Tuesday, December 24, 2019

Alchemy by Rory Sutherland


ഒരു ചാരിറ്റി ട്രസ്റ്റ് ക്യാൻസർ രോഗികളെ സഹായിക്കാനായി ധനശേഖരണം നടത്തുന്നു. കാശു തരാൻ സാധ്യതയുള്ള നാന്നൂറോളം ആൾക്കാർക്ക്  സംഭാവന ചോദിച്ചു കൊണ്ട് മെസ്സേജയക്കണം. അയക്കുന്നതിനു മുൻപ് ഒരു ചെറിയ പരീക്ഷണം നടത്താൻ തീരുമാനിച്ചു.


- ആദ്യത്തെ 100 ആൾക്കാർക്ക് ഇമെയിൽ അയക്കുക
- പിന്നെ 100 ആൾക്കാർക്ക് സാധാരണ വെള്ളപേപ്പറിൽ പ്രിന്റ് ചെയ്ത്  പോസ്റ്റൽ ആയി അയക്കുക
- അടുത്ത 100 ആൾക്കാർക്ക് മുകളിൽ അയക്കുന്ന സെയിം  കത്ത് പോസ്റ്റൽ ആയി അയക്കുന്നു, കൂട്ടത്തിൽ  നിങ്ങൾ ചെയ്യുന്ന സംഭാവനക്ക് 50% ടാക്സ് ഇളവുണ്ട് എന്നും എഴുതിവെക്കുക
- അവസാനത്തെ നൂറു പേർക്ക് അയക്കുന്ന കത്ത് നല്ല സൂപ്പർ കടലാസിൽ കളർ പ്രിന്റിൽ അച്ചടിച്ച് സ്പെഷൽ കവറിൽ ഇട്ട് സ്പീഡ് പോസ്റ്റായി അയക്കുക.

 
ഏതിനായിരിക്കും ഏറ്റവും നല്ല റെസ്പോൺസ് ഉണ്ടാവുക?  മൂന്നാമത്തെ കൂട്ടർ ആവും എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ അല്ല. നാലാമത്തെ വിഭാഗമാണ് കൂടുതൽ കാശയക്കുക. കാര്യം എന്താണെന്നോ, മനുഷ്യൻ പലപ്പോഴും യുക്തിസഹമായിട്ടല്ല ചിന്തിക്കുന്നത് എന്നതു തന്നെ. ഇത്രയും നല്ല പേപ്പറിൽ കാശും ചിലവാക്കി അവർ എന്നോട് കാശ് ചോദിക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണമുണ്ടാവും. അതുകൊണ്ട് ഒന്നും കൊടുക്കാതിരിക്കുന്നത് ശരിയല്ല എന്ന് നമ്മൾ ചിന്തിക്കും. അതെ, നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം പലപ്പോഴും  ലോജികൽ അല്ല, മാജികൽ ആണ് !
ഒരുദാഹരണം കൂടി പറയാം. രണ്ടു കളറുള്ള Toothpaste കണ്ടിട്ടില്ലേ(ക്ലോസപ്പ്, കോൾഗേറ്റിനൊക്കെ ഉണ്ട്). ഒറ്റക്കളർ ടൂത്ത്പേസ്റ്റിനെക്കാളും പ്രത്യേകിച്ച് ഒരു ഗുണവും ഈ സാധനത്തിനില്ല. പക്ഷെ ആൾക്കാർ ഇവനെയാണ് കൂടുതൽ വാങ്ങുന്നത്, അതും കൂടുതൽ കാശ് കൊടുത്തിട്ട്. എന്താ കാരണം. രണ്ട് കളറിൽ പിരിച്ച് പിരിച്ച് ഈ സാധനം ഉണ്ടാക്കാൻ ആ പേസ്റ്റ് കമ്പനി കുറെ അദ്ധ്വാനിച്ചുകാണും,  അതിൽ ഒരു കാര്യവുമില്ലാതെ അവരങ്ങനെ ചെയ്യില്ലല്ലോ എന്നൊക്കെയുള്ള തോന്നൽ തന്നെ!
ഇങ്ങനെയുള്ള ഒരുപാട് റിയൽ ലൈഫ് സംഗതികളിലൂടെ നമ്മളുടെ ചിന്തകളുടെ ചതിക്കുഴികൾ കാട്ടിത്തരികയാണ് Alchemy എന്ന പുസ്തകം. Ogilvy എന്ന ആഗോള പരസ്യകമ്പനിയിലെ പതിറ്റാണ്ടുകളുടെ experience ൽ നിന്ന് Rory Sutherland ഓരോ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ നമ്മുടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെ തന്നെ പലപ്പോഴും സംശയിച്ചുപോകും 🙂 
പിന്നെ ഏത് മാർക്കറ്റിംഗ് കൊമ്പന്മാർക്കും ഉള്ളത് പോലെ, ബാക്കിയാർക്കും ഒന്നും അറിയില്ലാ ന്നുള്ള ഒരു തള്ള് ഇടക്കിടക്ക് കയറിവരുന്നുണ്ട് 🙂
എന്തായാലും രസകരമായി വായിക്കാവുന്ന ഒരു പുസ്തകം. 





No comments: