Sunday, January 15, 2017

ബുക്‌സ്റ്റാൾജിയ - പി കെ രാജശേഖരൻ

കൈയിൽ കിട്ടുന്നതെന്തും വായിക്കുക എന്നതാണ് പണ്ടേ ഉള്ള ശീലം. ഒട്ടുമിക്ക വായനയെയും പറ്റി അഭിപ്രായം പറയാനും ശീലിച്ചിട്ടുണ്ട്. പക്ഷെ അഭിപ്രായങ്ങളിൽ ഒതുക്കാൻ പറ്റാത്ത ചില വായനകളുണ്ട്. പികെ രാജശേഖരന്റെ ബുക്‌സ്റ്റാൾജിയ എന്ന പുസ്തകം അങ്ങനെയൊന്നാണ്! പുസ്തകങ്ങളേക്കുറിച്ചുള്ള പുസ്തകമായ ഈ പുസ്തകത്തിന്റെ strapline തന്നെ “ഒരു പുസ്തക വായനക്കാരന്റെ ഗൃഹാതുരത്വങ്ങള്‍” എന്നാകുന്നു!
മലയാളപുസ്തകം തന്റെ ആത്മകഥ എഴുതിയാൽ എങ്ങനെയുണ്ടാവുമോ അതാണ് ഈ പുസ്തകം. മലയാളത്തിൽ പുസ്തകം പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മഹദ്‌വ്യക്തികളെ നാമെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചും. മലയാളവാക്കുകളുടെ അർത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാനവാക്കായി കരുതപ്പെടുന്ന ശബ്ദതാരാവലി മാത്രം എടുക്കാം. അത് രചിച്ചത് ശ്രീകണ്ഠേശ്വരം ജി പത്മനാഭപിള്ള യാണെന്ന് മലയാളി വല്ല പി എസ് സി പരീക്ഷക്കും വേണ്ടി പഠിച്ചാൽ ആയി. അതിനപ്പുറത്തേക്ക് ആരും ശ്രീകണ്ഠേശ്വരത്തിനെപറ്റി കേട്ടിട്ടുകൂടി ഉണ്ടാവില്ല. നല്ല ഒരു ജോലി കളഞ്ഞ് 20 വർഷക്കാലം ഇത്രേം ബൃഹത്തായ ഒരു മലയാള നിഘണ്ടു എന്ന ഐഡിയയുടെ പുറകെ ജീവിതം തുലക്കുക എന്നത് ചില്ലറക്കാര്യമല്ല. അതും അച്ചടി പോലും പ്രാരംഭദശയിലുള്ള ഒരു നാട്ടിൽ. ഒറ്റപ്രതിയായി അടിക്കാൻ നിവൃത്തിയില്ലാതെ അവസാനം 22 ലക്കമായിട്ടാണ് ശബ്ദതാരാവലി പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത്. 2200 ഓളം പേജുകളിൽ നിറയെ ആയിരക്കണക്കിനു വാക്കുകൾ നമ്മൾക്ക് നൽകിയ അദ്ദേഹത്തിന് പകരമായി നമ്മൾ ഒറ്റവാക്ക് മാത്രം നൽകി- നന്ദികേട്! ഈ ഗൂഗിൾ യുഗത്തിൽ ഓർമ്മ വെക്കാൻ ശീലിക്കുന്നത് അശാസ്ത്രീയമാണെന്ന് എല്ലാരും പറയുന്നു. മറന്നുകളയുന്നതും അതിന്റെ ഭാഗമായിത്തന്നെയായിരിക്കും!
അങ്ങനെയുള്ള ഒരു പറ്റം ആൾക്കാർ അവരെ പരിചയപ്പെടുത്തുന്നു ഈ പുസ്തകം. കാളഹസ്തി മുതലിയാർ, എസ് ടി റെഡ്ഡ്യാർ, ഈശ്വരപ്പിള്ള വിചാരിപ്പുകാർ,വിദ്വാൻ കെ പ്രകാശം അങ്ങനെ പലനിലക്ക് മലയാളപുസ്തക പ്രസാധനമേഘലക്ക് ചോരയും നീരും കൊടുത്ത ഒരു പാടുപേർ.
മഹദ്‌കാര്യങ്ങൾ മാത്രമല്ല. മലയാളഭാഷയിൽ വായനയെ ജനകീയമാക്കിയ ഒരുപാട് പുസ്തകങ്ങളെ ബുക്‌സ്റ്റാൾജിയ നമ്മൾക്ക് പരിചയപ്പെടുത്തുന്നു (ഓർമ്മപ്പെടുത്തുന്നു എന്നു പറയുന്നതാണ് ശരി). സിനിമാപ്പാട്ടു പുസ്തകം, തീപ്പെട്ടിപുസ്തകം മുതൽ ഡിറ്റക്ടീവ് നോവലുകൾ വരെ, ഒന്നും വിട്ടുപോകുന്നില്ല.
ഇതിൽ വായിച്ച ഒരു രസകരമായ കഥ നിങ്ങൾക്കായി ഷെയർ ചെയ്യുന്നു.
ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള തന്റെ ഒരു പാട് കാലത്തെ പ്രയത്നത്തിനു ശേഷം ശബ്ദതാരാവലിയുടെ ആദ്യലക്കം പ്രസിദ്ധീകരിക്കുന്നു. അ മുതൽ ഉ വരെയുള്ള വാക്കുകളാണ് ഇതിൽ ഉൾക്കൊള്ളിച്ചത്. ഇതിന്റെ ഒരു കോപ്പി ശ്രീകണ്ഠേശ്വരം ശ്രീ ചട്ടമ്പി സ്വാമികൾക്ക് സമർപ്പിക്കുന്നു. പുസ്തകം ഒന്ന് ഓടിച്ച് , തിരിച്ചും മറിച്ച് നോക്കിയശേഷം അത് തിരിച്ചുകൊടുത്തിട്ട് ചട്ടമ്പിസ്വാമികൾ പറഞ്ഞു - ‘ആർഭാടമില്ലാ കേട്ടോ പിള്ളേ”. തിരിച്ചു വരുന്ന വഴിമുഴുവൻ ശ്രീകണ്ഠേശ്വരം ആലോചിക്കുകയായിരുന്നു- കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല കെട്ടിലും മട്ടിലും പുറത്തിറക്കിയ താരാവലിക്ക് ആർഭാടമില്ല്ലാ എന്ന് പറയാൻ എന്താവും കാരണം. വീട്ടിലെത്തിൽ ഗ്രന്ഥം ഒന്നുകൂടി നോക്കിയ ശ്രീകണ്ഠേശ്വരം അത്ഭുതപ്പെട്ടു- അ മുതൽ ഉ വരെയുള്ള എല്ലാ വാക്കുകളും ചേർത്തു എന്ന് കരുതിയ നിഘണ്ടുവിൽ ആർഭാടം എന്ന വാക്ക് വിട്ടുപോയിരിക്കുന്നു!
ബുക്‌സ്റ്റാൾജിയ
പ്രസാധകർ: മാതൃഭൂമി ബുക്സ്
214 പേജ്
വില: 170 രൂപ

No comments: