Saturday, March 31, 2018

വിശുദ്ധപാപങ്ങളുടെ ഇന്ത്യ - അരുൺ എഴുത്തച്ഛൻ

'...റിക്ഷ ചവിട്ടിയ അയാൾ പെട്ടെന്ന് അടുത്ത ചോദ്യമെറിഞ്ഞു: “നിങ്ങൾക്ക് ഇത്തരം സ്ത്രീകളെ കിട്ടണമെന്ന് അത്ര നിർബന്ധമാണോ സാബ്?"
ഞാൻ ആവേശത്തോടെ പറഞ്ഞു:
"അതെ, കിട്ടിയാൽ നന്നായിരുന്നു."
"എങ്കിൽ നിങ്ങൾ എന്റെ വീട്ടിലേക്ക് വരൂ. എന്റെ ഭാര്യയെ നിങ്ങൾക്ക് ഉപയോഗിക്കാം. 200 രൂപ തന്നാൽ മതി."

-വിശുദ്ധ പാപങ്ങളുടെ ഇന്ത്യ (അരുൺ എഴുത്തച്ഛൻ)- ഡി സി ബുക്സ്.

മംഗലാപുരത്തെ ഡാൻസ് ബാറുകൾ നിരോധിച്ചു എന്ന വാർത്ത സ്വാഭാവികമായും ദിനപത്രത്തിന്റെ ഒറ്റക്കോളത്തിൽ മാത്രം വായിച്ചുപോകുന്ന ഒന്നാണ്. പക്ഷെ ന്യൂസ് ഡെസ്കിലിരിക്കുന്ന ഒരാൾക്ക് ആ വാർത്ത അങ്ങനെ നിസ്സാരമായി കണ്ട് വിട്ടുകളയാൻ തോന്നിയില്ല. ഇത്രയും ഡാൻസ് ക്ലബുകൾ ഒന്നിച്ച് നിരോധിക്കപ്പെടുമ്പോൾ അവിടെ ജോലി ചെയ്തിരുന്ന സ്ത്രീകളുടെ ജീവിതത്തിന്  എന്ത് സംഭവിക്കുന്നു എന്നറിയേണ്ടതാണെന്ന് അരുൺ എഴുത്തച്ഛൻ എന്ന പത്രപ്രവർത്തകനു തോന്നി. കൂടുതൽ അറിയുവാനായി മംഗലാപുരത്തേക്ക് വണ്ടികയറിയ അദ്ദേഹത്തിന്റെ യാത്ര  സംഭവബഹുലമായ ഒരു അൻവേഷണത്തിന്റെ തുടക്കം മാത്രമായിരുന്നു. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ, നിരന്തരമായി ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളുടെ ജീവിതകഥകൾ വരച്ചുകാട്ടുകയാണ് - വിശുദ്ധപാപങ്ങളുടെ ഇന്ത്യ - എന്ന  ഈ പുസ്തകത്തിൽ.
 
കർണ്ണാടകയിലെ ഉച്ചംഗിമലയിലെ ദേവീക്ഷേത്രത്തിൽ വെച്ച് ദേവദാസിയാക്കപ്പെടുന്ന ദരിദ്ര പെൺകുട്ടികളിലൂടെ കടന്ന്, മംഗലാപുരത്തെ ഡാൻസ്ബാറുകൾ, മുംബൈയിലെ ചുവന്ന തെരുവ്, കൽക്കത്തയിലെ സോനാഗച്ചി എന്നിവിടങ്ങളിൽ എത്തിപ്പെടുന്ന സ്ത്രീജന്മങ്ങളുടെ ഗതികേടുകളുടെ  ഒരു നേർക്കാഴ്ച വായനക്കാരന് നൽകുന്നുണ്ട്‌ ഈ പുസ്തകം. കൂടെ പുനരധിവാസമെന്ന പേരിൽ നടക്കുന്ന കാട്ടിക്കൂട്ടലുകളുടെ പിന്നാമ്പുറക്കഥകളും. 
ദേവദാസീ സമ്പ്രദായത്തിന്റെ പേരിൽ നടയിരുത്തപ്പെടുന്ന പെൺകുട്ടികൾ, അവരുടെ യുവത്വം നശിക്കുമ്പോൾ എത്തിപ്പെടുന്നത് മഹാനഗരങ്ങളിലെ പുറമ്പോക്കുകളിലാണ്. സമാനമായ സ്ഥിതിയാണ് വിധവകളായ സ്ത്രീകൾക്ക് ഉത്തർപ്രദേശിലെ വൃന്ദാവനിലും നേരിടേണ്ടിവരുന്നത്. മുഖങ്ങൾ മാത്രം മാറുന്നു, കഥകൾക്കെല്ലാം ഒരേ നിറങ്ങൾ! ഉജ്ജയിനിലെ ഒരു വേശ്യാത്തെരുവ് അടക്കി വാണിരുന്ന സുനിതയും, പുരി ജഗന്നാഥക്ഷേത്രത്തിലെ അവസാനത്തെ ദേവദാസി നർത്തകിയായ സിരിമണിയും, ആന്ധ്രയിലെ കലാവന്തലുകളും എല്ലാം ഒരേ അച്ചിൽ വാർത്ത കഥകൾ! 
ആറ് വർഷത്തോളം ഇന്ത്യയൊട്ടാകെ യാത്ര ചെയ്ത് എഴുതിയതാണെങ്കിലും, ഒരിടത്ത് പോലും ഇതൊരു യാത്രാവിവരണമാണെന്ന് തോന്നില്ല. നിറം പിടിപ്പിച്ച കഥകളോ വിവരണങ്ങളോ ഇല്ല. ഒരു ചരിത്രകാരന്റെ അവധാനതയോടെ വസ്തുതകളും  കണക്കുകളും വായനക്കാരന്റെ മുന്നിലേക്ക്‌ വെക്കുകയാണ്‌ ഗ്രന്ഥകാരൻ ചെയ്യുന്നത്‌. 

വിശപ്പ് - അതുമാത്രമാണ് പരമമായ സത്യം. സോനാഗച്ചിയിലെ തന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പോലും അനുമതി ഇല്ലാത്ത പൂർണ്ണിമ പറയുന്നുണ്ട് - “വിശപ്പറിഞ്ഞവൾക്ക് അത് മാറ്റാനുള്ള വഴികൾ തന്നെയാണ് മുഖ്യം. പുറംലോകം കാണാൻ പറ്റില്ല എന്നതൊക്കെ കൃത്യമായി ഭക്ഷണം കഴിച്ചു ജീവിക്കുന്നവരുടെ മാത്രം പ്രശ്നമാണ്.

സനാതനധർമ്മത്തിന്റെ പേരിൽ അഹങ്കരിക്കുന്ന ഇന്ത്യയിലെ ഓരോരുത്തനും വായിച്ചറിയേണ്ടുന്ന ഒരു പുസ്തകം!


പി എസ്: ഗ്രന്ഥകാരന്റെ ഫീച്ചറിനെ അടിസ്ഥാനമാക്കി കോടതി പിന്നീട് ദേവദാസി സമ്പ്രദായം നിരോധിച്ചു.  

No comments: