Sunday, January 07, 2018

ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ - പി സുരേന്ദ്രൻ

രണ്ട് മൺകയ്യാലകൾക്കിടയിൽ കഷ്ടിച്ച് ഒരാൾക്ക് മാത്രം നടന്ന് പോകാൻ പറ്റുന്ന ഒരു വഴിയായിരുന്നു അത്.  വേനലവധിക്കാലത്ത്  അമ്മയുടെ വീട്ടിൽ വന്നാൽ, രാവിലെ ഓടിപ്പോയി നോക്കും ഈ വഴിയിൽ പുളിയൻമാങ്ങ വീണുകിടക്കുന്നുണ്ടോന്ന്. 
മാങ്ങക്ക് പകരം കുറെ ചെമ്പകപ്പൂക്കൾ വീണ് കിടക്കുന്നുണ്ടാവും. ആ വഴി നിറയെ നനുനനുത്ത ചെമ്പകപ്പൂവിന്റെ സുഗന്ധവും.
കയ്യാലയിൽ നിറയെ പൊത്തുകളാണ്. വല്ലപ്പോഴും ഓരോ പൊന്മാൻ എവിടെ നിന്നോ പറന്ന് വന്ന് ഈ എണ്ണമില്ലാത്ത പൊത്തുകളിലേതിലെക്കെങ്കിലും അങ്ങ് അപ്രത്യക്ഷമാകും.   ഓണക്കാലത്ത് പോയാൽ ഈ ഇടവഴിയുടെ രണ്ട് വശത്തും തുമ്പപ്പൂക്കൾ വിടർന്ന് നിൽക്കുന്നുണ്ടാവും.

ഓർമ്മയിൽ എവിടെയോ വിട്ട് പോയ ഈ കയ്യാലയും ഇടവഴിയും പുളിയന്മാങ്ങയും പൊന്മാൻ മുട്ടയുമൊക്കെ തിരികെ കൊണ്ടുത്തരാൻ ഒരു പുസ്തകത്തിനു പറ്റി. വളരെ ആകസ്മികമായി വാങ്ങിയ “ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ” എന്ന പി സുരേന്ദ്രന്റെ പുസ്തകത്തിന്. ഡി സി ബുക്സാണ് പ്രസാധകർ.
പ്രശസ്തനോവലിസ്റ്റും കഥാകൃത്തും ആയ പി സുരേന്ദ്രൻ, തന്റെ സ്വത സിദ്ധമായ ലളിതസുന്ദര വാക്കുകളിൽ നമ്മെ ആ ചെമ്പകപ്പൂ വീണുകിടക്കുന്ന ഇടവഴിയിലൂടെ കൈപിടിച്ച് നടത്തുന്നു…
പാപ്പിനിപ്പാറയിലെ രാധടീച്ചറുടെ ബാലവാടിയിൽ നിന്ന് തുടങ്ങി തീക്ഷ്ണയൗവനത്തിലെ പൊള്ളുന്ന നക്സൽ ഓർമ്മകൾ വരെ നീളുന്ന മനോഹരമായ ഒരു കൂട്ടം ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകം. 
സ്കൂളിൽ വർഷാവസാനപരീക്ഷക്കിടയിലാണ് അത് സംഭവിച്ചത്. ഓടിന്റെ ഇടയിൽ നിന്ന് ഒരു അണ്ണാൻകുഞ്ഞ് താഴേക്ക് വീഴുന്നു. ടീച്ചർ അതിനെ എടുത്ത് മേശപ്പുറത്ത് വെച്ചു. "ആദ്യം പരീക്ഷ എഴുതിതീരുന്ന ആൾക്ക് ആ അണ്ണാൻകുഞ്ഞിനെ കൊണ്ടുപോകാം” എന്ന് ടീച്ചർ പ്രഖ്യാപിച്ചു. കണക്ക് പരീക്ഷയാണോ, അണ്ണാൻകുഞ്ഞാണോ വലുത് എന്ന കാര്യത്തിൽ സുരേന്ദ്രന് സംശയമൊന്നും ഉണ്ടായിരുന്നില്ല. അപ്പോ തന്നെ പേപ്പർ കൊടുത്ത് അണ്ണാൻകുഞ്ഞിനെയും വാങ്ങി വീട്ടിലേക്ക് നടക്കുന്ന ലേഖകൻ വായനക്കാരന്റെ മനസ്സിൽ ഒരു കുടന്ന ഇലഞ്ഞിപ്പൂ കോരിയിടുന്നു! 

മൈസൂരിലെ മരപ്പാവകൾ എന്ന ഒരു അദ്ധ്യായത്തിൽ,   ഒരു ജോലിക്ക് വേണ്ടി വീട് വിട്ടുപോയി മൈസൂരിലെ ഒരു മൂന്നാം കിട ബാറിൽ ജോലിചെയ്യുന്ന  കൗമാരകാലത്തെ സുരേന്ദ്രനെ വരച്ച് കാണിക്കുന്നുണ്ട്. അവിടെ നിന്ന് സ്വന്തമായി പഠിച്ച് പ്രിഡിഗ്രീ പാസായി അദ്ധ്യാപകനാവുന്ന ലേഖകന്റെ ജീവിതവഴികളിലെ അനുഭവങ്ങളും കഷ്ടപ്പാടുകളും നമുക്ക് തൊട്ടറിയാം ഇതിലൂടെ.
പോലീസുമായുള്ള ഒരു ഏറ്റുമുട്ടലിൽ തലനാരിഴക്ക് രക്ഷപ്പെട്ട നക്സലൈറ്റ് ബാവ എന്ന കോഴിക്കോട്ടുകാരൻ അമീറലിയുടെ വിട്ടുവീഴ്ചയില്ലാത്ത സമരജീവിതകഥ പറയുന്നുണ്ട് ഇതിൽ. “എനിക്കെന്നെ വിൽക്കാൻ വയ്യ..കാലഘട്ടം എത്രയൊക്കെ മാറിയാലും അസത്യത്തിനും അവസരവാദത്തിനും എത്രയൊക്കെ പാഠഭേദം വന്നാലും, എന്റെ മൂല്യബോധം കൈവിടാൻ തയ്യാറല്ല” എന്ന് ഉറക്കെപ്പറയുന്ന അമീറലി! 
സിദ്ധണ്ണൻ, അലവ്യാക്കാ, വേലായുധൻ ഡോക്ടർ, മൗലാനാ എന്ന അബ്ദുൾ ഹമീദ്, രാധാ ടീച്ചർ, അനിയേട്ടൻ അങ്ങനെ ഒരു പാട് വേറിട്ട മനുഷ്യരെ പരിചയപ്പെടുത്തുന്നുണ്ട് അങ്ങോളമിങ്ങോളം!

അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്ത ഒരുകൂട്ടം കഥാപാത്രങ്ങളെ, അതിമനോഹരവും ലളിതവുമായ ഭാഷയിൽ നിങ്ങളുടെ കൈകളിലേക്ക് ഇട്ട്  തരുന്നു സുരേന്ദ്രൻ!





No comments: