Friday, January 20, 2017

ഓർക്കാനുണ്ട് കുറെ ഓർമ്മകൾ - ഡോ കെ രാജശേഖരൻ നായർ

 ക്ലൈവ് വിയറിംഗ് (Clive Wearing) പ്രശസ്തനായ ഒരു ബ്രിട്ടീഷ് സംഗീതജ്ഞനാണ്. 1938 ജനിച്ച ഇദ്ദേഹം ബിബിസി റേഡിയോക്ക് വേണ്ടി കുറേകാലം ജോലി ചെയ്തു.  ഡയാന രാജകുമാരിയുടെ വിവാഹച്ചടങ്ങിന്റെ മ്യൂസികൽ പ്രോഗ്രാം ചെയ്തത് ഇദ്ദേഹമായിരുന്നു. പക്ഷെ ഇന്ന് ഇദ്ദേഹം ഓർമ്മിക്കപ്പെടുന്നത് ഈ കാരണങ്ങൾ കൊണ്ടൊന്നുമല്ല. 1985 ഇദ്ദേഹത്തിനു ഒരു പനി വന്നു, സാധാരണ പനി അല്ലായിരുന്നു അത്. ഹെർപിസ് സിംപ്ലെക്സ് വൈറസ് ഉണ്ടാക്കുന്ന എൻസെഫലൈറ്റിസ് ആയിരുന്നു പനിക്ക് കാരണം. അത് തലച്ചോറിനെ ബാധിക്കുകയും, തലച്ചോറിലെ ഹിപ്പോകാംപസ് എന്ന ഭാഗത്തിന് കാര്യമായ തകരാറ് സംഭവിക്കുകയും ചെയ്തു. പനി മാറിയപ്പോൾ ആരോഗ്യം നന്നായെങ്കിലും ക്ലൈവിന്റെ സ്വഭാവം മൊത്തമായി മാറിയിരുന്നു.  പുതുതായി ഓർമ്മ ഉണ്ടാക്കാനുള്ള കഴിവ് അദ്ദേഹത്തിനു തീരെ ഇല്ലാതായി. ഒരു മിനിട്ട് മുൻപ് എന്താ സംഭവിച്ചത് എന്ന് അദ്ദേഹത്തിനു ഓർമ്മയുണ്ടാവില്ല . പുസ്തകം വായിക്കാനോ, സിനിമ കാണാനോ പറ്റില്ല- കാരണം കുറച്ച് മുൻപ് വായിച്ചതും കണ്ടതും ഒന്നും തന്നെ ഓർമ്മയിലില്ല. അതേ സമയം പഴയ ഓർമ്മകൾ അതേ പോലെയുണ്ട്. സംഗീതത്തിലുള്ള കഴിവുകളൊന്നും നശിച്ചിട്ടില്ല.  ഭാര്യയെയും ബന്ധുക്കളെയും ഒക്കെ അറിയാം. പക്ഷെ ഭാര്യ 2 മിനിട്ടു നേരത്തെക്ക് മാറിയിരുന്ന് വീണ്ടും മുറിയിലേക്ക് വന്നാൽ, എത്രയോ കാലങ്ങളായി കാണുന്നവരെപോലെയുള്ള സ്നേഹപ്രകടനങ്ങൾഏതു നിമിഷവും വർത്തമാനകാലത്തിൽ മാത്രം ജീവിക്കുന്ന, ഓരോ 10 സെക്കന്റിലും റീസെറ്റ് ചെയ്യപ്പെടുന്ന ഓർമ്മയുടെ ഉടമയായി മാറി ക്ലൈവ്. 
ക്ലൈവ് വിയറിംഗിന്റെ കഥ ഞാൻ വായിക്കുന്നത്  കുറേ വർഷങ്ങൾക്കു മുൻപ് ഒരു used book sale നു കിട്ടിയ “Your Memory- A users guide ( by Alan Baddeley)” എന്ന പുസ്തകത്തിലാണ്. ഓർമ്മ എന്ത്, എങ്ങനെ, എന്തുകൊണ്ട് എന്ന വിശദമായ ഒരു ഗ്രന്ഥം. ഓർമ്മയെപറ്റി ഒരുപാടൊരുപാട്  സിനിമാപ്പാട്ടുകൾ നാം പാടി നടന്നിട്ടുണ്ട് എന്നല്ലാതെ ഇതു പോലെ ഒരു പുസ്തകം മലയാളത്തിൽ ഇല്ലല്ലോ എന്ന് ഞാൻ അന്ന് ആലോചിച്ചതാണ്.
ഇത്തവണ മാതൃഭൂമി ബുക്സിൽ തപ്പിയപ്പോഴാണ് “ഓർക്കാനുണ്ട് കുറേ ഓർമ്മകൾ” എന്ന പുസ്തകം കൈയിൽ തടയുന്നത്. (ഡോ കെ രാജശേഖരൻ നായരുടെ മലയാളത്തിൽ എഴുതിയ എല്ലാ പുസ്തകങ്ങളും എന്റെ കൈയിൽ ഉണ്ട് എന്നായിരുന്നു എന്റെ ധാരണ. അത് തെറ്റാണെന്ന് മനസ്സിലായി!). ക്ലൈവ് വിയറിംഗിന്റെ കഥ പോലെ നൂറുകണക്കിനു കഥകളിലൂടെ ഡോക്ടർ രാജശേഖരൻ നായർ നമുക്ക് ഓർമ്മയെപറ്റിയും തലച്ചോറിന്റെ പല ഭാഗങ്ങളുടെ പ്രവർത്തനങ്ങളെയും പറ്റി പറഞ്ഞ് തരുന്നു.
മുൻപ് സമകാലിക മലയാളം വാരികയിൽ പലപ്പോഴായി അച്ചടിച്ച് വന്ന 13 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഡോക്ടർ രാജശേഖരൻ നായരുടെ എഴുത്തിന്റെ പ്രത്യേകതയെ പറ്റി മുൻപൊരു പുസ്തക റിവ്യൂവിൽ ഞാൻ എഴുതിയിരുന്നു. നല്ല നാടൻ ബേക്കറിയിലെ, എരുവും ഉപ്പും പൊട്ടുകടലയും, ഒക്കെയുള്ള മിക്സ്ചർ ആണ് ഇദ്ദേഹത്തിന്റെ എഴുത്ത്. ഒരു കഥയിൽ തുടങ്ങും ഓരോ ലേഖനവും.. അത് പിന്നീട് ഉപകഥകളായി, കവിതയായി- കാൾ സാൻഡ്ബർഗും, ഉള്ളൂരും, വള്ളത്തോളും ഒക്കെയായി അങ്ങനെ നീളും. ഇതിന്റെ ഇടയിൽ ന്യൂറോളജിയിലെ കുറെ ശാസ്ത്ര സത്യങ്ങളും വായനക്കാരൻ പഠിക്കും! വളരെ ലളിതമായ വിവരണമായതുകൊണ്ട് വിഷയത്തിൽ വല്യ ധാരണയില്ലാത്തവർക്കുപോലും മനസ്സിലാക്കാൻ എളുപ്പം. ഒട്ടുമിക്ക കഥകളും നമ്മുടെ ജിജ്ഞാസയെ അതിന്റെ അങ്ങേയറ്റത്തെത്തിക്കുന്ന തരം സംഗതികളാണുതാനും. ആൽബർട്ട് ഐൻസ്റ്റീന്റെ തലച്ചോറ് 'മോഷ്ടിച്ചു' കൊണ്ടു പോയ ഡോക്ടർ, നാലാം വയസ്സുമുതൽ നടന്ന എല്ലാ സംഭവങ്ങളും കൃത്യമായി ഓർമ്മിക്കുന്ന ജിൽ പ്രൈസ്, മറവിരോഗങ്ങളുടെ പല വകഭേദങ്ങൾ ബാധിച്ചവരുടെ കഥകൾ, പലപല ഭാഷകളിൽ ആയിരക്കണക്കിനു പാട്ടുകൾ ഭംഗിയായി പാടാൻ കഴിവുള്ളവരുടെ കഥകൾ - അങ്ങനെയങ്ങനെ ഒരു പാട് കഥകളും അതിനു പിന്നിലെ കാര്യങ്ങളും. (പക്ഷെ എന്നെ ചുറ്റിക്കുന്ന ഒരു പരിപാടിയുണ്ട് ഡോക്ടറുടെ എഴുത്തിൽ- ഒരു പാട് റെഫറൻസുകളും പുറമെ വായിക്കേണ്ട പുസ്തകങ്ങളുടെ പേരും നൽകും. പിന്നെ അതിന്റെ പുറകെ പോകുക എന്നത് എന്റെ ഒരു ശീലമായതുകൊണ്ട്, ന്യൂറോളജിയിൽ നിന്ന് വായനയെ പുറത്ത് കടത്താൻ കുറെ നാളുകളെടുക്കും).
എന്തായാലും ഗ്രന്ഥകർത്താവിന്റെ എന്നത്തെയും പോലെ മനോഹരമായ പുസ്തകം. ചില ലേഖനങ്ങൾ നിർത്തിയത്, "കൂടുതൽ പിന്നീട് എഴുതാം” എന്ന വാചകത്തോടെയാണ്. അതും പ്രതീക്ഷിച്ച് ഒരുപാട് വായനക്കാർ കാത്തിരിക്കുന്നുണ്ട് എന്ന് ഡോക്ടറെ ഒന്നോർമ്മപ്പെടുത്തുന്നു :)
പി എസ്: ഒരു ലേഖനത്തിൽ ‘പ്രൈം സംഖ്യകൾ കൊണ്ട് കളിക്കുന്നവർ’ എന്ന ഒരു ഭാഗമുണ്ട്. കൈനിറയെ മഞ്ചാടിക്കുരു വാരി മുകളിലേക്കെറിഞ്ഞ്, അത് താഴെ വീഴുന്നതിനു മുൻപ് കൃത്യമായി എണ്ണാൻ കഴിവുള്ള കേരളത്തിലെ ഒരു വാര്യരെ പറ്റി പറയുന്നിടത്ത്, ആളുടെ കൃത്യമായ പേര് അറിയില്ല എന്ന് ലേഖകൻ പറയുന്നു. കൈക്കുളങ്ങര രാമവാര്യർ ആണ് ആ പറഞ്ഞ ആൾ എന്ന് തോന്നുന്നു (രത്നശിഖയുടെ കർത്താവ്).

No comments: