Sunday, February 14, 2016

സംസ്മൃതി- പ്രശസ്ത ന്യൂറോളജി വിദഗ്ദന്റെ ലേഖനങ്ങൾ - ഡോ കെ രാജശേഖരൻ നായർ


തന്റെ ആത്മകഥക്ക് പേരിടുമ്പോൾ Prof S ഗുപ്തൻ നായർ സാറിന് , ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ എന്നൊരു തമാശ പറഞ്ഞുകേട്ടിരുന്നു. മദ്യപാനികളും സ്ഥലകാലബോധമില്ലാത്തവന്മാരും എന്റെ പുസ്തകത്തെ പറ്റി ഒരക്ഷരം മിണ്ടാൻ ഇടവരുത്തരുത്. അങ്ങിനെ ശ്രദ്ധിച്ച് ഇട്ട പേരാണ് - മനസാസ്മരാമി!! ശൂരനാട്ട് കുഞ്ഞൻപിള്ളയുടെ മകന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നോ എന്നറിയില്ല. എന്തായാലും ഡോ കെ രാജശേഖരൻ നായർ തന്റെ ഓർമ്മക്കുറിപ്പുകൾക്കിട്ട പേര് അഞ്ചാറു തവണ പറയേണ്ടി വന്നു തെറ്റില്ലാതെ പറയാൻ. സംസ്മൃതി. 
പ്രശസ്...തരായ കുറെയേറെ ന്യൂറോളജി വിദഗ്ദന്മാരെ സൃഷ്ടിച്ചെടുത്ത നാടാണ് കേരളം. അതിലൊന്നാണ് ഡോ കെ രാജശേഖരൻ നായർ. അദ്ദേഹത്തിന്റെതായി മലയാളത്തിൽ മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ഒരു തുടർച്ചയാണ് സംസ്മൃതി. രോഗങ്ങളും സർഗ്ഗാത്മകതയും, മനസ്സിന്റെ ബന്ധങ്ങളും ശൈഥില്യങ്ങളും, ഓർക്കാനുണ്ട് കുറേ ഓർമ്മകൾ എന്നിവയുടെ അതേ കെട്ടും മട്ടും! (ഇവയെല്ലാം വായിച്ചത് കൊണ്ട്, ഇപ്പം ഏത് സംഭവം ഏത് കൃതിയിലാണെന്നു പറയാൻ പറ്റാത്ത സ്ഥിതിയിലായി!).


അത് വരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു പറ്റം ലേഖനങ്ങളുടെ സമാഹാരം ഡിസി ബുക്സ് 2012 ൽ പ്രസിദ്ധീകരിച്ചു. സംസ്മൃതി- പ്രശസ്ത ന്യൂറോളജി വിദഗ്ദന്റെ ലേഖനങ്ങൾ, എന്ന പേരിൽ.
(രൂ: 120. ഡി സി ബുക്സ്, . 176 പേജ്, 17 അദ്ധ്യായങ്ങൾ)
കേരളത്തിലെ ചില ഭിഷഗ്വര ജീനിയസുകളെ പരിചയപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ. അധികമാരും അറിയപ്പെടാതെ പോയവർ, അല്ലെങ്കിൽ പ്രശസ്തരുടെ അറിയപ്പെടാത്ത ജീവിതാനുഭവങ്ങൾ എന്നിവ ഇതിൽ വായിക്കാം. ഡോ. എം ജി സഹദേവൻ, ഡോ ജെ കെ വാര്യർ, ഡോ അനന്താചാരി, ഡോ ആർ കേശവൻ നായർ എന്നിവരെ പറ്റി ആദ്യമായിട്ടും, പ്രൊഫ കൃഷ്ണൻ നായർ, ഡോ ഭാസ്കരൻ നായർ തുടങ്ങിയവരെക്കുറിച്ച് പുതിയ വിവരങ്ങളും വായിച്ചറിയാൻ പറ്റി.

ഡോ കെ രാജശേഖരൻ നായരുടെ എഴുത്ത് നാടൻ ബേക്കറിയിൽ നിന്ന് കിട്ടുന്ന എരുവുള്ള മിക്സ്ചർ പോലെയാണ്. പല പല സാധനങ്ങളും ശരിക്കുള്ള അനുപാതത്തിൽ ചേർത്തിട്ടുണ്ടാവും അതിൽ. രോഗങ്ങളും അവയുടെ ചരിത്രവും, കല, സാഹിത്യം, നരവംശശാസ്ത്രം, ഭാഷാശാസ്ത്രം, ഫിലോസഫി എന്നിങ്ങനെ എല്ലാം ചേർന്ന ഒരു മിക്സ്ചർ! ഒരു നോവൽ വായിക്കുന്നത് പോലെ വായിച്ച് പോകാം!
വൈദ്യം, ജീവശാസ്ത്രം തുടങ്ങിയവയിൽ താത്പര്യമുള്ളവർക്ക് - Highly recommended!




3 comments:

Unknown said...

നന്ദി നല്ല വാക്കുകള്‍ക്ക്. ഇന്നാണ് അപ്രതീക്ഷിതമായി ഇത് കണ്ടത്. ഇഷ്ടപ്പെട്ടതില്‍ സന്തോഷം.ആശംസകളോടെ- ഡോ. കെ. രാജശേഖര൯ നായ൪ 20.4.2016

Satheesh said...

Thank you sir!

Unknown said...

ഡോ.കെ രാജശേഖരന്റ പല കൃതികളും ഞാൻ മുനിസിപ്പൽ ലൈബ്രറിയിൽ നിന്നും എടുത്ത് വായിച്ചിട്ടുണ്ട്.സമീപകാല കൃതികൾ ഉൾപ്പെടെ എല്ലാം സ്വന്തമാക്കണമെന്നുണ്ട്.ഡി സി ബുക്സിൽ എല്ലാം ലഭ്യമാണോ?