Thursday, September 06, 2007

ഇതിഹാസപുരാണങ്ങളിലെ ചില കാണാപ്പുറങ്ങള്‍


ഇതിഹാസപുരാണങ്ങളിലെ ചില കാണാപ്പുറങ്ങള്‍ - Prof.സി ജി നായര്‍ മട്ടന്നൂര്‍

മാതൃഭൂമി പത്രത്തിലെ ‘പത്രാധിപര്‍ക്കുള്ള കത്തുകള്‍’ക്ക് മുകളിലായി സ്ഥിരമായി വരാറുണ്ടായിരുന്ന പുരണകഥകളെ കുറിച്ചുള്ള കോളത്തിന്റെ കര്‍ത്താവ് എന്ന നിലയിലാണ്‍ “പ്രൊഫസര്‍ സി ജി നായര്‍ മട്ടന്നൂരി‘നെ എനിക്ക് പരിചയം. മുന്‍പ് കേട്ട കഥകളാണെങ്കില്‍ കൂടി അതിന്‍ ഒരു പുതിയ അനുഭവമണ്ഡലം പ്രദാനം ചെയ്യുന്നതില്‍ ആ കോളം എന്നും വിജയിച്ചിരുന്നു. തിരുവനന്തപുരത്തെ കറന്റ് ബുക്സില്‍ ഒരിക്കല്‍ നടത്തിയ തിരച്ചിലിനിടയിലാണ്‍ അദ്ദേഹത്തിന്റെ ഈ പുസ്തകം ആകസ്മികമായി കൈയില്‍ കിട്ടിയത്.
രാമായണ-മഹാഭാരത-ഭാഗവത സംബന്ധികളായ 22 ലേഖനങ്ങളുടെ (പഠനങ്ങള്‍ എന്നു പറയുന്നതാവും കൂടുതല്‍ ശരി) സമാഹാരമാണ്‍ ഈ പുസ്തകം. ഇവ എല്ലാം തന്നെപല പ്രസിദ്ധീകരണങ്ങളിലായി മുന്നേ പ്രസിദ്ധീകരിച്ചവയുമാണ്‍. ഈ പുസ്തകത്തിന്റെ പ്രത്യേകത ആദ്യമേ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതിഹാസ പുരാണങ്ങളില്‍ നമ്മള്‍ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ കഥകളില്‍ നമ്മള്‍ ശ്രദ്ധിച്ചിട്ടില്ലാത്ത ചില പരോക്ഷ തലങ്ങളെ തെളിവ് സഹിതം വായനക്കാരന്റെ മുന്നില്‍ അവതരിപ്പിക്കുകയാണ്‍ ഇത് ചെയ്യുന്നത്. ഉദാ: സീതയുടെ അതീവമായ ആത്മഹത്യാ പ്രവണത. സീതയുടെ അഗ്നിപ്രവേശമല്ല ഇവിടെ ഉദാഹരണമായി കാട്ടുന്നത് എന്നും പറയട്ടെ. വേറെ ഒരുപാട് സന്ദര്‍ഭങ്ങളില്‍ സീതയുടേത് തന്നെ സംഭാഷണങ്ങളും പ്രവൃത്തികളുമാണ്‍ ഇവിടെ ആധാരം!

ചുരുക്കത്തില്‍ ഒരു തിരിച്ചറിവിന്റെ വായനയാണ്‍ ഈ പുസ്തകം നമുക്ക് നല്‍കുന്നത്.
വാത്മീകി രാമായണത്തില്‍ ശ്രീരാമനെ ഒരു അവതാരപുരുഷനുപകരം വെറും സധാരണ മനുഷ്യനായിട്ടാണ്‍ ചിത്രീകരിച്ചിരിക്കുന്നത് എന്ന വിവാദത്തിനുള്ള മറുപടിയാണ്‍ ‘അദ്ധ്യാത്മികദര്‍ശന വാത്മീകിരാമായണത്തില്‍‘ എന്ന ഒന്നാമധ്യായം.
ചില രാമായണപ്രശ്നങ്ങള്‍ എന്ന രണ്ടാമദ്ധ്യായം വളരെ രസകരമാണ്‍. എന്തുകൊണ്ടാണ്‍ കര്‍ക്കടകമാസത്തില്‍ രാമായണം വായിക്കുന്നത്? അതും കേരളത്തില്‍ മാത്രം?! എന്തുകൊണ്ടാണ്‍ രാമന്‍ 14 വര്‍ഷത്തെ വനവാസം തന്നെ വേണമെന്ന് കൈകേയി നിരബന്ധം പിടിച്ചത്? എല്ലാമുപേക്ഷിച്ച് കാട്ടിലേക്ക് പോയ രാമന്‍ എങ്ങിനെയാണ്‍ ദിവ്യമായ ഹേമഭൂഷിത പാദുകങ്ങള്‍ ഭരതന്‍ കൊടുക്കുന്നത്? ഈ വക ചോദ്യങ്ങളുടെ ഉത്തരങ്ങളും അപഗ്രഥനവുമാണ്‍ രണ്ടാം അധ്യായം.
ഇതുപോലെ 22 അദ്ധ്യായങ്ങളുണ്ട് ഇതില്‍ (ഞാന്‍ കൂടുതല്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് വായിക്കാന്‍ ഉള്ള മൂഡും കൂടി പോവും എന്ന് എനിക്ക് നന്നായറിയാം!)
കുംഭകര്‍ണ്ണന്‍, ഹനുമാന്‍, സീത, ഭാഗവത്തിലെ രാമന്‍,രന്തിദേവന്‍, അഹല്യ, ശല്യര്‍ തുടങ്ങി ഒരുപാട് കഥാപാത്രങ്ങളെ ഒരു പുതിയ വീക്ഷണകോണില്‍ കൂടി കാണാന്‍ ഈ പുസ്തകം നമ്മെ പഠിപ്പിക്കും.
കറന്റ് ബുക്സാണ്‍ ഈ പുസ്തകത്തിന്റെ പ്രസാധകര്‍. വില 55ക. 140 പേജ്

8 comments:

Satheesh said...

പുരാണങ്ങളിലെ ചില ഏടുകള്‍ ഒരു പുനര്‍വായനക്കായി! നല്ല ഒരു പുസ്തകം!

മൂര്‍ത്തി said...

ഇനി ആ വഴിപോകുമ്പോള്‍ നോക്കാം..നന്ദി..

R. said...

അദ്ദേഹത്തിന്റെ ഒരയല്‍ക്കാരന്‍.
:-)

സു | Su said...

വാങ്ങാന്‍ തീരുമാനിച്ചു. :)

SUNISH THOMAS said...

വായിച്ചു. പുസ്തകവും വായിക്കാന്‍ ശ്രമിക്കാം.

അപ്പു ആദ്യാക്ഷരി said...

നന്ദി.... വിവരങ്ങള്‍ക്ക്.

Murali K Menon said...

കറന്റ് ബുക്സ് ഇരിങ്ങാലക്കുടയുടെ കഴിഞ്ഞ പുസ്തക ചന്തയില്‍ നിന്നും ഞാന്‍ വാങ്ങിയ പുസ്തകങ്ങളില്‍ ഇതും പെടുന്നു. സതീഷ് പറഞ്ഞതിനോട് യോജിക്കുകയും, ഇത് വേറിട്ട ഒരു പുസ്തകമാണെന്നും വ്യത്യസ്ഥമായ അറിവ് പ്രദാനം ചെയ്യുന്നുണ്ടെന്നും അറിയിക്കുന്നതില്‍ സന്തോഷമേയുള്ളു.

Santhosh said...

സതീഷ്, വാല്മീകി എന്നാണ് എഴുതേണ്ടത്. വാല്‍മീകി എന്നതും വാത്മീകി എന്നതും തെറ്റാണ്.