Sunday, December 24, 2006

നീയൊരു സ്വാര്‍ത്ഥിയാവുക - സി ജി ശാന്തകുമാര്‍

വ്യക്തിവികാസത്തെക്കുറിച്ച് ഇംഗ്ലീഷ് ഭാഷയില്‍ എണ്ണമില്ലാത്തത്ര പുസ്തകങ്ങളാണുള്ളത്. ഏത് പുസ്തകക്കടയില്‍ പോയാലും ഒരു വലിയ സെക്ഷന്‍ മുഴുവന്‍ വ്യക്തിത്വവികാസത്തെക്കുറിച്ചുള്ള പുസ്തകങ്ങളായിരിക്കും. എന്നാലിതേ സമയം നമ്മുടെ കൊച്ചുകേരളത്തിലെ ഏതു പുസ്തകക്കടയിലും കയറി നോക്കൂ, ഈ വിഷയത്തില്‍ ഒരു മലയാള പുസ്തകം കണ്ടെടുക്കാന്‍ വലിയ പാടായിരിക്കും (വിവര്‍ത്തനം ചെയ്ത പുസ്തകങ്ങളെ ഞാന്‍ തല്‍ക്കാലം ഒഴിവാക്കുന്നു). മലയാളിക്ക് എന്തുകൊണ്ടാണ്‍ ഈ വിഷയത്തില്‍ താല്പര്യമില്ലാതെ പോയത്? അവന്റെ പൊങ്ങച്ചം അവനെ ഇതുപോലുള്ള പുസ്തകങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണോ? ഈ പോസ്റ്റിന്റെ വിഷയം തല്‍ക്കാലം അതല്ലാത്തതുകൊണ്ട് അതവിടെ നില്‍ക്കട്ടെ!
കഴിഞ്ഞ ക്രിസ്തുമസ് അവധിക്കാലത്ത് നാട്ടില്‍ പോയപ്പോഴാണ്‍ “നീയൊരു സ്വാര്‍ത്ഥിയാവുക” എന്ന പുസ്തകം കൈയില്‍ കിട്ടുന്നത്. ബസ്‌സ്റ്റാന്ഡിനു സമീപത്തെ വഴിയോരക്കടയില്‍ നിന്ന് ഈ പുസ്തകം കണ്ടപ്പോള്‍, ആ പേരിന്റെ കൌതുകം കൊണ്ടാണ്‍ ഈ പുസ്തകം വാങ്ങിയത്. 180 പേജുള്ള ഈ ചെറിയ പുസ്തകം അതിന്‍റ്റെ ഉള്ളടക്കതിന്റെ സത്തയുടെ കാര്യത്തില്‍ സമാനവിഷയത്തില്‍ മറ്റേത് ഗ്രന്ഥത്തിനേക്കാളും മേലെ നില്ക്കുന്നു.
12 അദ്ധ്യായങ്ങളായി തിരിച്ച്, വളരെ ലളിതമായി സംഗതികളെ വിവരിക്കുന്ന ഈ പുസ്തകം ഓരോ മലയാളിയും അവശ്യം വായിച്ചിരിക്കേണ്ടതാണ്‍. നാട്ടിന്‍പുറത്തെ ഒരു പൊതുപ്രവര്‍ത്തകനും രസികനായ ഒരു ഡോകറ്ററും തമ്മില്‍ നടക്കുന്ന സംഭാഷണത്തിന്റെ രീതിയിലാണ്‍ പുസ്തകം മുന്നോട്ട് പോകുന്നത്. രസകരമായ ചില അനുഭവക്കുറിപ്പുകള്‍ പുസ്തകത്തെ കൈയില്‍ നിന്ന് താഴെവെക്കാന്‍ സമ്മതിക്കില്ല!
Make your next 5 year plan, Follow principle ന്നൊക്കെപറയാന്‍ വളരെ എളുപ്പമാണ്‍. ഇതുപോലുള്ള Abstract സങ്കല്പങ്ങളെയല്ല ഈ പുസ്തകത്തില്‍ കാണുക. ജീവിതത്തില്‍ നമുക്ക് വളരെ ലളിതമായി അനുവര്‍ത്തിക്കാന്‍ പറ്റുന്ന ചില ചെറിയ കാര്യങ്ങള്‍ മാത്രമേ ഇതില്‍ പ്രതിപാദിച്ചിട്ടൂള്ളൂ. ഇതാ ഒരു ഉദാഹരണം:-

‘വകതിരിവിന്റെ പിന്‍ബലമില്ലാത്ത ത്യാഗം, ത്യാഗിയെ മാത്രമല്ല നശിപ്പിക്കുക,
അയാള്‍ ആര്‍ക്കു വേണ്ടി ത്യാഗം ചെയ്യുന്നുവോ, അവരെയും കൂടി നശിപ്പിക്കും’

“അവനവന്റെ ശരീരത്തിനും മനസ്സിനും കോട്ടംതട്ടുന്ന വിധത്തില്‍
ആര്‍ക്കുവേണ്ടിയാണോ നാം ത്യാഗം അനുഷ്ഠിക്കുന്നത് അവരായിരിക്കും നമ്മെ ആദ്യം
അവഗണിക്കുന്നത്”
100രൂപ വിലവരുന്ന ഈ പുസ്തകം വിപണിയിലെത്തിച്ചത് ഗ്രീന്‍ ബുക്സാണ്‍.

1 comment:

Satheesh said...

നീയൊരു സ്വാര്‍ത്ഥിയാവുക- സി ജി ശാന്തകുമാറിന്റെ ഈ പുസ്തകത്തെപ്പറ്റി എനിക്കു തോന്നിയത്! കുറച്ചുകാലമായി എഴുതാന്‍ വിചാരിച്ചിട്ട് നടക്കാതെ പോയതാണിത്. ഇന്ന് സ്റ്റീഫന്‍ കോവെയെ കണ്ടപ്പോള്‍ ഉള്ള ചൂടിന്‍ ഇതെഴുതി തീര്‍ക്കുന്നു! :)