Saturday, December 28, 2019

Job Be Damned - Rishi Piparaiya

ഒരുപാട് Self help പുസ്തകങ്ങൾ വായിച്ചിട്ടുണ്ട് ജീവിതത്തിൽ. മിക്കതും, വായിക്കുമ്പോൾ നമുക്ക് നല്ലൊരു good feel തരും. നമ്മളെന്തോ ഒരു സംഭവമാണെന്നും, ജോലിയിലും പെരുമാറ്റത്തിലും  മറ്റും ഒന്ന് രണ്ട് ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തനിക്കും ഒരു അംബാനിയായി മാറാമെന്നും മറ്റും ഈ പുസ്തകങ്ങൾ നമ്മളെ വിശ്വസിപ്പിക്കും.  വായിച്ച് ഒരാഴ്ച കഴിയുമ്പഴേക്ക് ഈ വായിച്ചത് മുഴുവൻ വിഡ്ഢിത്തമാണെന്ന് സ്വയം മനസ്സിലാക്കി നാം പഴയതുപോലെയാവും!

എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പുസ്തകത്തെ ഇതിനിടെ പരിചയപ്പെട്ടു. ഇന്ത്യക്കാരനായ Rishi Piparaiya എഴുതിയ "Job Be Damned”. കഴിഞ്ഞ പത്ത് കൊല്ലകാലത്ത് വായിച്ചതിൽ ഏറ്റവും നല്ല ആക്ഷേപഹാസ്യം എന്ന് നിസ്സംശയം പറയാവുന്ന  പുസ്തകം. Medium scale, Corporate, multinational enterprise കളിൽ ജോലി ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത് എന്ന് തോന്നുന്നു. മറ്റുള്ളവർക്കും വായിക്കാമെങ്കിലും  മുൻപറഞ്ഞവർക്കാവും ഇത് കണക്റ്റ് ചെയ്യാൻ കൂടുതൽ എളുപ്പം.

പുസ്തകം തുടങ്ങുന്നത് വായനക്കാരനെ ഒന്ന് ഗ്രൗണ്ട് ചെയ്തിട്ടാണ്. 
നിങ്ങൾ ജോലി ചെയ്യുന്നത്, നിങ്ങൾക്ക് വേറേ നല്ലതൊന്നും ചെയ്യാനില്ലാഞ്ഞിട്ട് തന്നെയാണ്. ജോലി എന്നത് വളരെ  രസമുള്ള ഒരു പരിപാടിയായിരുന്നെങ്കിൽ അത് കാശൊന്നും വാങ്ങാതെ ചെയ്യാൻ ആൾക്കാർ ഓടിവന്നേനെ. അങ്ങനെ ആരും വരാത്തത് കൊണ്ട് തന്നെയാണ് ശമ്പളം തന്ന് കമ്പനി നിങ്ങളെ ജോലിക്ക് വെച്ചിരിക്കുന്നത്. ജോലി ചെയ്യുന്നത് വഴി നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം താളം തെറ്റും,  പലപല അസുഖങ്ങൾ വരും. അതിന് നഷ്ടപരിഹാരമായിട്ടാണ് കമ്പനി നിങ്ങൾക്ക് ശമ്പളം തരുന്നത്. എന്തുകൊണ്ടാണ് ഈ ശമ്പളത്തെ Employee Compensation എന്ന് വിളിക്കുന്നത് എന്ന് ഇപ്പോൾ മനസ്സിലായില്ലേ..
നിങ്ങൾക്ക് കിട്ടുന്ന ശംബളം വളരെ കുറവാണ് എന്ന് നിങ്ങൾക്ക് തോന്നാറുണ്ടോ. ശമ്പളം കൂട്ടിത്തരണം എന്ന് ആവശ്യപ്പെട്ടിട്ടും കൂട്ടിക്കിട്ടുന്നില്ല എന്നാണെങ്കിൽ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ഇത്രമാത്രം- പണി ചെയ്യുന്നത് അതേ അനുപാതത്തിൽ കുറക്കുക! അത്ര തന്നെ! ആരും അറിയാതെ അത് കുറക്കാൻ വേണ്ട പല പൊടിക്കൈകളും  ഈ പുസ്തകം പറഞ്ഞു തരുന്നു 🙂 ചില ഉദാഹരണങ്ങൾ പറഞ്ഞാൽ
1. ചാൻസ് കിട്ടുമ്പോളൊക്കെ cross department Task force കളിൽ അംഗമാവുക. നിങ്ങൾ എന്താ ചെയ്യുന്നത് എന്ന് സ്വന്തം ബോസിനു പിന്നെ ഒരു പിടിയും കിട്ടൂല.
2. പറ്റുമെങ്കിൽ വർഷത്തിലൊരിക്കലെങ്കിലും internal transfer വാങ്ങി മറ്റു department കളിലേക്ക് മാറുക. ഓരോ മാറ്റത്തിലും ആറുമാസം വീതം, transitioning എന്ന state ലായതുകൊണ്ട്, പണിയെടുക്കാതിരിക്കാം!

മീറ്റിംഗുകളിൽ എവിടെ ഇരിക്കണം, ഇമെയിൽ അയക്കുമ്പോൾ ബോസിനെ എപ്പോഴൊക്കെ cc വെക്കാം/എപ്പോൾ bcc വെക്കണം, വല്ലതും പ്രസന്റ് ചെയ്യെണ്ടിവരുമ്പോൾ ശല്യക്കാരനായ കൊളീഗിനെ എങ്ങിനെ ഹാൻഡിൽ ചെയ്യാം, നിങ്ങളൊരു സീനിയർ മാനേജർ ആണെങ്കിൽ ഓരോ ആവശ്യവും കൊണ്ട് വരുന്ന സ്റ്റാഫിനെ എങ്ങിനെ ഹാൻഡിൽ ചെയ്യാം എന്നൊക്കെ ഉദാഹരണസഹിതം പുസ്തകം വിവരിക്കുന്നു.. 

പുസ്തകം ഇടക്കിടക്ക് നമ്മെ  ഓർമ്മിപ്പിക്കുന്നു-   നിങ്ങൾ ഒരു ആവറേജ് ജോലിക്കാരൻ മാത്രമാണ്. അതല്ലായിരുന്നെങ്കിൽ ഈ ജോലി ചെയ്ത് നേരം കളയാതെ, ഫ്രഞ്ച് റിവിയേറയിലുള്ള തന്റെ ബംഗ്ലാവിൽ മെഡിറ്ററേനിയൻ കാറ്റേറ്റ്, വൈനും കുടിച്ച് നിങ്ങൾ  ഇരുന്നേനെ! ഈ ഒരു ചിന്ത ഉണ്ടെങ്കിൽ ഒരു പാട് stress  കുറക്കാം! 
വെറും ഒരു ആവറേജ് ജോലിക്കാരനായ നിങ്ങൾക്ക് ഈ പുസ്തകം വായിച്ച് കഴിഞ്ഞാൽ കമ്പനിയിലെ ബെസ്റ്റ് ആവറേജ് employee ആവാം  🙂

ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്ത അപൂർവം non-fiction പുസ്തകങ്ങളിൽ ഒന്നായി ഇതും! വായിക്കുമ്പോൾ ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാതായിപ്പോവാൻ ചാൻസ് വളരെ കൂടുതലാണ്!




  

Tuesday, December 24, 2019

Hit Refresh - Satya Nadella

എല്ലാ വീട്ടിലും ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ എന്നായിരുന്നു മൈക്രോസോഫ്റ്റിന്റെ ആദ്യകാല ലക്ഷ്യം. വർഷം 2008-2009  ഒക്കെ ആയപ്പോൾ  ഡെസ്ക്ടോപ് കമ്പ്യൂട്ടർ എന്ന സാധനം അധികമാർക്കും വേണ്ടാതായി. പകരം  അതിനെക്കാളും കൂടിയ പവർ ഉള്ള ടാബ്ലെറ്റ്, മൊബൈൽ ഫോൺ എന്നിവ വന്നു തുടങ്ങി. ലക്ഷ്യം തന്നെ  കാലഹരണപ്പെട്ടതോടെ  മൈക്രോസോഫ്റ്റ് എന്ന കമ്പനി 'എഞ്ചിൻ തകരാറായ കപ്പൽ പോലെ' ഒഴുക്കിൽ പലവഴിക്ക് പോകാൻ തുടങ്ങി. Ms Office, Windows OS എന്നിവയുടെ മാർക്കറ്റായിരുന്നു കമ്പനിയെ പിടിച്ച് നിർത്തിയത്. പിന്നിടിങ്ങോട്ട് വർഷത്തോളം മൈക്രോസോഫ്റ്റിന് റെവൊല്യൂഷണറിയായ ഒരു പ്രൊഡക്റ്റും ലോഞ്ച് ചെയ്യാൻ സാധിച്ചിരുന്നില്ല എന്ന് മാത്രമല്ല, മൊബൈൽ, ക്ലൗഡ് എന്നീ മേഖലകളിൽ അവർ വളരെ താഴേക്ക് പോകുകയും ചെയ്തു.
ഈ ഒരു സ്ഥിതിയിലാണ് 2014 ൽ  Steve Ballmer ന്റെ പിൻഗാമിയായി, മൈക്രോസോഫ്റ്റിന്റെ മൂന്നാമത് സി ഇ ഓ ആയി സത്യ നഡെല്ല അവരോധിക്കപ്പെടുന്നത്.
അവിടെ നിന്ന് ഇങ്ങോട്ടുള്ള അഞ്ച് വർഷങ്ങളിൽ മൈക്രോസോഫ്റ്റിന്റെ ഒരു ടേൺ എറൗണ്ട് സ്റ്റോറിയും സത്യയുടെ ഒരു ചെറിയ ബയോഗ്രഫിയുമാണ് Hit Refresh ഈ പുസ്തകം.
ആദ്യഭാഗത്ത് സത്യയുടെ സ്കൂൾ കാലഘട്ടം വായിക്കാൻ നല്ല രസമാണ്. ക്രിക്കറ്റായിരുന്നു മറ്റെന്തിനെക്കാളും സത്യക്ക് ഇഷ്ടം!  പഠനകാര്യങ്ങളിൽ മകൻ എപ്പോഴും ഏറ്റവും മുന്നിൽ തന്നെ ആവണം എന്ന് ആഗ്രഹിക്കുന്ന അച്ഛൻ, തന്റെ മുറിയിൽ കാൾ മാർക്സിന്റെ പടം വെച്ചത് സത്യ ഓർമ്മിക്കുന്നു. അതേ സമയം, എന്ത് ചെയ്താലും തന്റെ മകൻ എപ്പോഴും സന്തോഷവാനായി ഇരിക്കണം എന്ന് മാത്രം ആഗ്രഹിച്ചിരുന്ന സത്യയുടെ അമ്മ മുറിയിൽ പ്രതിഷ്ടിച്ചത് മഹാലക്ഷ്മിയുടെ പടമായിരുന്നുവത്രെ!

സത്യയുടെ പേർസണൽ സ്റ്റോറി മാറ്റി നിർത്തിയാൽ, പുസ്തകം അല്പം ബോറാണ്. ഒരു ടിപ്പിക്കൽ മാനേജ്മെന്റ് പുസ്തകം. ( പിന്നെ ക്രിക്കറ്റ് അറിയാത്തവർ ഈ പുസ്തകം വായിച്ചാൽ അല്പം ചുറ്റിപ്പോകും. മിക്കവാറും ഉപമകളൊക്കെ ക്രിക്കറ്റുമായി ബന്ധപ്പെട്ടാണ്).








 

Alchemy by Rory Sutherland


ഒരു ചാരിറ്റി ട്രസ്റ്റ് ക്യാൻസർ രോഗികളെ സഹായിക്കാനായി ധനശേഖരണം നടത്തുന്നു. കാശു തരാൻ സാധ്യതയുള്ള നാന്നൂറോളം ആൾക്കാർക്ക്  സംഭാവന ചോദിച്ചു കൊണ്ട് മെസ്സേജയക്കണം. അയക്കുന്നതിനു മുൻപ് ഒരു ചെറിയ പരീക്ഷണം നടത്താൻ തീരുമാനിച്ചു.


- ആദ്യത്തെ 100 ആൾക്കാർക്ക് ഇമെയിൽ അയക്കുക
- പിന്നെ 100 ആൾക്കാർക്ക് സാധാരണ വെള്ളപേപ്പറിൽ പ്രിന്റ് ചെയ്ത്  പോസ്റ്റൽ ആയി അയക്കുക
- അടുത്ത 100 ആൾക്കാർക്ക് മുകളിൽ അയക്കുന്ന സെയിം  കത്ത് പോസ്റ്റൽ ആയി അയക്കുന്നു, കൂട്ടത്തിൽ  നിങ്ങൾ ചെയ്യുന്ന സംഭാവനക്ക് 50% ടാക്സ് ഇളവുണ്ട് എന്നും എഴുതിവെക്കുക
- അവസാനത്തെ നൂറു പേർക്ക് അയക്കുന്ന കത്ത് നല്ല സൂപ്പർ കടലാസിൽ കളർ പ്രിന്റിൽ അച്ചടിച്ച് സ്പെഷൽ കവറിൽ ഇട്ട് സ്പീഡ് പോസ്റ്റായി അയക്കുക.

 
ഏതിനായിരിക്കും ഏറ്റവും നല്ല റെസ്പോൺസ് ഉണ്ടാവുക?  മൂന്നാമത്തെ കൂട്ടർ ആവും എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ അല്ല. നാലാമത്തെ വിഭാഗമാണ് കൂടുതൽ കാശയക്കുക. കാര്യം എന്താണെന്നോ, മനുഷ്യൻ പലപ്പോഴും യുക്തിസഹമായിട്ടല്ല ചിന്തിക്കുന്നത് എന്നതു തന്നെ. ഇത്രയും നല്ല പേപ്പറിൽ കാശും ചിലവാക്കി അവർ എന്നോട് കാശ് ചോദിക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണമുണ്ടാവും. അതുകൊണ്ട് ഒന്നും കൊടുക്കാതിരിക്കുന്നത് ശരിയല്ല എന്ന് നമ്മൾ ചിന്തിക്കും. അതെ, നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം പലപ്പോഴും  ലോജികൽ അല്ല, മാജികൽ ആണ് !
ഒരുദാഹരണം കൂടി പറയാം. രണ്ടു കളറുള്ള Toothpaste കണ്ടിട്ടില്ലേ(ക്ലോസപ്പ്, കോൾഗേറ്റിനൊക്കെ ഉണ്ട്). ഒറ്റക്കളർ ടൂത്ത്പേസ്റ്റിനെക്കാളും പ്രത്യേകിച്ച് ഒരു ഗുണവും ഈ സാധനത്തിനില്ല. പക്ഷെ ആൾക്കാർ ഇവനെയാണ് കൂടുതൽ വാങ്ങുന്നത്, അതും കൂടുതൽ കാശ് കൊടുത്തിട്ട്. എന്താ കാരണം. രണ്ട് കളറിൽ പിരിച്ച് പിരിച്ച് ഈ സാധനം ഉണ്ടാക്കാൻ ആ പേസ്റ്റ് കമ്പനി കുറെ അദ്ധ്വാനിച്ചുകാണും,  അതിൽ ഒരു കാര്യവുമില്ലാതെ അവരങ്ങനെ ചെയ്യില്ലല്ലോ എന്നൊക്കെയുള്ള തോന്നൽ തന്നെ!
ഇങ്ങനെയുള്ള ഒരുപാട് റിയൽ ലൈഫ് സംഗതികളിലൂടെ നമ്മളുടെ ചിന്തകളുടെ ചതിക്കുഴികൾ കാട്ടിത്തരികയാണ് Alchemy എന്ന പുസ്തകം. Ogilvy എന്ന ആഗോള പരസ്യകമ്പനിയിലെ പതിറ്റാണ്ടുകളുടെ experience ൽ നിന്ന് Rory Sutherland ഓരോ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ നമ്മുടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെ തന്നെ പലപ്പോഴും സംശയിച്ചുപോകും 🙂 
പിന്നെ ഏത് മാർക്കറ്റിംഗ് കൊമ്പന്മാർക്കും ഉള്ളത് പോലെ, ബാക്കിയാർക്കും ഒന്നും അറിയില്ലാ ന്നുള്ള ഒരു തള്ള് ഇടക്കിടക്ക് കയറിവരുന്നുണ്ട് 🙂
എന്തായാലും രസകരമായി വായിക്കാവുന്ന ഒരു പുസ്തകം. 





Thursday, October 31, 2019

Bottle of Lies: The Inside Story of the Generic Drug Boom by Katherine Eban

Bottle of Lies: The Inside Story of the Generic Drug Boom

വഞ്ചനയുടെ സംസ്കാരം!
മരുന്നു മാഫിയ എന്ന് മുട്ടിന് മുട്ടിന് ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ യഥാർത്ഥത്തിൽ ഇതെന്താണെന്ന് നമ്മൾക്ക് വലിയ പിടിയില്ല. ഏതെങ്കിലും ഒരു ഡോക്ടർ, മെഡിക്കൽ ഷോപ്പുടമ, നാട്ടിലെ ഒരു ലാബ് ഉടമ എന്നിവരൊക്കെയാണ് മിക്കവർക്കും ഈ മാഫിയ.

എന്നാൽ ശരിക്കും എന്താണീ മരുന്ന് മാഫിയ എന്നറിയാൻ വായിക്കേണ്ട ഒരു പുസ്തകമാണ് Katherine Eban എഴുതിയ Bottle of Lies: The Inside Story of the Generic Drug Boom” . ജനറിക് മരുന്നുകളുടെ നിർമ്മാണ മേഖലയിൽ നടക്കുന്ന അഴിമതിയുടെയും വഞ്ചനകളുടെയും ഒരു മഹാഭാരതം തന്നെ ഈ പുസ്തകം  വായനക്കാരന്റെ  മുന്നിലേക്കിട്ടു തരുന്നു. കുറെയേറെ  whistleblower മാരുടെ വാക്കുകളിലൂടെ  ഇത് നമുക്ക് നേരിട്ടനുഭവിക്കാം. കൂട്ടത്തിൽ പ്രമുഖ  whistleblower ആയ ദിനേഷ് താക്കൂറിന്റെ ജീവിത കഥയും കൂടിയാണ്  ഈ പുസ്തകം !

Cipla, Wockhardt, Mylan, Dr Reddys, Teva  അങ്ങനെ  ഒരുപാട് ഫാർമസ്യൂട്ടിക്കൽ കമ്പനികളിലെ തട്ടിപ്പിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും, തട്ടിപ്പ് ഒരു സംസ്കാരമായി കൊണ്ടുനടക്കുന്ന ഒരു കമ്പനിയെ ഈ പുസ്തകം ശരിക്കും തുറന്ന് കാട്ടുന്നുണ്ട്. അതാണ് റാൻബാക്സി ലാബറട്ടറീസ്. ലോകാരോഗ്യസംഘടനയുടെ ഒരു ഓഡിറ്റിൽ, റാൻബാക്സിയുടെ ഒരു മരുന്നിൽ വേണ്ട അളവിൽ active ingredient ഇല്ല എന്ന് കണ്ടുപിടിക്കപ്പെടുന്നു. 
കൃത്യമായി വേണ്ട അളവിൽ active ingredient ഉണ്ട് എന്നതിന്റെ തെളിവൊക്കെ ഹാജരാക്കിയിട്ടാണ് ഈ മരുന്ന് നിർമ്മിക്കാൻ Federal Drug Agency (FDA)  റാൻബാക്സിയെ അനുവദിക്കുന്നത് തന്നെ. FDA അംഗീകരിച്ച പ്ലാന്റുകളിൽ അവർ പറയുന്ന good manufacturing Practices കൃത്യമായി ഫോളോ ചെയ്ത് നിർമ്മിക്കുന്ന മരുന്നിൽ പിന്നെ എങ്ങനെയാണ് active ingredient കുറഞ്ഞു പോകുന്നത്  എന്ന സംശയം ദിനേഷ് താക്കൂറിനും മാനേജറായ രാജ് കുമാറിനും  ഉണ്ടായി. അവിടെ നിന്ന് തുടങ്ങുന്ന അന്വേഷണം ഒരു പാട് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലിലേക്കാണ് നയിച്ചത്.

ശക്തമായ നിരീക്ഷണ ഏജൻസി/വ്യ്വവസ്ഥകൾ നിലനിൽക്കുന്ന രാജ്യങ്ങളിലേക്ക് (യുഎസ്, യൂറോപ്പ്, ജപ്പാൻ തുടങ്ങിയവ) കയറ്റി അയക്കുന്ന മരുന്നുകളിൽ വേണ്ട അളവിന്റെ ഒരു 70 മുതൽ 80% വരെ active ingredient ഉണ്ടാവും.  എന്നാൽ ദുർബലമായ ഏജൻസികൾ ഉള്ള നാടുകളിൽ (ആഫ്രിക്കൻ രാജ്യങ്ങൾ, ഇന്ത്യ തുടങ്ങിയവ) ഇത് വെറും 10 മുതൽ 30% വരെ മാത്രം! 
ഏതെങ്കിലും ഒരു ബ്രാൻഡഡ് മരുന്നിന്റെ  ജനറിക് പതിപ്പിന്  FDA അംഗീകാരം കിട്ടാൻ  ഒരുപാട് പേപ്പറുകൾ സമർപ്പിക്കേണ്ടതുണ്ട്. ഞങ്ങളുടെ ലാബിൽ ഉണ്ടാക്കിയ മരുന്നിന് ബ്രാൻഡഡ് മരുന്നിന്റെ എല്ലാ ഗുണങ്ങളും ഉണ്ട് എന്ന് തെളിയിക്കുന്ന bio equivalence test results ഒക്കെ വേണം. ഇതൊക്കെ കൃത്രിമമായി ഉണ്ടാക്കാൻ  റാൻബാക്സിയിൽ ഒരു ഡിപാർട്ട്മെന്റ് തന്നെ ഉണ്ടായിരുന്നു.
ഇൻസ്പെക്ഷന് ഏജൻസികൾ വരുമ്പോൾ വേണ്ട പോലെ ഡേറ്റ ഉണ്ടാക്കി നൽകുക, പലപ്പോഴും തങ്ങൾക്ക് വേണ്ട ഡേറ്റ മാത്രം കമ്പ്യൂട്ടറുകളിൽ സൂക്ഷിക്കുകയും അല്ലാത്തവ നശിപ്പിക്കുകയും ചെയ്യുക എന്നതൊക്കെ  ഒരു സാധാരണ സംഭവം മാത്രം. ഇതൊക്കെ നടക്കുന്നത് കമ്പനിയുടെ തലവന്മാരൊക്കെ അറിഞ്ഞിട്ട് തന്നെ! 

മൊത്തത്തിൽ വളരെ ഇഷ്ടപ്പെട്ട ഒരു പുസ്തകം. ഇന്ത്യൻ ഫാർമ കമ്പനികളെ പ്രത്യേകം എടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നതുകൊണ്ടാകണം,  ഇതൊക്കെ  ശരിയാണോ എന്ന്  പലപ്പോഴും തോന്നിപ്പിച്ചൂന്ന് മാത്രം!