Thursday, December 21, 2006

നഷ്ടജാതകം - പുനത്തില്‍ കുഞ്ഞബ്ദുള്ള

‘സ്മാരകശിലകളും’,‘മരുന്നും’ സൃഷ്ടിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള, ആത്മകഥ എഴുതുന്നു എന്നുകേട്ടപ്പോള്‍ ആദ്യം ഒരു ആശ്ചര്യമായിരുന്നു തോന്നിയത്. അദ്ദേഹത്തിന്റെ എല്ലാ കഥകളിലും ഒരു ആത്മാംശം ഉണ്ടെന്ന് മുമ്പേ തോന്നിയിരുന്നു. ഇനി യഥാര്‍ത്ഥ ആത്മകഥ എഴുതുമ്പോള്‍, പണ്ട് പറഞ്ഞതെല്ലാം വെറും നുണക്കഥകളാണെന്ന് കഥാകൃത്തിന് പറയേണ്ടിവരുമോ എന്ന ഒരു ചിന്തയിലായിരുന്നു ഞാന്‍!


സ്വയം മഹാനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചെയ്യാവുന്ന അനേകം കുറുക്കുവഴികളിലൊന്നാണത്രേ സ്വന്തം ആത്മകഥ എഴുതുന്നത്. സാഹിത്യകാരന്മാര്‍ക്ക് ആത്മകഥ അവന്റെ സാഹിത്യസപര്യയുടെ കലാശക്കൊട്ടാണെന്നാണ് വെപ്പ്. എന്നാല്‍ കഠിനമായ ആശയദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടുന്ന കഥാകാരന്മാര്‍ക്ക് ഒരു കച്ചിത്തുരുമ്പാണ് ആത്മകഥ എന്നറിയാന്‍ പുനത്തിലിന്റെ നഷ്ടജാതകം വായിക്കേണ്ടിവന്നു!

ഡിസി രവിയുടെ പ്രസാധകകുറിപ്പോടെ,ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ‘നഷ്ടജാതക’ത്തിന് 100 രൂപയാണ് വില. 230പുറങ്ങളില്‍ പതിനഞ്ച് അധ്യായങ്ങളിലായി പുനത്തില്‍ കുഞ്ഞബ്ദുള്ള തന്റെ ആത്മകഥ വിവരിക്കുന്നു. പുനത്തിലിന്റെ മുഖമുദ്രയായ, വിവരണത്തിലെ ലാളിത്യം നഷ്ടജാതകത്തിനെ മറ്റു സമകാലികനോവലുകളേക്കാള്‍ അല്പം മേലെ നിര്‍ത്തുന്നു എന്നത് സത്യം. പക്ഷേ കന്യാവനങ്ങളും മരുന്നും എഴുതിയ സാഹിത്യകാരനില്‍ നിന്ന് മലയാളി വായനക്കാര്‍ പ്രതീക്ഷിക്കുന്നത് അതുമാത്രമല്ലല്ലോ.

ഒരു ആത്മകഥക്ക് അത്യാവശ്യം വേണമെന്ന് എനിക്കു തോന്നിയിട്ടുള്ള ഒരു കാലാനുസൃത വിവരണം (chronological order) നഷ്ടജാതകത്തിനില്ല. തന്റെ ആദ്യരാത്രി വിവരിച്ചുകൊണ്ടു തുടങ്ങുന്ന ആദ്യ അധ്യായവും, തന്റെ അവിഹിതബന്ധത്തിന്റെ വിവരണം നടത്തുന്ന പതിഞ്ചാം അധ്യായവും കൊണ്ട് എഴുത്തുകാരന്‍ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലായില്ല. പക്ഷെ ഇതിനു രണ്ടിനുമിടയില്പെട്ട് ശ്വാസം മുട്ടുന്ന കുറെ ജല്പനങ്ങളായി മാറുകയാണ് മലയാളത്തിന്റെ ഈ പ്രസിദ്ധ സാഹിത്യകാരന്റെ ആത്മകഥ. മുന്‍പെഴുതിയ കഥകളില്‍ ചേര്‍ക്കാന്‍ മാത്രം ഗുണമില്ലാന്നു കരുതി വെട്ടിക്കളഞ്ഞതോ വിട്ടുകളഞ്ഞതോ ആയ ഭാഗങ്ങളൊക്കെ ത്ട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു കൊളാഷാണ് എന്നു മാത്രം പറഞ്ഞ് നിര്‍ത്തുന്നു!!

വാല്‍ക്കഷ്ണം: നഷ്ടജാതകം എന്നപുസ്തകം ആദ്യം കണ്ടപ്പോള്‍ ഒരു സംശയം - “എന്തായിത്, പുനത്തിലിന്റെ ആത്മകഥക്കെന്താ നൂറുരൂപയേ വിലയുള്ളോ?”. പുസ്തകം വായിച്ചുതീരുമ്പഴേക്ക് ആ ചോദ്യത്തിന്റെ ഉത്തരം കിട്ടി!

3 comments:

Satheesh said...

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ആത്മകഥ - ‘നഷ്ടജാതകം’ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്!

muhammad said...

ningalude phone no; kittiyaal vilikkaamaayirunnu...!!!!

muhammad said...

ningalude phone no; kittiyaal vilikkaamaayirunnu...!!!!