അമേരിക്ക കണ്ടതിൽ ഏറ്റവും ഡിവിസീവ് ആയ തിരഞ്ഞെടുപ്പായിരുന്നു 2016 ലേത്. യാതൊരു വിജയസാധ്യതയും ഇല്ലാതെ, വെറും ഷോമാൻ ആണെന്ന് സ്വന്തം പാർട്ടിക്കാർ പോലും വിശ്വസിച്ചിരുന്ന ഡൊണാൾഡ് ട്രമ്പ്, എല്ലാരെയും അമ്പരപ്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ചു. ഇലക്ഷന്റെ ഒരു ഘട്ടത്തിലും മുന്നിട്ടു നിൽക്കാതിരുന്ന ട്രമ്പ് എങ്ങിനെ പ്രസിഡണ്ടായി? അതിൽ എന്തെങ്കിലും അട്ടിമറി നടന്നിരുന്നോ? ചില മാധ്യമങ്ങൾ ആഘോഷിച്ചിരുന്ന റഷ്യൻ ഇടപെടൽ എന്തിനായിരുന്നു? ഹിലാരിയുടെ ഇമെയിൽ മൊത്തം വിക്കിലീക്സ് പ്രസിദ്ധീകരിച്ചതിനു പിന്നിൽ ആരാണ്…
ഇങ്ങനെ ഒരു കൂട്ടം രസകരമായ കാര്യങ്ങൾ അറിയാൻ ആഗ്രഹമുള്ളവർക്കു വേണ്ടിയുള്ളതാണ് മൈക്കേൽ ഇസിക്കോവും ഡേവിഡ് കോണും എഴുതിയ “Russian Roulette- The inside story of Putin’s war on America and the Election of Donald Trump” എന്ന പുസ്തകം ! അൻവേഷണാത്മക പത്രപ്രവർത്തകരാണ് രണ്ടുപേരും!
തന്റെ ബിസിനസ്സ് സാമ്രാജ്യം റഷ്യയിലേക്ക് വ്യാപിപ്പിക്കണം എന്ന ട്രമ്പിന്റെ ആഗ്രഹങ്ങൾക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.
പക്ഷെ പലതവണയായുള്ള ഓരോ ശ്രമങ്ങളും എവിടെയൊക്കെയോ തട്ടി നിന്നു. ക്രെംലിനുമായി അടുത്ത ബന്ധമുണ്ടായെങ്കിൽ മാത്രമേ ഈ സ്ഥിതിക്ക് ഒരു മാറ്റം വരൂ എന്ന് തിരിച്ചറിഞ്ഞ ട്രമ്പ് പലരീതിയിലും പുടിനുമായും മറ്റും അടുക്കാൻ ശ്രമിക്കുകയും വലിയൊരളവുവരെ അതിന് സാധിക്കുകയും ചെയ്യുന്നുണ്ട്.
ഈ ബന്ധങ്ങളെ പക്ഷെ ട്രമ്പിനെ ഒറ്റക്കടിക്ക് വിഴുങ്ങാൻ മാത്രം കപ്പാസിറ്റിയുള്ള പുടിൻ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതാണ് പുസ്തകത്തിന്റെ ഹൈലൈറ്റ്!
ഹാക്കർമാരെയും മറ്റ് ചാരന്മാരെയും ഉപയോഗിച്ച് കോമ്പ്രൊമാറ്റ് (compromising Materials) സംഘടിപ്പിക്കുക എന്നതായിരുന്നു റഷ്യയുടെ തന്ത്രം. ഹിലാരിയുടെയും ട്രമ്പിന്റെയും ഒരുപാട് ഡിറ്റെയിൽസ് ഇങ്ങനെ ഇവർ ചികഞ്ഞെടുത്തു. ഹിലാരിയുടെയും കൂട്ടാളികളുടെയും ഇമെയിൽ ഹാക്ക് ചെയ്തെടുത്തത് മാത്രം വരും പതിനായിരക്കണക്കിന്. എന്നിട്ട് ഇതൊക്കെ കൃത്യം കൃത്യം സമയങ്ങളിൽ വിക്കിലീക്സിനു കൊടുത്ത് അവർ വഴി പ്രസിദ്ധീകരിച്ച് ഹിലാരിയെ പ്രതിക്കൂട്ടിലാക്കി.
ഇതുകൂടാതെ സോഷ്യൽ മീഡിയ വഴി 80000 ഫേക്ക് ന്യൂസുണ്ടാക്കി അത് 20 മില്ല്യൺ ആൾക്കാരുടെ വാളിൽ എത്തിച്ചു, അവർ പോലും അറിയാതെ! വോട്ടർമാരുടെ മനസ്സിൽ ഒരു ട്രമ്പനുകൂല മാറ്റം ഉണ്ടാക്കാൻ ഇത് സഹായിച്ചു! ( ഇന്ന് ബീജേപ്പിയുടെയും മറ്റ് രാഷ്ട്രീയപാർട്ടികളുടെയും സോഷ്യൽ മീഡിയ ഇടപെടലുകളും സമാനസ്വഭാവമുള്ളവയാണെന്ന് പറയാതെ വയ്യ!)
റഷ്യയുടെ ഇടപെടലിന്റെ വ്യാപ്തി അമേരിക്കൻ പ്രസിഡണ്ട് ഒബാമ അടക്കമുള്ള അധികാരികൾക്ക് പോലും മുഴുവനായി മനസ്സിലായത് ഇലക്ഷൻ കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞ് മാത്രമാണ് എന്നതാണ് രസകരമായ വസ്തുത!
ഒരു ഡിറ്റക്ടീവ് നോവൽ വായിക്കുന്ന ത്രില്ലോട് കൂടി വായിക്കാൻ പറ്റിയ പുസ്തകം.
No comments:
Post a Comment