Wednesday, January 25, 2017

നാട്ടുദൈവങ്ങൾ സംസാരിച്ചുതുടങ്ങുമ്പോൾ - രാജേഷ് കോമത്ത്

ജനിച്ചുവളർന്ന വീട്ടിന്റെ ഒരു പറമ്പ്  മാത്രം അപ്പുറത്തായിരുന്നു അമ്പു പണിക്കരുടെ വീട്. അക്കാലത്ത് നാട്ടിലെ ഒട്ടു മിക്ക തെയ്യങ്ങളുടെയും കോലാധാരി ആയിരുന്നു പണിക്കർ. വേടൻ, ഗുളികൻ, പൊട്ടൻ, ഒറ്റക്കോലം, പോതി അങ്ങനെ ഒരു പാട് തെയ്യങ്ങൾ കെട്ടിയിറങ്ങുന്നത് അടുത്ത് നിന്ന് കാണാൻ പറ്റിയിട്ടുണ്ട്. എല്ലാ ദിവസവും രാത്രിയാവുമ്പോൾ പണിക്കരുടെ വീട്ടിൽ നിന്ന് തോറ്റം പാട്ടിന്റെ ശബ്ദം ഉയരും. പണിക്കരുടെ മക്കൾ ഉച്ചത്തിൽ പാടിപ്പഠിക്കുകയാണ് തോറ്റങ്ങൾ. ഈ ശബ്ദത്തിനിടയിൽ, പൂമുഖത്തിരുന്ന് പുസ്തകം വായിക്കുന്ന ഞങ്ങളുടെ വായന, അമ്മ കേൾക്കുന്നുണ്ടാവില്ലേ എന്ന ആശങ്കയിൽ “ചൈത്രനും മൈത്രനും”, “കൃഷ്ണപുരം ബ്ലോക്കിൽ ഒന്നാം സമ്മാനം ഇത്തവണയും വേലപ്പനു തന്നെ” തുടങ്ങിയ നിലവിളികൾ  അനുനിമിഷം കൂടുന്ന ഒച്ചയോടെ നാടിനെ വിറപ്പിക്കും. ചെവിക്ക് സ്വൈരം കിട്ടാതാവുമ്പോൾ “വന്ന് ചോറുണ്ടിട്ട് പോയ്ക്കോ” ന്ന് അമ്മ പറയും. അതോടെ നാട് വീണ്ടും തോറ്റം പാട്ടിലേക്ക് മടങ്ങും.
കാലം ഒരുപാടൊരുപാട് മുന്നോട്ട് നീങ്ങിയപ്പോൾ അറിയുന്നു - ഓരോ തെയ്യത്തിന്റെയും പിന്നിലെ കഠിന പരിശ്രമങ്ങളും കഷ്ടപ്പാടുകളും എല്ലാറ്റിനുമുപരിയുള്ള കൂട്ടായ്മകളും.
ഉത്തരമലബാറിലെ ജനതക്ക് അവരുടേ സംസ്കൃതിയിൽ ലയിച്ചു ചേർന്ന ഒന്നാണ് തെയ്യം. പക്ഷെ അതിനെക്കുറിച്ച് കൂടുതൽ ആധികാരികമായി അറിയാൻ ശ്രമിച്ചാൽ മിക്കവാറും നിരാശയായിരിക്കും ഫലം. തെയ്യങ്ങളെ കുറിച്ച് പറയുന്ന അപൂർവം ചില പുസ്തകങ്ങളേ ഞാൻ ബുക്‌സ്റ്റാളുകളിൽ കണ്ടിട്ടുള്ളൂ (സിഎം എസ് ചന്തേര, കെ കെ എൻ കുറുപ്പ് തുടങ്ങിയവർ എഴുതിയത് മാത്രം).
  മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ അസിസ്റ്റന്റ് പ്രൊഫസറായ രാജേഷ് കോമത്ത് എഴുതിയ “നാട്ടുദൈവങ്ങൾ സംസാരിച്ചുതുടങ്ങുമ്പോൾ” എന്ന പുസ്തകം കണ്ണിൽ തടഞ്ഞത് അവിചാരിതമായിട്ടായിരുന്നു. തെയ്യത്തിനെകുറിച്ചുള്ള വായനയല്ല ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നത് . ഉത്തരകേരളത്തിലെ  മാറുന്ന രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതി, തെയ്യം കെട്ടുകാരുടെ ജീവിതത്തിനെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് വെളിവാക്കുന്ന ഒരു പഠനമാണ് ഈ കൃതി. ഒരു പ്രബന്ധം എന്ന നിലക്കാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. ഒരു തെയ്യംകെട്ട് കുടുമ്പത്തിൽ നിന്ന് വരുന്ന ലേഖകന്, സ്വന്തം അനുഭവങ്ങളും ഏറെ ഉണ്ട് വായനക്കാരുമായി പങ്കുവെക്കാൻ. 
പ്രധാനമായും ഈ പുസ്തകം മുന്നോട്ട് വെക്കുന്നത് ചില സാമൂഹിക പ്രശ്നങ്ങളാണ്.
കാവുകളിൽ നടന്നുപോന്നിരുന്ന ഒരു അനുഷ്ഠാന കല എന്നതിൽ നിന്ന് തെയ്യം ഒരുപാട് മാറിയിരിക്കുന്നു.  പണ്ടത്തെ കാവുകൾ മാറി കോൺക്രീറ്റ് അമ്പലങ്ങളായിരിക്കുന്നു. കാവുടമസ്ഥാവകാശം ചില കുടുംബക്കാരിൽ നിന്ന് മാറി നാട്ടു കൂട്ടായ്മകളിലും രാഷ്ട്രീയപാർട്ടികളിലും എത്തിയിരിക്കുന്നു. സിപിഎമ്മിന്റെ കാവുകളും, ബീജെപ്പിയുടെ കാവുകളും തലശ്ശേരി കൂത്തുപറമ്പ് ഭാഗങ്ങളിൽ ഉണ്ട് എന്നത് കൗതുകത്തോടെ വായിച്ചു! . അങ്ങനെ കാലം മാറുമ്പോൾ നാം കാണുന്നത് തെയ്യത്തിന്റെ സാംസ്കാരിക ഭൂമിക മൊത്തമായി മാറുന്നതാണ്. പക്ഷെ ഇതിൽ നിന്ന് ഗുണപരമായ ഒരു മാറ്റവും വരാതെ തെയ്യം കലാകാരന്മാരുടെ ജീവിതസ്ഥിതി നിൽക്കുന്നു.  ഈ ഒരു പ്രഹേളികയാണ് ലേഖകൻ  തന്റെ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നത്. ദാരിദ്ര്യം മാത്രം തിരിച്ചുതരുന്ന തെയ്യം എന്ന അനുഷ്ഠാനകലയെ തള്ളിപ്പറയാതെ എങ്ങിനെ തെയ്യത്തിന്റെ സാംസ്കാരിക സമ്പുഷ്ടത വിപണനം ചെയ്യാം എന്നറിയാതെ കുഴങ്ങുന്ന തെയ്യം കലാകാരന്മാർ.
തെയ്യം, അതിന്റെ ചരിത്രസാഹചര്യങ്ങൾ, സാമൂഹിക സാംസ്കാരിക പ്രാധാന്യം എന്നിവയിൽ താത്പര്യമുള്ള എല്ലാവരും തീർച്ചയായും വായിക്കേണ്ടുന്ന ഒരു പുസ്തകം. തെയ്യത്തെക്കുറിച്ച് അടിസ്ഥാനമായ വിവരം ഉണ്ടായില്ലെങ്കിൽ ഇത് ഒരു സുഖകരമായ വായനയാവില്ല എന്നതു കൂടി ഓർമ്മിപ്പിക്കുന്നു.
പ്രസാധകർ: മാതൃഭൂമി ബുക്സ്
വില: 160 രൂപ

പേജുകൾ : 198

No comments: