Thursday, October 31, 2019

Bottle of Lies: The Inside Story of the Generic Drug Boom by Katherine Eban

Bottle of Lies: The Inside Story of the Generic Drug Boom

വഞ്ചനയുടെ സംസ്കാരം!
മരുന്നു മാഫിയ എന്ന് മുട്ടിന് മുട്ടിന് ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ യഥാർത്ഥത്തിൽ ഇതെന്താണെന്ന് നമ്മൾക്ക് വലിയ പിടിയില്ല. ഏതെങ്കിലും ഒരു ഡോക്ടർ, മെഡിക്കൽ ഷോപ്പുടമ, നാട്ടിലെ ഒരു ലാബ് ഉടമ എന്നിവരൊക്കെയാണ് മിക്കവർക്കും ഈ മാഫിയ.

എന്നാൽ ശരിക്കും എന്താണീ മരുന്ന് മാഫിയ എന്നറിയാൻ വായിക്കേണ്ട ഒരു പുസ്തകമാണ് Katherine Eban എഴുതിയ Bottle of Lies: The Inside Story of the Generic Drug Boom” . ജനറിക് മരുന്നുകളുടെ നിർമ്മാണ മേഖലയിൽ നടക്കുന്ന അഴിമതിയുടെയും വഞ്ചനകളുടെയും ഒരു മഹാഭാരതം തന്നെ ഈ പുസ്തകം  വായനക്കാരന്റെ  മുന്നിലേക്കിട്ടു തരുന്നു. കുറെയേറെ  whistleblower മാരുടെ വാക്കുകളിലൂടെ  ഇത് നമുക്ക് നേരിട്ടനുഭവിക്കാം. കൂട്ടത്തിൽ പ്രമുഖ  whistleblower ആയ ദിനേഷ് താക്കൂറിന്റെ ജീവിത കഥയും കൂടിയാണ്  ഈ പുസ്തകം !

Cipla, Wockhardt, Mylan, Dr Reddys, Teva  അങ്ങനെ  ഒരുപാട് ഫാർമസ്യൂട്ടിക്കൽ കമ്പനികളിലെ തട്ടിപ്പിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും, തട്ടിപ്പ് ഒരു സംസ്കാരമായി കൊണ്ടുനടക്കുന്ന ഒരു കമ്പനിയെ ഈ പുസ്തകം ശരിക്കും തുറന്ന് കാട്ടുന്നുണ്ട്. അതാണ് റാൻബാക്സി ലാബറട്ടറീസ്. ലോകാരോഗ്യസംഘടനയുടെ ഒരു ഓഡിറ്റിൽ, റാൻബാക്സിയുടെ ഒരു മരുന്നിൽ വേണ്ട അളവിൽ active ingredient ഇല്ല എന്ന് കണ്ടുപിടിക്കപ്പെടുന്നു. 
കൃത്യമായി വേണ്ട അളവിൽ active ingredient ഉണ്ട് എന്നതിന്റെ തെളിവൊക്കെ ഹാജരാക്കിയിട്ടാണ് ഈ മരുന്ന് നിർമ്മിക്കാൻ Federal Drug Agency (FDA)  റാൻബാക്സിയെ അനുവദിക്കുന്നത് തന്നെ. FDA അംഗീകരിച്ച പ്ലാന്റുകളിൽ അവർ പറയുന്ന good manufacturing Practices കൃത്യമായി ഫോളോ ചെയ്ത് നിർമ്മിക്കുന്ന മരുന്നിൽ പിന്നെ എങ്ങനെയാണ് active ingredient കുറഞ്ഞു പോകുന്നത്  എന്ന സംശയം ദിനേഷ് താക്കൂറിനും മാനേജറായ രാജ് കുമാറിനും  ഉണ്ടായി. അവിടെ നിന്ന് തുടങ്ങുന്ന അന്വേഷണം ഒരു പാട് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിലേക്കാണ് നയിച്ചത്.

ശക്തമായ നിരീക്ഷണ ഏജൻസി/വ്യ്വവസ്ഥകൾ നിലനിൽക്കുന്ന രാജ്യങ്ങളിലേക്ക് (യുഎസ്, യൂറോപ്പ്, ജപ്പാൻ തുടങ്ങിയവ) കയറ്റി അയക്കുന്ന മരുന്നുകളിൽ വേണ്ട അളവിന്റെ ഒരു 70 മുതൽ 80% വരെ active ingredient ഉണ്ടാവും.  എന്നാൽ ദുർബലമായ ഏജൻസികൾ ഉള്ള നാടുകളിൽ (ആഫ്രിക്കൻ രാജ്യങ്ങൾ, ഇന്ത്യ തുടങ്ങിയവ) ഇത് വെറും 10 മുതൽ 30% വരെ മാത്രം! 
ഏതെങ്കിലും ഒരു ബ്രാൻഡഡ് മരുന്നിന്റെ  ജനറിക് പതിപ്പിന്  FDA അംഗീകാരം കിട്ടാൻ  ഒരുപാട് പേപ്പറുകൾ സമർപ്പിക്കേണ്ടതുണ്ട്. ഞങ്ങളുടെ ലാബിൽ ഉണ്ടാക്കിയ മരുന്നിന് ബ്രാൻഡഡ് മരുന്നിന്റെ എല്ലാ ഗുണങ്ങളും ഉണ്ട് എന്ന് തെളിയിക്കുന്ന bio equivalence test results ഒക്കെ വേണം. ഇതൊക്കെ കൃത്രിമമായി ഉണ്ടാക്കാൻ  റാൻബാക്സിയിൽ ഒരു ഡിപാർട്ട്മെന്റ് തന്നെ ഉണ്ടായിരുന്നു.
ഇൻസ്പെക്ഷന് ഏജൻസികൾ വരുമ്പോൾ വേണ്ട പോലെ ഡേറ്റ ഉണ്ടാക്കി നൽകുക, പലപ്പോഴും തങ്ങൾക്ക് വേണ്ട ഡേറ്റ മാത്രം കമ്പ്യൂട്ടറുകളിൽ സൂക്ഷിക്കുകയും അല്ലാത്തവ നശിപ്പിക്കുകയും ചെയ്യുക എന്നതൊക്കെ  ഒരു സാധാരണ സംഭവം മാത്രം. ഇതൊക്കെ നടക്കുന്നത് കമ്പനിയുടെ തലവന്മാരൊക്കെ അറിഞ്ഞിട്ട് തന്നെ! 

മൊത്തത്തിൽ വളരെ ഇഷ്ടപ്പെട്ട ഒരു പുസ്തകം. ഇന്ത്യൻ ഫാർമ കമ്പനികളെ പ്രത്യേകം എടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നതുകൊണ്ടാകണം,  ഇതൊക്കെ  ശരിയാണോ എന്ന്  പലപ്പോഴും തോന്നിപ്പിച്ചൂന്ന് മാത്രം!