Wednesday, February 07, 2018

Thank you for being late - Thomas L Friedman

"When I in dreams behold thy fairest shade

Whose shade in dreams doth wake the sleeping morn

The daytime shadow of my love betray’d

Lends hideous night to dreaming’s faded form.”

ഈ കവിതാശകലം വായിച്ചിട്ട് വല്ല പ്രത്യേകതയും  തോന്നിയോ?  ഈ കവിത എഴുതിയത് ഒരു മനുഷ്യനല്ല, മറിച്ച് ഒരു കമ്പ്യൂട്ടർ പ്രോഗ്രാമാണ്. 

കവികളെ മാത്രമല്ല നമ്മൾ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്ന പല പല ജോലികളും  ഇനിയങ്ങോട്ട് ചെയ്യാൻ പോവുന്നത് കമ്പ്യൂട്ടറുകളായിരിക്കും. ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ചെയ്യുന്ന ജോലി ഡ്രൈവർ ആണ്. പക്ഷെ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഡ്രൈവർ ജോലി അപ്രത്യക്ഷമാകും എന്ന് ഉറപ്പ്. സ്റ്റെനോഗ്രാഫറും, എസ് ടിഡി ബൂത്ത് ഓപ്പറേറ്ററും, തയ്യൽക്കാരനും അപ്രത്യക്ഷമായതു പോലെ, ഡ്രൈവർമാരും അപ്രത്യക്ഷമാകും!
  
എന്താണ് ഈ മാറ്റത്തിന്റെ പുറകിൽ എന്ന് വിവരിക്കുകയാണ് തോമസ് ഫ്രീഡ്മാൻ തന്റെ “Thank You For Being Late - An optimistic guide to thriving in the age of accelerations” പുസ്തകത്തിൽ! മനോഹരമായ പുസ്തകം.

മൂന്ന് വൻശക്തികളാണ് ഈ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് എന്നാണ് ഈ ഗ്രന്ഥം പറയുന്നത്. 

1) മൂർസ് നിയമം: വളരെ സിമ്പിളായി പറഞ്ഞാൽ “ഓരോ രണ്ട് വർഷത്തിലും കമ്പ്യൂട്ടറുകളുടെ മൊത്തത്തിലുള്ള Processing Power ഇരട്ടിയാവും” എന്ന നിരീക്ഷണമാണ് മൂർസ് നിയമം. ഇത്രയും കാലമായി ഈ നിയമം കൃത്യമായി പാലിക്കപ്പെടുന്ന വിധത്തിൽ ടെക്നോളാജി മുന്നേറിക്കൊണ്ടിരിക്കുന്നു. ആദ്യമായി ചന്ദ്രനിലിറങ്ങിയ ബഹിരാകാശ വാഹനമായ Apollo 11 ൽ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിനേക്കാൾ എത്രയോ ഇരട്ടി ശേഷിയുള്ള കമ്പ്യൂട്ടറാണ് നാമെല്ലാരും മൊബൈൽ ഫോൺ എന്നും പറഞ്ഞ് പോക്കറ്റിൽ ഇട്ട് നടക്കുന്നത്! 2007 ൽ ഈ മേഖലയിൽ ഒരു വൻ കുതിച്ച് ചാട്ടം തന്നെ ഉണ്ടായി. ആപ്പിളിന്റെ ഐഫോണിന്റെ വരവോടെ,  ഒരു മൊബൈൽ ഫോൺ മാത്രമല്ല ഉണ്ടായത്- ആപ്പ് ഡെവലപ്മെന്റ്, കൂടിയ നെറ്റ്വർക്ക് അങ്ങനെ വലിയ ഒരു ecosystem കൂടെ അതിന്റെ കൂടെ വികസിച്ചു വന്നു. ഇതൊന്നും കൂടാതെ, Facebook, Twitter, AirBNB, Hadoop അങ്ങനെ ഒരു പാട് പുതിയ ടെക്നോളജിയും പ്ലാറ്റ്ഫോമുകളും വികസിച്ചത് 2007 ലാണ്. ഈ വളർച്ച അതേ വേഗതയിൽ ഇന്നും തുടരുന്നു - മനുഷ്യന്റെ ജീവിതത്തെ ദിവസേനയെന്നോണം മാറ്റി മറിച്ചുകൊണ്ട്.

2) ആഗോളവത്കരണം : 20 വർഷങ്ങൾക്ക് മുൻപ് ഗ്രാമത്തിലുള്ള ഒരാൾക്ക് തന്റെ സാധനം വിറ്റഴിക്കാൻ ഏക ഉപാധി തന്റെ തൊട്ടടുത്തുള്ള ചന്ത മാത്രമായിരുന്നു. ഇന്ന് ലോകം എന്ന വിപണി  ആർക്കും എവിടെ നിന്നും എത്തിപ്പിടിക്കാം .  ഉദാഹരണത്തിന് 20 വർഷം മുൻപ് നാട്ടിൽ കുട്ടികൾക്ക് ട്യൂഷൻ  നടത്തിയിരുന്ന ഒരാൾക്ക് ഇന്ന് ഒരു ഓൺലൈൻ ട്യൂഷൻ വഴി അമേരിക്കയിലോ ഉഗാണ്ടയിലോ ഉള്ള കുട്ടികൾക്ക് ട്യൂഷൻ എടുക്കാം. എത്രയോ ഇരട്ടി കാശും ഉണ്ടാക്കാം! തനിക്കറിയാവുന്ന പാചകവൈദഗ്ധ്യം മാത്രം കൈമുതലാക്കി യുട്യൂബ് ചാനൽ വഴി  ദിവസേന 250-300ഡോളർ വരെ സമ്പാദിക്കുന്ന ഒരാളെപറ്റി ഞാൻ കേട്ടിട്ടുണ്ട്.

3) പ്രകൃതി മാറ്റങ്ങൾ: കാലാവസ്ഥാ വ്യതിയാനം വലിയൊരു പ്രശ്നമാ?ണ് ഇന്ന്. ഇത് കൃഷിയെയോ പ്രകൃതിവ്യവസ്ഥയെയോ മാത്രമല്ല- രാജ്യങ്ങൾ തമ്മിൽ തന്നെ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയിലെ മാറ്റങ്ങൾ മനുഷ്യനെന്ന ജീവിവർഗത്തിന്റെ മുന്നോട്ടുള്ള പാതയിൽ ഒരുപാട് വെല്ലുവിളികൾ ഉയർത്തും എന്ന്  ഫ്രീഡ്മാൻ പറയുന്നു.

ഇനിയങ്ങോട്ട് ജോലി ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അത്യാവശ്യമായി വേണ്ട മൂന്ന് കാര്യങ്ങൾ അദ്ദേഹം പറയുന്നു.
1) Life long learning : എപ്പോഴും പഠിച്ചുകൊണ്ടിരിക്കാൻ തയ്യാറാവുക
2) STEM: സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഉള്ള അറിവ് 
3) Coding :  കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് അറിഞ്ഞിരിക്കുക


കുറച്ചധികം ഗവേഷണം നടത്തി തയ്യാറാക്കിയതാണ് ഈ പുസ്തകം എന്നതുകൊണ്ടും  ലളിതവും  രസകരവുമായ ആഖ്യാനരീതി കൊണ്ടും കുട്ടികൾക്ക് പോലും ഇഷ്ടപ്പെടുന്ന ഒന്നായിട്ടാണ് എനിക്ക് തോന്നിയത്. പറ്റുമെങ്കിൽ വാങ്ങി വായിക്കുക!!
Sunday, January 07, 2018

ഓർമ്മച്ചെരാതുകൾ - ജി വേണുഗോപാൽ

ജി വേണുഗോപാലിന്റെ പാട്ടുകൾ എനിക്ക്  ഇഷ്ടമാണ്. ഇന്റർവ്യൂകളിലും മറ്റും വളരെ ഹൃദ്യമായി അദ്ദേഹം സംസാരിക്കുന്നതും കണ്ടിട്ടുണ്ട്. അങ്ങനെയുള്ള ഒരാളുടെ ആത്മകഥ കണ്ടപ്പോൾ വാങ്ങാതിരിക്കാൻ തോന്നിയില്ല.

ശ്രീജിത് കെ വാരിയറുമൊന്നിച്ച് ജി വേണുഗോപാൽ എഴുതിയ “ഓർമ്മച്ചെരാതുകൾ- സ്മരണകളുടെ സംഗീതയാത്ര” എന്ന പുസ്തകം അങ്ങനെയാണ് കൈയിലെത്തുന്നത്. പുസ്തകത്തിലെ കുറെയേറെ ഭാഗങ്ങൾ തന്റെ ബ്ലോഗിൽ മുന്നെ പ്രസിദ്ധീകരിച്ചവയാണെന്ന് പുസ്തകത്തിൽ പറയുന്നു.
തന്റെ കുടുംബ പശ്ചാത്തലം, സ്കൂൾ കാലം മുതലിങ്ങോട്ടുള്ള സംഗീതാനുഭവങ്ങൾ, എം ജി രാധാകൃഷ്ണനൊടുണ്ടായിരുന്ന ആത്മബന്ധം, സിനിമാ മേഖലയിലെ  പ്രമുഖരുമായുള്ള ബന്ധങ്ങളും അവരോടൊപ്പമുള്ള അനുഭവങ്ങളും ഇവയൊക്കെയാണ് പുസ്തകത്തിന്റെ കാതൽ.

കൃത്യമായ ഒരു തുടർച്ചയില്ല എന്നതും, എഡിറ്റിംഗിലെ ഒരുപാട് പോരായ്മകളും (പല സംഭവങ്ങളും റിപ്പീറ്റ് ചെയ്ത് വരുന്നുണ്ട്), സാഹിത്യഭംഗി തീരെ ഇല്ലാത്ത എഴുത്തും, അങ്ങനെ ആകെ കൂടി മടുപ്പിച്ച ഒരു വായനയായിരുന്നു ഇത്..

എന്റെ നൂറു രൂപ ഹുദാ ഗവ 😃
 

ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ - പി സുരേന്ദ്രൻ

രണ്ട് മൺകയ്യാലകൾക്കിടയിൽ കഷ്ടിച്ച് ഒരാൾക്ക് മാത്രം നടന്ന് പോകാൻ പറ്റുന്ന ഒരു വഴിയായിരുന്നു അത്.  വേനലവധിക്കാലത്ത്  അമ്മയുടെ വീട്ടിൽ വന്നാൽ, രാവിലെ ഓടിപ്പോയി നോക്കും ഈ വഴിയിൽ പുളിയൻമാങ്ങ വീണുകിടക്കുന്നുണ്ടോന്ന്. 
മാങ്ങക്ക് പകരം കുറെ ചെമ്പകപ്പൂക്കൾ വീണ് കിടക്കുന്നുണ്ടാവും. ആ വഴി നിറയെ നനുനനുത്ത ചെമ്പകപ്പൂവിന്റെ സുഗന്ധവും.
കയ്യാലയിൽ നിറയെ പൊത്തുകളാണ്. വല്ലപ്പോഴും ഓരോ പൊന്മാൻ എവിടെ നിന്നോ പറന്ന് വന്ന് ഈ എണ്ണമില്ലാത്ത പൊത്തുകളിലേതിലെക്കെങ്കിലും അങ്ങ് അപ്രത്യക്ഷമാകും.   ഓണക്കാലത്ത് പോയാൽ ഈ ഇടവഴിയുടെ രണ്ട് വശത്തും തുമ്പപ്പൂക്കൾ വിടർന്ന് നിൽക്കുന്നുണ്ടാവും.

ഓർമ്മയിൽ എവിടെയോ വിട്ട് പോയ ഈ കയ്യാലയും ഇടവഴിയും പുളിയന്മാങ്ങയും പൊന്മാൻ മുട്ടയുമൊക്കെ തിരികെ കൊണ്ടുത്തരാൻ ഒരു പുസ്തകത്തിനു പറ്റി. വളരെ ആകസ്മികമായി വാങ്ങിയ “ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ” എന്ന പി സുരേന്ദ്രന്റെ പുസ്തകത്തിന്. ഡി സി ബുക്സാണ് പ്രസാധകർ.
പ്രശസ്തനോവലിസ്റ്റും കഥാകൃത്തും ആയ പി സുരേന്ദ്രൻ, തന്റെ സ്വത സിദ്ധമായ ലളിതസുന്ദര വാക്കുകളിൽ നമ്മെ ആ ചെമ്പകപ്പൂ വീണുകിടക്കുന്ന ഇടവഴിയിലൂടെ കൈപിടിച്ച് നടത്തുന്നു…
പാപ്പിനിപ്പാറയിലെ രാധടീച്ചറുടെ ബാലവാടിയിൽ നിന്ന് തുടങ്ങി തീക്ഷ്ണയൗവനത്തിലെ പൊള്ളുന്ന നക്സൽ ഓർമ്മകൾ വരെ നീളുന്ന മനോഹരമായ ഒരു കൂട്ടം ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകം. 
സ്കൂളിൽ വർഷാവസാനപരീക്ഷക്കിടയിലാണ് അത് സംഭവിച്ചത്. ഓടിന്റെ ഇടയിൽ നിന്ന് ഒരു അണ്ണാൻകുഞ്ഞ് താഴേക്ക് വീഴുന്നു. ടീച്ചർ അതിനെ എടുത്ത് മേശപ്പുറത്ത് വെച്ചു. "ആദ്യം പരീക്ഷ എഴുതിതീരുന്ന ആൾക്ക് ആ അണ്ണാൻകുഞ്ഞിനെ കൊണ്ടുപോകാം” എന്ന് ടീച്ചർ പ്രഖ്യാപിച്ചു. കണക്ക് പരീക്ഷയാണോ, അണ്ണാൻകുഞ്ഞാണോ വലുത് എന്ന കാര്യത്തിൽ സുരേന്ദ്രന് സംശയമൊന്നും ഉണ്ടായിരുന്നില്ല. അപ്പോ തന്നെ പേപ്പർ കൊടുത്ത് അണ്ണാൻകുഞ്ഞിനെയും വാങ്ങി വീട്ടിലേക്ക് നടക്കുന്ന ലേഖകൻ വായനക്കാരന്റെ മനസ്സിൽ ഒരു കുടന്ന ഇലഞ്ഞിപ്പൂ കോരിയിടുന്നു! 

മൈസൂരിലെ മരപ്പാവകൾ എന്ന ഒരു അദ്ധ്യായത്തിൽ,   ഒരു ജോലിക്ക് വേണ്ടി വീട് വിട്ടുപോയി മൈസൂരിലെ ഒരു മൂന്നാം കിട ബാറിൽ ജോലിചെയ്യുന്ന  കൗമാരകാലത്തെ സുരേന്ദ്രനെ വരച്ച് കാണിക്കുന്നുണ്ട്. അവിടെ നിന്ന് സ്വന്തമായി പഠിച്ച് പ്രിഡിഗ്രീ പാസായി അദ്ധ്യാപകനാവുന്ന ലേഖകന്റെ ജീവിതവഴികളിലെ അനുഭവങ്ങളും കഷ്ടപ്പാടുകളും നമുക്ക് തൊട്ടറിയാം ഇതിലൂടെ.
പോലീസുമായുള്ള ഒരു ഏറ്റുമുട്ടലിൽ തലനാരിഴക്ക് രക്ഷപ്പെട്ട നക്സലൈറ്റ് ബാവ എന്ന കോഴിക്കോട്ടുകാരൻ അമീറലിയുടെ വിട്ടുവീഴ്ചയില്ലാത്ത സമരജീവിതകഥ പറയുന്നുണ്ട് ഇതിൽ. “എനിക്കെന്നെ വിൽക്കാൻ വയ്യ..കാലഘട്ടം എത്രയൊക്കെ മാറിയാലും അസത്യത്തിനും അവസരവാദത്തിനും എത്രയൊക്കെ പാഠഭേദം വന്നാലും, എന്റെ മൂല്യബോധം കൈവിടാൻ തയ്യാറല്ല” എന്ന് ഉറക്കെപ്പറയുന്ന അമീറലി! 
സിദ്ധണ്ണൻ, അലവ്യാക്കാ, വേലായുധൻ ഡോക്ടർ, മൗലാനാ എന്ന അബ്ദുൾ ഹമീദ്, രാധാ ടീച്ചർ, അനിയേട്ടൻ അങ്ങനെ ഒരു പാട് വേറിട്ട മനുഷ്യരെ പരിചയപ്പെടുത്തുന്നുണ്ട് അങ്ങോളമിങ്ങോളം!

അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്ത ഒരുകൂട്ടം കഥാപാത്രങ്ങളെ, അതിമനോഹരവും ലളിതവുമായ ഭാഷയിൽ നിങ്ങളുടെ കൈകളിലേക്ക് ഇട്ട്  തരുന്നു സുരേന്ദ്രൻ!

Wednesday, August 09, 2017

നാനാർത്ഥങ്ങൾ - സുനിൽ പി ഇളയിടം

ചങ്ങമ്പുഴയെ ഞെക്കിക്കൊല്ലുമ്പോൾ
---------------------------------
ഒരു പതിവ് സന്ദർശനത്തിനായി സുഹൃത്തിന്റെ വീട്ടിൽ പോയപ്പോളാണ് "നാനാർത്ഥങ്ങൾ- സമൂഹം, ചരിത്രം, സംസ്കാരം” എന്ന പുസ്തകം കൂടെയിറങ്ങിവന്നത്. സാംസ്കാരിക വിമർശകൻ, വാഗ്മി, ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ സുനിൽ പി ഇളയിടത്തിന്റെതാണ് കൃതി. പലകാലത്തായി ആനുകാലികങ്ങളിലും മറ്റും എഴുതിയ ലേഖനങ്ങളും, നടത്തിയ പ്രസംഗങ്ങളും ക്രോഡീകരിച്ചതാണ് ഈ ഗ്രന്ഥം. നാലു ഭാഗങ്ങളിലായി (കേരളം: സമൂഹവും സംസ്കാരവും, സാഹിത്യപഠങ്ങൾ, കലാവിചാരങ്ങൾ, വിചിന്തനങ്ങൾ) നാല്പതോളം ലേഖനങ്ങൾ ഉണ്ട് ഇതിൽ. ഈയടുത്ത കാലത്തായി അദ്ദേഹത്തിന്റെ ഒരുപാട് പ്രസംഗങ്ങൾ കേട്ടതിന്റെ ഹാംഗോവറിൽ, ഇപ്പൊ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തെ മാറ്റിവെച്ച് ഇതിൽ കയറിപ്പിടിച്ചു.
വായിക്കാൻ തുടങ്ങിട്ട് കുടുങ്ങീന്ന് പറഞ്ഞാൽ മതീല്ലോ. ഓരോ വാചകവും നാലും അഞ്ചും തവണ വായിച്ചാൽ തന്നെ മനസ്സിലാക്കാൻ പാടാണ്. ഇതിലും എളുപ്പത്തിൽ വല്ല ഗ്രീക്കോ, ജാപ്പനീസ് പുസ്തകങ്ങളോ എനിക്ക് വായിച്ച് മനസ്സിലാക്കാൻ പറ്റിയേനെ. ആരെങ്കിലും വായിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, എനിക്ക് ആകെ ഒരു ഉപദേശം തരാനുള്ളത് നിങ്ങൾക്ക് മലയാളം/സംസ്കൃതം എന്നിവയിൽ എം എ ഉണ്ടെങ്കിൽ മാത്രം ഇത് വായിക്കാൻ ഇറങ്ങുക എന്നാണ്. 
ഉദാഹരണമായി പറഞ്ഞാൽ, ലാളിത്യമാണ് ചങ്ങമ്പുഴക്കവിതകളുടെ മുഖമുദ്ര എന്നാണല്ലോ. എന്നാൽ "ചങ്ങമ്പുഴക്കവിതകളുടെ വിപ്ലവമൂല്യം” എന്ന വിഷയത്തിൽ സുനിൽ പി ഇളയിടം എഴുതുമ്പോൾ അതിങ്ങനെയാവുന്നു.
“അടിത്തറയും മേല്പുരയും എന്ന പരികല്പനയുടെ ആധാരമായി പരിഗണിക്കപ്പെട്ടു വരുന്നത് ഈ പ്രസ്താവനയാണ്. ഈ പ്രസ്താവന യാന്ത്രികമായി മനസ്സിലാക്കപ്പെടാനുള്ള സാധ്യത മാർക്സ് മുൻകൂട്ടി കണ്ടിരുന്നു എന്നു വേണം കരുതാൻ. അടിത്തറ/മേല്പുര ബന്ധം ചരിത്രപരവും അസമവും മേല്പുരയുടെ പ്രഭാവത്തിനു അനുരൂപവുമായിരിക്കുമെന്ന് അദ്ദേഹം വിശദീകരണം നൽകിയത് അതുകൊണ്ടുകൂടിയാണ്. ഭൗതിക ഉത്പാദനവും ആത്മീയ ഉത്പാദനവും തമ്മിലുള്ള ബന്ധം ശരിയായി മനസ്സിലാക്കണമെങ്കിൽ, ഭൗതിക ഉത്പാദനത്തെ പൊതുവായ ഒന്നായിട്ടല്ലാതെ സവിശേഷ ചരിത്ര യാഥാർഥ്യം എന്ന നിലയിൽ നോക്കിക്കാണണം. സാമ്പത്തിക അടിത്തറയെ സുനിശ്ചിത യാതാർഥ്യമല്ലാതെ ചരിത്രബന്ധമായി കാണണമെന്നും ഒരു സാമ്പത്തിക വ്യവസ്ഥയോട് ബന്ധപ്പെട്ട് വ്യത്യസ്ത ആശയ വ്യവസ്ഥകൾ നിലനിൽക്കാമെന്നും ഭൗതിക ഉത്പാദനവും ആത്മീയ ഉത്പാദനവും നിരന്തരമായ പരസ്പര സ്വാധീനം പുലർത്തുമെന്നും വിശദമാക്കിക്കൊണ്ട് ആശയവ്യവസ്ഥകളേയും അനുഭൂതി ലോകങ്ങളെയും ഉത്പാദനപ്രക്രിയയുടെ യാന്ത്രിക പ്രതിഫലനങ്ങളായി പരിഗണിക്കുന്നതിനെ മാർക്സ് തന്നെ തള്ളിക്കളഞ്ഞിരുന്നു..”
ഇത്രേം വായിച്ചപ്പൊ തന്നെ എന്റെ കിളി പോയി..
മിക്ക ലേഖനങ്ങളും ആനുകാലികങ്ങൾക്ക് വേണ്ടി എഴുതിയവയാണെന്ന് പറഞ്ഞല്ലോ, അതുകൊണ്ട് തന്നെയാവണം പലതും ഇപ്പോൾ പ്രസക്തി നഷ്ടപ്പെട്ടവയാണെന്നാണ് എനിക്ക് തോനിയത്. അതേ സമയം കാലാതിവർത്തിയായ ചില നല്ല ലേഖനങ്ങളും ഉണ്ട് ഇക്കൂട്ടത്തിൽ.
അവസാനവാക്ക്: ഗ്രന്ഥകാരനെ ഇകഴ്‌ത്തുക എന്നതല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം, പകരം അദ്ദേഹത്തിന്റെ പാണ്ഡിത്യവും ഭാഷാ നൈപുണ്യവും എന്നെ പോലുള്ള പാമരൻമാരെ ഈ ഗ്രന്ഥത്തിൽ നിന്ന് മാറ്റി നിർത്തുന്നു എന്ന് പറയാനേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ..

Tuesday, July 11, 2017

When Breath Becomes Air - Paul Kalanithi

മഹാഭാരതത്തിലെ വനപർവത്തിൽ ഒരു കഥയുണ്ട്. വനവാസക്കാലത്ത് ക്ഷീണിച്ച് വലഞ്ഞ് പാണ്ഡവർ ഒരിടത്തെത്തുന്നു. ദാഹജലം തേടി നകുലൻ തൊട്ടടുത്ത തടാകക്കരയിലേക്ക് പോകുമ്പോൾ ഒരു കൊക്ക് നകുലനെ തടയുന്നു. തന്റെ ചോദ്യത്തിനുത്തരം തരാതെ വെള്ളമെടുക്കരുത് എന്നാവശ്യപ്പെട്ട കൊക്കിനെ അവഗണിച്ച് വെള്ളമെടുക്കുന്ന നകുലൻ അവിടെ മരിച്ചു വീഴുന്നു. നകുലനെ അന്വേഷിച്ചു വന്ന സഹദേവനും പിന്നെ വന്ന അർജുനനും ഭീമനും ഇത് തന്നെ സംഭവിച്ചു. അവസാനം യുധിഷ്ഠിരൻ എത്തുന്നു. അനുജന്മാർ മരിച്ചുകിടക്കുന്നതുകണ്ടപ്പോൾ യുധിഷ്ടിരനു പന്തികേട് മണത്തു. തന്റെ അനുജന്മാരെ കൊല്ലാൻ മാത്രം ശക്തിയുള്ള ഈ കൊക്ക് ചില്ലറക്കാരനല്ല എന്ന് മനസ്സിലായ യുധിഷ്ഠിരനോട്, താനൊരു യക്ഷനാണെന്നും തന്റെ ചോദ്യത്തിനുത്തരം പറഞ്ഞാൽ സഹോദരരിൽ ഒരാളെ ജീവിപ്പിക്കാം എന്നും യക്ഷൻ പറയുന്നു. ചോദ്യം ഇതായിരുന്നു-

"കിം ആശ്ചര്യം?” (എന്താണ് ഏറ്റവും ആശ്ചര്യകരമായത്?)
യുധിഷ്ഠിരന്റെ ഉത്തരം ഇതായിരുന്നു:
"അഹന്യഹനി ഭൂതാനി ഗച്ഛന്തീഹ യമാലയ
ശേഷാഃ സ്ഥാവരമിച്ഛന്തി കിമാശ്ചര്യമതഃ പരം” (ദിവസേനയെന്നോണം ചുറ്റുപാടും ജീവജാലങ്ങൾ മരിച്ചുവീഴുമ്പോളും താൻ മാത്രം ബാക്കിയാവും എന്ന മട്ടിൽ ജനങ്ങൾ പെരുമാറുന്നു.  ഇതിൽപരം ആശ്ചര്യം എന്താണ്?)

ഡോ പോൾ കലാനിധി എന്ന 35 വയസ്സുകാരന്റെ “When Breath Becomes Air” എന്ന ആത്മകഥ വായിക്കുമ്പോൾ എന്റെ മനസ്സിൽ      ഓടിവന്നത് യുധിഷ്ഠിരന്റെ ഈ ഉത്തരമായിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് ഈ പുസ്തകം വാങ്ങിയത്. കവറിൽ തന്നെ “Rattling, heartbreaking, Beautiful” എന്ന് Atul Gawande യുടേതായിട്ട് എഴുതിവെച്ചിട്ടുണ്ട്. അതുകൊണ്ട് വായിച്ച് മനസ്സ് വിഷമിപ്പിക്കാൻ തൽക്കാലം കഴിയില്ലാ എന്ന് കരുതി മാറ്റിവെച്ചതായിരുന്നു ഈ പുസ്തകത്തെ. 

ഇന്ത്യൻ വംശജനായ പോൾ കലാനിധി അമേരിക്കയിൽ തന്നെ ജനിച്ചു വളർന്ന ഒരു ചെറുപ്പക്കാരനാണ്. പഠനകാര്യത്തിൽ മുൻപന്തിയിൽ ആയിരുന്ന പോളിനു പക്ഷേ ഒരു സാഹിത്യകാരനാവണമെന്നായിരുന്നു ആഗ്രഹം. പ്രശസ്തമായ Stanford University യിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദവും ഹ്യൂമൻ ബയോളജിയിൽ ബിരുദവും നേടിയ പോൾ പിന്നെ Yale University യിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടുന്നു. നല്ല ഒരു ന്യൂറോ സർജനാവുക എന്നതായിരുന്നു പോളിന്റെ പിന്നീടങ്ങോട്ടുള്ള ലക്ഷ്യം. അതിനുള്ള കഠിനപരിശീലനത്തിനിടയിലാണ്, ഞെട്ടിപ്പിക്കുന്ന ആ സത്യം അദ്ദേഹം അറിയുന്നത് - താൻ ശ്വാസകോശാർബുദത്തിനു അടിമയാണ്. ഒരുപാട് രോഗികളെ ശുശ്രൂഷിച്ച ആ മനുഷ്യൻ ഇതറിയുന്നതോടെ ആകെ തളർന്നുപോയി.  ആ ഒരു നിമിഷം തൊട്ട് അദ്ദേഹത്തിന്റെ ജീവിതം- Ambitious & brilliant ആയ ഒരു യുവഡോക്ടറിൽ നിന്ന് മരണം മുന്നിൽ കാണുന്ന ഒരു രോഗിയിലേക്ക്- മാറി മറിയുന്ന കാഴ്ച, അതീവ ഹൃദ്യമായ ഭാഷയിൽ വരച്ചിടുകയാണ് ഈ പുസ്തകത്തിലൂടെ. കണ്ണുനനയാതെ ഇത് വായിച്ചു തീർക്കുക എന്നത് അസംഭാവ്യം. 
“ഇന്ന് നിങ്ങളുടെ ജീവിതത്തിലെ അവസാനത്തെ ദിവസമാണെങ്കിൽ നിങ്ങൾ ഇന്ന് എന്ത് ചെയ്യും? എല്ലാ ദിവസവും അങ്ങനെയെന്ന് കരുതി ജീവിക്കുക” എന്ന സ്റ്റീവ് ജോബ്സ് പറഞ്ഞിട്ടുണ്ട്. അങ്ങനെയൊന്ന് ചിന്തിക്കുമ്പോൾ തന്നെ നട്ടെല്ലിലൂടെ ഒരു തണുപ്പ് അരിച്ചുകയറുന്നില്ലേ. എന്നാൽ അതുപോലൊരു ജീവിതം അനുഭവിക്കേണ്ടി വന്നവരെ ഒന്ന് ആലോചിച്ചുനോക്കൂ. ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്തു നിന്ന് പോളിന് അറിയേണ്ടുന്നത് ‘ഇനി തനിക്ക് എത്ര നാൾ കൂടി ബാക്കിയുണ്ട്?’ എന്നതായിരുന്നു. ആ ചോദ്യം പലതവണ ഡോക്ടറോട് ചോദിക്കുന്നുണ്ടെങ്കിലും ഒരുത്തരം കൊടുക്കാതെ ഡോക്ടർ ഒഴിഞ്ഞുമാറുന്നു. പിന്നീട്, മരുന്നിലൂടെ രോഗത്തെ കീഴ്പെടുത്തി, തിരിച്ച് വൈദ്യവൃത്തിയിലേക്ക് പോൾ തിരിച്ചുവരുന്നു. പക്ഷെ Stanford University ലെ തന്റെ റെസിഡൻസിയുടെ അവസാനദിവസം അദ്ദേഹം അറിയുന്നു- വിട്ടുപോയി എന്ന് കരുതിയ ക്യാൻസർ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുകയാണെന്ന്. ഇനിയൊരു തിരിച്ചുവരവില്ല എന്നറിയുന്ന പോൾ തന്റെ ചിന്തകളെയും പാതിവഴിയിൽ കരിഞ്ഞുപോയ സ്വപ്നങ്ങളെയും നമ്മുടെ മുന്നിൽ വരച്ചിടുകയാണ്- “When Breath Becomes Air”  എന്ന ഈ മനോഹരപുസ്തകത്തിലൂടെ.

ഏകദേശം 2 കൊല്ലത്തോളം രോഗവുമായി മല്ലിട്ട്, 2015 മാർച്ച് 9 നു പോൾ കലാനിധി ഈ ലോകത്തോട് വിടപറഞ്ഞു.
പുസ്തകത്തിന്റെ അവസാനഭാഗം പോളിന്റെ ഭാര്യ ലൂസികലാനിധി എഴുതുന്ന ഒരു അദ്ധ്യായം ഉണ്ട്. പോളിന്റെ അവസാന നിമിഷങ്ങൾ വർണ്ണിക്കുന്ന ആ ഭാഗം, മൂന്നു നാലു ദിവസത്തേക്ക് അത് നമ്മളെ പിടിച്ചുലയ്ക്കും. തീർച്ച!

Sunday, June 04, 2017

Down Under- Bill Bryson

യാത്രാവിവരണം എഴുതാൻ വളരെ എളുപ്പമാണ് എന്നായിരുന്നു എന്റെ ധാരണ. യാത്ര പോയ സംഭവങ്ങൾ അതേപോലെ വള്ളിപുള്ളി തെറ്റാതെ എഴുതിയാപോരേ, കഥയോ നോവലോ എഴുതുന്നതുപോലെ പുതിയതായി ഒന്നും ചിന്തിച്ച് ഉണ്ടാക്കിയെടുക്കേണ്ട പണിയില്ലല്ലോ. ആ ധാരണ മൊത്തം തെറ്റിച്ച ഒരു പുസ്തകം ഈയടുത്ത് വായിച്ചു!
പ്രശസ്ത എഴുത്തുകാരനായ ബിൽ ബ്രൈസൺ എഴുതിയ Down Under. ആസ്ത്രേലിയയിൽ അങ്ങോളമിങ്ങോളം, കാറിലും ട്രെയിനിലുമായി സഞ്ചരിച്ച് എഴുതിയതാണ് പുസ്തകം. (അമേരിക്കയിൽ ഇതേ പുസ്തകം “In a sunburned country” എന്ന പേരിലാണ് പുറത്തിറക്കിയത്).
കണ്ടത് അതേപോലെ എഴുതാതെ, ഓരോ നാട്ടിലും കണ്ടുമുട്ടുന്ന ജനങ്ങളോട് സംസാരിച്ച് അതിലൂടെ നാടിനെ പരിചയപ്പെടുത്തുന്ന രീതിയാണ് ഇതിൽ. കൂട്ടത്തിൽ ബ്രൈസന്റെ സ്വതസിദ്ധമായ തമാശകളും ഇഷ്ടം പോലെ ചേർത്തിട്ടുണ്ട്. വായനക്കിടയിൽ എത്ര തവണ ഞാൻ പൊട്ടിച്ചിരിച്ചു എന്നതിന് കണക്കില്ല!!
ഈ പുസ്തകത്തിനു മൂന്ന് ഭാഗങ്ങളാണുള്ളത്. സിഡ്നിയിൽ നിന്ന് പെർത്തിലേക്കുള്ള യാത്രയിലെ വിശേഷങ്ങളാണ് "Into the Outback” എന്ന ഒന്നാം ഭാഗത്തിൽ. സിഡ്നി, മെൽബൺ, ക്യാൻബെറ, അഡെലെയ്ഡ്, എന്നീ പട്ടണങ്ങളും അവക്കിടയിലൂടെയുള്ള യാത്രയുമാണ് “Civilized Australia” എന്ന രണ്ടാം ഭാഗം. ആൾപാർപ്പ് കുറഞ്ഞതും മരുഭൂമിയുമായ പ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മൂന്നാം ഭാഗമായ "Around the Edges” ൽ വായിക്കാം.
സഞ്ചാരസാഹിത്യം ഇഷ്ടപ്പെടുന്നവർ മറക്കാതെ വായിക്കേണ്ടുന്ന പുസ്തകം


Sunday, May 07, 2017

നിരീശ്വരൻ - വി ജെ ജയിംസ്

വായനക്ക് വിരുന്നാവുന്ന ചില പുസ്തകങ്ങളുണ്ട്. അവ കൈയിലെത്തുന്നത് തികച്ചും അപ്രതീക്ഷിതമായിരിക്കും. ബാക്കിയെല്ലാം മാറ്റിവെച്ച് അവ നമ്മെ അതിലേക്ക് പിടിച്ചിരുത്തും.
നോവൽ വായന മനപൂർവം വളരെ കുറച്ചിരിക്കുന്ന നേരത്താണ് വി ജെ ജയിംസിന്റെ നിരീശ്വരൻ കൈയിൽ തടയുന്നത്. വാങ്ങണോ വേണ്ടയോ എന്ന് കുറച്ച് നേരം സംശയിച്ചു. പുറപ്പാടിന്റെ പുസ്തകം മുതൽ വിജെ ജയിംസ് എഴുതിയ ഒട്ടുമിക്ക എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട് എന്നതുകൊണ്ട് തന്നെ വായനക്ക് ഒരു മിനിമം ഗാരണ്ടിയുണ്ടാവും എന്നറിയാം. കൂടുതൽ ആലോചിക്കാൻ നിൽക്കാതെ നിരീശ്വരനെ കൂടെ കൂട്ടി.

ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങൾ പാടാം
എങ്ങും നിറഞ്ഞ് എങ്ങും വിളങ്ങുന്ന നിരീശ്വരൻ
മണ്ണിൽ ഉല്പത്തിയായ കഥകൾ പറയാം..
ഓം നിരീശ്വരായ നമഃ

ദൈവങ്ങളും മിത്തുകളും എങ്ങനെ ഉണ്ടായിത്തീരുന്നു എന്നതാണ് ചുരുക്കത്തിൽ ഈ നോവലിന്റെ പ്രതിപാദ്യം. ഈ ലോകത്തിന്റെ ഉത്പത്തിക്ക് തന്നെ കാരണവും, തന്നെ എപ്പോഴും നേർവഴി നടത്തുന്നവനും എന്ന് മനുഷ്യൻ കരുതിപ്പോരുന്ന ദൈവമെന്ന സങ്കല്പത്തിനു ചുറ്റും ഇന്ന് നിറഞ്ഞാടുന്ന പൊള്ളത്തരങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ് ഈ കൃതി.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പെട്ട് ഒരു നാട് വഴിതെറ്റുന്നതിൽ മനം മടുത്ത് മൂന്ന് ചെറുപ്പക്കാർ- ആന്റണി, ഭാസ്കരൻ, സഹീർ - ഈശ്വരനിഷേധത്തിന്റെ വഴി തേടുകയാണ്. നാടിലെ പ്രധാന തെരുവായ ദേവത്തെരുവിനെ ആഭാസത്തെരു എന്ന് പുനർനാമകരണം ചെയ്തായിരുന്നു തുടക്കം. ചില്ലറ അദ്ധ്വാനിക്കേണ്ടി വന്നെങ്കിലും നാട്ടിലങ്ങോളമിങ്ങോളം പുതിയ പേര് പ്രചാരത്തിലാക്കാൻ അവർക്ക് പറ്റി. നാളുകൾ കഴിയെ തങ്ങളുടെ പ്രവൃത്തി, നാട്ടിൽ മറ്റൊരു വ്യത്യാസവും വരുത്തിയില്ല എന്ന തിരിച്ചറിവിൽ കുറച്ച് കൂടി കടുത്ത ഒരു നടപടിയിലേക്ക് അവർ നീങ്ങുകയാണ്. സ്വന്തമായി കൊത്തിയുണ്ടാക്കിയ ഒരു പ്രതിമയെ ദൈവത്തിനു ബദലായി സൃഷ്ടിച്ച് “നിരീശ്വരൻ” എന്ന പേരിൽ തെരുവിന്റെ മൂലയിൽ പ്രതിഷ്ഠിക്കുന്നു. അതും ഏറ്റവും അശുഭമായ മുഹൂർത്തത്തിൽ. ഇവിടെ പ്രാർഥിക്കുന്നവർക്ക് ഫലം സുനിശ്ചിതം എന്ന് ഈ മൂവർസംഘം തന്നെ എല്ലാരെയും അറിയിക്കുന്നു. ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, പ്രാർത്ഥിച്ചവർക്കൊക്കെ ഫലം കിട്ടുന്നു. വഴിപാടുകളും ചടങ്ങുകളും വരുന്നു.. നിരീശ്വരൻ, ഈശ്വരനേക്കാൾ വളരുന്നു. ദൈവത്തിനും ദൈവത്തിന്റെ പേരിൽ നടക്കുന്ന കെട്ടു കാഴ്ചക്കും എതിരായി മൂവർസംഘം സൃഷ്ടിച്ച നിരീശ്വരൻ നാളുകൾ കഴിയെ നാട്ടിലെ പ്രധാന ദൈവമാകുന്ന കാഴ്ച നോക്കിയിരിക്കാനെ അവർക്ക് പറ്റുന്നുള്ളു. (കഥകൾ ഒരുപാടുണ്ട്.. സ്പോയിലർ ആവുന്നതുകൊണ്ട് ഒന്നും പറയാതെ വിടുന്നു).
വായിക്കുക..
വളരെയേറെ പുതുമകൾ ഉള്ള, കാലിക പ്രാധാന്യമുള്ള ഒരു വിഷയം ആയതിനാൽ വായന ഒരു നഷ്ടമാവില്ല. ശക്തമായ കഥാ, അതിഗംഭീരമായ ഭാഷാപ്രയോഗങ്ങൾ എന്നിവകൂടി എടുത്ത് പറയേണ്ട പ്രത്യേകതകളാണ്. അതേസമയം ഈ കൃതി ഈശ്വരവിശ്വാസത്തെയോ നാസ്തികചിന്തയെയോ താരതമ്യം ചെയ്യാൻ ശ്രമിക്കുന്ന ഒന്നല്ല.
ശക്തമായ കഥാതന്തു ഉണ്ടെങ്കിലും എനിക്ക് തോന്നിയ ചില പോരായ്മകൾ പറയാതിരിക്കാൻ തോന്നുന്നില്ല
(1) കഥാപാത്രങ്ങൾക്ക് പേരിടുന്നതിൽ നോവലിസ്റ്റ് ഒരു മതേതരനാടകം നടത്തുന്നുണ്ടോ എന്ന് സംശയം.ഒരാൾ ഹിന്ദുവാണെങ്കിൽ മറ്റൊരാൾ കൃസ്ത്യാനിയും അടുത്തയാൾ മുസ്ലീമും ആവണം എന്ന് എന്തിനാണാവോ നിർബന്ധം?
(2) കപടശാസ്ത്രത്തിന്റെ മേമ്പൊടികൾ കഥാപാത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നുണ്ട് നോവലിസ്റ്റ്. ഒഴിവാക്കാമായിരുന്നു!
(3) അവസാനഭാഗം വളരെ ധൃതിയിൽ എഴുതിത്തീർത്തപോലെ തോന്നി.


നിരീശ്വരൻ (നോവൽ)
എഴുതിയത്: വി ജെ ജയിംസ്
വിതരണം: ഡി സി ബുക്സ്
വില: 250 രൂപ

Saturday, April 22, 2017

കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ - എം ജി എസ് നാരായണൻ“History is so subjective, The teller of it determines it” Lin Manuel Miranda 
“I study history in order to give an interpretation” Oliver Stone.
വ്യാഖ്യാതാക്കളുടെ പിടിയിൽ നിന്ന് മാറി ഒരു ശാസ്ത്രശാഖയാവാനുള്ള ഓട്ടത്തിലായിരുന്നു “ചരിത്രം” എന്നും. വ്യാഖ്യാനങ്ങളിൽ നിന്ന് മാറിചിന്തിക്കാൻ വേണ്ടത്ര ശാസ്ത്രീയ തെളിവുകളുണ്ടായിട്ടും പണ്ട് കേട്ടതിൽ നിന്ന് ഒട്ടും മാറാതെ, കേട്ടത് തന്നെ പാടിക്കൊണ്ടിരിക്കാനാണ് ജനത്തിനു എന്നും താത്പര്യം. പ്രത്യേകിച്ച് നമ്മുടെ നാട്ടുകാർ. എല്ലാം, നമ്മടെ പുസ്തകത്തിലുണ്ട് എന്നതാണല്ലോ നമ്മുടെ ആപ്ത വാക്യം തന്നെ!
1498 മെയ് 19 രാത്രി. വാസ്കോ ഡ ഗാമയുടെ നേതൃത്വത്തിൽ1497 ജൂലൈ എട്ടിന് പോർച്ചുഗലിലെ ലിസ്ബൺ തുറമുഖത്ത് നിന്ന് തിരിച്ച മൂന്ന് കപ്പലുകൾ ആഫ്രിക്കൻ തീരങ്ങൾ താണ്ടി കേരള തീരത്തേക്കെത്തിക്കൊണ്ടിരിക്കുന്നു. മാർച്ച് മുതൽ ഏപ്രിൽ അവസാനം വരെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് വീശിക്കൊണ്ടിരിക്കുന്ന കാറ്റിൽ പ്രതീക്ഷയർപ്പിച്ചാണ്, കേരളത്തിലോട്ട് സഞ്ചാരികൾ കാലങ്ങളായി വന്നു കൊണ്ടിരുന്നത്. പക്ഷെ ഗാമ അറബിക്കടൽ മുറിച്ച് കടക്കുമ്പഴേക്ക് കാറ്റിന്റെ ആനുകൂല്യം ഏതാണ്ട് കഴിഞ്ഞിരുന്നു. ആ രാത്രിയിൽ കപ്പൽ വഴി മാറി കോഴിക്കോടും കടന്ന് പോയി. കരയിൽ വെളിച്ചം കണ്ടപ്പോൾ അത് ‘കാലിക്കൂത്ത്” ആണെന്ന് തെറ്റിദ്ധരിച്ച ഗാമയും കൂട്ടരും അവിടെ നങ്കൂരമിട്ടു. പകൽ ചെന്ന് അന്വേഷിക്കാം എന്ന് കരുതി. പുലർച്ചെ കപ്പലിലെ വെളിച്ചം കണ്ട് മത്സ്യത്തൊഴിലാളികൾ അങ്ങോട്ട് ചെന്ന് കാര്യം തിരക്കി. ആംഗ്യ ഭാഷയിലൂടെ അല്പസ്വല്പം കാര്യങ്ങൾ ഗ്രഹിച്ച അവരുടെ കൂടെ, നാട്ടിലിറങ്ങി കാര്യം ഗ്രഹിച്ചു വരാൻ ഗാമ തന്റെ കപ്പൽ ജോലിക്കാരിൽ രണ്ടുപേരെ തോണിക്കാരുടെ കൂടെ വിട്ടു. പോയവർ ചില മൊറൊക്കൻ വ്യാപാരികളെ കാണുകയും അവരിലൂടെ- സാമൂതിരി രാജാവ് ഇപ്പൊൾ പൊന്നാനിയിലാണ് ഉള്ളതെന്നും മൂന്ന് ദിവസം കഴിഞ്ഞേ വരികയുള്ളൂ എന്നറിയുകയും ചെയ്തു. ആ വിവരവും കൊണ്ട് അവർ കപ്പലിലേക്ക് മടങ്ങി. കാത്ത് നിൽക്കുകയല്ലാതെ ഗാമക്ക് മറ്റു മാർഗങ്ങളൊന്നും ഇല്ലായിരുന്നു. മൂന്നാം ദിവസം സാമൂതിരി തിരിച്ചെത്തുകയും, കപ്പൽ കൊയിലാണ്ടിക്കടുത്തുള്ള പന്തലായിനി കൊല്ലത്തേക്ക് തിരിച്ചുവിടാൻ ആജ്ഞാപിക്കുകയും ചെയ്തു. അങ്ങനെ മൂന്നാം ദിവസം ഗാമ പന്തലായിനി കൊല്ലത്ത് കാലു കുത്തി!
പക്ഷെ നമ്മൾക്ക് ഇപ്പൊഴും ഗാമ കാപ്പാട് തന്നെയാണ് കപ്പലിറങ്ങിയത്. അവിടെ ഗാമയുടെ വരവിന്റെ സ്തൂപങ്ങളുയർത്തി ടൂറിസ്റ്റുകളുടെ മുന്നിൽ നമ്മൾ ഇപ്പൊഴും അപഹാസ്യരായിക്കൊണ്ടിരിക്കുന്നു. സ്കൂൾ പാഠപുസ്തകങ്ങളിൽ കാപ്പാടിന്റെ ചരിത്രപെരുമ പറഞ്ഞ് തലമുറകളായി കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നു.
ഇതുപോലെ, നമ്മൾ കാലാകാലങ്ങളായി സത്യമാണെന്ന് ഉറച്ച് വിശ്വസിച്ച് പോരുന്ന പത്ത് കഥകളെ ചരിത്രഗവേഷണത്തിലെ പുതിയ സാധ്യതകളിലൂടെ തെറ്റാണെന്ന് തെളിയിക്കുകയാണ് പ്രശസ്ത ചരിത്ര ഗവേഷകനായ ശ്രീ എം ജി എസ് നാരായണൻ തന്റെ “കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ” എന്ന പുസ്തകത്തിലൂടെ.
(1) പരശുരാമൻ കേരളം സൃഷ്ടിച്ച കഥ
(2) സെന്റ് തോമസ് കേരളത്തിൽ വന്ന കഥ
(3) മഹാബലി കേരളം ഭരിച്ച കഥ
(4) ചേരമാൻ പെരുമാൾ നബിയെ കണ്ട കഥ
(5) ഗാമ കാപ്പാട് കപ്പലിറങ്ങിയ കഥ
(6) ടിപ്പുസുൽത്താന്റെത് സ്വാതന്ത്ര്യ പോരാട്ടമോ
(7) പഴശ്ശി തമ്പുരാൻ വൈരം വിഴുങ്ങിയ കഥ
(8) വികസനത്തിലെ കേരള മാതൃകയുടെ കഥ
(9) മലബാർ ലഹളയുടെ ഉള്ളുകള്ളികൾ
(10) പട്ടണം മുസിരിസ്സായ കഥ.
ഇങ്ങനെ പത്തെണ്ണമാണ് കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ എന്നപേരിൽ എം ജി എസ് ഒരു തുടർ പരിശോധന നടത്തുന്നത്. അദ്ദേഹം പറയുന്നത് മൊത്തം സത്യമാണോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ടെങ്കിലും, അത് തെളിയിക്കാൻ മാത്രമുള്ള ചരിത്ര പാണ്ഡിത്യം ഇല്ലാത്തത് കാരണം, തൽക്കാലം ഗ്രന്ഥകാരന്റെകൂടെ നിൽക്കുകയാണ്, വെറും വായനക്കാരനായ ഞാൻ!
ഈ കഥകളുടെ പൊളിച്ചെഴുത്ത് കൂടാതെ എം ജി എസിന്റെ മനോഹരമായ നാലു ലേഖനങ്ങളും ഇതിലുണ്ട്. ചരിത്രാന്വേഷികളും ഗവേഷകരും മുതൽ സാധാരണക്കാർ വരെ വായിച്ചിരിക്കേണ്ട നാലു ലേഖനങ്ങൾ.
കാര്യമാത്ര പ്രസക്തമായ പുസ്തകം. അതുകൊണ്ടു തന്നെയാവണം സാഹിത്യഭംഗി അല്പം കുറവാണ്. ചരിത്രത്തിൽ താത്പര്യമില്ലാ എങ്കിൽ പെട്ടെന്ന് മടുപ്പിക്കും. പക്ഷെ നമ്മൾ കേട്ട് നടന്ന കഥകളുടെ ഉള്ളുകള്ളികൾ അറിയുന്നത് എപ്പോഴും നല്ലതല്ലേ

വില : 130 രൂപ
ഡി സി ബുക്സ്
പേജ് : 140
ചരിത്ര ലേഖനങ്ങൾ.