങ്ങി പതിറ്റാണ്ടുകളോളം നീണ്ട കാവ്യ സപര്യ ചെയ്ത, ഒട്ടുമിക്ക എല്ലാ പുരസ്കാരങ്ങളും കൈപിടിയിലൊതുക്കിയ,  ജ്ഞാനപീഠം കയറിയ ഓ എൻ വിയുടെ ആത്മകഥ എന്ന് കണ്ടപ്പോൾ ഞാൻ ഏറെ പ്രതീക്ഷിച്ചു എന്നതാവാം ഒരു കാര്യം.  പ്രധാനമായും മൂന്ന് കാര്യങ്ങൾ കൊണ്ടാണ് എനിക്ക് ഈ ഗ്രന്ഥം ഇഷ്ടപ്പെടാതിരുന്നത്
1) പ്രധാന സംഭവങ്ങൾ പലതും ഒന്നോ രണ്ടോ വാചകങ്ങളിലൊതുക്കി. 
2) ഒരുപാട് പ്രശസ്തരുമായി അടുത്ത ബന്ധമുണ്ടായിരുന്ന കവി, അതിനെപറ്റി വലുതായൊന്നും പറയുന്നില്ല.
3) തികച്ചും ഇടതുപക്ഷ സഹയാത്രികനായിരുന്ന ഓ എൻ വി, ഇടക്കിടെ ആ ബന്ധം എടുത്ത് കാണിക്കുന്നത്  ഒരു കല്ലുകടിയായി തോന്നി.
മൊത്തത്തിൽ ഒരുപാട് നന്നാക്കാൻ പറ്റുമായിരുന്ന ഗ്രന്ഥം !
 പ്രസാധനം : ചിന്താ പബ്ലിഷേർസ്
പേജുകൾ: 216

വില : 280 രൂപ.

Friday, January 20, 2017

ഓർക്കാനുണ്ട് കുറെ ഓർമ്മകൾ - ഡോ കെ രാജശേഖരൻ നായർ

 ക്ലൈവ് വിയറിംഗ് (Clive Wearing) പ്രശസ്തനായ ഒരു ബ്രിട്ടീഷ് സംഗീതജ്ഞനാണ്. 1938 ജനിച്ച ഇദ്ദേഹം ബിബിസി റേഡിയോക്ക് വേണ്ടി കുറേകാലം ജോലി ചെയ്തു.  ഡയാന രാജകുമാരിയുടെ വിവാഹച്ചടങ്ങിന്റെ മ്യൂസികൽ പ്രോഗ്രാം ചെയ്തത് ഇദ്ദേഹമായിരുന്നു. പക്ഷെ ഇന്ന് ഇദ്ദേഹം ഓർമ്മിക്കപ്പെടുന്നത് ഈ കാരണങ്ങൾ കൊണ്ടൊന്നുമല്ല. 1985 ഇദ്ദേഹത്തിനു ഒരു പനി വന്നു, സാധാരണ പനി അല്ലായിരുന്നു അത്. ഹെർപിസ് സിംപ്ലെക്സ് വൈറസ് ഉണ്ടാക്കുന്ന എൻസെഫലൈറ്റിസ് ആയിരുന്നു പനിക്ക് കാരണം. അത് തലച്ചോറിനെ ബാധിക്കുകയും, തലച്ചോറിലെ ഹിപ്പോകാംപസ് എന്ന ഭാഗത്തിന് കാര്യമായ തകരാറ് സംഭവിക്കുകയും ചെയ്തു. പനി മാറിയപ്പോൾ ആരോഗ്യം നന്നായെങ്കിലും ക്ലൈവിന്റെ സ്വഭാവം മൊത്തമായി മാറിയിരുന്നു.  പുതുതായി ഓർമ്മ ഉണ്ടാക്കാനുള്ള കഴിവ് അദ്ദേഹത്തിനു തീരെ ഇല്ലാതായി. ഒരു മിനിട്ട് മുൻപ് എന്താ സംഭവിച്ചത് എന്ന് അദ്ദേഹത്തിനു ഓർമ്മയുണ്ടാവില്ല . പുസ്തകം വായിക്കാനോ, സിനിമ കാണാനോ പറ്റില്ല- കാരണം കുറച്ച് മുൻപ് വായിച്ചതും കണ്ടതും ഒന്നും തന്നെ ഓർമ്മയിലില്ല. അതേ സമയം പഴയ ഓർമ്മകൾ അതേ പോലെയുണ്ട്. സംഗീതത്തിലുള്ള കഴിവുകളൊന്നും നശിച്ചിട്ടില്ല.  ഭാര്യയെയും ബന്ധുക്കളെയും ഒക്കെ അറിയാം. പക്ഷെ ഭാര്യ 2 മിനിട്ടു നേരത്തെക്ക് മാറിയിരുന്ന് വീണ്ടും മുറിയിലേക്ക് വന്നാൽ, എത്രയോ കാലങ്ങളായി കാണുന്നവരെപോലെയുള്ള സ്നേഹപ്രകടനങ്ങൾഏതു നിമിഷവും വർത്തമാനകാലത്തിൽ മാത്രം ജീവിക്കുന്ന, ഓരോ 10 സെക്കന്റിലും റീസെറ്റ് ചെയ്യപ്പെടുന്ന ഓർമ്മയുടെ ഉടമയായി മാറി ക്ലൈവ്. 
ക്ലൈവ് വിയറിംഗിന്റെ കഥ ഞാൻ വായിക്കുന്നത്  കുറേ വർഷങ്ങൾക്കു മുൻപ് ഒരു used book sale നു കിട്ടിയ “Your Memory- A users guide ( by Alan Baddeley)” എന്ന പുസ്തകത്തിലാണ്. ഓർമ്മ എന്ത്, എങ്ങനെ, എന്തുകൊണ്ട് എന്ന വിശദമായ ഒരു ഗ്രന്ഥം. ഓർമ്മയെപറ്റി ഒരുപാടൊരുപാട്  സിനിമാപ്പാട്ടുകൾ നാം പാടി നടന്നിട്ടുണ്ട് എന്നല്ലാതെ ഇതു പോലെ ഒരു പുസ്തകം മലയാളത്തിൽ ഇല്ലല്ലോ എന്ന് ഞാൻ അന്ന് ആലോചിച്ചതാണ്.
ഇത്തവണ മാതൃഭൂമി ബുക്സിൽ തപ്പിയപ്പോഴാണ് “ഓർക്കാനുണ്ട് കുറേ ഓർമ്മകൾ” എന്ന പുസ്തകം കൈയിൽ തടയുന്നത്. (ഡോ കെ രാജശേഖരൻ നായരുടെ മലയാളത്തിൽ എഴുതിയ എല്ലാ പുസ്തകങ്ങളും എന്റെ കൈയിൽ ഉണ്ട് എന്നായിരുന്നു എന്റെ ധാരണ. അത് തെറ്റാണെന്ന് മനസ്സിലായി!). ക്ലൈവ് വിയറിംഗിന്റെ കഥ പോലെ നൂറുകണക്കിനു കഥകളിലൂടെ ഡോക്ടർ രാജശേഖരൻ നായർ നമുക്ക് ഓർമ്മയെപറ്റിയും തലച്ചോറിന്റെ പല ഭാഗങ്ങളുടെ പ്രവർത്തനങ്ങളെയും പറ്റി പറഞ്ഞ് തരുന്നു.
മുൻപ് സമകാലിക മലയാളം വാരികയിൽ പലപ്പോഴായി അച്ചടിച്ച് വന്ന 13 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഡോക്ടർ രാജശേഖരൻ നായരുടെ എഴുത്തിന്റെ പ്രത്യേകതയെ പറ്റി മുൻപൊരു പുസ്തക റിവ്യൂവിൽ ഞാൻ എഴുതിയിരുന്നു. നല്ല നാടൻ ബേക്കറിയിലെ, എരുവും ഉപ്പും പൊട്ടുകടലയും, ഒക്കെയുള്ള മിക്സ്ചർ ആണ് ഇദ്ദേഹത്തിന്റെ എഴുത്ത്. ഒരു കഥയിൽ തുടങ്ങും ഓരോ ലേഖനവും.. അത് പിന്നീട് ഉപകഥകളായി, കവിതയായി- കാൾ സാൻഡ്ബർഗും, ഉള്ളൂരും, വള്ളത്തോളും ഒക്കെയായി അങ്ങനെ നീളും. ഇതിന്റെ ഇടയിൽ ന്യൂറോളജിയിലെ കുറെ ശാസ്ത്ര സത്യങ്ങളും വായനക്കാരൻ പഠിക്കും! വളരെ ലളിതമായ വിവരണമായതുകൊണ്ട് വിഷയത്തിൽ വല്യ ധാരണയില്ലാത്തവർക്കുപോലും മനസ്സിലാക്കാൻ എളുപ്പം. ഒട്ടുമിക്ക കഥകളും നമ്മുടെ ജിജ്ഞാസയെ അതിന്റെ അങ്ങേയറ്റത്തെത്തിക്കുന്ന തരം സംഗതികളാണുതാനും. ആൽബർട്ട് ഐൻസ്റ്റീന്റെ തലച്ചോറ് 'മോഷ്ടിച്ചു' കൊണ്ടു പോയ ഡോക്ടർ, നാലാം വയസ്സുമുതൽ നടന്ന എല്ലാ സംഭവങ്ങളും കൃത്യമായി ഓർമ്മിക്കുന്ന ജിൽ പ്രൈസ്, മറവിരോഗങ്ങളുടെ പല വകഭേദങ്ങൾ ബാധിച്ചവരുടെ കഥകൾ, പലപല ഭാഷകളിൽ ആയിരക്കണക്കിനു പാട്ടുകൾ ഭംഗിയായി പാടാൻ കഴിവുള്ളവരുടെ കഥകൾ - അങ്ങനെയങ്ങനെ ഒരു പാട് കഥകളും അതിനു പിന്നിലെ കാര്യങ്ങളും. (പക്ഷെ എന്നെ ചുറ്റിക്കുന്ന ഒരു പരിപാടിയുണ്ട് ഡോക്ടറുടെ എഴുത്തിൽ- ഒരു പാട് റെഫറൻസുകളും പുറമെ വായിക്കേണ്ട പുസ്തകങ്ങളുടെ പേരും നൽകും. പിന്നെ അതിന്റെ പുറകെ പോകുക എന്നത് എന്റെ ഒരു ശീലമായതുകൊണ്ട്, ന്യൂറോളജിയിൽ നിന്ന് വായനയെ പുറത്ത് കടത്താൻ കുറെ നാളുകളെടുക്കും).
എന്തായാലും ഗ്രന്ഥകർത്താവിന്റെ എന്നത്തെയും പോലെ മനോഹരമായ പുസ്തകം. ചില ലേഖനങ്ങൾ നിർത്തിയത്, "കൂടുതൽ പിന്നീട് എഴുതാം” എന്ന വാചകത്തോടെയാണ്. അതും പ്രതീക്ഷിച്ച് ഒരുപാട് വായനക്കാർ കാത്തിരിക്കുന്നുണ്ട് എന്ന് ഡോക്ടറെ ഒന്നോർമ്മപ്പെടുത്തുന്നു :)
പി എസ്: ഒരു ലേഖനത്തിൽ ‘പ്രൈം സംഖ്യകൾ കൊണ്ട് കളിക്കുന്നവർ’ എന്ന ഒരു ഭാഗമുണ്ട്. കൈനിറയെ മഞ്ചാടിക്കുരു വാരി മുകളിലേക്കെറിഞ്ഞ്, അത് താഴെ വീഴുന്നതിനു മുൻപ് കൃത്യമായി എണ്ണാൻ കഴിവുള്ള കേരളത്തിലെ ഒരു വാര്യരെ പറ്റി പറയുന്നിടത്ത്, ആളുടെ കൃത്യമായ പേര് അറിയില്ല എന്ന് ലേഖകൻ പറയുന്നു. കൈക്കുളങ്ങര രാമവാര്യർ ആണ് ആ പറഞ്ഞ ആൾ എന്ന് തോന്നുന്നു (രത്നശിഖയുടെ കർത്താവ്).

Tuesday, January 17, 2017

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ - ദീപാ നിശാന്ത്

2015 നവമ്പറിൽ ആദ്യ പതിപ്പ്. 2016 ആഗസ്റ്റ് ആവുമ്പോഴേക്ക് പതിനൊന്നാം പതിപ്പ് എന്നത് അപൂർവമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് മലയാളത്തിൽ. അതിനു കാരണമായ പുസ്തകമാണ് ദീപ നിശാന്ത് എഴുതിയ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ! കൃത്യമായ ഒരു കാലഘടനയില്ലാതെയുള്ള ഒരു കൂട്ടം  അനുഭവക്കുറിപ്പുകളാണ് ഈ കൃതി.
ഗൃഹാതുരത്വത്തിന്റെ ഒരു തകരാറ് എന്താന്ന് വെച്ചാൽ അത് മോശം ഓർമ്മകളെ മറന്നുകളയുകയും നല്ലതിനെ ഒരു ഭൂതക്കണ്ണാടിയിലേതെന്ന പോലെ വലുതാക്കി കാണിക്കുകയും ചെയ്യും എന്ന് മാർക്കേസ് പറഞ്ഞിട്ടുണ്ട്. പക്ഷെ ദീപടീച്ചറെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല എന്നാണ് ഈ പുസ്തകം കാണിക്കുന്നത്- നല്ലതും മോശപ്പെട്ടതും ഒരു പോലെ, ഒരേ തെളിമയോടെ, കൈവഴക്കത്തോടെ നമ്മുടെ മുന്നിലേക്ക് ടീച്ചർ കൊണ്ടുവരുമ്പോൾ, പേജുകൾ മറിയുന്നതിന്റെ കൂടെ വായനക്കാരന്റെ ഭാവവും മാറിമാറി വരും- ചിരിയിൽ നിന്ന് കണ്ണീരിലേക്കും, തിരിച്ചും. ജീവിതത്തിലെ കുഞ്ഞുകുഞ്ഞ് സംഭവങ്ങൾ പോലും വളരെ മിഴിവോടെ എഴുതി ഫലിപ്പിക്കാൻ പറ്റി എന്നത് തന്നെയാവണം പുസ്തകത്തിന്റെ വിജയത്തിനു കാരണം.
25 ലേഖനങ്ങളാണ് ഈ കൃതിയിൽ സമാഹരിച്ചിട്ടുള്ളത്. പലതും ഫേസ്‌ബുക്കിലും മറ്റുമായി പ്രസിദ്ധീകരിച്ചവയാണെന്ന് തോന്നുന്നു. എന്തായാലും നല്ലൊരു വായനാനുഭവം തരുന്ന ഒരു പുസ്തകം. 
മലയാള പുസ്തകപ്രസാധന ചരിത്രത്തിൽ ഓൺലൈൻ വഴി ഏറ്റവും കൂടുതൽ വില്പന നടത്തപ്പെട്ട പുസ്തകം എന്ന് പ്രസാധകർ അവകാശപ്പെടുന്ന ഈ പുസ്തകം, 99% പുസ്തകങ്ങളും ഓൺലൈനിൽ മാത്രം വാങ്ങുന്ന, എനിക്ക് കിട്ടിയത് പയ്യന്നുരിലെ ആരും കയറാത്ത ഒരു ചെറിയ ബുക്സ്റ്റാളിലെ തട്ടിൻപുറത്ത് നിന്നായിരുന്നു  എന്നത് തമാശയായി തോന്നി :)
കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ - ദീപാ നിശാന്ത്
പ്രസാധകർ : കൈരളി ബുക്ക്‌സ്
പേജ് - 168
വില - 170 രൂപ


Sunday, January 15, 2017

ബുക്‌സ്റ്റാൾജിയ - പി കെ രാജശേഖരൻ

കൈയിൽ കിട്ടുന്നതെന്തും വായിക്കുക എന്നതാണ് പണ്ടേ ഉള്ള ശീലം. ഒട്ടുമിക്ക വായനയെയും പറ്റി അഭിപ്രായം പറയാനും ശീലിച്ചിട്ടുണ്ട്. പക്ഷെ അഭിപ്രായങ്ങളിൽ ഒതുക്കാൻ പറ്റാത്ത ചില വായനകളുണ്ട്. പികെ രാജശേഖരന്റെ ബുക്‌സ്റ്റാൾജിയ എന്ന പുസ്തകം അങ്ങനെയൊന്നാണ്! പുസ്തകങ്ങളേക്കുറിച്ചുള്ള പുസ്തകമായ ഈ പുസ്തകത്തിന്റെ strapline തന്നെ “ഒരു പുസ്തക വായനക്കാരന്റെ ഗൃഹാതുരത്വങ്ങള്‍” എന്നാകുന്നു!
മലയാളപുസ്തകം തന്റെ ആത്മകഥ എഴുതിയാൽ എങ്ങനെയുണ്ടാവുമോ അതാണ് ഈ പുസ്തകം. മലയാളത്തിൽ പുസ്തകം പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മഹദ്‌വ്യക്തികളെ നാമെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചും. മലയാളവാക്കുകളുടെ അർത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാനവാക്കായി കരുതപ്പെടുന്ന ശബ്ദതാരാവലി മാത്രം എടുക്കാം. അത് രചിച്ചത് ശ്രീകണ്ഠേശ്വരം ജി പത്മനാഭപിള്ള യാണെന്ന് മലയാളി വല്ല പി എസ് സി പരീക്ഷക്കും വേണ്ടി പഠിച്ചാൽ ആയി. അതിനപ്പുറത്തേക്ക് ആരും ശ്രീകണ്ഠേശ്വരത്തിനെപറ്റി കേട്ടിട്ടുകൂടി ഉണ്ടാവില്ല. നല്ല ഒരു ജോലി കളഞ്ഞ് 20 വർഷക്കാലം ഇത്രേം ബൃഹത്തായ ഒരു മലയാള നിഘണ്ടു എന്ന ഐഡിയയുടെ പുറകെ ജീവിതം തുലക്കുക എന്നത് ചില്ലറക്കാര്യമല്ല. അതും അച്ചടി പോലും പ്രാരംഭദശയിലുള്ള ഒരു നാട്ടിൽ. ഒറ്റപ്രതിയായി അടിക്കാൻ നിവൃത്തിയില്ലാതെ അവസാനം 22 ലക്കമായിട്ടാണ് ശബ്ദതാരാവലി പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത്. 2200 ഓളം പേജുകളിൽ നിറയെ ആയിരക്കണക്കിനു വാക്കുകൾ നമ്മൾക്ക് നൽകിയ അദ്ദേഹത്തിന് പകരമായി നമ്മൾ ഒറ്റവാക്ക് മാത്രം നൽകി- നന്ദികേട്! ഈ ഗൂഗിൾ യുഗത്തിൽ ഓർമ്മ വെക്കാൻ ശീലിക്കുന്നത് അശാസ്ത്രീയമാണെന്ന് എല്ലാരും പറയുന്നു. മറന്നുകളയുന്നതും അതിന്റെ ഭാഗമായിത്തന്നെയായിരിക്കും!
അങ്ങനെയുള്ള ഒരു പറ്റം ആൾക്കാർ അവരെ പരിചയപ്പെടുത്തുന്നു ഈ പുസ്തകം. കാളഹസ്തി മുതലിയാർ, എസ് ടി റെഡ്ഡ്യാർ, ഈശ്വരപ്പിള്ള വിചാരിപ്പുകാർ,വിദ്വാൻ കെ പ്രകാശം അങ്ങനെ പലനിലക്ക് മലയാളപുസ്തക പ്രസാധനമേഘലക്ക് ചോരയും നീരും കൊടുത്ത ഒരു പാടുപേർ.
മഹദ്‌കാര്യങ്ങൾ മാത്രമല്ല. മലയാളഭാഷയിൽ വായനയെ ജനകീയമാക്കിയ ഒരുപാട് പുസ്തകങ്ങളെ ബുക്‌സ്റ്റാൾജിയ നമ്മൾക്ക് പരിചയപ്പെടുത്തുന്നു (ഓർമ്മപ്പെടുത്തുന്നു എന്നു പറയുന്നതാണ് ശരി). സിനിമാപ്പാട്ടു പുസ്തകം, തീപ്പെട്ടിപുസ്തകം മുതൽ ഡിറ്റക്ടീവ് നോവലുകൾ വരെ, ഒന്നും വിട്ടുപോകുന്നില്ല.
ഇതിൽ വായിച്ച ഒരു രസകരമായ കഥ നിങ്ങൾക്കായി ഷെയർ ചെയ്യുന്നു.
ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള തന്റെ ഒരു പാട് കാലത്തെ പ്രയത്നത്തിനു ശേഷം ശബ്ദതാരാവലിയുടെ ആദ്യലക്കം പ്രസിദ്ധീകരിക്കുന്നു. അ മുതൽ ഉ വരെയുള്ള വാക്കുകളാണ് ഇതിൽ ഉൾക്കൊള്ളിച്ചത്. ഇതിന്റെ ഒരു കോപ്പി ശ്രീകണ്ഠേശ്വരം ശ്രീ ചട്ടമ്പി സ്വാമികൾക്ക് സമർപ്പിക്കുന്നു. പുസ്തകം ഒന്ന് ഓടിച്ച് , തിരിച്ചും മറിച്ച് നോക്കിയശേഷം അത് തിരിച്ചുകൊടുത്തിട്ട് ചട്ടമ്പിസ്വാമികൾ പറഞ്ഞു - ‘ആർഭാടമില്ലാ കേട്ടോ പിള്ളേ”. തിരിച്ചു വരുന്ന വഴിമുഴുവൻ ശ്രീകണ്ഠേശ്വരം ആലോചിക്കുകയായിരുന്നു- കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല കെട്ടിലും മട്ടിലും പുറത്തിറക്കിയ താരാവലിക്ക് ആർഭാടമില്ല്ലാ എന്ന് പറയാൻ എന്താവും കാരണം. വീട്ടിലെത്തിൽ ഗ്രന്ഥം ഒന്നുകൂടി നോക്കിയ ശ്രീകണ്ഠേശ്വരം അത്ഭുതപ്പെട്ടു- അ മുതൽ ഉ വരെയുള്ള എല്ലാ വാക്കുകളും ചേർത്തു എന്ന് കരുതിയ നിഘണ്ടുവിൽ ആർഭാടം എന്ന വാക്ക് വിട്ടുപോയിരിക്കുന്നു!
ബുക്‌സ്റ്റാൾജിയ
പ്രസാധകർ: മാതൃഭൂമി ബുക്സ്
214 പേജ്
വില: 170 രൂപ

കാഴ്ചപ്പാടുകൾ - മുരളി തുമ്മാരുകുടി

സോഷ്യൽ മീഡിയകളിലും നവമാധ്യമരംഗത്തും നിറഞ്ഞ് നിൽക്കുന്ന മുരളി തുമ്മാരുകുടിക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല! മലയാളസാഹിത്യരംഗത്ത് എം ടിയെപ്പോലെ നവമാധ്യമരംഗത്തെ എംടി (രണ്ടാമൻ ) യാണ് ശ്രീ മുരളി. കൂടുതൽ അറിയേണ്ടവർക്ക് വിക്കിപ്പീഡിയ തുമ്മാരുകുടി.
2014 ജനുവരിയിൽ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച “കാഴ്ചപ്പാടുകൾ” എന്ന ഈ പുസ്തകം അതിനുമുൻപുള്ള മൂന്നു വർഷങ്ങളിലായി സോഷ്യൽ മീഡിയകളിലും ഇന്റർനെറ്റ് ഫോറങ്ങളിലും മുരളി തുമ്മാരുകുടി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്. 158 പേജുള്ള ഈ പുസ്തകം മാതൃഭൂമി ബുക്സിന്റെ ഓൺലൈൻ സൈറ്റിൽ ലഭ്യമാണ്. അവധിക്കാല വായനക്കായി പുസ്തകങ്ങൾ തിരഞ്ഞുകൊണ്ടിരിക്കെ മുന്നിൽ വന്ന് പെട്ടപ്പോൾ ഈ പുസ്തകം വാങ്ങണോ വേണ്ടയോ എന്ന് അല്പം സംശയിച്ചു. രണ്ട് കാര്യങ്ങൾ കൊണ്ടായിരുന്നു ഈ സംശയങ്ങൾ:
1) കാലങ്ങളായി ഈ ലേഖകനെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക ലേഖനങ്ങളും വായിച്ചു കാണണം.
2) 2010 മുതൽ മൂന്നുകൊല്ലത്തേക്കുള്ള ലേഖനങ്ങളാണ്. പലതും കാലഹരണപ്പെട്ടവയാകാം.
എന്തായാലും വാങ്ങി നോക്കി- നഷ്ടമായില്ല!
മുരളിയുടെ എഴുത്തിനു വഴങ്ങാത്ത വിഷയങ്ങൾ വളരെ കുറവാണ്. ഇഷ്ടവിഷയമായ ദുരന്തനിവാരണം കൂടാതെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, ജനപ്പെരുപ്പം, മദ്യപാനം, ഭൂമാഫിയ തുടങ്ങി മുപ്പതോളം വിഷയങ്ങളിൽ തന്റെ അഭിപ്രായം തുറന്നു പറയുകയാണ് ഈ പുസ്തകത്തിലൂടെ. മറ്റുള്ള സമാന ലേഖനങ്ങളിൽ നിന്ന് മുരളിയുടെ എഴുത്തിന് പ്രധാനമായും മൂന്ന് വ്യത്യാസങ്ങളാണ് ഞാൻ കാണുന്നത്.
1) വ്വിഷയം അവതരിപ്പിക്കുന്ന രീതി: എളുപ്പം മനസ്സിലാക്കാവുന്ന രീതിയിൽ, കേൾക്കുംബോൾ കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടാക്കുന്ന തരത്തിൽ ഒരു വിഷയം അവതരിപ്പിക്കുക എന്നത് എളുപ്പമല്ല- മുരളിക്ക് അതിനു പറ്റുന്നു.
2) ഉദാഹരണങ്ങളിലെ ആത്മകഥാംശം- സ്വയം അനുഭവിച്ചറിഞ്ഞ സംഭവങ്ങളാണ് എല്ലായിടത്തും ഉദാഹരണമായി കാണിച്ചിരിക്കുന്നത്.
3) പരിഹാര നിർദ്ദേശങ്ങൾ - വിഷയത്തിലെ എല്ലാ പ്രശ്നങ്ങൾക്കും മുരളിക്ക് മുന്നോട്ട് വെക്കാൻ തികച്ചും പ്രായോഗികമായ കുറെ നിർദ്ദേശങ്ങളുണ്ട്. എന്തുകൊണ്ട് ബന്ധപ്പെട്ടവർ ഇങ്ങനെ ചിന്തിക്കുന്നില്ല എന്ന് നമ്മളെ അത്ഭുതപ്പെടുത്തുന്ന തരം നിർദ്ദേശങ്ങൾ.
കേരളത്തിലെ എല്ലാ മേഘലകളിലും ഉള്ള എല്ലത്തരം ആൾക്കാർക്കും (അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ മുതൽ, ആനയിറങ്ങീന്ന് കേൾക്കുംബോൾ ഒരു മൊബൈൽ ക്യാമറയുമായി അങ്ങോട്ടേക്ക് കുതിക്കുന്ന കലുങ്ക് ജീവികൾക്ക് വരെ) ഈ പുസ്തകത്തിൽ നിന്ന് കുറെ പഠിക്കാനുണ്ട്.
കൊച്ചി എയർപോർട്ടിലെ ക്യൂവിനെ പറ്റി ഒരു ലേഖനം ഉണ്ട് ഈ കൃതിയിൽ -“അഞ്ചാമത്തെ ക്യൂവിന്റെ ഒടുവിൽ” എന്ന പേരിൽ. ഒരു പഠനവും ചിന്തയും ഇല്ലാതെ കുറെ ക്യൂ ഉണ്ടാക്കി വെച്ച് യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും സമയവും അദ്ധ്വാനവും കളയുന്ന ഒരു സ്ഥിതിയാണ് കൊച്ചിയിൽ വന്നെത്തുന്ന ഒരു യാത്രക്കാരനു കാണാൻ കഴിയുക എന്ന് ലേഖകൻ പറയുന്നു. അദ്ദേഹം എണ്ണിനോക്കിയത് പ്രകാരം കൊച്ചിയിൽ വന്ന് വിമാനമിറങ്ങുന്ന ഒരാൾക്ക് അഞ്ച് ക്യൂ കടന്നാലേ പുറത്തെത്താൻ പറ്റൂ. ഈ ലേഖനം വായിച്ചതിന്റെ അടുത്ത ദിവസം കൊച്ചി എയർപോർട്ട് വഴി വരേണ്ടി വന്നു. വായിച്ചത് മനസ്സിൽ ഫ്രഷ് ആയി കിടപ്പുണ്ടായിരുന്നതുകൊണ്ട് ഞാനും ഒന്ന് എണ്ണി നോക്കി. വിമാനമിറങ്ങി പുറത്തോട്ട് വരാൻ അഞ്ച് ക്യൂ ആണെങ്കിൽ വിമാനം കയറി പോകാൻ 9 ക്യൂ കടക്കണം!! സീൽ അടിക്കാൻ ഒരു ക്യൂ, പിന്നെ സീൽ പതിഞ്ഞുവോന്ന് നോക്കാൻ വേറൊരു ക്യൂ, അങ്ങനെ ക്യൂകളുടെ അയ്യരുകളി. വെറും മൂന്ന് ക്യൂ മാത്രമേ അവിടെ മൊത്തം ആവശ്യമുള്ളൂ എന്നിടത്താണ് അതിന്റെ തമാശ!
എന്തായാലും, അതീവലളിതമായ ആഖ്യാനശൈലി, വിഷയത്തെ അതിന്റെ മെറിറ്റിൽ നിന്ന് നോക്കിക്കാണാനുള്ള കഴിവ്, മുഖം നോക്കാതെയുള്ള വിമർശനവും നിർദ്ദേശങ്ങളും- എല്ലാം കൊണ്ട് വളരെ നല്ല വായനാനുഭവം തരുന്ന പുസ്തകം.
പ്രസാധകർ : മാതൃഭൂമി ബുക്സ്
ഒന്നാം പതിപ്പ് (2014), 158 പേജ്
125 രൂപ.

കാടിനെചെന്നു തൊടുമ്പോൾ - എൻ എ നസീർ


പ്രശസ്ത നേച്ചർ ആക്റ്റിവിസ്റ്റും വന്യജീവി ഫോട്ടോഗ്രാഫറുമായ എൻ എ നസീറിന്റെ ആത്മകഥാപരമായ ലേഖനങ്ങളുടെ സംഗ്രഹമാണ് "കാടിനെ ചെന്ന് തൊടുമ്പോൾ" എന്ന പുസ്തകം. മലമുഴക്കി എന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കുറിപ്പുകളുടെ വിപുലീകരിച്ച രൂപമാണ് കൃതി.
22 ലേഖനങ്ങളിലായി കാടുമായിട്ടുള്ള തന്റെ ജീവിതാനുഭവങ്ങൾ വായനക്കാരുമായി പങ്കു വെക്കുകയാണ് നസീർ. ഓരോ ലേഖനവും, എഴുത്തിനപ്പുറത്ത്, കഥാകൃത്ത് നടത്തുന്ന സാമൂഹിക ഇടപെടലുകളുടെ ഒരു നേർക്കാഴ്ചയായിത്തീരുന്നു.
“ഇത് മൊത്തം കാടുകണക്കെയാക്കീട്ടുണ്ടല്ലോ”, “എല്ലാം കാടുകയറി നാശമായി” എന്നിങ്ങനെ മോശം കാര്യം പറയാനാണ് നാം കൂടുതലും കാടിനെ കൂട്ടുപിടിക്കാറ്. എന്നാൽ യഥാർത്ഥത്തിൽ കാട് എന്നത് ഇതിനൊക്കെ വിപരീതമായ അനുഭവമാണ് തരുന്നത് എന്നാണ് നസീർ പറഞ്ഞുതരുന്നത്. കുഞ്ഞ് അട്ടമുതൽ ഭൂമി കുലുക്കുന്ന കൊമ്പനാന വരെ കാടിനോട് അതിന്റെ ധർമ്മം ചെയ്യുന്നുണ്ട്. ഒന്നും വെറുതെയാവുന്നില്ല.
വളരെ ലളിതമായ ആഖ്യാനം കൊണ്ട് എഴുത്തിനെ നേരിട്ട് അനുഭവവേദ്യമാക്കാൻ നസീറിനു പറ്റുന്നുണ്ട്. കാട്ടിൽ ഒറ്റക്ക് നടന്ന് ക്ഷീണിച്ച്, അവസാനം ഒരു പാറപ്പുറത്ത് മലന്നു കിടക്കുന്ന നസീറിന്റെ അനുഭവം വായിക്കുമ്പോൾ പാറയുടെ ചൂടും മീനമാസത്തിലെ ഇളംകാറ്റും എനിക്ക് അനുഭവിക്കാൻ പറ്റുന്നു എന്നത് ചില്ലറക്കാര്യമല്ലല്ലോ.
മലമുഴക്കി വേഴാംബൽ, അപൂർവജീവിയായ നീലഗിരി മാർട്ടെൻ, കാട്ടുനായ, വെള്ള കാട്ടുപോത്ത് എന്നിങ്ങനെ അപൂർവജീവികളെ തേടി കാടുകളിൽ ഒറ്റക്ക് അലഞ്ഞത് നസീർ വിവരിക്കുന്നുണ്ട്. ഓരോന്നും വായിക്കുമ്പോൾ നമ്മളും കൂടെയുണ്ടായത് പോലുള്ള ഒരു അനുഭവം.
എന്തായാലും, കാട് അതിന്റേതായ അവസ്ഥയിൽ അനുഭവിച്ചറിയേണ്ട ഒന്നാണെന്നും, അതിനെ ഒരു ടൂറിസ്റ്റ് സ്പോട്ടാക്കി മാറ്റുന്ന ഇന്നത്തെ പ്രവണത ശരിയല്ല എന്നും നസീർ പറഞ്ഞുവെക്കുന്നു. ഇതേ കാര്യം പലതവണ ആവർത്തിച്ചത് കണ്ടപ്പോൾ ലേഖകന് “ഒരു പെരുന്തച്ചൻ സിൻഡ്രോം” ഉണ്ടാവുന്നുണ്ടോ എന്ന് ഇടക്ക് തോന്നുകയും ചെയ്തു.
എന്തായാലും അതിമനോഹരമായ ഒരു വായനാനുഭവം തരുന്ന പുസ്തകം.
പബ്ലിഷർ: മാതൃഭൂമി ബുക്സ്
216 പേജ്, അഞ്ചാം പതിപ്പ്
വില: 200ക.


Wednesday, June 29, 2016

Darkness Visible by William Styron

നല്ല പുസ്തകങ്ങൾ രണ്ട് തരത്തിലുണ്ട്. 

1. വായിക്കാൻ തുടങ്ങിയാൽ ഇത് തീരരുതേ എന്നാഗ്രഹിച്ചു പോകുന്നവ
2. ഓരോ വായന തീരുമ്പോഴും വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നവ

ഇതിൽ  വില്യം സ്റ്റൈറണിന്റെ Darkness Visible എന്ന ആത്മകഥാപരമായ ഗ്രന്ഥം രണ്ടാമത്തെ വിഭാഗത്തിൽ പെടും.

വിഷാദരോഗം അഥവാ Depression ഇന്ന് സർവസാധാരണമാണ്. അമേരിക്കയിൽ പത്തിലൊരാൾക്ക് വിഷാദരോഗം ഉണ്ടെന്നാണ് കണക്ക്. ബാക്കിയെല്ലാം പോലെ ഇന്ത്യയിലെ കാര്യത്തിനു ഒരു കൈയും കണക്കും ഇല്ലെങ്കിലും, തമിഴ്നാട്ടിൽ 2009 ൽ നടന്ന പഠനത്തിൽ 15% പേർക്ക്  വിഷാദരോഗം ഉണ്ടെന്നു കണ്ടെത്തിയിരുന്നു. സങ്കടകരമായ വസ്തുത എന്താണെന്നു വെച്ചാൽ ഇതിന് ചികിത്സ തേടുന്ന കാര്യം പോയിട്ട്, ഇത് ചികിത്സിക്കേണ്ട ഒരു രോഗമാണ് എന്നതു പോലും മിക്കവർക്കും അറിയില്ല എന്നതാണ്. തന്നെ  നാട്ടുകാര് ഒരു ഭ്രാന്തനായി ചിത്രീകരിക്കുമോ എന്ന പേടിയും ഉണ്ടെന്ന് തോന്നുന്നു. Psychotherapy യിലൂടെയും Antidepressant medication ലൂടെയും, 80% വിഷാദരോഗവും ചികിത്സിച്ച് മാറ്റാമെന്നിരിക്കെ, ഇതിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണു എന്റെ തോന്നൽ.

തിരിച്ച് പുസ്തകത്തിലേക്ക്:

ഭ്രാന്തിന്റെയോ, ആത്മഹത്യയുടെയോ വക്കിൽ കൊണ്ടെത്തിക്കുമായിരുന്ന  തന്റെ വിഷാദരോഗത്തെ പറ്റി  ഗ്രന്ഥകാരൻ, അന്യാദൃശമായ കൈയടക്കത്തിലും വാക് വിസ്മയത്തിലും  തുറന്നെഴുതുമ്പോൾ  വായനക്കാരൻ കൂടെ അങ്ങനെ ഒഴുകിപ്പോവുകയാണ്. 
പ്രശസ്തമായ Prix Mondial Cino Del Duca സമ്മാനം സ്വീകരിക്കാൻ പാരീസിൽ എത്തിയത് സ്റ്റൈറൺ വിവരിക്കുന്നുണ്ട്.  കടുത്ത Depression state ൽ ആ നല്ല നിമിഷങ്ങൾ ആസ്വദിക്കാൻ പറ്റാതെ വിഷമിക്കുന്ന സ്റ്റൈറൺ, ചടങ്ങിന്റെ സംഘാടകരെ വിഷമത്തിലാക്കിക്കൊണ്ട്, ഡിന്നറിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കുന്നു. 25000$ ന്റെ പ്രൈസ് മണിയുടെ ചെക്ക്, കൈയിൽ കിട്ടി നിമിഷങ്ങൾക്കകം കളഞ്ഞുപോവുകയാണ് (ആരൊക്കെയോ കൂടി അത് പിന്നെ കണ്ടുപിടിച്ച് കൊടുക്കുന്നുണ്ട്!)
അൽബേർ കമ്യു, വിൻസെന്റ് വാങ് ഗോഗ്, വിർജീനിയ വുൾഫ്. സില്വിയ പ്ലാത്. ഹെമിംഗ്‌വേ,  അബ്രഹാം ലിങ്കൺ  എന്നിങ്ങനെ  പ്രശസ്തരായ പലർക്കും വിഷാദരോഗം ഉണ്ടായിരുന്നെന്നും, എന്തായിരിക്കാം കാരണം എന്ന്  വ്യക്തമായി ഉത്തരം കിട്ടാതെ ഗ്രന്ഥകാരൻ വിഷമിക്കുന്നു.  മദ്യപാനം പെട്ടെന്ന് നിർത്തിയതായിരിക്കാം തന്നെ ഈ സ്ഥിതിയിലേക്ക് എത്തിച്ചത് എന്ന് സ്റ്റൈറൺ സംശയിക്കുന്നു.
ആത്മഹത്യയുടെ വക്കോളമെത്തിയ അനുഭവത്തിൽ നിന്നു കൃത്യമായ ചികിത്സ കിട്ടിയത് കൊണ്ട് മാത്രം ജീവിതത്തിലേക്ക് തിരിച്ചു വരുന്ന  സ്റ്റൈറൺ ആ അനുഭവവും വർണ്ണിക്കുന്നുണ്ട് - അസാധാരണമായ വാൿചാതുരിയോടെ.

വർണ്ണിക്കാനാവാത്തതിനെ വർണ്ണിക്കുകയാണു സ്റ്റൈറൺ തന്റെ Darkness Visible എന്ന പുസ്സ്തകത്തിലൂടെ.

വെറുതെയല്ല പ്രൊ. എം കൃഷ്ണൻ നായർ തന്റെ സാഹിത്യവാരഫലത്തിൽ ഇങ്ങനെ എഴുതിയത് “ബോധമനസ്സിന്റെയും ഉപബോധമനസ്സിന്റെയും   മൃദലചലനങ്ങളെയും പ്രചണ്ഡചലനങ്ങളെയും കലാത്മകമായ രീതിയിൽ ആവിഷ്കരിക്കുന്ന ഈ ഗ്രന്ഥം വായനക്കാരെ പ്രകമ്പനം കൊള്ളിക്കും”

Darkness Visible by William Styron. Amazon Rs 665 for paper back & Rs 249.20 for Kindle Edition.

Sunday, February 14, 2016

നടവഴിയിലെ നേരുകൾ - ഷെമി

സെലെക്റ്റീവ് ആയി വായിക്കാൻ തുടങ്ങിയ കാലം മുതൽ കഥ, നോവൽ തുടങ്ങിയവയെ പരമാവധി മാറ്റിനിർത്താറുണ്ട്‌. വേറൊന്നും കൊണ്ടല്ല- അത്‌ കൈയിലെടുത്താൽ പിന്നെ വായിച്ച്‌ തീരുന്നതുവരെ മറ്റൊന്നും ചിന്തയിലുണ്ടാവില്ല എന്നതു തന്നെ.
ഇത്തവണ നാട്ടിൽ പോയപ്പോൾ കൈയിൽ കിട്ടിയതാണ്‌- നടവഴിയിലെ നേരുകൾ എന്ന പുസ്തകം. എഴുതിയത്‌ ഇന്നേവരെ കേട്ടിട്ടില്ലാത്ത 'ഷെമി' എന്ന എഴുത്തുകാരിയും. വാങ്ങാൻ ആദ്യം ഒന്ന് മടിച്ചു.
640 പേജുകൾ. നാല്‌ ദിവസം, അതും 12 മണിക്കൂർ ഓഫീസ്‌ കൊണ്ടുപോയതിനു ശേഷം മിച്ചം വന്ന സമയം, കൊണ്ട്‌ വായിച്ച്‌ തീർത്തു. അതിമനോഹരമായ പുസ്തകം.

കൊടും ദാരിദ്ര്യത്തിൽ ചിലവിട്ട തന്റെ ബാല്യത്തിന്‍റെ കയ്പേറിയ യാഥാര്‍ഥ്യങ്ങളും അനുഭവങ്ങളും ഒന്നും മറച്ചുവെക്കാതെ വിളിച്ചുപറയുന്നതാണ്‌ ആറു അദ്ധ്യായങ്ങളുള്ള ഈ പുസ്തകം.
വടക്കന്‍ മലബാറിലെ ദരിദ്ര മുസ്ലീം കുടുംബങ്ങളുടെ ഒരു നേര്‍ക്കാഴ്ച്ച. അതിനെക്കാളേറെ ഒന്നുമില്ലായ്മയിൽ നിന്ന് ജീവിതത്തിന്റെ വെല്ലുവിളികൾ ഒറ്റക്ക്‌ നേരിട്ട ഒരു പെൺകുട്ടിയുടെ കഥ. ആത്മകഥാപരമായ നോവൽ എന്ന് പുസ്തകത്തിന്റെ കവർചട്ടയിലെഴുതിയിരിക്കുന്നു. ഇതിൽ എത്രത്തോളം ഭാവനയാണെന്നെനിക്കറിയില്ല. 99 ശതമാനം ഭാവനയാണെങ്കിൽ പോലും, എനിക്കൊന്നും ചിന്തിക്കാൻ പറ്റാത്തത്രയും കഷ്ടപ്പാട്‌ ഈ കഥാകാരി അനുഭവിച്ചിരിക്കുന്നു.
വള്ളുവനാടൻ, തൃശ്ശൂർ, തിരുവനന്തപുരം ഭാഷകളിൽ(?) എഴുതപ്പെട്ട ഇഷ്ടം പോലെ പുസ്തകങ്ങൾ നമുക്കുണ്ട്. ആദ്യമായിട്ടായിരിക്കും ഒരു വടക്കൻ മലബാർ പ്രാതിനിധ്യം ഇതിൽ വരുന്നത്! :)
ഡിസി ബുക്സിലെ ആൾക്കാർക്ക്  കുറച്ച് കൂടി ഭംഗിയായി ഇത് എഡിറ്റ് ചെയ്യാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ മലയാളത്തിനു ഒരു ക്ലാസ്സിക് കിട്ടിയേനേ!

'നടവഴിയിലെ നേരുകൾ' എന്ന ഈ പുസ്തകം വിറ്റ്‌ കിട്ടുന്ന പണം അനാഥർക്ക്‌ വേണ്ടിയാണ്‌ ചിലവിടുക എന്ന് ഷെമി പറയുന്നു.  തീർച്ചയായും വാങ്ങി വായിക്കൂ.

സംസ്മൃതി- പ്രശസ്ത ന്യൂറോളജി വിദഗ്ദന്റെ ലേഖനങ്ങൾ - ഡോ കെ രാജശേഖരൻ നായർ


തന്റെ ആത്മകഥക്ക് പേരിടുമ്പോൾ Prof S ഗുപ്തൻ നായർ സാറിന് , ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ എന്നൊരു തമാശ പറഞ്ഞുകേട്ടിരുന്നു. മദ്യപാനികളും സ്ഥലകാലബോധമില്ലാത്തവന്മാരും എന്റെ പുസ്തകത്തെ പറ്റി ഒരക്ഷരം മിണ്ടാൻ ഇടവരുത്തരുത്. അങ്ങിനെ ശ്രദ്ധിച്ച് ഇട്ട പേരാണ് - മനസാസ്മരാമി!! ശൂരനാട്ട് കുഞ്ഞൻപിള്ളയുടെ മകന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നോ എന്നറിയില്ല. എന്തായാലും ഡോ കെ രാജശേഖരൻ നായർ തന്റെ ഓർമ്മക്കുറിപ്പുകൾക്കിട്ട പേര് അഞ്ചാറു തവണ പറയേണ്ടി വന്നു തെറ്റില്ലാതെ പറയാൻ. സംസ്മൃതി. 
പ്രശസ്...തരായ കുറെയേറെ ന്യൂറോളജി വിദഗ്ദന്മാരെ സൃഷ്ടിച്ചെടുത്ത നാടാണ് കേരളം. അതിലൊന്നാണ് ഡോ കെ രാജശേഖരൻ നായർ. അദ്ദേഹത്തിന്റെതായി മലയാളത്തിൽ മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ഒരു തുടർച്ചയാണ് സംസ്മൃതി. രോഗങ്ങളും സർഗ്ഗാത്മകതയും, മനസ്സിന്റെ ബന്ധങ്ങളും ശൈഥില്യങ്ങളും, ഓർക്കാനുണ്ട് കുറേ ഓർമ്മകൾ എന്നിവയുടെ അതേ കെട്ടും മട്ടും! (ഇവയെല്ലാം വായിച്ചത് കൊണ്ട്, ഇപ്പം ഏത് സംഭവം ഏത് കൃതിയിലാണെന്നു പറയാൻ പറ്റാത്ത സ്ഥിതിയിലായി!).


അത് വരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു പറ്റം ലേഖനങ്ങളുടെ സമാഹാരം ഡിസി ബുക്സ് 2012 ൽ പ്രസിദ്ധീകരിച്ചു. സംസ്മൃതി- പ്രശസ്ത ന്യൂറോളജി വിദഗ്ദന്റെ ലേഖനങ്ങൾ, എന്ന പേരിൽ.
(രൂ: 120. ഡി സി ബുക്സ്, . 176 പേജ്, 17 അദ്ധ്യായങ്ങൾ)
കേരളത്തിലെ ചില ഭിഷഗ്വര ജീനിയസുകളെ പരിചയപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ. അധികമാരും അറിയപ്പെടാതെ പോയവർ, അല്ലെങ്കിൽ പ്രശസ്തരുടെ അറിയപ്പെടാത്ത ജീവിതാനുഭവങ്ങൾ എന്നിവ ഇതിൽ വായിക്കാം. ഡോ. എം ജി സഹദേവൻ, ഡോ ജെ കെ വാര്യർ, ഡോ അനന്താചാരി, ഡോ ആർ കേശവൻ നായർ എന്നിവരെ പറ്റി ആദ്യമായിട്ടും, പ്രൊഫ കൃഷ്ണൻ നായർ, ഡോ ഭാസ്കരൻ നായർ തുടങ്ങിയവരെക്കുറിച്ച് പുതിയ വിവരങ്ങളും വായിച്ചറിയാൻ പറ്റി.

ഡോ കെ രാജശേഖരൻ നായരുടെ എഴുത്ത് നാടൻ ബേക്കറിയിൽ നിന്ന് കിട്ടുന്ന എരുവുള്ള മിക്സ്ചർ പോലെയാണ്. പല പല സാധനങ്ങളും ശരിക്കുള്ള അനുപാതത്തിൽ ചേർത്തിട്ടുണ്ടാവും അതിൽ. രോഗങ്ങളും അവയുടെ ചരിത്രവും, കല, സാഹിത്യം, നരവംശശാസ്ത്രം, ഭാഷാശാസ്ത്രം, ഫിലോസഫി എന്നിങ്ങനെ എല്ലാം ചേർന്ന ഒരു മിക്സ്ചർ! ഒരു നോവൽ വായിക്കുന്നത് പോലെ വായിച്ച് പോകാം!
വൈദ്യം, ജീവശാസ്ത്രം തുടങ്ങിയവയിൽ താത്പര്യമുള്ളവർക്ക് - Highly recommended!




Friday, April 11, 2008

ഫെയ്‌ന്‍‌മാനെ ഓര്‍ക്കുമ്പോള്‍...

“യേശുദാസ് മലയാള സിനിമാ പിന്നണി സംഗീതരംഗത്ത് വന്നത് കൊണ്ടുള്ള തകരാറ് എന്താന്നറിയോ തനിക്ക്?”
“എന്തു തകരാറ്? എനിക്കറിയില്ല”
“അങ്ങോര്‍ അവിടത്തന്നെ ഇരിക്കുന്നത് കൊണ്ട് കഴിവുള്ള കുറേ പേരെ ആരും കാണാതെ പോയി!“
ഉണ്ണി എന്തേലും പറഞ്ഞാല്‍ അതിനെ എതിര്‍ക്കാതിരിക്കുന്നതാണ്‍ ബുദ്ധി, കാരണം എതിര്‍ത്താല്‍ ബാക്കിയുള്ളോര്‍ക്ക് തലവേദന വരുന്നത് വരെ അവന്‍ കാറിക്കൊണ്ടിരിക്കും! എന്തായാലും പണ്ട് നടന്ന ഈ സംഭാഷണമാണ്‍ ഫെയ്‌ന്മാനെ പറ്റിയുള്ള “Surely You‘re Joking, Mr. Feynman" എന്ന പുസ്തകം വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്. Albert Einstein , Oppenheimer, Niels Bohr, തുടങ്ങിയ മഹാരഥന്മാര്‍ക്കിടയില്‍ അത്രയൊന്നും പേരെടുക്കാന്‍ പറ്റാതെ പോയ ചില അസാമാന്യ ധിഷണാ‍ശാലികളുണ്ട്. അതിലൊരാളാണ്‍ 1965 ല്‍ നോബല്‍ സമ്മാനം കിട്ടിയ Richard Phillips Feynman. സ്വയം ആഘോഷമാക്കി മാറ്റിയ ഫെയ്‌ന്‍‌മാന്റെ ജീവിതത്തിലെ ഓരോ നിമിഷവും വളരെ രസകരമാണ്‍. ജാഡയും പൊങ്ങച്ചവും ഒരിക്കലും വെച്ചുപൊറുപ്പിക്കാതിരുന്ന ഫെയ്‌ന്‌മാന്റെ [ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ തന്നെ വാചകം കടമെടുത്ത് പറഞ്ഞാല്‍ ‘Zero Tolerance towards Pompousness- That's what Feynman is'] ജീവിതത്തിലെ ഒരു പാട് സംഭവങ്ങള്‍ , ഓര്‍മ്മക്കുറിപ്പ് പോലെ എഴുതിയതാണ്‍ “Surely You're Joking, Mr. Feynman!“ എന്ന പുസ്തകം.
സ്കൂള്‍ കാലഘട്ടത്തിലെ റേഡിയോ റിപ്പയര്‍ പരിപാടികളും‍ Los Alomos-ലെ അലമാരയുടെ പൂട്ടുകള്‍ crack ചെയ്യുന്നതും, topless bar ലെ സാഹസികതകളും എല്ലാം വളരെ വിശദമായി എഴുതിയിട്ടുള്ള ഈ പുസ്തകം ആസ്വദിച്ച് വായിക്കാവുന്ന ഒന്നാണ്‍. കലാകാരന്മാരെ പറ്റി തികച്ചും പുച്ഛമായിരുന്ന(കാരണം തനിക്ക് കല അറിയില്ലായിരുന്നു എന്ന് സമ്മതിക്കുന്ന), ഫെയ്ന്‍‌മാന്‍, ഒരു പന്തയത്തിന്റെ പുറത്ത് ചിത്രം വര പരിശീലിക്കുന്നതും പിന്നെ അതില്‍ പ്രശസ്തനാവുന്നതും വായിക്കേണ്ടുന്നവയാണ്‍.
‘ഒരു പ്രശ്നം നിങ്ങള്‍ക്ക്, ബാക്കിയുള്ളവര്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ അവതരിപ്പിക്കാന്‍ പറ്റുന്നില്ല എങ്കില്‍ അതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് ആ പ്രശ്നം അറിയില്ല എന്നത് തന്നെയാണ് ‘ എന്ന അദ്ദേഹത്തിന്റെ വാദം എല്ലാ സംഭവങ്ങളിലും തെളിഞ്ഞു കാണാം. ഫെയ്ന്‍‌മാനെ പരിചയപ്പെട്ടതു മുതല്‍ തന്റെ ഓരോ തിയറിയും പബ്ലിഷ് ചെയ്യുന്നതിനു മുന്‍പ് Niels Bohr, ഫെയ്‌ന്‍‌മാനുമായി നേരിട്ട് ചര്‍ച്ച ചെയ്യറുണ്ടായിരുന്നത്രേ. എന്താ ഇതിന്റെ കാരണം എന്ന് ഒരു കോണ്‍ഫ്രന്‍സില്‍ ആരോ ചോദിച്ചപ്പോള്‍ ബോറ് പറഞ്ഞത്രേ, ‘ഞാനെന്ത് പറഞ്ഞാലും ബാക്കിയുള്ളവരൊക്കെ, yes Sir എന്നേ പറയൂ. തെറ്റ് തെറ്റാണെന്ന് പറയാന്‍ ആകെ ഒരു ഫെയ്ന്‍‌മാനെ നമുക്കുള്ളൂ’ എന്ന്!
ഒരുപാട് രസകരമായ സംഭവങ്ങള്‍ വിവരിച്ചിട്ടുള്ള ഈ പുസ്തകം ഒരു ‘must read‘ വിഭാഗത്തില്‍ പെടുത്തേണ്ട ഒന്നാണ്‍!

Saturday, January 05, 2008

പി സായ്‌നാഥിന്റെ Everybody loves a good drought


‘ഇന്ത്യയെപറ്റി നിങ്ങളുടെ അഭിപ്രായം എന്താ’ന്ന് നിങ്ങളോട് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? അങ്ങനെ ഒരു ചോദ്യം നേരിടേണ്ടിവന്നാല്‍ നിങ്ങളുടെ മറുപടി എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒന്ന് ചിന്തിച്ച് നോക്കൂ , അപ്പോഴറിയാം ഒരു ഉത്തരത്തിലും ഒതുങ്ങാത്ത ഒന്നാണ്‍ നമ്മുടെ രാജ്യം എന്നത്. മുഴുവന്‍ സമയവും മകുടിയൂതി പാമ്പിനെ കളിപ്പിക്കുന്ന ,ആകര്‍ഷകമായ നിറങ്ങളിലുള്ള തലക്കെട്ടും, കറപിടിച്ച പല്ലുകളുമായി ചിരിച്ച് കൊണ്ടിരിക്കുന്ന ഒരു ജനതയുടെ നാടായി, നമ്മുടെ നാടിനെ വിദേശങ്ങളില്‍ വില്‍ക്കാന്‍ വെക്കുന്ന ടൂറിസം വകുപ്പിനെ പറഞ്ഞാല്‍ മതിയല്ലോ..സായിപ്പന്മാരുടെ ഏകദേശധാരണ അതൊക്കെ തന്നെയാണ്‍!
ഇന്ത്യക്ക് തെറ്റുപറ്റുന്നതെവിടെയാണ്‍? നയ്‌പോള്‍ പറഞ്ഞത് പോലെ ഒരു ‘മുറിവേറ്റ സംസ്കാര‘മല്ല അത്. ഇന്‌വേഷനോ കാസ്റ്റ് സിസ്റ്റമോ അല്ല ഇന്ത്യയെ പിന്നോട്ട് വലിക്കുന്നത്. ഭരണത്തിലെ പിടിപ്പ്കേടുകള്‍ മാത്രമാണ്‍ അതിനു കാരണം. മാര്‍ക്ക് ടുളി പറഞ്ഞത് ഇന്ത്യയുടെ ഭരണവ്യവസ്ഥ ഡെമോക്രസിയല്ല, ക്ലെപ്റ്റോക്രസിയാണെന്നാണ്‍. സ്റ്റോക്ക് ഇന്‍ഡ്ക്സിലൂടെ മാത്രം ഇന്ത്യയെ അറിയാന്‍ ശ്രമിക്കുന്ന എന്നേപ്പോലുള്ള വിവരദ്വേഷികള്ക്ക് വേണ്ടി എഴുതപ്പെട്ട ഒരു പുസ്തകം വായിക്കാന്‍ ഇതിനിടെ അവസരമുണ്ടായി! ആ അനുഭവമാണ്‍ ഈ കുറിപ്പിനാധാരം.
മാഗ്‌സസെ അവാര്‍ഡ് നേടിയ പ്രശസ്തനായ റിപ്പോറ്ട്ടര്‍ പി.സായ്‌നാഥിന്റെ Everybody loves a good drought എന്ന പുസ്തകം വേറിട്ട് നില്‍ക്കുന്നത്, വായനക്കാറ്ക്ക് കണ്ണു മഞ്ഞളിക്കാതെ ഇന്ത്യയെ മനസിലാക്കിത്തരുന്നു എന്ന ഒറ്റകാരണത്താലാണ്‍. ആരുടെയും പക്ഷം പിടിക്കാതെ കൃത്യമായ കണക്കുകള്‍ നിരത്തി സായ്‌നാഥ് കാര്യങ്ങള്‍ പറയുമ്പോള്‍ പൊങ്ങച്ചത്തിന്റെ മൂടുപടം നമുക്ക് മാറ്റാതെ വയ്യ.

11 ഭാഗങ്ങളായി തിരിച്ച ഈ പുസ്തകത്തില്‍ ഓരോ ഭാഗങ്ങളും ഒരുപാട് മനുഷ്യജീവിതങ്ങളെ വരച്ചുകാട്ടുന്നു. വികസനത്തിന്റെ പേരില്‍ ആറുതവണ കുടിയിറക്കപ്പെട്ട, ബീഹാറിലെ ഒരു പറ്റം മനുഷ്യ ജീവികളുടെ ജീവിതം വിവരിക്കുമ്പോഴായാലും, 24 അദ്ധ്യാപകരുടെ ശമ്പളം കൃത്യമായി ട്രഷറിയില്‍ നിന്ന് പിന്‍‌വലിക്കപ്പെടുമ്പഴും സ്കൂളില്‍ ആകെയുള്ളത് നാല്‍ ആട്ടിങ്കുട്ടികള്‍ മാത്രമാണെന്ന് പറയുമ്പഴും സായ്‌നാഥ് തികച്ചും നിര്‍വികാരനാണ്‍. വ്യക്തമായ അടിസ്ഥാനമില്ലാതെ ഒരിടത്തും അദ്ദേഹം ഇടപെടുന്നില്ല.
ജനസംഖ്യയുടെ 8 ശതമാനം മാത്രമാണ്‍ ഇന്ത്യയില്‍ ആദിവാസികള്‍. എന്നാല്‍ വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നവരില്‍ പകുതിയോളം ഇവരാണ്‍ എന്നത് ഒരു ഞെട്ടിപ്പിക്കുന്ന വസ്തുതയല്ലേ. പാവപ്പെട്ടവനേയും ആദിവാസികളേയും കൊല്ലാക്കൊല ചെയ്ത് തിണ്ണമിടുക്ക് കാട്ടുകയാണ്‍ ഇന്ത്യ ഇന്ന്.
ഇന്ത്യാക്കാരനാണെങ്കില്‍ ഈ പുസ്തകം വായിച്ചിരിക്കണം എന്നു മാത്രമേ എനിക്ക് പറയാനുള്ളൂ!
ഈ പുസ്തകത്തെപ്പറ്റി രാജീവ് ചേലനാട്ട് എന്ന ബ്ലോഗര്‍, ഭംഗിയായി എഴുതിയ ഒരു പോസ്റ്റ് ഇതാ - പി.സായ്‌നാഥ്

Thursday, September 06, 2007

ഇതിഹാസപുരാണങ്ങളിലെ ചില കാണാപ്പുറങ്ങള്‍


ഇതിഹാസപുരാണങ്ങളിലെ ചില കാണാപ്പുറങ്ങള്‍ - Prof.സി ജി നായര്‍ മട്ടന്നൂര്‍

മാതൃഭൂമി പത്രത്തിലെ ‘പത്രാധിപര്‍ക്കുള്ള കത്തുകള്‍’ക്ക് മുകളിലായി സ്ഥിരമായി വരാറുണ്ടായിരുന്ന പുരണകഥകളെ കുറിച്ചുള്ള കോളത്തിന്റെ കര്‍ത്താവ് എന്ന നിലയിലാണ്‍ “പ്രൊഫസര്‍ സി ജി നായര്‍ മട്ടന്നൂരി‘നെ എനിക്ക് പരിചയം. മുന്‍പ് കേട്ട കഥകളാണെങ്കില്‍ കൂടി അതിന്‍ ഒരു പുതിയ അനുഭവമണ്ഡലം പ്രദാനം ചെയ്യുന്നതില്‍ ആ കോളം എന്നും വിജയിച്ചിരുന്നു. തിരുവനന്തപുരത്തെ കറന്റ് ബുക്സില്‍ ഒരിക്കല്‍ നടത്തിയ തിരച്ചിലിനിടയിലാണ്‍ അദ്ദേഹത്തിന്റെ ഈ പുസ്തകം ആകസ്മികമായി കൈയില്‍ കിട്ടിയത്.
രാമായണ-മഹാഭാരത-ഭാഗവത സംബന്ധികളായ 22 ലേഖനങ്ങളുടെ (പഠനങ്ങള്‍ എന്നു പറയുന്നതാവും കൂടുതല്‍ ശരി) സമാഹാരമാണ്‍ ഈ പുസ്തകം. ഇവ എല്ലാം തന്നെപല പ്രസിദ്ധീകരണങ്ങളിലായി മുന്നേ പ്രസിദ്ധീകരിച്ചവയുമാണ്‍. ഈ പുസ്തകത്തിന്റെ പ്രത്യേകത ആദ്യമേ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതിഹാസ പുരാണങ്ങളില്‍ നമ്മള്‍ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ കഥകളില്‍ നമ്മള്‍ ശ്രദ്ധിച്ചിട്ടില്ലാത്ത ചില പരോക്ഷ തലങ്ങളെ തെളിവ് സഹിതം വായനക്കാരന്റെ മുന്നില്‍ അവതരിപ്പിക്കുകയാണ്‍ ഇത് ചെയ്യുന്നത്. ഉദാ: സീതയുടെ അതീവമായ ആത്മഹത്യാ പ്രവണത. സീതയുടെ അഗ്നിപ്രവേശമല്ല ഇവിടെ ഉദാഹരണമായി കാട്ടുന്നത് എന്നും പറയട്ടെ. വേറെ ഒരുപാട് സന്ദര്‍ഭങ്ങളില്‍ സീതയുടേത് തന്നെ സംഭാഷണങ്ങളും പ്രവൃത്തികളുമാണ്‍ ഇവിടെ ആധാരം!

ചുരുക്കത്തില്‍ ഒരു തിരിച്ചറിവിന്റെ വായനയാണ്‍ ഈ പുസ്തകം നമുക്ക് നല്‍കുന്നത്.
വാത്മീകി രാമായണത്തില്‍ ശ്രീരാമനെ ഒരു അവതാരപുരുഷനുപകരം വെറും സധാരണ മനുഷ്യനായിട്ടാണ്‍ ചിത്രീകരിച്ചിരിക്കുന്നത് എന്ന വിവാദത്തിനുള്ള മറുപടിയാണ്‍ ‘അദ്ധ്യാത്മികദര്‍ശന വാത്മീകിരാമായണത്തില്‍‘ എന്ന ഒന്നാമധ്യായം.
ചില രാമായണപ്രശ്നങ്ങള്‍ എന്ന രണ്ടാമദ്ധ്യായം വളരെ രസകരമാണ്‍. എന്തുകൊണ്ടാണ്‍ കര്‍ക്കടകമാസത്തില്‍ രാമായണം വായിക്കുന്നത്? അതും കേരളത്തില്‍ മാത്രം?! എന്തുകൊണ്ടാണ്‍ രാമന്‍ 14 വര്‍ഷത്തെ വനവാസം തന്നെ വേണമെന്ന് കൈകേയി നിരബന്ധം പിടിച്ചത്? എല്ലാമുപേക്ഷിച്ച് കാട്ടിലേക്ക് പോയ രാമന്‍ എങ്ങിനെയാണ്‍ ദിവ്യമായ ഹേമഭൂഷിത പാദുകങ്ങള്‍ ഭരതന്‍ കൊടുക്കുന്നത്? ഈ വക ചോദ്യങ്ങളുടെ ഉത്തരങ്ങളും അപഗ്രഥനവുമാണ്‍ രണ്ടാം അധ്യായം.
ഇതുപോലെ 22 അദ്ധ്യായങ്ങളുണ്ട് ഇതില്‍ (ഞാന്‍ കൂടുതല്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് വായിക്കാന്‍ ഉള്ള മൂഡും കൂടി പോവും എന്ന് എനിക്ക് നന്നായറിയാം!)
കുംഭകര്‍ണ്ണന്‍, ഹനുമാന്‍, സീത, ഭാഗവത്തിലെ രാമന്‍,രന്തിദേവന്‍, അഹല്യ, ശല്യര്‍ തുടങ്ങി ഒരുപാട് കഥാപാത്രങ്ങളെ ഒരു പുതിയ വീക്ഷണകോണില്‍ കൂടി കാണാന്‍ ഈ പുസ്തകം നമ്മെ പഠിപ്പിക്കും.
കറന്റ് ബുക്സാണ്‍ ഈ പുസ്തകത്തിന്റെ പ്രസാധകര്‍. വില 55ക. 140 പേജ്

Saturday, September 01, 2007

ദ ആല്‍കെമിസ്റ്റ് - പൗലോ കൊയ്‌ലോ

40million കോപ്പികള്‍ വിറ്റഴിഞ്ഞ , പുസ്തക ചരിത്രത്തില്‍ ‘Evertime Hit‘ കളിലൊന്നാണ്‍ ‘ദ ആല്‍കെമിസ്റ്റ്‘ എന്ന പുസ്തകം. ബ്രസീലിയന്‍ സാഹിത്യകാരനായ ‘പൗലോ കൊയ്‌ലോ‘യാണ്‍ ഈ അസാമാന്യ കഥയുടെ കര്‍ത്താവ്.
സ്വപ്നങ്ങളും പ്രതിരൂപങ്ങളും ശകുനങ്ങളും മറ്റും വായനക്കാരനെ കുറച്ച് ദിവസത്തേക്ക് മുള്‍മുനയില്‍ നിര്‍ത്തിക്കുന്ന ഒന്നാണ്‍ ദ ആലെക്മിസ്റ്റ്. സാഹസികതയും സംഘര്‍ഷനിര്‍ഭരവുമായ ഒരുപാട് സന്ദര്‍ഭങ്ങള്‍ ഈ പുസ്തകത്തെ മഹത്തരമാക്കുന്നു.

കഥയുടെ ചുരുക്കം പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കണം എന്ന് എനിക്ക് അസാരം ആഗ്രഹമുണ്ട്. എന്നാലും ഇപ്പഴത്തേക്ക് വേണ്ടാന്ന് വെക്കുന്നു! ചുരുക്കം കേള്‍ക്കേണ്ടവര്‍ക്ക് ഇവിടെ വായിക്കാം Wiki on The Alchemist.

എന്നാലും രണ്ട് വാക്ക്:
വ്യക്തമല്ലാത്ത ഒരു കാലഘട്ടത്തിലും സ്ഥലത്തുമായാണ്‍ ഈ കഥ നടക്കുന്നത്. സാന്റിയാഗോ എന്ന ചെറുപ്പക്കാരനാണ്‍ ഇതിലെ നായകന്‍. (ആദ്യത്തെ മൂന്നുനാല്‍ പേജ് കഴിഞ്ഞാല്‍ നായകനെ പരാമര്‍ശിക്കുന്നത് മുഴുവന്‍ ‘ബോയ്’‘ എന്നു മാത്രമാണ്‍). നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും, പല പല നാടുകള്‍ കാണണം എന്ന ഒറ്റ ആഗ്രഹത്തിന്റെ പുറത്ത്, ആട്ടിടയനായി കഴിയുകയാണ്‍ നായകന്‍. ഒരു രാത്രി സാന്റിയാഗോ ഒരു സ്വപ്നം കാണുന്നു. ഈജിപ്തിലെ പിരമിഡുകളില്‍ വെച്ച് വലിയ ഒരു നിധി താന്‍ കണ്ടെത്തുന്നു എന്നതായിരുന്നു ആ സ്വപ്നം. ഈ സ്വപ്നം വിശകലനം ചെയ്യുന്ന ജിപ്സി സ്ത്രീയും, ഒരു മിസ്റ്ററി പോലെ തന്റടുത്തെത്തുന്ന വൃദ്ധനും സ്വപ്നത്തില്‍ കണ്ട നിധി തേടാന്‍ സാന്റിയാഗോയെ പ്രേരിപ്പിക്കുന്നു. “To realize ones destiny is a person's only obligation" എന്നാണ്‍ സാലെമിലെ രാജാവ് എന്ന്സ്വയം പരിചയപ്പെടുത്തുന്ന വൃദ്ധന്‍, സാന്റിയാഗോയോട് പറയുന്നത്. പിന്നിടങ്ങോട്ട് തന്റെ Destiny തേടിയുള്ള അലച്ചിലിന്റെ കഥയാണ്‍ ആല്‍കെമിസ്റ്റ്.
അതിലളിതവും അതീവ മനോഹരവുമായ രീതിയിലാണ്‍ ഈ കഥ പറഞ്ഞിരിക്കുന്നത്. ഡാവിഞ്ചികോഡിന്റെ ആകസ്മികതയും ഒരു ദേശത്തിന്റെ കഥയുടെ ലാളിത്യവും ചേര്‍ന്നാല്‍ എങ്ങിനെയുണ്ടാവുമോ, അതാണ്‍ ആല്‍കെമിസ്റ്റ്!
Moral of the story ആയി ഗ്രന്ഥകാരന്‍ തന്നെ പറയുന്ന ഈ വാചകവും ശ്രദ്ധയര്‍ഹിക്കുന്നതാണ്‍
“ When you really want something to happen, the whole universe conspires so that your wish comes true“

Tuesday, August 21, 2007

ഹോളി കൗ



‘Holy Cow!‘ പകുതി വായിച്ച് കഴിഞ്ഞപ്പോഴായിരുന്നു ഈ പോസ്റ്റ് ഇട്ടത്. അത് വായിച്ച ചിലര്‍ ഈ പുസ്തകത്തിനെപറ്റി ചോദിച്ചത് കണ്ടപ്പോള്‍ തോന്നിയതാണ്‍, വായിച്ച് തിര്‍ന്നാല്‍ അതിനെപറ്റി എഴുതണം എന്ന്.
ആദ്യം കൈമള്‍ അവര്‍കള്‍ - ‘ഹോളി കൗ‘ വായിച്ചപ്പോള്‍ എനിക്ക് തോന്നിയ സംഗതികളാണ്‍ ഞാന്‍ താഴെ കുറിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് വേണംന്ന് തോന്നുന്നുണ്ടെകില്‍ പുസ്തകം വാങ്ങാം വായിക്കാം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്നെ തെറി വിളിക്കരുത്! :)

ആദ്യം ഗ്രന്ഥകാരിയെപറ്റി. സാറാ മക്‍ഡൊണാള്‍ഡ് ജനിച്ചതും വളര്‍ന്നതും സിഡ്നിയില്‍. പഠിച്ചത് സൈക്കോളജി. തികഞ്ഞ നിരീശ്വരവാദി. Triple J എന്ന ആസ്ത്രേല്യന്‍ റേഡിയോ സ്റ്റേഷനില്‍ കുറെ കാലം ജോലി ചെയ്തു. പ്രത്യേകിച്ച് യാതൊരു ലക്ഷ്യബോധവുമില്ലാതെ കുറച്ച് കാലം മുന്‍പ് ഇന്ത്യയില്‍ വന്നിരുന്നു. വളരെ മോശം അഭിപ്രായമാണ്‍ ആ സന്ദര്‍ശനം അവര്‍ക്ക് ഇന്ത്യയെപറ്റി നല്‍കിയത്. ഇനി ഇങ്ങോട്ടില്ല എന്ന് കരുതി തിരിച്ച് പോയ സാറായ്ക്ക് പിന്നീട് വീണ്ടും ഇന്ത്യയിലേക്ക് വരേണ്ടി വരുന്നു. ഇത്തവണ തന്റെ കാമുകന്‍ (പുസ്തകത്തിന്റെ പകുതി വഴിക്ക് കാമുകന്‍, ഭര്‍ത്താവായി മാറപ്പെടുന്നു!) സ്ഥലം മാറ്റം കിട്ടി ഇന്ത്യയിലേക്ക് വരേണ്ടി വന്നത് കാരണം, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ സാറായും ഇന്ത്യയിലേക്കെത്തുന്നു. ഏകദേശം ഒരു വറ്ഷക്കാലം ഇന്ത്യയിലങ്ങോളമിങ്ങോളം സഞ്ചരിക്കുന്ന അവര്‍ കണ്ട ഇന്ത്യയാണ്‍ ഇതിലെ പ്രതിപാദ്യവിഷയം.
18 അദ്ധ്യായങ്ങളാണ്‍ ഈ പുസ്തകത്തിന്. ഒറ്റ ഇരുപ്പിന്‍ വായിച്ച് തീര്‍ക്കാന്‍ തോന്നുന്നത്ര ലളിതവും സുന്ദരവും ആയ എഴുത്ത്. എല്ലാറ്റിനെയും തുറന്ന മനസ്സോടെ നോക്കിക്കാണുന്ന ഒരാള്‍ക്കേ ഇന്ത്യയെ മനസ്സിലാക്കാനും അതിന്റെ ഭംഗി കണ്ടെത്താനും കഴിയൂ എന്ന സത്യം ഈ പുസ്തകം വായിച്ചാല്‍ മനസ്സിലാകും.
മകുടിയൂതുന്ന പാമ്പാട്ടിയെക്കാണിച്ച് ടൂറിസത്തിന്‍ ആളെക്കൂട്ടുന്ന ഏജന്‍സികള്‍ തൊട്ട്, ‘സനാതന ഭാരത സം‌സ്കാരം’ന്നൊക്കെ പറഞ്ഞ് ആളെ പറ്റിക്കുന്ന NRI സ്വാമിമാര്‍ വരെ കളങ്കപ്പെടുത്തിയ ഒരു നാടാണ്‍ നമ്മുടേത്. പുറത്ത് നിന്നും വരുന്ന ഒരാള്‍ക്ക് ഇന്ത്യയെ പറ്റി തെറ്റിദ്ധാരണ ഇല്ലെങ്കില്‍ അതൊരത്ഭുതമായിരിക്കും! അപ്പോള്‍ അതിനെ പറ്റി ഒരു മിഥ്യാധാരണയും ഇല്ലാതെ ഇന്ത്യയിലെത്തിയ ഗ്രന്ഥകാരി ഇന്ത്യയിലെ ഒരോ മതത്തിനെയും മനസ്സിലാക്കാന്‍ ശ്രമിക്കുകയാണിവിടെ. കൂടെ ആള്‍ദൈവങ്ങളെയും ഒഴിവാക്കുന്നില്ല!
‘വാഹനങ്ങളുടെ പുറകില്‍ ‘Baby on board', Jesus saves' എന്നൊക്കെ എഴുതിവെച്ചത് കണ്ടിട്ടുണ്ട്. ഇതെന്താ ഇവിടെ എല്ലാ വാഹനങ്ങളുടെയും പുറകില്‍ ‘HORN PLEASE' എന്നെഴുതിയിരിക്കുന്നത് എന്ന് അത്ഭുതപ്പെട്ടുകൊണ്ടാണ്‍ സാറ ഋഷികേശിലെത്തുന്നത്. നിരീശ്വരവാദിയായ സാറ, തമാശക്ക് അവിടെ വെച്ച് ഒരു ജ്യോതിഷിയോട് സംസാരിക്കുന്നു. ‘You are back in India for a good shaking. Here you will dance with death and be reborn' എന്ന് ജ്യോതിഷി. ‘ഓ എന്നാ ശരി, പിന്നെക്കാണാം’ന്നും പറഞ്ഞ് പോയ സാറ പിന്നെ അപ്പോളോ ആശുപത്രിയില്‍ മരണത്തോട് മല്ലിട്ട് മൂന്നാഴ്ച കഴിയുന്നു. അവിടെ നിന്നാണ് സാറയുടെ ദൈവത്തെ തേടിയുള്ള യാത്രകള്‍ ആരംഭിക്കുന്നത്.
ബുദ്ധമതത്തെ അടുത്തറിയാന്‍ പുറം‌ലോകവുമായി ഒരു ബന്ധവുമില്ലാതെ പത്ത് ദിവസം, സിക്ക് മതത്തെ പറ്റി പഠിക്കാന്‍ സുവറ്ണ്ണക്ഷേത്രത്തില്‍ കുറച്ച് നാള്‍ , വേളാങ്കണ്ണിയില്‍ , ജൈനമതത്തിനെ അറിയാന്‍ ജൈനന്മാരുമായി കൂട്ട് എന്തിനേറെ പറയുന്നു, അമൃതാനന്ദമയി, സായിബാബ അങ്ങനെ ഒന്നും ഒഴിവാക്കുന്നില്ല അവര്‍ തന്റെ അന്വേഷണത്തില്‍. തികച്ചും രസകരമായിട്ടാണ്‍ എല്ലാം വിവരിച്ചിരിക്കുന്നത്. 18 അദ്ധ്യായങ്ങളിലായി പരന്നു കിടക്കുന്ന ആ അനുഭവങ്ങള്‍ വായിക്കേണ്ടത് തന്നെയാണ്‍!