Sunday, May 07, 2017

നിരീശ്വരൻ - വി ജെ ജയിംസ്

വായനക്ക് വിരുന്നാവുന്ന ചില പുസ്തകങ്ങളുണ്ട്. അവ കൈയിലെത്തുന്നത് തികച്ചും അപ്രതീക്ഷിതമായിരിക്കും. ബാക്കിയെല്ലാം മാറ്റിവെച്ച് അവ നമ്മെ അതിലേക്ക് പിടിച്ചിരുത്തും.
നോവൽ വായന മനപൂർവം വളരെ കുറച്ചിരിക്കുന്ന നേരത്താണ് വി ജെ ജയിംസിന്റെ നിരീശ്വരൻ കൈയിൽ തടയുന്നത്. വാങ്ങണോ വേണ്ടയോ എന്ന് കുറച്ച് നേരം സംശയിച്ചു. പുറപ്പാടിന്റെ പുസ്തകം മുതൽ വിജെ ജയിംസ് എഴുതിയ ഒട്ടുമിക്ക എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട് എന്നതുകൊണ്ട് തന്നെ വായനക്ക് ഒരു മിനിമം ഗാരണ്ടിയുണ്ടാവും എന്നറിയാം. കൂടുതൽ ആലോചിക്കാൻ നിൽക്കാതെ നിരീശ്വരനെ കൂടെ കൂട്ടി.

ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങൾ പാടാം
എങ്ങും നിറഞ്ഞ് എങ്ങും വിളങ്ങുന്ന നിരീശ്വരൻ
മണ്ണിൽ ഉല്പത്തിയായ കഥകൾ പറയാം..
ഓം നിരീശ്വരായ നമഃ

ദൈവങ്ങളും മിത്തുകളും എങ്ങനെ ഉണ്ടായിത്തീരുന്നു എന്നതാണ് ചുരുക്കത്തിൽ ഈ നോവലിന്റെ പ്രതിപാദ്യം. ഈ ലോകത്തിന്റെ ഉത്പത്തിക്ക് തന്നെ കാരണവും, തന്നെ എപ്പോഴും നേർവഴി നടത്തുന്നവനും എന്ന് മനുഷ്യൻ കരുതിപ്പോരുന്ന ദൈവമെന്ന സങ്കല്പത്തിനു ചുറ്റും ഇന്ന് നിറഞ്ഞാടുന്ന പൊള്ളത്തരങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ് ഈ കൃതി.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പെട്ട് ഒരു നാട് വഴിതെറ്റുന്നതിൽ മനം മടുത്ത് മൂന്ന് ചെറുപ്പക്കാർ- ആന്റണി, ഭാസ്കരൻ, സഹീർ - ഈശ്വരനിഷേധത്തിന്റെ വഴി തേടുകയാണ്. നാടിലെ പ്രധാന തെരുവായ ദേവത്തെരുവിനെ ആഭാസത്തെരു എന്ന് പുനർനാമകരണം ചെയ്തായിരുന്നു തുടക്കം. ചില്ലറ അദ്ധ്വാനിക്കേണ്ടി വന്നെങ്കിലും നാട്ടിലങ്ങോളമിങ്ങോളം പുതിയ പേര് പ്രചാരത്തിലാക്കാൻ അവർക്ക് പറ്റി. നാളുകൾ കഴിയെ തങ്ങളുടെ പ്രവൃത്തി, നാട്ടിൽ മറ്റൊരു വ്യത്യാസവും വരുത്തിയില്ല എന്ന തിരിച്ചറിവിൽ കുറച്ച് കൂടി കടുത്ത ഒരു നടപടിയിലേക്ക് അവർ നീങ്ങുകയാണ്. സ്വന്തമായി കൊത്തിയുണ്ടാക്കിയ ഒരു പ്രതിമയെ ദൈവത്തിനു ബദലായി സൃഷ്ടിച്ച് “നിരീശ്വരൻ” എന്ന പേരിൽ തെരുവിന്റെ മൂലയിൽ പ്രതിഷ്ഠിക്കുന്നു. അതും ഏറ്റവും അശുഭമായ മുഹൂർത്തത്തിൽ. ഇവിടെ പ്രാർഥിക്കുന്നവർക്ക് ഫലം സുനിശ്ചിതം എന്ന് ഈ മൂവർസംഘം തന്നെ എല്ലാരെയും അറിയിക്കുന്നു. ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, പ്രാർത്ഥിച്ചവർക്കൊക്കെ ഫലം കിട്ടുന്നു. വഴിപാടുകളും ചടങ്ങുകളും വരുന്നു.. നിരീശ്വരൻ, ഈശ്വരനേക്കാൾ വളരുന്നു. ദൈവത്തിനും ദൈവത്തിന്റെ പേരിൽ നടക്കുന്ന കെട്ടു കാഴ്ചക്കും എതിരായി മൂവർസംഘം സൃഷ്ടിച്ച നിരീശ്വരൻ നാളുകൾ കഴിയെ നാട്ടിലെ പ്രധാന ദൈവമാകുന്ന കാഴ്ച നോക്കിയിരിക്കാനെ അവർക്ക് പറ്റുന്നുള്ളു. (കഥകൾ ഒരുപാടുണ്ട്.. സ്പോയിലർ ആവുന്നതുകൊണ്ട് ഒന്നും പറയാതെ വിടുന്നു).
വായിക്കുക..
വളരെയേറെ പുതുമകൾ ഉള്ള, കാലിക പ്രാധാന്യമുള്ള ഒരു വിഷയം ആയതിനാൽ വായന ഒരു നഷ്ടമാവില്ല. ശക്തമായ കഥാ, അതിഗംഭീരമായ ഭാഷാപ്രയോഗങ്ങൾ എന്നിവകൂടി എടുത്ത് പറയേണ്ട പ്രത്യേകതകളാണ്. അതേസമയം ഈ കൃതി ഈശ്വരവിശ്വാസത്തെയോ നാസ്തികചിന്തയെയോ താരതമ്യം ചെയ്യാൻ ശ്രമിക്കുന്ന ഒന്നല്ല.
ശക്തമായ കഥാതന്തു ഉണ്ടെങ്കിലും എനിക്ക് തോന്നിയ ചില പോരായ്മകൾ പറയാതിരിക്കാൻ തോന്നുന്നില്ല
(1) കഥാപാത്രങ്ങൾക്ക് പേരിടുന്നതിൽ നോവലിസ്റ്റ് ഒരു മതേതരനാടകം നടത്തുന്നുണ്ടോ എന്ന് സംശയം.ഒരാൾ ഹിന്ദുവാണെങ്കിൽ മറ്റൊരാൾ കൃസ്ത്യാനിയും അടുത്തയാൾ മുസ്ലീമും ആവണം എന്ന് എന്തിനാണാവോ നിർബന്ധം?
(2) കപടശാസ്ത്രത്തിന്റെ മേമ്പൊടികൾ കഥാപാത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നുണ്ട് നോവലിസ്റ്റ്. ഒഴിവാക്കാമായിരുന്നു!
(3) അവസാനഭാഗം വളരെ ധൃതിയിൽ എഴുതിത്തീർത്തപോലെ തോന്നി.


നിരീശ്വരൻ (നോവൽ)
എഴുതിയത്: വി ജെ ജയിംസ്
വിതരണം: ഡി സി ബുക്സ്
വില: 250 രൂപ

No comments: